ഭാരതീയ പൈതൃകവും ക്രൈസ്തവ ചൈതന്യവും ഉദ്ഘോഷിച്ച് ഇന്ത്യൻ ക്രിസ്ത്യൻ ദിനം

sponsored advertisements

sponsored advertisements

sponsored advertisements


7 July 2022

ഭാരതീയ പൈതൃകവും ക്രൈസ്തവ ചൈതന്യവും ഉദ്ഘോഷിച്ച് ഇന്ത്യൻ ക്രിസ്ത്യൻ ദിനം

പോൾ.ഡി.പനയ്ക്കൽ

ന്യൂയോർക്ക് :ഭാരതീയ പൈതൃകവും ക്രൈസ്തവ ചൈതന്യവും ഉദ്ഘോഷിക്കുകയും ഇന്ത്യയില് പീഡനം അനുഭവിക്കുന്ന ക്രൈസ്തവരോട് ഐക്യദാര്ഢ്യം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് ആഘോഷിച്ച ഇന്ത്യന് ക്രിസ്ത്യന് ദിനം (യേശു ഭക്തിദിവസ്) ചരിത്രം കുറിച്ചു. ഇന്ത്യയുടെ എല്ലാ സ്റ്റേറ്റില് നിന്നുമുള്ള ക്രൈസ്തവര് ഒത്തുകൂടുകയും അവരുടെ തന്നെ ഭാഷയില് ബൈബിള് വായിക്കുകയും പ്രാര്ത്ഥനാഗാനങ്ങളാലപിക്കുകയും ചെയ്തപ്പോള് തീക്ഷണമായ വിശ്വാസത്തിന്റെ ദീപ്തമായ സഖ്യമായി.
രണ്ടായിരം വര്ഷത്തെ പാരമ്പര്യമുണ്ടെങ്കിലും ക്രൈസ്തവ വിശ്വാസം ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയില് വിട്ടിട്ടുപോയതാണെന്ന കുപ്രചാരണത്തിലൂടെ ക്രൈസ്തവ ജനതയെ അപരവത്കരിക്കാനും ആക്രമിക്കാനും നടത്തുന്ന കുത്സിത ശ്രമങ്ങളില് മനംനൊന്താണ് ക്രൈസ്തവ സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്ക (ഫിയകോന) ഇന്ത്യന് ക്രിസ്ത്യന് ദിനാഘോഷം സംഘടിപ്പിച്ചത്. തോമാശ്ശീഹായുടെ രക്തസാക്ഷിദിനമായ ജൂലൈ മൂന്നിനു തന്നെ ഇത്തരമൊരു ഒത്തുകൂടല് നടത്തിയതും സുപ്രധാനമായി.
വിവിധ സഭകളില് നിന്നുള്ള ബിഷപ്പുമാരുടേയും വൈദീകരുടേയും സാന്നിധ്യത്താൽ അനുഗ്രഹീതമായ സമ്മേളനത്തിനു ചെണ്ടമേളത്തോടെയും ഘോഷയാത്രയോടെയും തുടക്കമായി. എല്മോണ്ടിലെ സെന്റ് വിന്സെന്റ് ഡി പോള് മലങ്കര കത്തോലിക്കാ ദേവാലയം ക്രൈസ്തവ ഐക്യത്തിന്റെ വേദിയായി. ഭാരതീയ പൈതൃകത്തിന്റേയും രാജ്യസ്നേഹത്തിന്റേയും സൂചനയായി ബിഷപ്പുമാര് നിലവിളക്ക് തെളിയിച്ചാണ് സമ്മേളനം തുടങ്ങിയത്.
സെന്റ് തോമസ് എ.ഡി 72-ല് മൈലാപ്പൂരില് രക്തസാക്ഷിത്വം വഹിച്ചു എന്നതാണ് ഇന്ത്യന് ക്രൈസ്തവ വിശ്വാസമെന്ന് ഫിയകോന പ്രസിഡന്റ് കോശി ജോര്ജ് ചൂണ്ടിക്കാട്ടി. അതിന്റെ 1900 വര്ഷത്തെ സൂചനയായി സര്ക്കാര് 1972-ല് തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ചു. ഈവര്ഷം 1950 വര്ഷം. അതിനാല് ഇതും ജൂബിലി വര്ഷം തന്നെ. അടുത്തകാലത്തായി ഇന്ത്യയില് ക്രൈസ്തവര് കൂടുതലായി പീഡിപ്പിക്കപ്പെടുന്നു. പത്രസ്വാതന്ത്ര്യമടക്കം സ്വാതന്ത്ര്യങ്ങള് നിഷേധിക്കപ്പെടുന്നു. കോടതികള് നോക്കുകുത്തികളാകുന്നു.
കഴിഞ്ഞ വര്ഷം മാത്രം ക്രിസ്ത്യാനികൾക്കെതിരെ നടന്ന 761 അക്രമങ്ങളുടെ വിശദരൂപം ഫിയാകോന പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ഇത്തരം ക്രൂരതകള്ക്കെതിരേ നമ്മുടെ വേദന അറിയിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നദ്ദേഹം പറഞ്ഞു.

