ബിജു ചെമ്മാട്
ടൊറണ്ടോ: ഫൊക്കാനയുടെ അടുത്ത പ്രസിഡണ്ട് ആയി മത്സരിക്കുന്ന ഡോ. ബാബു സ്റ്റീഫൻ കാനഡ സന്ദർശിക്കുന്നു എന്ന വാർത്ത അറിഞ്ഞപ്പോൾ അദ്ദേഹത്തെക്കുറിച്ച് കേട്ടുകേഴ്വി മാത്രമുള്ള കാനേഡിയൻ മലയാളികൾ പ്രത്യേകിച്ച് ഫൊക്കാന ഡെലിഗേറ്റുമാർ ഒരു നോക്കു കാണാം എന്ന് തീരുമാനിച്ചു.
കാനഡയിലെ മലയാളികളെ നേരിൽ കണ്ട് സംവദിക്കാനായി മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ കണ്ട് കാനഡക്കാർ ആദ്യമൊന്ന് അമ്പരന്നു.എല്ലാവരുമായി കുശലം ചോദിച്ച് അവരിൽ ഒരാളെപ്പോലെ ഓടി നടന്നു എല്ലാവരെയും പരിചയപ്പെടുന്നു. ചിരപരിതരെപ്പോലെ എല്ലാവരെയും “ആശാനേ …” എന്ന അഭിസംബോധനയോടെ തോളിൽ തട്ടി ‘പരിചയം’ പുതുക്കിയ അദ്ദേഹത്തെ വെറും ഒരു സാധാരണക്കാരനെപ്പോലെയാണ് കാണാൻ കഴിഞ്ഞത്.കൂടെ സെക്രട്ടറി സ്ഥാനാർത്ഥി ഡോ. കല ഷഹി, ട്രഷറർ സ്ഥാനാർത്ഥി ബിജു ജോൺ കൊട്ടാരക്കര, നാഷണൽ കമ്മിറ്റി അംഗമായി മത്സരിക്കുന്ന വിപിൻ രാജ് എന്നിവരുമുണ്ട്. മറ്റു ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് കാനഡയിൽ ഉണ്ടായിരുന്ന ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണിയും വൈസ് പ്രസിഡണ്ട് തോമസ് തോമസും എത്തിയതോടെ ഡോ. ബാബു സ്റ്റീഫന് ഫൊക്കാനയിൽ ഉള്ള സ്വീകാര്യത എന്തെന്ന് കാനഡക്കാർക്ക് ഏതാണ്ട് ബോധ്യമായി.
ടോറോന്റോയിലെ മാരിയറ്റ് ഹോട്ടൽ ഹാളിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ കാനഡയിലെ ഫൊക്കാന നേതാക്കളുമായി സംസാരിക്കവെ മുഖവുരയില്ലാതെ അദ്ദേഹം ഒരു കാര്യം വ്യകത്മാക്കി. “വോട്ടു ചോദിക്കാനല്ല; നിങ്ങളെ കാണുവാനും സംവദിക്കാനും വേണ്ടി മാത്രമാണ് ഞാൻ വന്നത്. വോട്ട് ആർക്ക് ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. എന്നാൽ സ്ഥാനാർത്ഥിയെന്ന നിലയിൽ അടുത്ത പ്രസിഡണ്ട് ആവുകയാണെങ്കിൽ ചില കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അക്കാര്യങ്ങളെക്കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്തുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം. നിങ്ങൾക്ക് സ്വീകാര്യമാണെങ്കിൽ എന്നെ തെരഞ്ഞെടുക്കാം. മറിച്ചാണെങ്കിലും കുഴപ്പമില്ല. