നിഷ ജൂഡ് ന്യൂയോർക്ക്
ന്യൂയോർക്കിലേക്കാൾ മികച്ച റോഡുകൾ കേരളത്തിൽ ഉണ്ടെന്നുകേരളാ മുഖ്യമന്ത്രിയോട് പറഞ്ഞ ആളെയൊക്കെ എനിക്കറിയാം…അതിന്റെ കാരണവും അറിയാം….
സ്നോ സീസൺ കഴിഞ്ഞു റോഡിൽ കുറച്ചു കുണ്ടും കുഴിയൊക്കെ വരും സ്വാഭാവികം അതപ്പോ തന്നെ നന്നാക്കുകേം ചെയ്യും .അല്ലാതെ വാഴ നടാൻ വെയ്റ്റ് ചെയ്യാറില്ല. നാട്ടീന്ന് പോന്നിട്ട് വർഷങ്ങൾ ആയെങ്കിലും കഴിഞ്ഞ രണ്ടു മൂന്ന് തവണ നാട്ടില് പോയപ്പോൾ റോഡൊക്കെ ഒരുപാട് മെച്ചപ്പെട്ടല്ലോ , എറണാകുളത്തെ സീ പോർട്ട് എയർപോർട്ട് റോഡും പുതിയ ഓവർബ്രിഡ്ജും മെട്രോയും ഒക്കെ കൊള്ളാമല്ലോ എന്നും തോന്നി . കൊള്ളാം എന്നല്ലാതെ ന്യു യോർക്ക് സിറ്റിയുമായിട്ടല്ല ജീവിച്ചിട്ടുള്ള ഒരു സിറ്റിയുമായിട്ടും താരതമ്യം ചെയ്യാൻ ഞാനില്ല . അതും സ്വാഭാവികം. വെൽ , ഈ മാപ്രയെ കുറ്റം പറയാൻ വരട്ടെ , ഇത് കൂടെ കേൾക്കൂന്നേ ….
ഒരു 30 കൊല്ലം മുമ്പുള്ള കഥയാണ് . ഇവിടെ ന്യു യോർക്കിൽ ജനിച്ചു വളർന്ന അത്യാവശ്യം നല്ല സൗകര്യം ഉള്ള ന്യു യോർക്ക് സിറ്റി ലിമിറ്റ്സിലെ വീട്ടിൽ നിന്ന് നാട്ടിലെ ഒരു കുഗ്രാമത്തിൽ അപ്പനും അമ്മയും ഒരു 10 വയസ്സുള്ള കൊച്ചിനെ തീരെ ചെറിയ സൗകര്യമൊക്കെ കമ്മിയായ , ബാത്ത് റൂമൊക്കെ വീടിന് പുറത്തുള്ള ഒരു പാവപ്പെട്ട അവരുടെ ബന്ധു വീട്ടിലേക്ക് , കൊച്ചിന്റെ അപ്പൻ ജനിച്ചു വളർന്ന നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ വീട് , അങ്ങോട്ട് വെക്കേഷന് കൊണ്ടുപോകുന്നു . എയർപോർട്ട് റ്റു വീട് , വീട് റ്റു എയർപോർട്ട് .
പിന്നെ കൊച്ചിന്റെ മനസ്സിൽ ഇന്ത്യ കേരളമൊക്കെ ഇങ്ങനെ ദാരിദ്ര്യം പിടിച്ചതാണ് . ആ കൊച്ച് , റ്റിവിയും Bollywood സിനിമയും ഒക്കെ കണ്ട് വളർന്ന് 18 /20 വയസ്സായി മനസ്സില്ലാ മനസ്സോടെ പാരെന്സിന്റെ കൂടെ ‘ നാട്ടിൽ ‘ പോകുന്നു . അന്നേരം അമേരിക്കൻ ഡോളർ ഒക്കെ ചെന്ന് പാവപ്പെട്ട കുടുംബ വീട് ഒന്ന് മെച്ചപ്പെട്ടു . അറ്റാച്ഡ് ബാത്രൂം , യൂറോപ്യൻ ക്ളോസറ്റ് , ഓടിൽ നിന്ന് ടെറസ് ഇട്ട ഒറ്റ നില , ഒക്കെ ആകുന്നു . എറണാകുളത്തു തുണിയെടുക്കാൻ പോകുന്നു , എറണാകുളത്തെ എം ജി റോഡും കടകളും പെന്റാ മേനകയും ഒക്കെ കണ്ട് ഇതും കേരളം ആണല്ലേ എന്ന് പറയുന്നു . തിരികെ ന്യു യോർക്കിൽ വന്ന ശേഷം പിന്നീട് വലിയ പരാതി ഒന്നുമില്ലാതെ സഹോദരനും ഇവിടെ ജനിച്ചു വളർന്ന കസിൻസും ഒക്കെ ആയി ഒരിക്കൽ കൂടി നാട്ടിൽ കല്യാണത്തിന് പോകുന്നു .താജ് റെസിഡൻസി ഇൽ മുറി എടുത്തു കൊച്ചി ലൈഫ് കാണുന്നു.
