രാമകഥ ഉരുവിടുന്ന സാഗരം തേടി രാമേശ്വരം,ധനുഷ്‌കോടി യാത്ര (സജിത വിവേക്)

sponsored advertisements

sponsored advertisements

sponsored advertisements


11 July 2022

രാമകഥ ഉരുവിടുന്ന സാഗരം തേടി രാമേശ്വരം,ധനുഷ്‌കോടി യാത്ര (സജിത വിവേക്)

സജിത വിവേക്
ജീവിതം പലവിധപരീക്ഷണങ്ങൾ കൊണ്ട് മനസ്സിനെ തളർത്തുമ്പോഴെല്ലാം ദൈവസന്നിധിയിലെത്തി പ്രാർത്ഥിച്ചാൽ ആശ്വാസം ലഭിക്കുന്നതു പലപ്പോഴായി ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ മാനസികമായ എന്റെ വൈഷമ്യത്തെ കുറയ്ക്കണമെങ്കിൽ അതിനൊരു പരിഹാരം ലഭിക്കണമെങ്കിൽ സർവ്വപാപങ്ങളും മുൻജന്മദുരിതങ്ങളും വരെ തീർത്തുതരുന്ന ശ്രീരാമന്റെപോലും നാഥനായ രാമേശ്വരത്തെ ശിവസന്നിധിയിൽ എത്തിച്ചേരണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അങ്ങനെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. കുടുംബസമേതം 6 പേരുള്ള യാത്ര. ഞങ്ങൾ തിരുരിൽ നിന്നും രാവിലെ ചെന്നൈ എഗ്‌മോറിൽ 11:45 ന് പുറപ്പെട്ടു.

16618 കോയമ്പത്തൂർ-രാമേശ്വരം എക്സ്പ്രസ്സ് ട്രെയിൻ അന്ന് വൈകുന്നേരം 7:45 നാണ്. പിറ്റേന്ന് പുലർച്ചെ 6:30ന് രാമേശ്വരം എത്തിച്ചേരും.
കേരളം മഴയിൽ കുതിർന്നു നിൽക്കുന്നതിനാലാവും കോയമ്പത്തൂർ തണുത്തകാറ്റിനാൽ കുളിരണിയിപ്പിച്ചു.

വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ .
ഞങ്ങൾക്കുപോവേണ്ട ട്രെയിൻ അവിടെ നിർത്തിയിട്ടിരിക്കുന്നു. എന്നാലും സന്ധ്യയാവാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. എല്ലാവരും കോയമ്പത്തൂർ ഒത്തൊരുമിച്ചു. പരസ്പരം വിശേഷങ്ങൾ പങ്കിടുന്നതിനൊപ്പം രാത്രി കഴിക്കാനുള്ള ചപ്പാത്തിയും കറിയും വിശപ്പിന്റെ വിളിക്കായി കാത്തിരുന്നു. 6:30 ന് ട്രെയിനിന്റെ വാതിൽ തുറക്കപ്പെടും.

എല്ലാവരും ഒരുമിച്ചുള്ള യാത്രകൾക്ക് പ്രത്യേക സന്തോഷമാണ്. 7 നാണ് ട്രെയിനിന്റെ വാതിലുകൾ തുറക്കപ്പെട്ടത്.ജനാലയ്ക്കരികിലുള്ള സീറ്റിൽ ഞാൻ ഇരിപ്പുറപ്പിച്ചു. കാഴ്ചകളെ അത്രമേൽ ആസ്വദിക്കാൻ ഇരുട്ട് തടസ്സമാവുമെങ്കിലും സ്റ്റേഷനുകൾ കാണാമല്ലോ. 7:45 കൃത്യസമയത്തു ട്രെയിൻപുറപ്പെട്ടു. ഇരുട്ട് ഭംഗിയുള്ള കാഴ്ചകളെ മറച്ചെങ്കിലും വൈദ്യുതി വിളക്കുകൾ അവിടവിടെ മിന്നാമിന്നികളെപ്പോലെ മിന്നിതിളങ്ങി. ഓരോ സ്റ്റേഷനെത്തുമ്പോഴും പുതിയ സ്ഥലങ്ങൾ പരിചയപ്പെട്ടു. ചില സ്ഥലനാമങ്ങളിൽ പരിചയമുള്ള വ്യക്തികളെ ഓർത്തെടുത്തു. ഏകദേശം 12:30 ആയപ്പോൾ ഉറങ്ങാനായി എല്ലാവരും തയ്യാറായി. മോനും ഞാനും താഴെയുള്ള സീറ്റിൽ ഉറങ്ങാൻ കിടന്നു. ഉറങ്ങാൻ കഴിയുന്ന വിധമായിരുന്നില്ല ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിപുറപ്പെടുവിക്കുന്നശബ്ദങ്ങൾ.
പാമ്പൻപാലത്തിലൂടെയുള്ള ട്രെയിൻയാത്ര മനസ്സിൽ ചിന്തിച്ചു കിടന്നു. വേഗത പലവിധ ശബ്ദങ്ങളെ കാതുകളിൽ നിറച്ചു ഇളകിയും കുലുങ്ങിയും ഓടിയും കിതച്ചും മണ്ഡപം സ്റ്റേഷനിലെത്തി. അടുത്തത് ഞാനേറെക്കാലമായി കൊതിച്ച പാമ്പൻപാലത്തിലൂടെയുള്ള യാത്ര.

