പ്രായത്തിന് അനുസരിച്ചു വേഷം ധരിക്കണം ! (നിഷ ജൂഡ് ന്യൂയോർക്ക് )

sponsored advertisements

sponsored advertisements

sponsored advertisements

8 March 2023

പ്രായത്തിന് അനുസരിച്ചു വേഷം ധരിക്കണം ! (നിഷ ജൂഡ് ന്യൂയോർക്ക് )

വനിതാദിന രചനകൾ
നിഷ ജൂഡ് ന്യൂയോർക്ക്
1994 ഇൽ 15 വയസ്സാണ് പ്രായം.മിഡിയും ടോപ്പും ഫ്രോക്കും ചുരിദാറും ഒക്കെയായിരുന്നു അന്നൊക്കെ ഞാൻ ഉൾപ്പെടെ എന്റെ പ്രായത്തിലുള്ള എന്റെ നാട്ടിലുള്ള പെൺകുട്ടികൾ കോളേജിൽ പോകുമ്പോൾ ഇട്ടിരുന്നത് . സെന്റ് തെരേസാസിൽ ചെന്നപ്പോൾ മൈക്രോ മിഡി ഒക്കെ കോമൺ , നിങ്ങൾ അടിച്ചു പൊളിച്ചു നടക്കൂ പിള്ളേരെ എന്നു പറയുന്ന കന്യാസ്ത്രീകൾ !
പക്ഷേ , അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടികൾക്കുള്ള നാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ വാങ്ങിക്കൂട്ടാനുള്ള സ്‌പെഷ്യൽ ട്രെയിനിംഗ് കൊടുക്കുന്ന ഹോം സ്‌കൂളിന്റെ പ്രിൻസിപ്പാളിന്റെ മക്കളായതു കൊണ്ട് , സെമി ഗ്രാമവാസിയായ ഞാനും അനിയത്തിയും ഒക്കെ നാലാം ക്‌ളാസ്സിൽ വരെ ജീൻസും ഷർട്ടും ഒക്കെ ഇടുമായിരുന്നെങ്കിലും ആ പ്രായത്തിനു ശേഷം നഹീ നഹീ !
ജീൻസ് ഇടുന്ന പെൺകുട്ടികളെ ‘തന്നിഷ്ട്ടക്കാരികളും അടക്കവും ഒതുക്കവും ഇല്ലാത്തവർ’ ആയും കണ്ടിരുന്ന ഒരു സമൂഹത്തിൽ “ആ പിള്ളേരെ കണ്ടുപഠിക്കണം.”എന്ന സപ്രിട്ടിക്കറ്റുമായി മുന്നേറിയപ്പോൾ ജീൻസ് വസ്ത്രങ്ങളുടെ ലിസ്റ്റിൽ നിന്ന് പോയി.
ഇടയ്ക്കിടയ്ക്ക് പുട്ടിന് പീരയിടുന്ന പോലെ “ഞായറാഴ്ച്ച പള്ളീൽ വരുന്നത് ഫാഷൻ പരേഡിനല്ല”…, എന്നൊരു അനൗണ്സ്മെന്റും ഉണ്ടായിരുന്നു കുഞ്ഞാടുകളുടെ കുട്ടിക്കാലത്ത് ! അടിപൊളി !!
പത്താം ക്‌ളാസ്സിൽ പഠിക്കുമ്പോഴാണ് ഡാഡി ഇഷ്ട്ടപ്പെട്ടു മമ്മിയ്ക്കൊരു ചുരിദാർ , “താൻ ഇടെടോ , ഇപ്പോ എല്ലാവരും ഇടുന്നത്‌ ചുരിദാർ ആണ് “ എന്ന് പറഞ്ഞു വാങ്ങിക്കൊടുക്കുന്നത് ! അത് ഒന്നിട്ട് പുറത്തേയ്ക്ക് പോയി കുറച്ചു നല്ലവരായ അയല്വക്കക്കാരുടെയും ബന്ധുക്കളുടെയും