ജോസഫിന്റെ യാത്ര (കഥ -രമേശൻ പൊയിൽത്താഴത്ത്)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


8 July 2022

ജോസഫിന്റെ യാത്ര (കഥ -രമേശൻ പൊയിൽത്താഴത്ത്)

ജോസഫിപ്പോൾ സ്ഥിരം യാത്രയിലാണ്.
ഓരോ അവധിദിവസത്തിലും മുൻകൂട്ടി പദ്ധതിയിട്ട്, ഇരുപത് വർഷങ്ങൾക്ക് മുമ്പ് ജോലിസംബന്ധമായ പലവിധ ആവശ്യങ്ങൾക്കുമായി ചുറ്റിക്കറങ്ങിയ ഗ്രാമങ്ങളിൽ അൽപ്പം രഹസ്യമായും ചിലരെയൊക്കെക്കണ്ടും സന്ദർശനംനടത്തി തിരിച്ചുപോരുന്നു.

കുന്നിനെ നെടുകെ പിളർത്തി കടന്നുപോകുന്ന ദേശീയപാതയ്ക്കരികിൽനിന്ന് സെൽഫി എടുക്കുകയായിരുന്ന ജോസഫ് പെട്ടെന്ന് മഹാദേവിയെക്കുറിച്ചോർത്തു പോയി!
ചുരുങ്ങിച്ചുരുങ്ങി ചെറുതായിപ്പോകുന്ന കറുത്തപാത മങ്ങിയവെയിലിൽ അയാളുടെ പിന്നിൽ നേർരേഖയിൽ വെറുങ്ങലിച്ച് കിടന്നു. ദേശീയപാതയ്ക്ക് വേണ്ടി തുരന്ന കുന്നിന്റെ ഛേദക്കാഴ്ചയിലും പടിഞ്ഞാറൻ ചക്രവാളത്തിന് തുല്യം അരുണിമ പടർന്നുകണ്ടു.
നാടിന്റെ വികസനത്തിന് വേണ്ടി ഒരു കുന്ന് മുറിച്ചെടുക്കുമ്പോൾ രക്തം പടർന്നതാണെന്ന് ആ ഗ്രാമവാസികളാരെങ്കിലും പറഞ്ഞാൽ അതിശയോക്തിയാവില്ലെന്ന് അയാൾക്ക് തോന്നി. അതുകൊണ്ടാവണം അടുക്കുകൾ കൊണ്ടെന്ന് തോന്നിപ്പിക്കുന്ന ആ കുന്നിന്റെ ശിലാഫലകങ്ങളിലെ വ്യത്യസ്ത വർണങ്ങൾ മൊബൈൽക്യാമറക്കണ്ണിലൂടെ കണ്ടപ്പോൾ അവന് പ്രത്യേകിച്ച് ആഹ്ലാദമൊന്നും തോന്നിയില്ല.

താടി നീട്ടിവളർത്തിയ തനിക്കിപ്പോൾ യേശുക്രിസ്തുവിന്റെ ഛായയുണ്ടെന്നാരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാനാവില്ല എന്ന് സെൽഫി എടുക്കുമ്പോൾ ജോസഫ് ഓർത്തു.
വർഷങ്ങൾക്ക് മുമ്പ് ഈ കുന്നിൻപുറത്തുകൂടെ ആളുകൾ ആടുകളെ മേയ്ച്ചു നടന്നുപോയിരിക്കണം. അല്ലെങ്കിലിത് അപ്പുറത്തുള്ള നഗരത്തിലേക്കുള്ള കുറുക്കുവഴിയായിരുന്നിരിക്കണം.
കാലക്രമേണ ആ വഴി വികാസപരിണാമങ്ങളിലൂടെ റോഡായി മാറുകയും കാൽനടക്കാരെയപ്പാടെയവഗണിച്ച് വാഹന ഗതാഗതത്തിന് മാത്രമാവുകയും ചെയ്തു കാണുമെന്ന് അവൻ ഓർമകളുടെ നേരിയ ബലത്തിൽ ചിന്തിച്ചെടുത്തു.