ജൂലൈ-6 ബുധൻ. 2022

5:35 ന് ആ മഹാത്ഭുതത്തിലെത്തി പാമ്പൻ പാലം! കാത്തിരുന്ന വിസ്മയം.
ട്രെയിൻ നന്നായി വേഗതകുറഞ്ഞു.ആദ്യമായാണ് കടലിനു നടുവിലൂടെയുള്ള യാത്ര. ജനലിലൂടെ താഴേയ്‌ക്കുനോക്കുമ്പോൾ ഭീതി മനസ്സിൽ കയറും. നീലനിറത്തിൽ തെളിഞ്ഞ കടൽ. ഒരു തേരട്ടയെപ്പോലെയാണ് ട്രെയിൻ ഇഴയുന്നത്.നേരം വെളുത്തുവരുന്നതേയുള്ളു. നീലക്കടൽ. ഇളകിയാർക്കുന്ന തിരമാലകൾ,മത്സ്യബന്ധന ബോട്ടുകൾ കുറെയധികം കാണുന്നുണ്ട് ആടിയുലയുന്ന കാഴ്ച തിരമാലകളുടെ ശക്തിയെ കാണിക്കുന്നു.ഒരുഭാഗത്തു ബസ് പോവുന്ന പാലം.മറുഭാഗത്തു പുതിയ റെയിൽവേ പാലത്തിന്റെ പണി പുരോഗമിക്കുന്നു. എങ്ങനെയായിരിക്കും ഈ കടലിനുള്ളിൽ ഇതൊക്കെ പണിതുയർത്തുന്നതെന്ന ചിന്തയും അതേസമയം എന്റെ മനസ്സിലുയർന്നുവന്നു. ഇത്രയും സാങ്കേതികവിദ്യകൾ പുരോഗമിച്ച ഈ കാലത്തു ഇതെല്ലാം എളുപ്പമാണല്ലോ. ഇപ്പോൾ ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കുന്ന
പാമ്പൻ പാലത്തിന്റെ ചരിത്രത്തിന് ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിന്റെ സുവർണ കാലത്തോളം തന്നെ പഴക്കമുണ്ട്. പാക് കടലിടുക്കിനു കുറുകെ പാലം നിർമ്മിക്കാൻ ബ്രിട്ടിഷുകാർക്ക് പ്രചോദനമായത് ധനുഷ്കോടിയും ശ്രീലങ്കയുമായുള്ള സാമീപ്യമാണ്. 1914 ഫെബ്രുവരി 24 നു പാലം നിർമ്മാണം പൂർത്തിയായത് . എൻജിനീയർമാർ എത്രത്തോളം ബുദ്ധിയുള്ളവരായിരിക്കണം.
കപ്പലുകൾ‌ക്കു കടന്നു പോകുന്നതിനു നടുഭാഗം ഗേറ്റിന്റെ മാതൃകയിൽ വഴിമാറുന്നതിനുള്ള സൗകര്യവുമുണ്ട്.കൂടുതൽ വിവരങ്ങൾ വായിച്ചു മനസിലാക്കണമെന്നും ഞാൻമനസ്സിലുറപ്പിച്ചു.

