അമേരിക്കൻ കോടതിയിലെ ക്യൂട്ട് അപ്പൂപ്പൻ പ്രതി! ( നിഷ ജൂഡ് ,ന്യൂയോർക്ക് )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

1 February 2023

അമേരിക്കൻ കോടതിയിലെ ക്യൂട്ട് അപ്പൂപ്പൻ പ്രതി! ( നിഷ ജൂഡ് ,ന്യൂയോർക്ക് )

നിഷ ജൂഡ് ,ന്യൂയോർക്ക്

ജൂറി ഡ്യൂട്ടി ചെയ്യുക എന്നത് ഏതൊരു അമേരിക്കൻ പൗരന്റെയും ഉത്തരവാദിത്വമാണ് . മ്മക്ക് ആ ഉത്തരവാദിത്തത്തിലൊന്നും ഒരു ത്രില്ലില്ലാത്തത് കൊണ്ട് ജൂറി ഡ്യൂട്ടിയ്ക്ക് വിളിക്കല്ലേ , വിളിക്കല്ലേ എന്ന് അമേരിക്കൻ പൗരത്വം കിട്ടിയ അന്ന് മുതൽ പ്രാർത്ഥിച്ചോണ്ടിരുന്നു , പക്ഷേ എന്നും അങ്ങനെ പ്രാർത്ഥന കേൾക്കാൻ ദൈവത്തിന് പറ്റില്ലല്ലോ ! പതിനൊന്നു വർഷത്തിന് ശേഷം അങ്ങനെ എന്നെയും തേടി ആ കത്ത് വീട്ടിൽ എത്തി . അടുത്ത മാസം കോടതി കയറണം!

കോടതിമുറിക്കുള്ളിലെ നമ്മുടെ ഉത്തരവാദിത്വം , കേസ് എന്താണ് എന്ന് മനസ്സിലാക്കി , വാദം കേൾക്കുക , തെളിവുകളും സാക്ഷി വിസ്താരവും എല്ലാം ശ്രദ്ധിച്ചു കേട്ട് ബയസ്ഡ് അല്ലാതെ പ്രതിയുടെ ഭാഗത്താണോ വാദിയുടെ ഭാഗത്താണോ ന്യായം എന്ന് കണ്ടെത്തി കോടതിയിമുറിയിൽ ഇരുന്ന് ജഡ്ജിയോട് പറയുന്നത് ആണ് . കത്തുമായി ജൂറി ഡ്യൂട്ടിക്ക് ക്ഷണം കിട്ടി വന്നിരിക്കുന്ന നൂറു കണക്ക് ആളുകളിൽ നിന്ന് ജൂറർ ആയിട്ട് നറുക്കിട്ട് ആണ് നമ്മളെ തിരഞ്ഞെടുക്കുന്നത്‌. അതിൽ നിന്ന് വീണ്ടും റാൻഡം സെലക്ഷൻ നടത്തി ഓരോ കേസിലേക്ക് , ഓരോ കോടതിമുറികളിലേക്ക് ചെറിയ ഗ്രൂപ്പുകൾ ആയി പുറപ്പെടും ! ബാക്കിയുള്ളവർക്ക് തിരികെ വീട്ടിൽ പോകാം . പക്ഷേ സെലക്റ്റ് ചെയ്തവർ കേസ് കഴിയുന്നവരെ വീണ്ടും വീണ്ടും ഇതേ പോലെ പോകേണ്ടി വരും .

ഒരിക്കൽ ജൂറർ ആയാൽ അടുത്ത ആറു വർഷത്തേക്ക് പിന്നെ നമ്മളെ വീണ്ടും വിളിക്കില്ല ! നിയമനിർവ്വഹണത്തിലും കോടതികളുടെ നടത്തിപ്പിലും സുതാര്യത നിലനിർത്തുക , പൗരന്മാർക്ക് ഉറപ്പായും ന്യായം നടപ്പിലാക്കി കിട്ടുക ഇതെല്ലാം പൗരന്മാരുടെ ജൂറി ഡ്യൂട്ടി കൊണ്ട് സാധിക്കും . ജോലിയിൽ നിന്ന് ശമ്പളത്തോടെ ഉള്ള അവധി തരണം എന്നത് നിയമം ആയതു കൊണ്ട് ആ ദിവസം നമ്മുടെ സാധാരണ ജോലി ദിവസം ആയിട്ടാണ് കണക്കാക്കുന്നത് ! ഇനി ജോലിയില്ലാത്തവർ ആണെങ്കിൽ ജൂറി ഡ്യൂട്ടിക്ക് പോയാൽ വണ്ടിക്കൂലി , കുറച്ചു കാശ് ഒക്കെ തന്നുവിടും ! ഉത്തരവാദിത്വം ആണെങ്കിലും സമയം ഒന്നും പൗരന്റെ കയ്യിൽ നിന്ന് സൗജന്യമായിട്ടല്ല ഉപയോഗിക്കുന്നത് എന്ന് !