പാതയുടെ അങ്ങേയറ്റത്തെ കാഴ്ചയിൽ ചെന്നിറമാർന്ന സൂര്യബിംബം ദൂരേക്ക് പോകുന്ന ലോറിക്ക് മുകളിൽ യാത്രയാകുന്നത് കണ്ട് അവൻ ചിന്തകൾ മരവിച്ച് ആ കാഴ്ചയിൽ ലയിച്ചുനിന്നു. ആ നില്പിൽ തന്നെ, ആ മലയുടെയും ഗ്രാമത്തിന്റെയും പേരുകൾ ഇരുളിറങ്ങിവരുന്നത് പോലെ അയാളുടെ ബോധമനസ്സിലേക്കെത്തുകയും, ഉടനെ അറിയാതെ തന്നെ തന്റെ കൈകളുയർത്തി അവിടം നിറഞ്ഞു നിന്ന ശുദ്ധവായുവിനെ മാറോടണച്ചു ചേർത്ത് ഉച്ചത്തിലൊരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു.
അയാൾ തേടിക്കൊണ്ടിരുന്ന ആളുടെ പേര് ആ ശബ്ദത്തിൽ അടക്കത്തോടെ കിടന്നു. തീർത്തും ഏകാന്തമായ, ഛിദ്രമാക്കപ്പെട്ട കുന്നിൻ ചെരുവിൽനിന്ന് ആ ശബ്ദം ഒരു പ്രതികരണവും സൃഷ്ടിച്ചില്ല, അയാളതൊട്ടു പ്രതീക്ഷിച്ചതുമില്ല.

വലതുകൈപ്പത്തി നഷ്ടപ്പെട്ട ഒരു യുവതി തന്റെ മണിബന്ധമുപയോഗിച്ച് എപ്രകാരം
ഇരുചക്രവാഹനത്തിന്റെ വേഗത
നിയന്ത്രിച്ച് ഓടിക്കുന്നുവെന്ന് ആലോചിച്ച് നിൽക്കവേ ആ കാഴ്ച മറഞ്ഞുപോയി. അപ്പോഴാണ് തൊട്ട് മുമ്പ് തന്റെ മനസ്സിലേക്ക് കയറിവന്ന മഹാദേവിയുടെ ചിത്രവും ഭൂതകാല സ്മരണകളും പൊടുന്നനെ ചീറിപ്പാഞ്ഞുവന്നു കയറിയത്.

ആ കാഴ്ചയിലൊരുപാട് സന്തോഷം തോന്നിയെങ്കിലും ചിരിയുടെ, നിർവൃതിയുടെ ഒരു ലാഞ്ചന പോലും ആ മുഖത്ത് പടർന്നില്ല. ഇരുപത്തിരണ്ട് വർഷക്കാലത്തെ ക്യാമ്പ്കൂലിത്തൊഴിലാളികളുടെ സൂപ്പർവൈസർജീവിതം, ചിരിയുതിരാതിരിക്കാൻ ജോസഫിനെ പഠിപ്പിച്ചിരുന്നു.
ധൃതഗതിയിലെടുത്ത ഒരു തീരുമാനത്തിൽ എല്ലാം കെട്ടിപ്പെറുക്കി കേരളത്തിലെത്തി മഴനനഞ്ഞപ്പോഴാണ് ആദ്യമായൊന്ന് ഊറിച്ചിരിച്ചതെന്ന് അയാൾക്കറിയാം.
അത് പിന്നീട് മനസ്സു നിറയുന്നതും , അഭിമാന ജനകമായതുമായ ചിരിയായി മാറിയത് ‘ഞാൻ’ എന്ന് തെന്നിന്ത്യൻ ഭാഷകളുടെ സ്വാധീനം ഇല്ലാതെ പച്ചയായി ‘ഞ’ചേർത്ത് പറഞ്ഞപ്പോൾ മാത്രമാണ്.
അതും നാട്ടിൽ ലഭിച്ച പുതിയ ജോലിയുടെ ഭാഗമായി ആദ്യം ലഭിച്ച ടാസ്ക് ഭംഗിയായി പൂർത്തിയാക്കിയതിന്, ആരാണിത് ചെയ്തതെന്ന ചോദ്യത്തിന് – ഞാനെന്ന് നെഞ്ചുവിരിച്ച് പറഞ്ഞപ്പോൾ. ‘നാനി’ൽ നിന്ന് ഞാനിലേക്ക് വളർന്ന ആത്മനിർവൃതിയുടെ സമൃദ്ധതയിൽ, സമ്പന്നതയിൽ മതിമറന്ന് നിൽക്കേ, മേലധികാരി ചൊരിഞ്ഞ അഭിനന്ദനവാക്കുകൾ തീരെ അപ്രസക്തമായിത്തോന്നി.