ഏകദേശം 25 മിനുട്ട് എടുത്തിട്ടാണ് കടലിനുകുറുകെയുള്ള യാത്ര അവസാനിച്ചത്. ആ യാത്ര അനുഭവിച്ചറിയേണ്ടത് തന്നെയാണ്. മനസ്സിൽ നിറയുന്നത് സന്തോഷവും ആശ്ചര്യവും അത്ഭുതവും മാത്രം! വാക്കുകൾക്കതീതം!!!

പുതിയ പാലം പണിപൂർത്തിയാവുന്നതോടെ ഈ പാലം ചരിത്രസ്മാരകമാവും. പാമ്പൻപാലം കഴിഞ്ഞതോടെ രാമേശ്വരത്തെ മണ്ണിലേക്ക് ട്രെയിൻ പ്രവേശിച്ചു.വെളുത്തമണൽത്തരികൾനിറഞ്ഞ പ്രദേശങ്ങളും ഓലപ്പുരകളും കണ്ടുതുടങ്ങി. പനകളും കുറ്റിച്ചെടികളും നിറഞ്ഞു നിൽക്കുന്ന പ്രദേശങ്ങളാണ് കൂടുതലും. രാമേശ്വരം അവസാന സ്റ്റേഷൻ. വണ്ടികൾ അവിടെ നിർത്തിയിടുന്നതിനാൽ ആർക്കും ഇറങ്ങാൻ വലിയ ധൃതിയൊന്നുമില്ല. ഉറുമ്പിൻകൂട്ടങ്ങളെപോലെ ആളുകൾ ഇറങ്ങിനീങ്ങി. എല്ലാവരുടെ മുഖത്തും പാമ്പൻപാലത്തിലൂടെയുള്ള യാത്രയുടെ അനുഭവത്തിന്റെ തിളക്കം.

ശ്രീരാമനാൽ ശിവ പ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. രാമന്റെ ഈശ്വരൻ വാണരുളുന്ന ദേശം എന്ന അർഥത്തിലാണ് ഈ പ്രദേശത്തിന് രാമേശ്വരം എന്ന് നാമം ലഭിച്ചിരിക്കുന്നത്.ആദികാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കപ്പെടുന്നു. സേതു എന്നാൽ പാലം അഥവാ അണ എന്നർഥം. രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

സ്റ്റേഷന്പുറത്തിറങ്ങി ഓട്ടോയിൽ കയറി. റൂമുതേടിയുള്ള യാത്ര കുറച്ചുനേരത്തെ അലച്ചിനൊടുവിൽ ദ്വാരകാപുരി എന്ന ലോഡ്ജിലവസാനിച്ചു. ക്ഷേത്രത്തിനടുത്തു തന്നെയാണ്. ക്ഷേത്രഗോപുരം തലയുയർത്തി നിൽക്കുന്നു. റോഡിൽ തീർത്ഥാടകരുടെ തിരക്ക് കാണുന്നുണ്ടായിരുന്നു. ചുവന്നവേഷധാരികളാണ്‌ കൂടുതലും. പശുക്കൾ റോഡിൽ അവിടവിടെ നടക്കുന്നുണ്ട്. മനം മടുപ്പിക്കുന്ന ദുർഗന്ധം ഓക്കാനം വരുത്താൻ ഒരു ശ്രമം നടത്തി.കുഞ്ഞുനാളിൽ ഒരിയ്ക്കൽ വന്നപ്പോൾ എങ്ങും അമ്പലത്തിനകത്തുവരെ വിസർജ്ജ്യങ്ങളായിരുന്നു. ഇപ്പോൾ അതെല്ലാം മാറിയിട്ടുണ്ട്.