സിഎസ്ഐ മോഡറേറ്റര് ബിഷപ്പ് ഡോ. ധര്മ്മരാജ് റസാലം സെന്റ് തോമസിന്റെ വരവും പ്രവര്ത്തനങ്ങളും ഇന്ത്യയെ എങ്ങനെ സ്വാധീനിച്ചുവെന്ന് വിവരിച്ചു. ഇന്ത്യൻ ക്രൈസ്തവീകതയിൽ സെയ്ന്റ് തോമസിന്റെ പ്രവർത്തനങ്ങൾ നിർണ്ണായകമാണ്.
സിഎസ്ഐ സഭ ഡപ്യൂട്ടി മോഡറേറ്റര് ബിഷപ്പ് റവ.ഡോ. റൂബന് മാര്ക്ക് ഇന്ത്യയോടുള്ള പ്രവാസികളുടെ സ്നേഹത്തെ പ്രകീർത്തിച്ചു. ക്രിസ്ത്യാനിയും ഇന്ത്യക്കാരനും ആയിരിക്കുന്നതില് നിങ്ങള് അഭിമാനംകൊള്ളുന്നു. അത് അഭിനന്ദനാര്ഹമാണ്. വിശ്വാസത്തിനായി ബലിയര്പ്പിക്കാനുള്ള സന്നദ്ധത ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. പീഡിപ്പിക്കപ്പെടുന്ന സമൂഹമായിട്ടും ക്രൈസ്തവര്ക്ക് ഒരുമയില്ല. എങ്കിലും ഇന്ന് എല്ലാ വിഭാഗം ക്രൈസ്തവരും ഈ ചടങ്ങിനെത്തിയത് സന്തോഷം പകരുന്നു. ഈ സ്പിരിറ്റ് നിലനിര്ത്തണമെന്നദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയും ലോകവും നാനാതരം സംഘര്ഷങ്ങളില് വലയുന്നുവെന്ന് ബിഷപ്പ് ജോണ്സി ഇട്ടി ചൂണ്ടിക്കാട്ടി. ജീവിതത്തില് സംഘര്ഷമില്ലാത്ത ഒരു കാലവുമില്ല. പക്ഷെ ഇപ്പോഴത് ഏറെ കൂടുതലാണ്. എങ്കിലും ദൈവം നമ്മെ കൈ പിടിച്ചു നടത്തുന്നു. കാലഘട്ടത്തെ മാറ്റിമറിക്കാന് നമുക്കാവില്ലായിരിക്കാം, പക്ഷെ മാറ്റങ്ങള് ഉണ്ടാക്കാന് നമുക്കാവും. ക്രിസ്തുവിന് ഒട്ടേറെ അനുചരര് ഉണ്ടായിരുന്നു. എന്നാല് അവസാനമായപ്പോള് അവശേഷിച്ചത് കുറച്ചുപേര് മാത്രമാണ്. സെന്റ് തോമസിനെപ്പോലെ വിശ്വാസദാര്ഡ്യമുള്ളവര് സ്വയം ബലിയാകാൻ മടിച്ചില്ല. സ്ഥിതിഗതികള് വിഷമകരമാകാം. പക്ഷെ ദൈവത്തില് ആശ്രയിക്കുക. യേശുവിന്റെ കുരിശ് നമ്മെ നയിക്കട്ടെയന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവര്ക്കെതിരേ പീഡനങ്ങള് വര്ധിക്കുന്നത് റവ.ഡോ. ഇട്ടി ഏബ്രഹാം ചൂണ്ടിക്കാട്ടി. പക്ഷെ അത് നമ്മെ തകര്ക്കില്ല. സഭ പടുത്തുയര്ത്തുന്നത് ക്രിസ്തുവാണ്. ഒരു തിന്മയും അതിനെതിരേ വിജയിക്കില്ല. ഇത്തരം പീഡനങ്ങളൊക്കെ ഉണ്ടാകുമെന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില് ഐക്യത്തോടെ മുന്നേറുകയാണ് വേണ്ടത്. ക്രൈസ്തവ വിശ്വാസം ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ വിശ്വാസമാണെന്ന ചിന്ത തികച്ചും അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സെന്റ് തോമസ് എന്ന സാമൂഹികപരിഷ്കര്ത്താവിനെയാണ് സി.എസ്.