തർജമ ചെയ്താൽ ഏറ്റവും മികച്ചതെന്ന് അർത്ഥം കിട്ടുന്ന, മാർബിളിൽ കൊത്തിയ നെയിംബോർഡുളള വലിയ കമ്പനിയിലേക്കായി, ഗ്രാമങ്ങളിൽച്ചെന്ന് പതിമൂന്ന് വയസ് മുതൽ പ്രായമുള്ള പെൺകുട്ടികളെ അഭിരുചി ടെസ്റ്റ് നടത്തി, തെരഞ്ഞെടുത്ത്, പ്രാഥമികപരിശീലനം നൽകി മൂന്ന് ഷിഫ്റ്റുകൾക്കുമായി ജോലിയിൽ പ്രവേശിപ്പിക്കുക എന്നതായിരുന്നു ജോസഫിന്റെ ഉത്തരവാദിത്തം, ഇരുപതിരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പാണത്!

കൂട്ടത്തിൽ സാധുവായ മഹാദേവി അന്ന് ജോലിക്ക് വരാതിരുന്നത് അവൾ വലിയ പെണ്ണായി മാറിയതുകൊണ്ടാണെന്ന് കൂട്ടുകാരികൾ തെല്ല് നാണത്തോടെ പറഞ്ഞത് കേട്ട് മന്ദഹസിച്ചെങ്കിലും, കമ്പനിയുടെ ബാക്കിപത്രം നിരത്തി മാനേജർ നഷ്ടക്കണക്കുകൾ കാണിച്ചപ്പോൾ, പിന്നീട് തൊഴിലാളികളുടെ ഒരാവശ്യത്തിന് മുമ്പിലും ചിരിയുതിർന്നിട്ടില്ല.

കേരളീയന്റെ സ്ഥിരം ക്ലീഷേസൗന്ദര്യസങ്കല്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ‘കറുപ്പഴകി’ ധാവണിയിൽ മിടുക്കിയായി ഓടിച്ചാടി ജോലി ചെയ്തു. യന്ത്രത്തിന്റെ അതിവേഗതയിൽ പരുത്തിനൂലിഴകൾ പൊട്ടിവീഴുമ്പോൾ ചടുലമായ അംഗുലീചലനം കൊണ്ട് ശരിയാക്കുന്ന മഹാദേവിയുടെമിടുക്ക് എല്ലാവരെയും അതിശയിപ്പിച്ചു. അവൾ സംസാരിക്കുമ്പോൾ കണ്ണുകൾ വെറുതെ പിടഞ്ഞുകൊണ്ടിരുന്നു. വെള്ളിക്കമ്മലുകൾ കുലുങ്ങിയാടി. അവളുടെ അധരങ്ങളും ഉപമകൾക്ക് വഴങ്ങാതെ കറുത്തുതന്നെ ഇരുന്നു. അവളുടെ പുഞ്ചിരിയാകട്ടെ പല്ലുകളുടെ ധവളിമയിൽ പ്രഭയേറെ പടർത്തിയിരുന്നു.

നേർത്ത പരുത്തിനാരുകളോരൊന്നും ചീകിനേരെയാക്കുന്ന കോമ്പർമെഷീനിൽ രാത്രി ഷിഫ്റ്റിൽ ജോലിചെയ്യവേ, ഉറക്കക്ഷീണത്തിൽ തിരിച്ചെടുക്കാനാവാത്തവിധം
വലതു കൈപ്പത്തി അകപ്പെടുത്തിയപ്പോൾ നഷ്ടപ്പെട്ട തൊഴിൽദിനത്തെക്കാളുപരി മഹാദേവിയുടെ വേദനയെക്കുറിച്ച് വേവലാതിപ്പെട്ടത്, കമ്പനിയിൽ ജോസഫ് ഒരാൾ മാത്രമായിരുന്നു. ചതഞ്ഞരഞ്ഞ കൈപ്പത്തി മുറിച്ചുമാറ്റി, അത്യാവശ്യചികിത്സയും കഴിഞ്ഞപ്പോൾ ഗ്രാമത്തിലെത്തിച്ച്, മാതാപിതാക്കളെ തിരിച്ചേൽപ്പിക്കാനായി അവളുടെ രണ്ടു മൂന്ന് ബാഗുകളുമായി ജീപ്പിൽ പുറപ്പെട്ടതും അതേ ജോസഫ് തന്നെ.