അങ്ങനെ ഒടുവിൽ ആ ദിവസം വന്നു ! വിശാലമായ പാർക്കിങ് സൗകര്യങ്ങൾ ഒക്കെയുള്ള അതിവിശാലമായ കോടതിമുറിയിൽ ഇരുന്നപ്പോ ഇനി പ്രതി കള്ളം പറയുന്നതാണെങ്കിൽ , വാദി തന്നെ പ്രതിയാണെങ്കിലും ചുമ്മാ എല്ലാരേം പറ്റിക്കാൻ കള്ളക്കേസ് കൊടുത്തതാണെങ്കിൽ കള്ളസാക്ഷിയുണ്ടെങ്കിൽ , ഈ വക ചിന്തയെല്ലാം ഉണ്ടാകാൻ ഒരേയൊരു കാരണം മാത്രം , ‘CBI 5 ദി ബ്രെയിൻ’ എന്ന ആ ആഴ്ച്ച റിലീസ് ചെയ്ത സേതുരാമയ്യരുടെ മലയാളം സിനിമ കണ്ടത് !

അഞ്ചാറു വർഷം മുമ്പ് ജൂറിഡ്യൂട്ടിക്ക് പോയി എക്സ്പീരിയൻസ് ഉള്ള കുട്ടികളുടെ അച്ഛൻ രാജേട്ടനോട് ചോദിച്ചപ്പോ എന്റെ ഒരു ലെവൽ വച്ച് ക്രൈം ത്രില്ലർ മലയാളം മൂവികൾ ഒരുപാട് കണ്ടിട്ട് പോയാൽ മതിയെന്ന് !! വെൽ, ജൂറർ ആകാനുള്ള തയ്യാറെടുപ്പിൻറെ ഭാഗമായി ഒരാഴ്‍ച മുമ്പ് തൊട്ട് സി ബി ഐ ഫൈവ് ദി ബ്രെയിൻ അഞ്ചാറു പ്രാവശ്യം കണ്ട് പല ബുദ്ധിപരമായ പോയിന്റുകളും ഊണിലും ഉറക്കത്തിലും ചോദിച്ചാൽ പോലും പറയാൻ കുറിച്ചെടുത്തു ബ്രെയിനിലാക്കി !

“ഓ വൗ ! ഈ മലയാളി ജൂറർ പൊളിയാണ്!”

എന്ന് ജഡ്ജ് കോടതിയിൽ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു പറയുന്നത് സ്വപ്നം കണ്ടു കാത്തിരുന്നു !

അപ്പോഴാണ് ആത്മ ഫ്രണ്ടിന്റെ പരാമർശം നെറ്റ്ഫ്‌ളെക്‌സിൽ അന്ന് ഇറങ്ങിയ സീരീസ് ലിങ്കൺ ലോയർ കാണാതെ ജൂറി ഡ്യൂട്ടിക്ക് പോകേ ? ന്താ കഥ ? പോയി കാണുക …എന്ന് ! പിന്നെ തലേന്ന് രാത്രി ഉറക്കം ഒഴിച്ചു എല്ലാ എപ്പിസോഡുകളും ഒറ്റയടിക്ക് കണ്ടുതീർത്തു ! മുൻ ഭാര്യയും ഇപ്പോഴത്തെ കാമുകിയും ഒക്കെയായ മാഗിയും ലോണയും തമ്മിലുള്ള ഐക്യവും അവർക്ക് രണ്ടുപേർക്കും മിടു മിടുക്കൻ ലിങ്കൺ ലോയറിനോടുള്ള വാത്സല്യവും കരുതലും ഒക്കെ കണ്ടു കണ്ണുനിറഞ്ഞു , നന്മ ഉള്ള ലോകമേ പാടിപ്പോയി !!! മലയാളി കുല സ്ത്രീകൾ ഇനി എന്നാണ് ഇതൊക്കെ ഒന്ന് കണ്ടു പഠിക്കുക? മോശം മോശം മോശം ! ഹോ , പറഞ്ഞു പറഞ്ഞു വഴി പിഴച്ചു അല്ല തെറ്റി . ലിങ്കൺ ലോയറിലെ സിസ്ക്കോയെ കണ്ടപ്പോ പുന്നപ്ര ബൈജുന്റെ ചായ ഇല്ലേ എന്ന് തോന്നിയെങ്കിലും , അവസാനം ഇതിന്റെയൊക്കെ പിന്നിലെ ആളെ കണ്ടപ്പോൾ ഇതും സി ബി ഐ യിലെ അനൂപ് മേനോനെ കണ്ടുപിടിക്കുന്നത് പോലെ ആയിപ്പോയല്ലോ എന്നും തോന്നി എന്നല്ലാതെ സി ബി ഐ യുടെ അത്രേം ബുദ്ധിപരമായ പോയിന്റുകൾ ഒന്നും കിട്ടിയില്ല ! പുവർ നെറ്റ് ഫ്ലിക്സ്കാർ !