ഐ സഭാ ജനറല് സെക്രട്ടറി അഡ്വ. ഫെർനാൻദാസ് രത്തിനരാജ ചൂണ്ടിക്കാട്ടിയത്. അക്കാലത്ത് നടന്ന നരബലിക്കും ജാതി സമ്പ്രദായത്തിനുമെതിരേ സെന്റ് തോമസ് പ്രവര്ത്തിച്ചതാണ് അദ്ദേഹത്തെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചത്. ഇന്ത്യന് ഭരണഘടനയുടെ മുഖവുരയില് സെക്കുലറിസം എന്ന വാക്കുണ്ട്. അത് നീക്കം ചെയ്യാന് ശ്രമം നടക്കുന്നു. മതം രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാകേണ്ട കാര്യമില്ല. രാഷ്ട്രം മതകാര്യങ്ങളില് നിഷ്പക്ഷമായിരിക്കണം. തമിഴ്നാട്, ആന്ധ്ര, കേരളം എന്നീ സ്റ്റേറ്റുകളിലാണ് ഇവയ്ക്കെതിരേ പ്രതിഷേധം നടക്കുന്നത്. മറ്റു സ്റ്റേറ്റുകളില് പ്രതിഷേധ സ്വരം അടിച്ചമര്ത്താന് ഭരണകൂടത്തിന് കഴിയുന്നുവെന്നദ്ദേഹം ചൂണ്ടിക്കാട്ടി.
ഓര്ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച ജോണ് തോമസ് അച്ഛനെ കോശി തോമസ് പരിചയപ്പെടുത്തി. സെന്റ് തോമസിനെപ്പോലെ സുവിശേഷം അറിയിക്കുവാനും സാക്ഷ്യം വഹിക്കാനും നമുക്ക് കഴിയണമെന്നും ജോണ് തോമസ് അച്ചന് ചൂണ്ടിക്കാട്ടി.
ന്യൂയോര്ക്കിലും ചിക്കാഗോയിലും എക്യൂമെനിക്കല് ചടങ്ങുകളില് പങ്കെടുത്തെങ്കിലും ഇത്തരമൊന്നില് ആദ്യമായിട്ടാണ് പങ്കെടുക്കുന്നതെന്ന് ബിഷപ്പ് ആലപ്പാട്ട് പറഞ്ഞു. സെന്റ് തോമസ് ദിനത്തിലുള്ള ഈ ഒത്തുകൂടല് സുപ്രധാനമാണ്. തോമാശ്ശീഹായുടെ മിഷന് പ്രവര്ത്തനം വഴിയാണ് നാം ക്രൈസ്തവ ജനതയാകുന്നത്. ഇന്ത്യയുടെ വികാസത്തിന് ക്രൈസ്തവര് നല്കിയ സംഭാവന വിലമതിക്കാത്തതാണ്. ഇന്ത്യയില് മാത്രമല്ല ലോകമെങ്ങും ക്രൈസ്തവര് പീഡിപ്പിക്കപ്പെടുന്നതില് നാം ദുഖിതരാണ്. പ്രാര്ത്ഥനയാണ് അതിനെതിരേ നമ്മുടെ ആയുധം. ക്രൈസ്തവ വിശ്വാസം രക്തസാക്ഷിത്വത്തിന് നമ്മെ ശക്തരാക്കുന്നു. ഇത്തരം പീഡനങ്ങള് ഉണ്ടാവുമെന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്. എങ്കിലും അവിടുന്ന് എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവുമെന്ന ഉറപ്പും നല്കിയിട്ടുണ്ട്. അതിനാൽ ഭയപ്പെടേണ്ടതില്ല. പീഡനങ്ങള് ഏറ്റുവാങ്ങാന് നാം മടിക്കാറില്ല. എന്നാല് അനീതി മൂലമുണ്ടാകുന്ന പീഡനം അംഗീകരിക്കാനാവില്ല. അതു നാം ചോദ്യംചെയ്യണം. സ്വന്തം ജീവിതത്തിലൂടെയും മരണത്തിലൂടെയും തോമാശ്ശീഹാ നമുക്ക് പാത കാണിച്ചുതന്നിട്ടുണ്ട്. അതിനാല് നമ്മുടെ വിശ്വാസത്തെ നാം ശക്തിപ്പെടുത്തണം.
ബൈബിളിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് സെന്റ് തോമസ്. പ്രത്യേകിച്ച് യോഹന്നാന്റെ സുവിശേഷത്തില്. അവിടെ മൂന്നുതവണ സെന്റ് തോമസിനെപ്പറ്റി പറഞ്ഞിരിക്കുന്നു. ചാപ്റ്റര് 11-ല് മാര്തായുടേയും മേരിയുടേയും കുടുംബത്തെ ആശ്വസിപ്പിക്കാന് തോമസ് എത്തുന്നു. സഹോദരന് ലാസര് മരിച്ച ദുഖത്തിലാണവര്. തോമസ് ആണ് യേശുവിനെ ബഥനി സന്ദര്ശിക്കാന് നിര്ബന്ധിക്കുന്നത്. യേശു വന്നപ്പോള് ഒരു അത്ഭുതത്തിന് തോമസും സാക്ഷിയായി.