മൂന്ന് വർഷം പൂർത്തിയാക്കിയാൽമാത്രം കമ്പനിയിൽനിന്ന് ലഭിക്കാവുന്ന സുമംഗലീസ്കീമിന്റെ മുപ്പതിനായിരം രൂപയ്ക്ക് അവൾ അർഹയായില്ല, അവൾക്കതിൽ പരിഭവവുമില്ലായിരുന്നു. കൈപ്പത്തി നഷ്ടപ്പെട്ടവൾക്ക് ജോലി നിഷേധിക്കുന്നതിലും അവൾക്ക് അനീതി തോന്നിയില്ല. ഘനീഭവിച്ച മുഖഭാവവുമായി യാത്രയിലുടനീളം റെഡ്ഡിയാർപട്ടിയുടെ വരണ്ട ഭൂപ്രദേശങ്ങളിൽ, കുന്നിൻ പുറങ്ങളിൽ ഒറ്റക്കയ്യിൽ വടിയുമായി ആടുകളെ മേയ്ക്കാൻ പോകുന്ന ജോലിയെങ്കിലും ചെയ്യാനാവുമോ എന്ന് ആലോചിക്കുകയായിരുന്നു.

ഇന്നപരിചിതമായിത്തോന്നുന്നുവെങ്കിലും ഇതേ കുന്നിൻറെ ചരിവിലെ ആൽമരച്ചുവട്ടിൽ ഏതാണ്ട് ഇരുപത് വർഷങ്ങൾക്ക് മുമ്പ് മഹാദേവിയുടെ വീട്ടിലേക്കുള്ള വഴിതേടി ജീപ്പ് നിർത്തിയത് അയാൾ ഓർത്തു. കാര്യങ്ങളറിഞ്ഞ അവളുടെ ദരിദ്രരായ മാതാപിതാക്കൾ ഒടുവിൽ ഒന്നിലും പരാതിപ്പെട്ടില്ല. അത്രയേറെ വാഗ്ചാതുര്യത്തോടെയാണ് ജോസഫ് അന്നാഗ്രാമവാസികളെ നേരിട്ടത്.

അവരുടെ അറിവിന്നും അവകാശബോധത്തിന്നുമപ്പുറത്തായിരുന്നു കമ്പനിയിൽനിന്ന് ലഭിക്കേണ്ടുന്ന കോമ്പൻസേഷനെസ്സംബന്ധിച്ച് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ. എല്ലാറ്റിനുമുപരി ഇതെല്ലാം വിധിയാണെന്നോർത്ത് സമാധാനിപ്പിക്കാൻ പരിശീലിക്കപ്പെട്ടവരായിരുന്നു അവർ. ഇത്തരം കച്ചിത്തുരുമ്പുകളിൽ ജോസഫ് നിറഞ്ഞാടി.

“ഇന്ത അനീതിക്ക് ന്യായം കെടക്കാതെ ഇന്ത ഊരിലിര്ന്ത് നീ വെളിയെ പോകമാട്ടേ…” എന്ന് പറഞ്ഞ ഗ്രാമമുഖ്യൻ ഒടുവിൽ എങ്ങനെ തനിക്ക് വഴങ്ങി എന്ന് ജോസഫിനപ്പോൾ ഓർമിച്ചെടുക്കാൻ തോന്നിയില്ല. പക്ഷേ അതിലേറെ അയാൾക്കദ്ഭുതമായിത്തോന്നിയത് ഒരു ഗ്രാമത്തിന്റെതന്നെ തിരോധാനമാണ്. രണ്ട് ദശാബ്ദക്കാലംകൊണ്ട് വികസനമെന്ന പേരിൽ ഒരു ഗ്രാമംതന്നെ രൂപാന്തരം പ്രാപിച്ച് വലുപ്പമുള്ള വെറും നിരത്തായി മാറിയതും , ഗ്രാമവാസികളെല്ലാംതന്നെ ഒരു കോളനിയിലേക്ക് പറിച്ചെറിയപ്പെട്ടതും ഏറെ ക്രൂരമായിത്തോന്നി.