അഭിപ്രായങ്ങൾ ഒക്കെ കേട്ട് മമ്മി പിന്നെ ജീവിതത്തിൽ ചുരിദാർ ഇട്ടിട്ടില്ല ! ( അമേരിക്കൻ സന്ദർശനത്തിൽ എല്ലാം ഞാൻ പ്രോത്സാഹിപ്പിച്ചു പാന്റും ഷർട്ടും ഇട്ട് നടത്തുമ്പോ ,നമ്മുടെ ആളുകൾ ഒന്നും കാണില്ലല്ലോ അല്ലേ എന്ന് എന്നോട് ചോദിച്ചു ഉറപ്പിക്കും , ഞാൻ അത് അപ്പൊ തന്നെ ഫോട്ടോയെടുത്തു ഫേസ് ബുക്കിലും ഇടും , മമ്മിക്ക് അന്നൊന്നും ഫേസ് ബുക്ക് അകൗണ്ട് ഇല്ലാതിരുന്നതു കൊണ്ട് ഞാൻ ജീവനോടെ അവശേഷിച്ചു )
പ്രീഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുന്ന ദിവസം സെന്റ് തെരേസാസിലെ കൂട്ടുകാരെ പോലെ ജീൻസിട്ട് Excursion നുപോകാൻ മാത്രം ഒരു ദിവസം ആറ്റുനോറ്റു പെർമിഷൻ കിട്ടിയത് വെളുപ്പിനെ അയല്വക്കക്കാരും നാട്ടുകാരും കാണുന്നതിന് മുന്നേ പോയി രാത്രി ഇരുട്ടി കഴിഞ്ഞു തിരിച്ചെത്തും എന്നത് കൊണ്ട് മാത്രമായിരുന്നു .
1996 ഇൽ BSc Nursing നു ചേർന്ന് ആദ്യ ദിവസം മിഡിയും ടോപ്പും ഇട്ടു ചെന്നപ്പോഴാണ് അറിയിപ്പ് , പ്രൊഫഷണൽ കോളേജിൽ പ്രൊഫഷണൽ ആയി ഡ്രസ്സ് ചെയ്തു വേണം ക്‌ളാസിൽ വരാൻ അതായത് പെൺകുട്ടികൾ ചുരിദാറോ സാരിയോ . അതാണ് പ്രൊഫണൽ കോളേജിലെ ഡ്രസ്സ് കോഡ് ! മിഡി ടോപ്പ് , ഫ്രോക്ക് , ജീൻസ് പാടില്ല , ഓക്കേ ….
ആൺകുട്ടികളോ ….. ?
ഓ , അവരും പ്രൊഫഷണൽ ആയി ജീൻസോ പാന്റ്സോ ധരിക്കാം മുണ്ട് പാടില്ല പോലും ….. !!!
അപ്പോ ജീൻസ് പ്രൊഫഷണൽ ആയോ ? കോമഡി !!!!
ഈ വിചിത്രമായ ഡ്രസ്സ് കോഡൊക്കെ എഴുതി ഉണ്ടാക്കിയ മഹാന്മാരെ മനസ്സിൽ ധ്യാനിച്ച് പഠനം …
(ഇതൊക്കെ കേട്ടാൽ ഇപ്പോഴത്തെ Instagram generation പുതിയ തലമുറക്കാർക്ക് ചിരി വരുമായിരിക്കും …
B Sc ഫൈനൽ ഇയറിനു പഠിക്കുമ്പോൾ ആണ് അനിയത്തിയ്ക്ക് എഞ്ചിനിയറിങ് കോളേജിൽ അവരുടെ ലാബ് ഡ്രസ്സ് കോഡ് ജീൻസും ടോപ്പും ആണെന്ന് പറഞ്ഞു , വലുതായ ശേഷം ആദ്യമായി വീട്ടിൽ ഒരു ജീൻസ് വാങ്ങുന്നത് ..
ആ ജീൻസ് അനിയത്തീടെ ആ വർഷത്തെ ലാബ് കഴിഞ്ഞപ്പോ Graduation certificate ഉം മേടിച്ചു നേരെ ബാംഗ്ലൂർ ജോലി കിട്ടി പോകുന്ന എനിക്ക് സ്വന്തം .