സെന്റ് തോമസിന്റെ ധീരത ബൈബിളില് നാം കാണുന്നു. എന്നാല് ഇന്നത്തെ ക്രൈസ്തവരില് ആ ധൈര്യം കൈമോശം വന്നിരിക്കുന്നു. ക്രിസ്തുവിനെ സാക്ഷ്യംവഹിക്കാന് നാം ധൈര്യം കാണിക്കുന്നില്ല. അതുപോലെ നമുക്ക് ഐക്യമില്ല. നാം പരസ്പരം പോരടിക്കുന്നു. അതിനു പകരം പ്രാര്ത്ഥനയോടെ നാം ക്രിസ്തുവിന് സാക്ഷ്യംവഹിക്കാന് സന്നദ്ധരാകണം – അദ്ദേഹം പറഞ്ഞു.
സെയ്ന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ചിലെ മങ്കമാരുടെ മാർഗ്ഗം കളി ഇന്ത്യൻ പൈതൃകകലയുടെ പ്രകടനമായിരുന്നു.
സെയിന്റ് തോമസ് സീറോ മലബാർ പള്ളിയിൽ നിന്നുള്ള മലയാളം പ്രാർത്ഥനാ ഗാനം, സെയിന്റ് പോൾസ് ഇന്റർനാഷണൽ ലൂഥറൻ ചർച്ചിന്റെ തെലുങ്ക് ഗാനം, സി എസ് ഐ ജൂബിലി മെമ്മോറിയൽ ചർച് കൊയറിന്റെ ഇംഗ്ലീഷ് ഗാനം ഇമ്മാനുവെൽ ലൂഥറന് ചർച് ഗ്രൂപ്പിന്റെ തമിളിലും ഹിന്ദിയിലുമുള്ള ഗാനങ്ങൾ, ബെത്ലെഹേം പഞ്ചാബി ചർച് കൊയറിന്റെ പഞ്ചാബി ഗാനം, എന്നിവ സദസ്സിനു ആസ്വാദ്യത നൽകി. ജെറിൻ ജെയിംസ് മലയാളത്തിലും റെവ. സാറ പീറ്റർ തെലുങ്കിലും ഡോ. സിന്തിയ പ്രഭാകർ ഇംഗ്ലീഷിലും ഗാർഡൻ ഓഫ് പ്രെയർ ഇന്റർനാഷനലിന്റെ ഡോ. അനിൽ പട്ടേൽ ഗുജറാത്തിയിലും റെവ. എഡ്വിൻ അരുമനായകം തമിളിലും ദിൽഷായ് ഭാട്ടി പഞ്ചാബിയിലും മിസ്സിസ് സുധാ രാജൻ കന്നടയിലും മിസ് ഹെഫ്സിബാ മെഡിത ഹിന്ദിയിലും ബൈബിൾ ഭാഗങ്ങൾ വായിച്ചു.
മുമ്പായിലെ ചുവന്ന തെരുവുകളിലും മറ്റും ചൂഷണത്തിനു വിധേയരായി കഴിയുന്ന സ്ത്രീകളെ മോചിപ്പിച്ചു അവരെ പുനരധിവസിപ്പിക്കുന്ന സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആന്സന് തോമസ് തന്റെ അമേരിക്കൻ സന്ദർശനത്തിനിടെ ഇന്ത്യൻ ക്രിസ്ത്യൻ ഡേയിൽ പങ്കെടുത്തു തന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയുണ്ടായി.
സെയ്ന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ചിലെ മങ്കമാരുടെ മാർഗ്ഗം കളി ഇന്ത്യൻ പൈതൃകകലയുടെ പ്രകടനമായിരുന്നു.
ദൈവമക്കൾ ഐക്യത്തോടെ ജീവിക്കുന്നത് എത്ര ഹൃദ്യവും സുഖകരവുമായിരിക്കുമെന്നു അഭിപ്രായപ്പെട്ടുകൊണ്ടാണ് സംഘാടക നേതാക്കളിൽ ഒരാളായ ജോർജ് എബ്രഹാം തന്റെ നന്ദിപ്രകടനം ആരംഭിച്ചത്. ഒത്തൊരുമയുടെ അസാധാരണമായൊരു ആവിഷ്കാരത്തിനാണ് നാം സാക്ഷ്യം വഹിച്ചതെന്നു അദ്ദേഹം പറഞ്ഞു.