കമ്പനിയിൽനിന്നേല്പിച്ച രണ്ടായിരത്തിഅഞ്ഞൂറ് രൂപയടങ്ങിയ കവർ മഹാദേവിയുടെ അച്ഛന്റെ കയ്യിൽകൊടുത്ത് ദൗത്യം പൂർത്തിയാക്കി തിരികെ പോരുമ്പോൾ ഏതാണ്ട് ഇതേ നേരം തന്നെയായിരുന്നുവെന്ന് ജോസഫ് ഓർത്തെടുത്തു. ആകാശത്തിന് അപ്പോൾ ഇതേ നിറവുമായിരുന്നു. പക്ഷേ അന്ന് കണ്ട മരങ്ങളും തണലും ചെറുകടകളും ഒരു ഗ്രാമത്തിന്റെ ആരവവും ആളുകളുമൊന്നുമില്ലാതെ വെറും ഹൈവേതീരമായി മാറിയ ആ പ്രദേശം ഒറ്റപ്പെട്ട ഇരുചക്രവാഹനയാത്രികർക്കും മറ്റുപല വലിയ വാഹന യാത്രക്കാർക്കുമായി വെറുങ്ങലിച്ച് കാത്തുകിടന്നു.

ഐഫോൺ കലണ്ടറിൽ ഇരുപത്തിരണ്ട് വർഷം പുറകിലേക്ക് വിരലുകൊണ്ട് അയാൾ തോണ്ടിയെത്തി. ഒരു വിശേഷദിവസങ്ങളും ദുർദ്ദിനങ്ങളും രേഖപ്പെടുത്താതെ ആ കലണ്ടർ മൊബൈൽസ്ക്രീനിൽ അക്കങ്ങൾകൊണ്ട് നിറഞ്ഞതല്ലാതെ മറ്റൊരു അറിവും പകർന്നതില്ല. അടുത്ത വാരാന്ത്യട്രിപ്പ് എങ്ങോട്ടാണ് എന്ന് നോക്കി അതിന് തക്ക യാത്രാവിവരങ്ങളും ഉറപ്പാക്കി ജോസഫ് കുന്നിൻചരിവിൽ നിന്ന് വീണ്ടും മുകളിലേക്ക് കയറി, ഒരുപാട് വലിയ കുരിശുകളും ചുമക്കുന്നുണ്ടെന്ന തോന്നലോടെ.

ആ അവധിദിനസന്ധ്യയിൽ നാട്ടിലെ പുതിയ കമ്പനിയിലെ വരാനിരിക്കുന്ന ആറ് പ്രവൃത്തിദിവസങ്ങളെക്കുറിച്ചയാളോർത്തു. യൂണിയൻ നേതാക്കളുമായുള്ള മീറ്റിംഗ് തൊട്ട് കമ്പനിയുടെ സി. എസ് . ആർ ഫണ്ടിൽ നിന്ന് പ്രദേശത്തുള്ള നിർധനർക്ക് സാമ്പത്തിക സഹായം നൽകുന്ന ജോലികളെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ അടുക്കുകളാക്കിവെച്ചു.

ഇരുപത്തിരണ്ട് വർഷക്കാലത്തെ തൊഴിലാളിവിരുദ്ധ മാനേജ്മെൻറ് പദ്ധതികളും ഇപ്പോൾ നാട്ടിലെ പുതിയ കമ്പനിയിൽ തുടരുന്ന തൊഴിൽസൗഹൃദ രീതികളും അയാൾ തുലനം ചെയ്തുനോക്കി. ജോസഫിന് അയാളോടുതന്നെ വലിയ ഈർഷ്യതോന്നി. ജീവിതത്തിൻറെ നിരർത്ഥകതയെക്കുറിച്ചും നിഷ്പ്രയോജനത്തെക്കുറിച്ചും തത്വശാസ്ത്രപരമായ ചിന്ത ചീറിപ്പായുന്ന വാഹനം പോലെ മനസ്സിൽ ഓടിമറഞ്ഞു.

