നിറവ് (കഥ -ദിവ്യ ശ്രീകുമാർ )

sponsored advertisements

sponsored advertisements

sponsored advertisements

2 March 2023

നിറവ് (കഥ -ദിവ്യ ശ്രീകുമാർ )

ദിവ്യ ശ്രീകുമാർ

“കോൺവെൻ്റ് സ്റ്റോപ്പ് എത്തിയാലൊന്ന് പറയണം”.ടാക്സി ഡ്രൈവറോട് നീത പറയുന്നത് കേട്ട് ഞാനവളെ കൂർപ്പിച്ചു നോക്കി.നമ്മുടെ വീട്ടിലേക്കല്ലേ പോകുന്നത് പിന്നെന്തിനാണ് ഇങ്ങനൊരു ആവശ്യമെന്ന സംശയമായിരുന്നു ആ നോട്ടത്തിനു പിന്നിൽ. ഒന്നുമില്ലെന്ന് അവളെന്നെ കണ്ണടച്ച് കാണിച്ചു.
മഴ കനക്കുകയാണ്. “ഇങ്ങനെ പോയാൽ ഇത്തവണയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമെല്ലാംകൂടെ ഒന്നിച്ചു വരും ന്നാണ് തോന്നുന്നേ.മ്മടെ നാടിൻ്റെ ഗതിയെന്താവും ദൈവേ!” ഡ്രൈവർ റിയർവ്യൂ മിററിലൂടെ ഞങ്ങളെ നോക്കി ആത്മഗതമെന്നോണം പറഞ്ഞു.
ദുബൈ – കണ്ണൂർ ഫ്ലൈറ്റിൽ കണ്ണൂർ എയർപോർട്ടിൽ വന്നിറങ്ങി പ്രീ പെയ്ഡ് ടാക്സി പിടിക്കുമ്പോ മുക്കാൽമണിക്കൂറിനകം കണ്ണൂർ നഗരത്തിലെ ഞങ്ങളുടെ വീട്ടിൽ എത്തിച്ചേരാമെന്നായിരുന്നു പ്രതീക്ഷ..റോഡിലെ ഗതാഗതക്കുരുക്ക് കാണുമ്പോ ഒന്നൊന്നര മണിക്കൂർ കഴിയാതെ വീടെത്തുമെന്ന് തോന്നുന്നില്ല. “ഈ നശിച്ച മഴ നമ്മുടെ പ്ലാനൊക്കെ തകിടം മറിക്കും” – നീത പിറുപിറുത്തു.
“ആഹാ, ദുബായിലാവുമ്പോ മഴയുടെ നൊസ്റ്റാൾജിക് ഫീലിനേക്കുറിച്ച് വാ തോരാതെ പറയുകയും, കവിതയെഴുതുകയുമൊക്കെ ചെയ്യുന്ന ആൾ, മഴ കാണാൻ കൊതിയാവുന്നു ന്നു പറഞ്ഞ് ഇല്ലാത്ത ലീവ് സംഘടിപ്പിച്ചു,എന്നേക്കൊണ്ടും ലീവെടുപ്പിച്ച് നാട്ടിലെത്തിയപ്പോൾ മഴ കണ്ടിട്ട് പറയുന്നത് കേട്ടില്ലേ കൊള്ളാം.” ഞാനുറക്കെ ചിരിച്ചു.
ഇതൊക്കെ കേട്ടിട്ടും ശ്രദ്ധിക്കാതെ വേറെയേതോ ലോകത്തെന്ന മട്ടിൽ ഉയർത്തി വെച്ച ഗ്ലാസിലൂടെ പുറം കാ്ചകളിൽ മുഴുകിയിരിക്കുകയാണവൾ.ചില സമയത്ത് നീതയുടെ മനസ്സ് എനിക്ക് പിടികിട്ടുന്നേയില്ല.
ഇന്നു തന്നെ കണ്ടില്ലേ വണ്ടിയിൽ കയറിയിട്ട് കോൺവെൻ്റ് സ്റ്റോപ്പ് എത്തുമ്പോൾ പറയണമെന്ന് ഡ്രൈവറെ ഏൽപ്പിച്ചത് എന്തിനാണെന്ന് ഇത്രനേരവും എന്നോട് പറഞ്ഞിട്ടില്ല.പലപ്പോഴും ഇത്തരം സർപ്രൈസുകൾ അവളുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ളതാണ്.നമുക്ക് നിസ്സാരമെന്ന് തോന്നുന്ന കാര്യമേ ഉണ്ടവൂവെങ്കിൽക്കൂടെ അവളത് ശരിക്കും ആസ്വദിച്ചു ചെയ്യും.