Bangalore ൽ Nursing College, Assistant Lecturer ആയി ജോലി തുടങ്ങി , എല്ലാ Weekend ലും ജീൻസും ടോപ്പും ഇട്ടു കൂട്ടുകാരുടെ കൂടെ കൊതിതീരെ MG Road and Brigades Road shopping malls ഒക്കെ നടന്നു കേരളത്തിന് പുറത്ത് ആണ് ‘ശുദ്ധവായു അഥവാ സ്വാതന്ത്ര്യം’ ഉള്ളതെന്ന തിരിച്ചറിവ് വലുതായിരുന്നു .Bangalore more even I grew up in kochi for that reason ( technically , exactly how what dress freedom feel like inside the campus of St. Teresa’s )
അവിടെ ജീൻസിട്ടവരെ ആരും തുറിച്ചു നോക്കില്ല , കമന്റടിക്കില്ല , ബസിൽ അടുത്ത് വന്ന് ഇരിക്കുന്നവർ തോണ്ടുകയുമില്ല എന്നത് ആയിരുന്നു 2001 ഇൽ ആദ്യമായി കേരളത്തിനു പുറത്തു ജീവിച്ചപ്പോൾ ലോകത്തെ ജനങ്ങളോട് , ബഹുമാനം തോന്നിച്ച കാര്യം .
ബാംഗ്ലൂരിനെ സ്നേഹിച്ചു ഈ കേരളത്തിലെ ആളുകളുടെ തുറിച്ചു നോട്ടം എനിക്ക് പുല്ലാണേ എന്ന് പറഞ്ഞു 2002 ഇൽ Ernakulam ആഷിർഭവനിൽ premarital certificate കോഴ്സ് കൂടാൻ ‘പുഴക്കടവിൽ’ ബസില് ഡാഡിയുടെ കൂടെ എറണാകുളം വരുന്നു . അപ്പോഴേക്കും അയൽക്കാരും നാട്ടുകാരും പുരോഗമിച്ചിരുന്നു എന്നു അനുമാനിക്കാം , ആർക്കും മൂക്കത്തു വിരൽ വയ്പ്പ് ഒന്നും കണ്ടില്ല ! Kochi is not old kochi….
പക്ഷേ ബാംഗ്ലൂർ സ്റ്റൈലിൽ പാന്റും റ്റോപ്പും ഇട്ട് കോഴ്സ് കൂടാൻ പോയ എന്നെ കാത്തിരുന്നത് ഞെട്ടിക്കുന്ന വരവേൽപ്പ് ആയിരുന്നു . ആദ്യദിവസം പത്തു നൂറു ആളുകൾ തിങ്ങി നിറഞ്ഞ ആ class ! എന്നെ എഴുന്നേൽപ്പിച്ചു നിർത്തി പരസ്യമായി,
“ ഇതെന്താ ഈ വേഷം ? ആണുങ്ങളുടെ വേഷം പെണ്ണുങ്ങൾ ധരിക്കരുത് , ഇതിനെപ്പറ്റിയെല്ലാം അടുത്ത ദിവസങ്ങളിൽ ക്‌ളാസ്സ് ഉണ്ടാകും , കുട്ടി റൂമിൽ പോയി ചുരിദാറോ സാരിയോ ഉടുത്തു വന്നിട്ട് കോഴ്സ് അറ്റൻഡ് ചെയ്താൽ മതി …..”
ഒരു പ്രായമില്ലാത്ത കന്യാസ്ത്രീ . Maybe in her 30’s Director or Supervisor for the courses ! അന്നുവരെ കൂട്ടുകാരെ പോലെ അമ്മയെപ്പോലെ നമ്മളെ സ്നേഹിക്കുന്ന നമുക്ക് ബഹുമാനിക്കാൻ തോന്നുന്ന കന്യാസ്ത്രീകളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളയിരുന്നു ! Strange!