അടുത്ത ദിവസം രാവിലെ ഏതാണ്ട് വെയിൽ മൂപ്പെത്തുന്നതിന് മുമ്പ്തന്നെ മഹാദേവിയുടെ വീട് തേടിപ്പിടിക്കാൻ പ്രചോദനമായ ചേതോവികാരമെന്തായിരുന്നെന്ന് അന്വേഷിക്കേണ്ടതില്ല. കഴിഞ്ഞ കുറേ ആഴ്ചകളായി പല ഞായറാഴ്ചകളിലും ഇതായിരുന്നല്ലോ അയാളുടെ ജോലി. ആടുകളും കോഴികളും പന്നികളും പിന്നെ കുറെ മനുഷ്യരും കുട്ടികളും നിറഞ്ഞ സമത്വകോളനിയിലെ ഒരു വീട്ടിൽ പ്ലാസ്റ്റിക് കസേരയിലിരുന്നു അയാൾ ഇപ്പോൾ ചൂടുചായ മൊത്തിക്കുടിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിന് മുമ്പത്തെ ആഴ്ചകളിൽക്കണ്ട പോതുംപെണ്ണിനെക്കാളും മുരുഗശെൽവിയെക്കാളും മഹാദേവി കൂടുതൽ കാര്യശേഷിയുള്ളവളായി അവന് തോന്നി. അപരിചിതനായ ഒരാളെക്കണ്ടിട്ടും അയൽവാസികളിലൊരാൾ പോലും തങ്ങളെ തുറിച്ചുനോക്കുന്നില്ലെന്നതപ്പോൾ അദ്ഭുതമായിത്തോന്നി.

“എപ്പടിയിറ്ക്കറിങ്കെ?’’ എന്ന ചോദ്യത്തിന് ആ വീടിന്റെ തിണ്ണയിലിരുന്ന് മുറ്റത്തേക്ക് കാൽതൂക്കിയിട്ടിരുന്നു അവൾ വിളറിച്ചിരിച്ചു. കാറ്റിനോടാപ്പം വന്ന് ചുണ്ടുകളിലേക്ക് പടർന്ന ആ ചിരി അവൾക്ക്തന്നെ അപരിചിതമായിത്തോന്നിയിരിക്കണം. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കണം അത്തരമൊരു ചോദ്യത്തെ അവൾ നേരിടുന്നത് തന്നെ.

തലയിൽകെട്ടിയ തോർത്ത് അഴിച്ച് തോളിലിട്ട് അവൾ ജോസഫിരുന്ന ഒറ്റക്കസേര മാത്രമുള്ള പൂമുഖത്ത്നിന്നും ദൃഷ്ടി പറിച്ച് സമചതുരാകൃതിയിലുള്ള നൂറോളം വീടുകളുള്ള ആ കോളനിയുടെ അറ്റത്തേക്ക് നോക്കി. കോളനിക്ക് പുറത്ത് വരണ്ടകാറ്റ് വീണ്ടും ആഞ്ഞു വീശി. അതിന്റെ ശക്തിയിൽ മഹാദേവിയുടെ കണ്ണുകളിൽനിന്നുതിർന്ന നീർകണങ്ങൾ ജോസഫിനോട് പലതും സംവദിച്ചു.

തോർത്ത്കൊണ്ട് മുഖം തുടച്ച് തിരിഞ്ഞിരുന്ന മഹാദേവിയുടെ നോട്ടം പിൻതുടർന്ന ജോസഫ് അപ്പോഴാണ് കോളനിയെ മുഴുവനായിക്കണ്ടത്. കറുത്ത പന്നികൾ മദിച്ചു തിമർക്കുന്ന തുറന്ന അഴുക്കുചാലുകളും ഒട്ടും സമതലമല്ലാത്ത, അഴുക്കും ചപ്പും ചവറുകളും നിറഞ്ഞ വീടുകൾക്കിടയിലെ നിരത്തുകളും കാലിമദ്യക്കുപ്പികൾ നിറഞ്ഞ കുറ്റിച്ചെടിക്കൂട്ടങ്ങളും അതുവരെ ജോസഫ് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരക്കടലാസുമായി മുന്നിൽ നഗ്നമായി നിന്നു.