“മാഡം പറഞ്ഞ കോൺവെൻ്റ് സ്റ്റോപ്പ് എത്തി ” എൻ്റെ ചിന്തകളെ മുറിച്ചുകൊണ്ട് ഡ്രൈവറുടെ ശബ്ദം..അത് കേട്ടപ്പോൾ നീത ഒന്നുഷാറായി.
“കോൺവെൻ്റിലേക്ക് പോകുന്ന റോഡിലേക്ക് വണ്ടിയെടുത്തോളൂ ചേട്ടാ” അവള് ഡ്രൈവറോട് പറഞ്ഞു.ഒന്നും മനസ്സിലാകാതെ ഞാനവളെ നോക്കി.
“പ്ലീസ് ജീവൻ, കുറച്ചു സമയം കൂടെ വെയിറ്റ് ചെയ്യ് നിനക്ക് എല്ലാം മനസ്സിലാകും” അവളെൻ്റെ കയ്യിൽ കൈ കോർത്തുകൊണ്ട് പറഞ്ഞു.അപ്പോഴേക്കും ടാക്സി സെൻ്റ് മേരീസ് കോൺവെൻ്റ് എന്ന ബോർഡ് വെച്ച വലിയ ഗെയിറ്റ് കടന്നിരുന്നു.
മദർ സുപ്പീരിയറും മറ്റു കന്യാസ്ത്രീകളും അവിടെ ഞങ്ങളെ സ്വീകരിച്ചു.
“ഹലോ മിസ്റ്റർ ജീവൻ നിങ്ങളെ നേരിൽ കണ്ടതിൽ ഒരുപാട് സന്തോഷം.നീതയെപ്പോലെ ഒരു കുട്ടിയെ ഭാര്യയായി കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ്.ഈ കോൺവെൻ്റിനോടു ചേർന്ന് ഞങ്ങൾ നടത്തുന്ന സെൻ്റ് മേരീസ് സ്കൂളിലെ അഞ്ച് വിദ്യാർത്ഥിനികളെ സ്പോൺസർ ചെയ്തിരിക്കുന്നത് നീതയാണ്.മഠത്തിലെ അന്തേവാസികളായ ഈ അഞ്ചുപേരുടെയും പഠനത്തിന് ആവശ്യമായ എല്ലാ സഹായവും വർഷങ്ങളായി അവൾ ആരും ആവശ്യപ്പെടാതെ ചെയ്യുന്നു”.മദർ പറയുന്നത് അൽഭുതത്തോടെ ഞാൻ കേട്ടുകൊണ്ടിരുന്നു.
“നിങ്ങളുടെ കല്യാണം തീരുമാനിച്ച സമയം ഞാനവളോട് പറഞ്ഞതാണ് ഇതെല്ലാം ജീവനോടും വീട്ടുകാരോടും പറയണമെന്ന്.അതിനുള്ള സമയം വരുമ്പോൾ ജീവനെ ഇവിടെ നേരിട്ടെത്തിച്ച് പറയാമെന്ന് പറഞ്ഞു അവളത് തടഞ്ഞു.ഇന്നിപ്പോൾ അതിനുള്ള അവസരം വന്നിരിക്കുന്നു.നീത സ്പോൺസർ ചെയ്ത മിടുക്കിക്കുട്ടികൾ പ്ലസ് ടൂ പരീക്ഷയിൽ ഉന്നതവിജയം നേടിയ സന്തോഷത്തിൽ പങ്കുചേരാനാണ് അവള് നിങ്ങളെയും കൂട്ടി ഇന്നിവിടെ വന്നത്.സത്യത്തിൽ ഈ പെൺകുട്ടി നിങ്ങൾക്ക് അഭിമാനമാണ് മിസ്റ്റർ ജീവൻ.ആരുടെയൊക്കെയോ സഹായത്താൽ പഠിച്ചു ജോലി നേടിയപ്പോൾ വന്ന വഴി മറക്കാതെ മറ്റുള്ളവരിലേക്ക് കരുണ ചൊരിഞ്ഞു മാതൃകയായവൾ.”മദർ നീതയെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു നിർത്തി.
എനിക്കറിയാത്ത പുതിയൊരു നീതയെ നിറഞ്ഞ സ്നേഹത്തോടെ,അതിലേറെ ആദരവോടെ ഞാനെൻ്റെ നെഞ്ചോട് ചേർത്തുപിടിച്ചു.അപ്പോൾ സ്റ്റേജിൽ കുട്ടികളുടെ ഗാനം മുഴങ്ങി
“അമ്മയും നന്മയും ഒന്നാണ്
ഞങ്ങളും നിങ്ങളും ഒന്നാണ്
അറ്റമില്ലാത്തൊരീ ജീവിതപ്പാതയിൽ
ഒറ്റയല്ലോറ്റയല്ലോറ്റയല്ല
ആരും ഒറ്റയല്ലോറ്റയല്ലറ്റയല്ല ”

ദിവ്യ ശ്രീകുമാർ