എല്ലാവരും മുറിയിലെത്തി കുളിച്ചുഷാറായി. ദോഷപരിഹാരത്തിനായി പൂജകൾ നടത്താൻ നാട്ടിൽ വെച്ചുതന്നെ ആളെ ഏർപ്പാടാക്കിയിരുന്നു.പക്ഷി സത്യനാരായണശാസ്ത്രികളെന്ന ബ്രാഹ്മണഗൃഹം അമ്പലത്തിനോട് ചേർന്നുതന്നെയാണ്. അദ്ദേഹത്തെ ഫോൺവിളിച്ചപ്പോൾ വീടിനുമുൻപിൽ തന്നെ കാത്തുനിൽക്കുന്നുണ്ടെന്നു പറഞ്ഞു. കുശലാന്വേഷണങ്ങൾക്കു ശേഷം പൂജാകർമത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മുൻജന്മപാപങ്ങൾ കഴുകി തീർക്കുന്ന തീർത്ഥസ്നാനത്തിനു മുൻപ് പാപപരിഹാര പൂജകളും പൂർത്തിയാക്കണമെന്നാണ് വിശ്വാസം. ഏകദേശം രണ്ടര മണിക്കൂർ നീണ്ടുനിന്ന പൂജകൾ . വളരെ സംതൃപ്തി തരുന്നവിധമുള്ള ചടങ്ങുകൾ. ‘സന്തോഷമാച്ച’ എന്ന ചിരിനിറഞ്ഞ മുഖത്തെചോദ്യവും മനസ്സിൽ പൂർണ്ണസംതൃപ്തി നൽകി. ദമ്പതീ
പൂജ മനോദുരിതങ്ങൾ നീക്കി സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്യാനും സന്താനങ്ങളുടെ ഐശ്വര്യത്തിനും വേണ്ടി ചെയ്യുന്നതാണെന്നാണ് പറയപ്പെടുന്നത്. പൂജയ്ക്കുശേഷം ഇരുവരും പൂമാലകൾ പരസ്പരം ചാർത്തി ഒന്നുകൂടി വിവാഹം കഴിക്കുന്നു എന്ന് സങ്കൽപ്പം അതിനുശേഷം അന്നദാനവും വസ്ത്രദാനവും നടത്തി.

സമുദ്രസ്നാനം ചെയ്യാനും 22തീർത്ഥകിണറുകളിലെ തീർത്ഥസ്നാനവും ചെയ്യാനും പൂജാരി ആവശ്യപ്പെട്ടു. 36തവണ സമുദ്രത്തിൽ മുങ്ങിക്കുളിച്ചു.പൂമാലകൾ സമുദ്രം ഏറ്റുവാങ്ങി. സമുദ്രസ്നാനം നടത്തുന്ന ഭക്തരുടെ കൂട്ടങ്ങൾ ‘നമഃശിവായ’ ‘രാമ രാമ’.. മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ അന്തരീക്ഷം. പാപദോഷങ്ങളകറ്റാനും ആത്മാക്കളുടെ ശാന്തിക്കായുള്ള തർപ്പണങ്ങളും പിതൃബലിയുടെ മന്ത്രോച്ചാരണങ്ങളും എല്ലാമേറ്റുവാങ്ങി കടൽ പതുക്കെ തിരയടിക്കുന്നു. മാലിന്യം കുമിഞ്ഞുകൂടിയ സ്ഥലം. എല്ലാത്തിനും മുകളിൽ ഭക്തിയുടെ അലയൊലികൾ. പശുക്കൾ ആ പരിസരത്തെങ്ങും കാണാനുണ്ട്.

രാമനാഥസ്വാമി ക്ഷേത്രത്തിന്റെ തണുത്ത അകത്തളങ്ങൾ സദാ കുളിച്ചു ഈറനണിഞ്ഞു നിൽക്കുന്നു. രാമേശ്വരം ക്ഷേത്രത്തെ സവിശേഷമാക്കുന്നത് ഇവിടുത്തെ പവിത്രമായ തീർഥങ്ങളാണ്. 22 തീർത്ഥങ്ങളാണ് . ഇതിൽ കുളിക്കുന്നതോടെ ഭക്തരുടെ സർവപാപദോഷങ്ങളിൽ നിന്നും മോചിതരാകുമെന്നാണ് വിശ്വാസം.
22 തീർഥങ്ങൾ ശ്രീരാമന്റെ വില്ലിലെ 22 അമ്പുകളാണെന്നാണ് പറയപ്പെടുന്നത്. ഏറ്റവും പ്രധാനം അഗ്നി തീർത്ഥമെന്ന സമുദ്രതീരമാണ്. അതിനാൽ ക്ഷേത്രത്തിലെ തീർത്ഥത്തിൽ കുളിക്കും മുമ്പ് സമുദ്രസ്നാനം നടത്തണമെന്നാണ് ആചാരം.
ശ്രീമഹാലക്ഷ്മി തീർത്ഥമാണ് ഒന്നാമത്തെതീർത്ഥം. തീർത്ഥക്കിണറ്റിലെ ജലം ക്ഷേത്ര ജീവനക്കാർ ബക്കറ്റിൽ കോരിയെടുത്ത് ശിരസ്സിൽ ഒഴിക്കുന്നു ഭഗവാനെ മനസ്സിൽ വിചാരിച്ചു ഓം നമഃശിവായ മന്ത്രങ്ങൾ ഉരുവിട്ടുള്ള സ്നാനം
സർവദോഷങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും മോചിതയായെന്നു തോന്നുന്ന അനുഭവപുണ്യം നേടുന്ന പ്രതീതിയുണ്ടാവുന്നു .