“വാഴ്‌ക്കൈന്നാ പോരാട്ടം താൻ”

കൈപ്പത്തി നഷ്ടപ്പെട്ടപിറക് എന്തെല്ലാം പ്രയാസങ്ങൾ സഹിച്ചാണ് അവളീ നിലയിലെത്തിയതെന്ന് ജോസഫ് ആ വാക്കുകളിൽനിന്ന് മനസ്സിലാക്കിയെടുത്തു. ഒരു ഒറ്റയാൾ പോരാട്ടം. അതവൻ മനസ്സിലുരുവിട്ടു. അവളുടെ ആ പോരാട്ടത്തിന് കാരണക്കാരൻ ആരാണ് ? ആ പോരാട്ടത്തിൽ ഞാൻ ഏത് ഭാഗത്തായിരുന്നു? ആ ചോദ്യങ്ങൾക്ക് ഉത്തരം തേടി ഭൂതകാലത്തിലേക്ക് ചിന്തകൾ പായിച്ചപ്പോൾ അവന് ദേഹമാകെ പൊള്ളിയപോലെ തോന്നി.

ആ അസ്വസ്ഥത മറയ്ക്കാൻ അയാൾ പ്ലാസ്റ്റിക് കസേരയിലിരുന്ന് തിരിഞ്ഞ് ഭിത്തിയിലേക്ക് കാഴ്ച പറിച്ചുനട്ടു. ചെത്തിത്തേക്കാത്ത ചുമരിൽ തൂക്കിയിട്ട പഴയ ചിത്രത്തിൽ അയാൾ, തുണിക്കടയ്ക്കുള്ളിലെ കൂട്ടുകാരികൾക്കൊത്തുള്ള സാരിയുടുത്ത മഹാദേവിയെ കണ്ടു.

അത് മനസ്സിലാക്കിയിട്ടാവണം “എടക്ക് കൊഞ്ചം നാൾ ടൗണില് വേലക്ക് പോണേ. കടൈല് പോണാ ബാത്റും കെടയാത്, വീട്ടുക്ക് വന്തുതാൻ ഒന്ന്ക്കേ പോവേൻ…. യൂറിൻ പോകറത്ക്ക് ഭയന്ത് തണ്ണികൂടെ കുടിക്കമാട്ടേൻ….”

ഒരു കനത്ത നിശബ്ദനയ്ക്ക് ശേഷം അവൾ തുടർന്നു.
“ഇന്ത ഊര് പെമ്പിളെകൾക്ക് കെടയാത് സർ…!” അവളുടെ സ്വരം ഫെമിനിസ്റ്റിനെപ്പോലെ ദൃഢമായിരുന്നു.

“നീങ്ക നെനച്ച് പാത്തിരിക്കിങ്ക് ലാ…? ലേഡീസ്ക്ക് എവളോ സിറമങ്ങളിര്ക്ക്?’’ അവളുടെ മുതുകിലെ വലിയ മുറിവിന്റെ പാടും കൈമുട്ടിൻറെ പുറകിലെ വലിയ തുന്നിക്കെട്ടിൻറെ മായാത്ത പാടുകളും എത്രയോ വലിയ പ്രതിരോധത്തിന്റെയും ചങ്കുറപ്പിന്റെയും ബാക്കിപത്രങ്ങളാണെന്ന് അവന് ബോദ്ധ്യപ്പെട്ടു.

തന്റെ പ്രായമായ അമ്മയോടുകൂടെ ഒറ്റയ്ക്ക് കഴിയുന്ന മഹാദേവി ചടുലമായി, അവളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അനുഭവവേദ്യമായ വിഷമഘട്ടങ്ങൾ ഓരോന്നും അയവിറക്കിക്കൊണ്ടിരുന്നു. ജോസഫിന്റെ കാതുകൾ ആ വിവരണങ്ങളെ മുഴുവൻ സ്വാംശീകരിക്കാനാവാതെ ചുവന്നുതുടുത്തു. മഹാദേവിയുടെ കഥ പറച്ചിലിൽ അവൾ ജോലി ചെയ്ത സ്ഥാപനങ്ങളിലെല്ലാം ജോസഫിന് പകരമായി വേറെ പല പേരുകാരും മുതലാളിമാർക്ക് വേണ്ടി അല്ലെങ്കിൽ അതത് സ്ഥാപനത്തിന് വേണ്ടി വിശ്വസ്തയോടെ ജോലി ചെയ്തിരുന്നു എന്ന അറിവ് അവനെ വല്ലാതെ വിഷമിപ്പിച്ചു. അവൾ നിർത്താതെ, തന്റെ ജീവിതത്തിലിന്നേവരെ അനുഭവിച്ച എല്ലാ നൊമ്പരങ്ങളും ശ്വാസം വിടാതെ പറഞ്ഞുകൊണ്ടിരുന്നത് അവൻറെ ദീർഘനിശ്വാസങ്ങളുടെ ഇടവേളകൾ കൂട്ടി.