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഞാൻ ഫൊക്കാന പ്രസിഡണ്ട് ആയാൽ ഫൊക്കാനയെ എന്തുകൊണ്ടും അന്താരാഷ്ട്ര നിലവാരമുള്ള ഒരു സംഘടനയായി വളർത്താനുള്ള ഒരു മാസ്റ്റർ പ്ലാനുമായിട്ടാണ് ഞാൻ നിങ്ങളുടെ മുൻപിൽ എത്തിയിട്ടുള്ളത്. ഫൊക്കാനയിൽ ഒരുപാട് സ്ഥാനമാനങ്ങളൊന്നും ഞാൻ അലങ്കരിച്ചിട്ടില്ല. സ്ഥാനമാനങ്ങൾ ഏറ്റെടുക്കുക. ഫോട്ടോകളിൽ കയറി ചിരിച്ചുകാട്ടുക. പിന്നെ കൺവെൻഷൻ നടത്തുക. തെരഞ്ഞെടുപ്പ് , സ്ഥാനമാനങ്ങൾ, കൺവെൻഷൻ .ഇതല്ലാതെ എന്ത് പ്രവർത്തനമാണ് നടത്തിയതെന്ന് ഒന്നറിഞ്ഞാൽ കൊള്ളാം. വ്യക്തമായ പദ്ധതികളും അവ പൂർണമായും നടപ്പിലാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് ഞാൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. – ബാബു സ്റ്റീഫൻ വികാരഭരിതനായി.
എനിക്ക് സമ്പത്തുണ്ട്. എല്ലാവരെയും പോലെ കഷ്ട്ടപ്പെട്ട് അധ്വാനിച്ച് നേടിയവയാണ് അവയൊക്കെ. ധരാളം പണം സമ്പാദിച്ചിട്ടുണ്ട്. അതനുസരിച്ച് ആവശ്യക്കാർക്ക് യോഗ്യത അനുസരിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ബാബു സ്റ്റീഫന്റെ വരുമാനത്തിന്റെ ഓരോ അംശവും സ്റ്റീഫൻ ഫൗണ്ടേഷൻ എന്ന് ഞാൻ തന്നെ രൂപം നൽകിയ സന്നദ്ധ സംഘടനയിലൂടെ ഒരു പാട് നിർദ്ധനരിലേക്ക് സഹായം എത്തിച്ചിട്ടുണ്ട്. ഫൊക്കാന പ്രസിഡണ്ട് ആകാൻ ബാബു സ്റ്റീഫന് എന്ത് യോഗ്യതയാണെന്ന് ചോദിക്കുന്ന എന്റെ എതിർ സ്ഥാനാർത്ഥിയോട് പറയാനുള്ളത് ഇതാണ്. ബാബു സ്റ്റീഫൻ ഫൗണ്ടേഷനിലൂടെ നടത്തുന്ന സന്നദ്ധ പ്രവർത്തനമാണ് എന്റെ ഏറ്റവും വലിയ യോഗ്യത.” – ഡോ. ബാബു സ്റ്റീഫൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് രംഗത്തില്ലായിരുന്നുവെങ്കിലും താൻ സ്പോൺസർഷിപ്പ് നൽകുമായിരുന്നു. മാധവൻ നായർ പ്രസിഡണ്ട് ആയിരുന്നപ്പോൾ ന്യൂ ജേഴ്സിയിൽ നടത്താനിരുന്ന കൺവെൻഷന്റെ റോയൽ പേട്രൺ സ്പോൺസർഷിപ്പിനുള്ള തുക താൻ അഡ്വാൻസ് ആയി നല്കിയിരുന്നതാണെന്നും കൺവെൻഷൻ മാറ്റി വയ്ക്കപ്പെട്ട സാഹചര്യത്തിൽ ആ തുക മടക്കി ലഭിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.അന്ന് താൻ സ്ഥാനാർത്ഥിപോലുമായിരുന്നില്ലെന്നും ബാബു സ്റ്റീഫൻ ചൂണ്ടിക്കാട്ടി.