ക്ഷേത്രത്തിനകത്ത് പലയിടത്തായിട്ടാണ് തീർത്ഥക്കിണറുകൾ സാവിത്രി തീർത്ഥം , ഗായത്രി തീർത്ഥം , സരസ്വതി തീർത്ഥം, സേതുമാധവ തീർത്ഥം വിശാലമായ താമരക്കുളമാണ്. ഗന്ധമാദന തീർത്ഥം ഗവാക്ഷ തീർത്ഥം,കവായ തീർത്ഥം, നള തീർത്ഥം, നിള തീർത്ഥം, ശങ്കു തീർത്ഥം, ചക്ര തീർത്ഥം, ബ്രഹ്മഹത്യാ വിമോചന തീർത്ഥം, സൂര്യ തീർത്ഥം, ചന്ദ്ര തീർത്ഥം ഗംഗാ തീർത്ഥം യമുനാ തീർത്ഥം, ഗയാ തീർത്ഥം ശിവ തീർത്ഥം, സത്യ മിത്ര തീർത്ഥം, സർവ തീർത്ഥം അവസാനത്തെ തീർത്ഥം കോടി തീർത്ഥം. ചെറിയ പാത്രത്തിൽ വെള്ളമെടുത്താണ് ശിരസ്സിൽ ഒഴിയ്ക്കുന്നത്.
കോടി തീർഥത്തിലും കൂടി സ്നാനം കഴിയുമ്പോൾ ശരീരവും മനസ്സും പവിത്രമാക്കപ്പെടുന്ന അനുഭവം തോന്നും.

ഈറനുടുത്തും ഈറൻമാറിയും ശ്രീകോവിലിനകത്തു പ്രവേശിക്കുന്നുണ്ട്. രണ്ട് ശിവലിംഗ പ്രതിഷ്ഠകളുണ്ട്.
രാവണനിഗ്രഹശേഷം തിരികെ രാമേശ്വരത്തെത്തിയ ശ്രീരാമൻ ബ്രഹ്മഹത്യാ പാപം തീർക്കാൻ ശിവപൂജ ചെയ്യാൻ തീരുമാനിച്ചു. അതിനായി ശിവലിംഗം കൊണ്ടുവരാൻ ഹനുമാനെ ഹിമാലയത്തിലേക്കയച്ചു. പ്രതീക്ഷിച്ച നേരത്ത് ഹനുമാൻ തിരികെ എത്താതായപ്പോൾ, സീതാദേവി തീരത്തെ മണൽ കൊണ്ട് ഒരു ശിവലിംഗം ഉണ്ടാക്കുകയും പൂജ തുടങ്ങുകയും ചെയ്തു എന്നാണ് ഒരു ഐതിഹ്യം. പിന്നീട് ഹനുമാൻ കൊണ്ടുവന്ന ശിവലിംഗവും പ്രതിഷ്ഠിച്ചു.ഹനുമാൻ കൊണ്ടുവന്നതിനാണ് ആദ്യം പൂജ ചെയ്യുന്നതെന്നും പറയപ്പെടുന്നു. നന്നായി ദർശനഭാഗ്യം ലഭിച്ചു. ഭസ്മമാണ് പ്രസാദം. സീതാ ദേവി ഉണ്ടാക്കിയ ശിവലിംഗം ‘രാമലിംഗം’ എന്നും, ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ശിവലിംഗം “വിശ്വലിംഗം’ എന്നും അറിയപ്പെടുന്നു. തൊഴുതിറങ്ങി നേരെ ഹോട്ടലിലേക്ക് ഇലയിട്ടുള്ള ഊണിനാണ് തിരഞ്ഞു നടന്നത്. ഊണുകഴിഞ്ഞു ലോഡ്ജിലെത്തി എല്ലാവരും നന്നായുറങ്ങി. ഉണർന്നപ്പോൾ 4മണി. പരിസരങ്ങൾ കാണാനും തിരിച്ചുവരുമ്പോൾ ദീപാരാധനകാണാനും ആണ് പ്ലാനിട്ടത്. നേരെ കടൽത്തീരം ലക്ഷ്യമാക്കി നടന്നു. ബോട്ടിംഗ് ആണ് ആഗ്രഹം. ഒരാൾക്ക് 100 രൂപ. കടലിലൂടെ സ്വന്തം ഉത്തരവാദിത്വത്തിൽ ഒരു യാത്ര. കടൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഷോപ്പുകളും കുങ്കുമം വില്പനക്കാരും ധാരാളമുണ്ട്. മാലയും വളയും കമ്മലും വാങ്ങുന്ന തിരക്കുകൾ. വീണ്ടും അമ്പലത്തിൽ കയറി . ഏതു വലിയ അമ്പലങ്ങളിൽ പോയാലും തിരക്കിൽ ഭഗവാനെ കാണാൻ കഴിയാറില്ലായിരുന്നു. അടുത്തെത്തുമ്പോൾ ജീവനക്കാർ പിടിച്ചു വലിച്ചുമാറ്റും. പതിവിലും വ്യത്യസ്തമായി നന്നായി കാണാനും പ്രാർത്ഥിക്കാനും കഴിഞ്ഞെന്നുമാത്രമല്ല പൂജാരിയുടെ കൈകൾ കൊണ്ട് ഭസ്മക്കുറി അണിഞ്ഞു കിട്ടുവാനും ഭാഗ്യമുണ്ടായി.. മാനസിക സംതൃപ്തികിട്ടിയ ദർശനം മനസ്സ് നിറച്ചു. ശുദ്ധമായ മനസ്സോടെ പാപങ്ങളെല്ലാം കഴുകി കളഞ്ഞെന്ന വിശ്വാസത്തോടെ സുഖമായുറങ്ങി. പിറ്റേന്ന് ധനുഷ്‌കോടി പോവണം.