“യാരിത്?” അറുപത്കഴിഞ്ഞ അതിലേറെ പ്രായം തോന്നിക്കുന്ന ശരീരപ്രകൃതിയും മുഖഭാവങ്ങളുമായി അവളുടെ അമ്മ പൂമുഖത്തേക്ക് വന്നു ചോദിച്ചു. “തെരിഞ്ചവങ്കമ്മാ!” എന്ന ഉത്തരം കേട്ട ഉടൻ, ഒരു പക്ഷേ പറഞ്ഞുകേട്ട കഥകളായിരുന്നിട്ട് കൂടി ആ അമ്മ വാതില്പടിയിൽ കുത്തിയിരുന്ന് കേൾവിക്കാരിയായി.

‘’എൻ തങ്കക്കൊടത്തെ ഇപ്പടി വിട്ടിട്ട് പോറെയാ…, മനസ്സാച്ചിയിറുക്കാ ഉനക്ക് ….?” എന്ന് വർഷങ്ങൾക്ക് മുമ്പ് വിലപിച്ച ആ സ്ത്രീയെ അഭിമുഖീകരിക്കാതിരിക്കാൻ ജോസഫ് നന്നേ വിഷമിച്ചു. എല്ലാം മതിയാക്കി എഴുന്നേറ്റ് വരാനുള്ള കെല്പും നഷ്ടപ്പെട്ട് ജോസഫ് കസേരയിൽ ഇരുന്നുരുകി.

പോതുംപെണ്ണിനെയും മുരുഗശെൽവിയെയും കണ്ടു മടങ്ങുമ്പോൾ നല്കിയ പഴയ തെറ്റുകൾക്കുള്ള പശ്ചാത്താപകറൻസിനിറച്ച കവർപോലൊന്ന് അയാൾ പാൻറ്സിൻറെ പോക്കറ്റിൽനിന്നും പുറത്തെടുക്കാനാവാതെ വിഷമിച്ച് പിന്നെയും വിയർത്തു. അയാളുടെ കാതുകളിൽ അപ്പോഴും മഹാദേവിയുടെ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു. ഒരുദ്യോഗസ്ഥകങ്കാണിയുടെ അസുഖകരമായ, ശോച്യമായ കാഴ്ചയിലേക്ക് താൻ ചുരുങ്ങുന്നെന്ന് ജോസഫിന് ബോദ്ധ്യം വന്നിട്ടും മഹാദേവിയുടെ കഥനം അവസാനിച്ചിരുന്നില്ല.

കൊട്ടിത്തീർക്കാൻ വെമ്പുന്ന മഴമേഘങ്ങളുടെ വ്യഗ്രത ആ കൺതടങ്ങൾക്ക് ഇതിലേറെ പിടിച്ചുവെക്കാനാവുമായിരുന്നില്ല. ആ തിരിച്ചറിവിന്റെ പൂർണതയിൽ വാതിൽക്കലിരിക്കുന്ന അവളുടെ മാതാവ് കണ്ണമ്മയുടെ കാൽക്കൽ വീണു അയാൾ കണ്ണുനീർ പൊഴിച്ചു. പാദങ്ങളിലറിഞ്ഞ നനവിൽ ആ സ്ത്രീ മാതൃത്വത്തിന്റെ സ്ഥായീഭാവത്തിൽ അവനെ എഴുന്നേൽപ്പിച്ചാശ്വസിപ്പിച്ചു. അവർക്ക് ജോസഫാരാണെന്ന് മനസ്സിലായിക്കാണില്ലെന്നറിയാമായിരുന്നിട്ടും അയാൾ ആരെയും അഭിമുഖീകരിക്കാനാവാതെ അപ്പോൾ തന്നെ നടന്നകലാൻ തീരുമാനമെടുക്കുകയായിരുന്നു. പശ്ചാത്താപത്തിന് വേണ്ടിയുള്ള അടുത്ത ആഴ്ചയിലെ ക്രൂശിതയാത്രയ്ക്ക് കരുത്തുണ്ടാവണമേ എന്നാഗ്രഹിച്ചുകൊണ്ട്, മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട്.

രമേശൻ പൊയിൽത്താഴത്ത്