വെൽ , പറഞ്ഞു നീട്ടുന്നില്ല , കോടതിയിൽ കണ്ടതും കേട്ടതും വാദിയേതാ കേസ് ഏതാ എന്നൊന്നും ആരോടും പറയാനോ സോഷ്യൽ മീഡിയയിൽ പറയുകയോ ചെയ്യരുത് എന്നാണ് ! പറഞ്ഞാൽ പിന്നെ ഞാൻ കോടതി കയറി ഇറങ്ങേണ്ടി വരും ! എങ്കിലും മ്മള് മലയാളികൾക്ക്‌ ഇതൊക്കെ പറഞ്ഞുതരാൻ വേറെ ആരാ ? ല്ലേ ? അതുകൊണ്ട് ഇനി പറയുന്ന കാര്യങ്ങൾ അതി രഹസ്യമായിരിക്കണം ! ഇതിവിടെ നമ്മുടെ ഇടയിൽ മാത്രമായി നിൽക്കണം . ഇനി നിങ്ങളീക്കാര്യം കേട്ട് ആവേശം മൂത്ത് ഡോളർ മാല , ചെണ്ട് , ഹാരം എന്നിവയുമായി ന്യു യോർക്കിന് പുറപ്പെടരുത് ! ഇടത്തേ ചെവിയിലൂടെ കേട്ട് ഇടത്തേ ചെവിയിൽ തന്നെ വച്ചേക്കുക , അത്ര തന്നെ !

അപ്പോ അന്ന് വാദം കേട്ടത് ഒരു കെട്ടിടം പൊളിച്ച സിവിൽ കേസ് ആയിരുന്നു . പ്രതിക്കൂട്ടിൽ നിന്ന പൊളിക്കാൻ കൂടിയവരിൽ തേവരക്കാരൻ ഒരു മലയാളിയും ഉണ്ടായിരുന്നു, കെട്ടിടത്തിന്റെ പേര് കാപ്പിറ്റോൾ ബിൽഡിങ് എന്നോ മറ്റോ പറഞ്ഞു . വിചാരണ നേരിടുന്ന അവരുടെ നേതാവ് ആണെങ്കിൽ മുടിയെല്ലാം നരച്ചു മുഖത്തു ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത മുതൽ പച്ചാളം ഭാസിയുടെ നവരസ അഡീഷണൽ വരെയുള്ള ഭാവങ്ങൾ വാരി വിതറുന്ന ഒരു പാവം ക്യുട്ട് അപ്പൂപ്പൻ ! വയസാം കാലത്ത് ആ പാവത്തിനെ ആര് എന്തിനീ കോടതി വരാന്ത കയറ്റി ഇറക്കുന്നു എന്ന് കരുതി അപ്പോത്തന്നെ ജാമ്യം കൊടുത്തു പറഞ്ഞു വിട്ടേക്കാൻ പറഞ്ഞു ! പോയി വല്ല കുലുക്കി സർബത് വിക്കണ പെട്ടിക്കട നടത്തി ജീവിക്കട്ടേന്ന് …!! റിപ്പീറ്റ് ബി ജി എം , “നന്മ ഉള്ള ലോകമേ …!!”

ജഡ്ജി പ്രത്യേകം പറഞ്ഞതാ ഇനിയിപ്പോ ഇത് ഞാൻ എങ്ങാനും ഫെയ്‌സ് ബുക്കിലൊക്കെ എഴുതി മലയാളികളും ബംഗാളികളുമൊക്കെ അറിഞ്ഞുകഴിഞ്ഞാൽ …പാവത്തിനെ ട്രോളിയും മീം ഉണ്ടാക്കിയും …വെറുതേ എന്തിനാ …അതുകൊണ്ട് എല്ലാം പറഞ്ഞപോലെ …നിങ്ങളും ഇതാരോടും പറയണ്ട !!

നിഷ ജൂഡ് ,ന്യൂയോർക്ക്