ധനുഷ്‌കോടി യാത്ര
2022- ജൂലൈ 7-വ്യാഴം
രാമേശ്വരത്തു നിന്ന് 27 കിലോമീറ്റർ ദൂരത്തായി പാമ്പൻ ദ്വീപിലാണ് ധനുഷ്‌കോടി.എല്ലാ 15 മിനുട്ടിലും അമ്പലത്തിനടുത്ത് നിന്നും ബസുണ്ട്.അരമണിക്കൂർ യാത്ര. കുറച്ചു വർഷങ്ങൾക്കു മുൻപുവരെ ധനുഷ്കോടിയും രാമേശ്വരം പോലെ തന്നെ തിരക്കേറിയൊരു ജനവാസകേന്ദ്രമായിരുന്നു. 1964 –ലെ ചുഴലിക്കാറ്റ് ധനുഷ്കോടിയെ തൂത്തെറിഞ്ഞതാണ്. ധനുഷ് കോടിയിലെ കടൽത്തീരത്താണ് രാമസേതു അഥവാ രാമൻ ലങ്കയിലേക്ക് നിർമിച്ച പാലം. സമുദ്രത്തിനടിയിൽ ഇന്നും രാമസേതുവെന്ന ആ പാലമുണ്ടെന്നാണ് വിശ്വാസം.

രാമകഥകളുടെ പുണ്യം തേടുന്നവർ ധനുഷ്കോടിയിലേക്കും പോകണമെന്നാണ് ഐതീഹ്യം. ഇതുവരെ ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ധനുഷ്കോടി കണ്ണിൽ ഒപ്പിയെടുക്കാനുള്ള ആവേശത്തിലായിരുന്നു ഞാൻ. 20 മിനുട്ട് ബസ് പിന്നിട്ടപ്പോൾ കരക്ക് ഇരു വശവുമായി കടൽ. അരിച്ചാൽ മുനയിൽ ആണ് ധനുഷ്കോടിയുടെ അവസാന സ്റ്റോപ്പ്. അവിടെ ഒരു ദൂരദർശിനി വെച്ചിട്ടുണ്ട് അതിലൂടെ ശ്രീലങ്കയും കാണാം .27 km മാത്രം മാണ് ശ്രീലങ്കയിലേക്ക് ദൂരം .എന്റെ ചിന്തകൾ സഞ്ചരിച്ചു മറ്റൊരു സംസ്കാരത്തിന്റെ കടൽദൂരത്തിലേക്ക് കാറ്റിൽ സിംഹളഭാഷയുടെ അലയൊലികൾക്ക് കാതോർത്തു.