24 വയസുള്ള നേഴ്‌സിങ് റ്റ്യുട്ടറിന്റെ തൊലി ഉരിഞ്ഞു പോയി . പിന്നെ ഫീസ് ഒക്കെ അടച്ചതല്ലേ കല്യാണം കഴിക്കേണ്ടത് എന്റെ ആവശ്യമായി പോയി ….
സത്യം പറഞ്ഞാൽ കേരളത്തിന് പുറത്തല്ലാതെ ഏതു പ്രായത്തിലും ഇഷ്ട്ടമുള്ള വേഷവും ധരിച്ചു സ്വന്തന്ത്ര്യത്തോടെ സന്തോഷത്തോടെ ഒരു സ്ത്രീയ്ക്ക് ജീവിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നിയിട്ടില്ല . I am specifying, ‘ഏതു പ്രായത്തിലും’ !!! Personal opinion, ഞാൻ ഇരുപത്തിനാലാം വയസ്സിൽ രാജ്യം വിട്ടത് കൊണ്ടുള്ള അനുഭവം കൊണ്ടായിരിക്കും .
ഇപ്പൊ എല്ലാം മാറിയല്ലോ , young ladies, Yes ചെറുപ്പക്കാർ സ്ത്രീകൾ ഒക്കെ ട്രെഡീഷണൽ അല്ലാത്ത ഡ്രസ്സ് ഒക്കെ ഇടുന്നതിന് ജാള്യത ഒന്നും കാണിക്കുന്നില്ല . പക്ഷേ ടെക്‌നിക്കലി ഞാൻ ഒരു ‘അമ്മച്ചി ’ ആൻഡ് തള്ളയാണ് , ( Yes of course രണ്ടു പിള്ളേരുടെ തള്ളയാണ് !)
അതുകൊണ്ട് അമ്മച്ചിയാണേ കേരളത്തിൽ കാലു കുത്തിയാൽ ആ നിമിഷം ഞാൻ ചുരിദാറും സാരിയും ഉടുത്തു കുലയാകും . എന്റെ തെറ്റ് , ഒന്നും വിചാരിക്കരുതേ…( നാട്ടിൽ ഇപ്പോഴും ഇത്രേം പ്രായമായില്ലേ , പ്രായത്തിന് അനുസരിച്ചു വേഷം ധരിച്ചൂടെ കൺസപ്റ്റും ഉണ്ടല്ലോ )
, “ ഓ അമേരിക്കൻ അമ്മച്ചി കുട്ടിക്കുപ്പായോം ഇട്ടു ഇറങ്ങീട്ടുണ്ടല്ലോ” എന്ന് ഉള്ളിൽ ചിന്തിച്ചിട്ട് , അടിപൊളി ആണല്ലോ എന്ന് ചുമ്മാ വായ കൊണ്ട് പറയുന്ന പുരോഗമനക്കാരെ സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ….
ആളുകൾ എന്ത് വിചാരിക്കും എന്നു വിചാരിച്ചു മാത്രം , ഇഷ്ട്ടമുള്ള വേഷം ധരിച്ചു നടക്കാൻ പോലും ഇന്നും , ഈ 2023ലും സാധിക്കാത്ത , ഭർത്താവിന്റെ , അച്ഛന്റെ , ചേട്ടന്റെ അനിയന്റെ , മകന്റെ ‘അനുവാദമില്ലാത്ത’ എന്റെ എല്ലാ സ്ത്രീ സുഹൃത്തുക്കൾക്കും വേണ്ടി കൂടി
വനിതാ ദിനാശംസകൾ …

നിഷ ജൂഡ് ന്യൂയോർക്ക്