ഫൊക്കാനയുടെ ഒരുപാട് കാര്യങ്ങൾ അമേരിക്കയിലെയും കാനഡയിലെയും മലയാളികൾക്കായി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. അതിൽ സന്നദ്ധപ്രവർത്തനങ്ങൾക്കു പുറമെ അമേരിക്കൻ- കാനേഡിയൻ മലയാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതുൾപ്പെടെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ ഉതുകുന്ന നിരവധി കർമ്മ പദ്ധതികൾ രൂപം നൽകിക്കൊണ്ടുള്ള ഒരു പ്രവർത്തന രൂപരേഖയും താൻ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിലുപരി ഫൊക്കാനയെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സംഘടനയാക്കി വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നു പറഞ്ഞ അദ്ദേഹം അത് തന്നിലൂടെ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു അടിസ്ഥാന ശില പാകാൻ തനിക്കു കഴിയുമെന്നും വ്യക്തമാക്കി. പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞാലും ഒരു സാധാരണ പ്രവർത്തകനായി താൻ സ്വപ്നം കണ്ടു വിഭാവനം ചെയ്ത ആ പദ്ധതികൾ പൂർത്തീകരിക്കാൻ തന്റെ പിന്തുടർച്ചക്കാരായി വരുന്ന യുവ തലമുറയ്ക്കൊപ്പം നിൽക്കുമെന്നും വാഗ്ദാനം ചെയ്തു. താൻ നേതൃസ്ഥാനത്ത് എത്തിയാൽ ഫൊക്കാനക്ക് സ്വന്തമായ ആസ്ഥാനം എന്ന ലക്ഷ്യം നടപ്പാക്കുമെന്നും ഡോ. ബാബു സ്റ്റീഫൻ ഉറപ്പ് നൽകി.
നേരത്തേ സൂചിപ്പിച്ചപോലെ കാനഡയിലെയും അമേരിക്കയിലെയും മലയാളികൾ ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. അതിൽ കാനഡയെന്ന വശത്തെ പലപ്പോഴും സ്ഥാനാർത്ഥികൾ പോലും കാണാതെ പോകുന്നത് നിർഭാഗ്യകരമാണ്. താൻ പ്രസിഡൻറ് ആയാൽ കാനഡയിലെ നേതാക്കൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടുള്ള വിധത്തിലായിരിക്കും മുൻപോട്ടുള്ള പ്രയാണമെന്നും അദ്ദേഹം വ്യകത്മാക്കി.
ഫൊക്കാന മുൻ പ്രസിഡന്റും ഫൗണ്ടേഷൻ ചെയർമാനും ലോക കേരള സഭയുടെ പ്രത്യേക ക്ഷണിതാവുമായ ജോൺ പി. ജോൺ, ഫൊക്കാന അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, റീജിയണൽ വൈസ് പ്രസിഡണ്ട് സോമോൻ സക്കറിയ, നാഷണൽ കമ്മിറ്റി അംഗം ജോസി കാരക്കാട്ട്, നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡണ്ടും നിലവിൽ ആർ.വി.പി സ്ഥാനാർത്ഥിയുമായ മനോജ് ഇടമന, ബ്രാംപ്റ്റൺ മലയാളി സമാജം പ്രസിഡണ്ടും ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് അംഗവുമായ കുര്യൻ പ്രക്കാനം, ലോമ പ്രസിഡണ്ട് ലിന്റോ ജോസഫ്,
നയാഗ്ര മലയാളി അസോസിയേഷൻ, ടൊറന്റോ മലയാളി അസോസിയേഷൻ, ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷൻ, ബ്രാംപ്ടൺ മലയാളി സമാജം, മലയാളി ട്രക്കേഴ്സ് അസോസിയേഷൻ, കാനഡ മലയാളി അസോസിയേഷൻ, ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ, ബ്രാംപ്ടൺ മലയാളി സമാജം, മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡ തുടങ്ങിയ സംഘടനകളിലെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.