റോഡിന്റെ ഇരുവശങ്ങളിലും കടൽ, ശാന്തഭാവവും രൗദ്രഭാവവും ഒരേ സമയം ആസ്വദിക്കാം. ഒരു വശത്ത് അലയടിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ മഹാ സമുദ്രവും മറുവശത്ത് തിരകളും അലയൊലികളും ഇല്ലാത്ത ശാന്തമായ ബംഗാൾ ഉൾക്കടലും എന്നെ വീണ്ടും അത്ഭുതപ്പെടുത്തി.

1964 ലെ ചുഴലിക്കാറ്റ് ഈ സ്ഥലത്തെ മൊത്തമായി നശിപ്പിച്ചു തൂത്തെറിഞ്ഞു. ഒരു റെയിൽവേ സ്റ്റേഷന്റേയും പള്ളിയുടേയും സ്കൂളിന്റെയും ചില അവശേഷിപ്പുകൾ മാത്രം കാണുന്നുണ്ട്. ശരിക്കും ഒരു പ്രേതനഗരം 1964 വരെ സമൃദ്ധിയുടെയും സമാധാനത്തിന്റെയും നാടായിരുന്നു ധനുഷ്‌കോടി. നമ്മുടെ ഏവരുടെയും പ്രിയങ്കരനായിരുന്ന രാഷ്‌ട്രപതി ഏ.പി.ജെ അബ്ദുൾകലാം സാറിന്റെ ഓർമ്മകൾ അറിയാതെ മനസ്സിൽ കടന്നുവരുന്നു.

ഒരു വശത്തു രാവണന്റെ ആസുരഭാവത്തോടെ ബംഗാൾ ഉൾക്കടലും, മറുവശത്തു ശ്രീരാമന്റെ സാത്വികഭാവത്തോടെ ഇന്ത്യൻ മഹാ സമുദ്രവും അതിരിടുന്ന ധനുഷ്‌കോടിയിലാണ് ഏ.പി.ജെ. എന്ന മഹാപുരുഷനും ജീവിച്ചിരുന്നത്.

ത്രേതായുഗത്തിൽ, സീതാന്വേഷണത്തിനായി ശ്രീരാമൻ ശ്രീലങ്കയിലേക്ക് തന്റെ വാനരസൈന്യത്തെ നയിക്കുവാനായി സേതുബന്ധനം നിർമ്മിച്ചത് ഇവിടെ നിന്നാണെന്ന് പറയപ്പെടുന്നു. അന്ന് ശ്രീരാമൻ തന്റെ വില്ലിന്റെ (ധനുഷ്) അഗ്രം (കോടി) കൊണ്ട് സേതുനിർമ്മാണം തുടങ്ങേണ്ട സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുത്തതിനാൽ പിന്നീട് ഈ സ്ഥലം ധനുഷ്കോടി എന്നറിയപ്പെട്ടെന്നും ഐതിഹ്യം.

ഇന്ത്യയുടെ കണ്ണുനീർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ശ്രീലങ്കയിലേക്ക് ഇവിടെ നിന്നും 27 km ദൂരം.

ഏഴു മീറ്ററോളം ഉയരത്തിൽ തിരമാലകളുയർത്തി ആ കൊടുങ്കാറ്റ് ആഞ്ഞു വീശിയപ്പോൾ, പാമ്പൻ-ധനുഷ്‌കോടി പാസഞ്ചർ ട്രെയിൻ അപ്രത്യക്ഷമായിപോയി. ഔദ്യോഗിക കണക്കനുസരിച്ചു ആകെ മരണസംഖ്യ 1800 ആണ്. എന്നാൽ രക്ഷപ്പെട്ടു ജീവിച്ചിരിക്കുന്നവർ പറയുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രമേ രക്ഷപ്പെട്ടുള്ളു എന്നാണ്. അന്നത്തെ മദ്രാസ് സർക്കാർ ഈ പ്രദേശത്തെ ‘Ghost town’ അഥവാ ‘പ്രേത നഗരം’ ആയി പ്രഖ്യാപിച്ചു.