എന്നെ പരിചയപ്പെടുമ്പോൾ കൊച്ചിന് വയസ്സ് 23 /24 എനിക്ക് വയസ്സ് 27 . നല്ല ഭംഗിയായിട്ട് മലയാളം പറയുന്ന ഒട്ടും ‘ അമേരിക്കൻ ജാടയില്ലാത്ത’ മിടുക്കി കൊച്ച് , ‘നാട്ടിൽ നിന്ന് ആദ്യമായി വന്ന’ എന്നെ പരിചയപ്പെട്ട് ഞങ്ങളുടെ ലൈഫ് സ്റ്റയിൽ ഒക്കെ കണ്ടതിന് ശേഷം ,
“ചേച്ചിയുടെ വീട് നാട്ടിൽ എവിടെയാ ?”
ഞാൻ “എറണാകുളം…”
കൊച്ച് , “ ഓ എറണാകുളം ആണോ എറണാകുളം ഒക്കെ ന്യു യോർക്ക് പോലെ തന്നെയല്ലേ ?”
ന്യു യോർക്ക് എവിടെ കിടക്കുന്നു കൊച്ചി എവിടെ കിടക്കുന്നു എന്ന് ഇത് വായിക്കുന്ന എനിക്കും നിങ്ങൾക്കും അറിയാം. ആ കൊച്ചെന്ത് കൊണ്ട് അത് പറഞ്ഞു എന്നും ഊഹിക്കാം . ലുലു മാൾ ഒക്കെ വന്ന് കഴിഞ്ഞു ആ കൊച്ചിന് കൊച്ചി കാണാൻ പറ്റിയിട്ടില്ല . കൊച്ചിപ്പൊ പഠിച്ചു മിടുക്കിയായി നല്ല ജോലിയൊക്കെ ആയി ഹെലികോപ്റ്ററിൽ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും പറന്നു നടന്നു ലോകം കാണുന്ന വല്യ മില്യണയർ കൊച്ചായിപ്പോയി, എന്നാലും പഴയ ഓർമ്മയിൽ പറയും, ഇവിടത്തെ മലയാളികളുടെ പോലെ കാശ് ഒക്കെ ഉള്ളവർക്ക് നാട് എന്ത് നല്ലതാ അല്ലേ ? ആണ് ! അങ്ങനെ തന്നെ ആണ് .
എന്റെ പൊന്നു സുഹൃത്തുക്കളെ അന്ന് കൊച്ചത് പറയുമ്പോൾ ( കൊച്ചി , ന്യു യോർക്ക് ) കേരളത്തില് കോൺഗ്രസ് ആണ് ഭരിക്കുന്നത് . ഉമ്മൻ ചാണ്ടി സാർ ആയിരുന്നു മുഖ്യ മന്ത്രി. അത് കൊണ്ട് ദയവു ചെയ്ത്, ഇത് ട്രോളാൻ മാത്രം എടുക്കണ്ട . കോൺഗ്രസ്സും കമ്യൂണിസ്റ്റും ഒക്കെ മാറി മാറി ഭരിച്ചു നന്നായ ക്രെഡിറ്റ് ആയിട്ട് കൂട്ടിയാൽ മതി.
എന്നാലും ഈ പേര് വെളിപ്പെടുത്താത്ത ന്യുയോർക്ക് മലയാളി ഞാനല്ല ….എന്നാലും , എന്റെ ഗർഭം , സോറി എന്റെ റോഡ് ഇങ്ങനെയല്ല …
