വിമാനയാത്രക്കിടെ യുവാവ് സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചു; സംഭവം ന്യൂയോർക്ക്-ദില്ലി വിമാനത്തിൽ

sponsored advertisements

sponsored advertisements

sponsored advertisements

5 January 2023

വിമാനയാത്രക്കിടെ യുവാവ് സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചു; സംഭവം ന്യൂയോർക്ക്-ദില്ലി വിമാനത്തിൽ

ദില്ലി: വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിക്കുകയും സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്ത യാത്രക്കാരനെതിരെ നടപടി സ്വീകരിച്ച് എയർ ഇന്ത്യ. 2022 നവംബറിൽ ന്യൂയോർക്ക്-ദില്ലി വിമാനത്തിലാണ് സംഭവം. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റം ചെയ്തയാൾക്ക് 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയതായി എയർ ഇന്ത്യ അറിയിച്ചു. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കമ്പനി കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി. സഹയാത്രികയെ അങ്ങേയറ്റം ദുരിതത്തിലാക്കിയ യാത്രക്കാരന്റെ പെരുമാറ്റം എയർ ഇന്ത്യ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഈ കേസിൽ ഇതിനകം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.

തുടർനടപടികൾക്കായി ഡിജിസിഎയെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എയർ ഇന്ത്യ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കാൻ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354, 509, 510, ഇന്ത്യൻ എയർക്രാഫ്റ്റ് ആക്‌ട് 23 എന്നിവ പ്രകാരം ദില്ലി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ദിവസം ബിസിനസ് ക്ലാസ് യാത്രക്കാരിയാണ് പരാതിയുമായി രം​ഗത്തെത്തിയത്. തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. എയർ ഇന്ത്യ ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു. ക്യാബിന്‍ ക്രൂവിനെ അറിയിച്ച ശേഷവും മോശമായി പെരുമാറി. വളരെ മോശം അനുഭവത്തില്‍ കൂടി കടന്നുപോയിട്ടും വിമാനത്തിലെ ജീവനക്കാര്‍ തന്നോട് സഹകരിച്ചില്ലെന്നും പരാതിക്കാരി കത്തില്‍ പറയുന്നു. എയര്‍ ഇന്ത്യ 102 വിമാനത്തിലായിരുന്നു സംഭവം. ഉച്ചഭക്ഷണം വിതരണം ചെയ്തതിന് തൊട്ട് പിന്നാലെയായിരുന്നു സംഭവം. ലൈറ്റുകള്‍ ഓഫായതിന് പിന്നാലെ സഹയാത്രികന്‍ തന്റെ സീറ്റിനടുത്തേക്ക് നടന്ന് വരികയും പാന്റ് തുറന്ന് ദേഹത്തേക്ക് മൂത്രം ഒഴിക്കുകയും ചെയ്തെന്ന് ഇവർ പറഞ്ഞു.

മദ്യപിച്ച് ലക്കുകെട്ട് അവസ്ഥയിലായിരുന്നു ഇയാൾ. മൂത്രമൊഴിച്ച ശേഷം സീറ്റിനടുത്ത് നിന്ന് മാറാതെ സ്വാകാര്യ ഭാഗങ്ങള്‍ പ്രദർശിപ്പിച്ചു. പരാതിക്കാരിയുടെ വസ്ത്രത്തിലും ഷൂസിലും ബാഗിലും മൂത്രം വീണു. യാത്രക്കാരി ശബ്ദമുണ്ടാക്കിയതിന് പിന്നാലെയാണ് ഇയാള്‍ സീറ്റിനടുത്ത് നിന്ന് മാറിയത്. നവംബർ 26നാണ് സംഭവം നടന്നതെങ്കിലും എയർ ഇന്ത്യ പരാതി നൽകിയത് ഡിസംബർ 28നാണെന്ന് പൊലീസ് വ്യക്തമാക്കി.