പ്രകൃതി ഒരു നിമിഷം ദേഷ്യഭാവത്തിൽ ഉറഞ്ഞുതുള്ളിയാൽ എല്ലാം നാമാവശേഷമാവും എന്നതിന്റെ അവശേഷിപ്പാണ് ധനുഷ്‌കോടി. മണലും കുറ്റിക്കാടുകളും നിറഞ്ഞു ശ്മശാനഭൂമിപോലെ ഇന്നും ഉള്ളിലൊരു നോവ്പടർത്തി ആ പ്രദേശം നിലകൊള്ളുന്നു.
തെളിഞ്ഞ കടലിൽ മൂന്നുമണിക്കൂറോളം ഉല്ലസിച്ചു. 5 മിനുട്ട് ഫോട്ടോഗ്രാഫറിൽ നിന്നും ഫോട്ടോ പകർത്തി. വെയിൽ തലയ്ക്കുമുകളിൽ ചൂടുപിടിക്കുന്നു. വിശപ്പും തുടങ്ങി.

പോവുന്ന വഴിയിലാണ് ഏ.പി
.ജെ അബ്ദുൾകലാം സാറിന്റെ വീട് എന്ന് മനസിലാക്കി വെച്ചിരുന്നുഅവിടെയിറങ്ങി.നീല ഗേറ്റിൽ കലാം ഹൗസ്‌ എന്ന് എഴുതി വെച്ചിരിക്കുന്നു. പലതരത്തിലുള്ള ഓർമകളും ബഹുമതികളും സെര്ടിഫിക്കറ്റുകളും പഠനകാലത്തെ ചിത്രങ്ങളും ശാസ്ത്രനേട്ടങ്ങളും മിസൈലുകളുടെയും റോക്കറ്റുകളുടെയും മാതൃകകളും അദ്ദേഹത്തിന്റെ വസ്ത്രവും ഉപയോഗിച്ചിരുന്ന വസ്തുക്കളും അദ്ദേഹത്തിന്റെ പുസ്തകങ്ങളുമെല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു. രണ്ടാമത്തെ നില കടൽ ഉൽപ്പന്നങ്ങളുടെ വിപണനകേന്ദ്രമായി പ്രവർത്തിക്കുന്നു.
അദ്ദേഹത്തിന്റെ കുടുംബത്തിൽ പെട്ടവർ തന്നെയാണ്ഇതിന്റെ നടത്തിപ്പുകാർ. താഴെയുള്ള വീട്ടിൽ സഹോദരപുത്രൻ താമസിക്കുന്നുണ്ടെന്നു സെക്യൂരിറ്റിയോട് ചോദിച്ചു മനസിലാക്കി. ചിത്രങ്ങൾ പകർത്തിയെടുത്തു വന്ന ദിവസം മുതൽ ഭക്ഷണം കഴിച്ച ഹോട്ടലിലേക്ക് നടന്നു. ഇലയിൽ ആണെന്നതും കേരളരുചിയുള്ളതുമാണെന്നതും അതിന്റെ ആകർഷണീയതയായിരുന്നു. ഭക്ഷണശേഷം അല്പം ഉറങ്ങാൻ മുറിയിലെത്തി. അതിനുശേഷം തിരികെയാത്രയ്ക്കുള്ളതിരികെയാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. 8:35 നാണു ട്രെയിൻ. ഒരുപാട് നല്ല ഓർമ്മകളെയും നിറച്ചു ഇനിയും വരും എന്ന് മനസ്സിലുറപ്പിച്ചു തിരികെയാത്ര… ഇനിയും കാണാൻ കാഴ്ചകൾ ഏറെയുണ്ട്. അടുത്തവരവിലാവാം…

ജൂലൈ-8 വെള്ളി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ചകളൊക്കെയും മനസ്സിൽ പുതിയൊരു സന്തോഷത്തെ നിറച്ചുവെച്ചിരുന്നു.. ആശ്വാസവും സമാധാനവും ലഭിച്ചിരിക്കുന്നു എന്നൊരു പ്രതീക്ഷ . പ്രാർത്ഥനകളെല്ലാം ഭഗവാൻ ശിവൻ സാധിപ്പിച്ചു തരുമെന്ന വിശ്വാസം… സന്ധ്യയ്ക്കു വിളക്ക് തെളിയിച്ചു രാമേശ്വരത്തെ ഭസ്മം ധരിച്ചപ്പോൾ എല്ലാം ശുദ്ധമായതുപോലെ… മനസ്സിലൊരു പുതിയ വെളിച്ചം പ്രകാശിക്കുന്നതുപോല..സഫലമീയാത്ര..!