മനുഷ്യാ നീ മണ്ണാകുന്നൂ (നിഷ ജൂഡ് ,ന്യൂയോർക്ക് )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


23 February 2023

മനുഷ്യാ നീ മണ്ണാകുന്നൂ (നിഷ ജൂഡ് ,ന്യൂയോർക്ക് )

നിഷ ജൂഡ്,ന്യൂയോർക്ക്

മരണത്തെപ്പറ്റി ഓർക്കാനും എഴുതാനുമൊന്നും ഇഷ്ട്ടമില്ലയെങ്കിലും ഇന്ന് എഴുതണം എന്ന് തോന്നി . ആദ്യമായി ഞാൻ ഒരു മരണം കാണുന്നത് തീരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് . വീടിനടുത്തുള്ള പത്തു തൊണ്ണൂറ് വയസ്സിന് മുകളിൽ പ്രായമുള്ള ജനാർദ്ദനൻ വല്യപ്പൻ മരിക്കാറായി കിടപ്പാണ്, എല്ലാവരുടെയും പ്രിയപ്പെട്ട ജനാർദ്ദനൻ വല്യപ്പനെ മരിക്കുന്നതിന് മുമ്പ് ഒന്ന് പോയി കാണണം എന്ന് പറഞ്ഞു മമ്മിയും വേറെ അയല്വക്കത്തുള്ള വേറെ ആരൊ, അവരുടെയും ചെറിയ മക്കള് ഒക്കെ കൂടി വല്യപ്പന്റെ വീട്ടിൽ എത്തി.
കോൺവെന്റിന്റെ അടുത്തേക്ക് ഉള്ള വീട്ടിലേക്ക് കുറച്ചു നടക്കാനുള്ള ദൂരമുണ്ട് , എങ്കിലും പണ്ടൊക്കെ നമ്മുടെ നാട്ടുകാര് അയൽക്കാർ മനുഷ്യർ തമ്മിൽ സ്നേഹവും കരുതലും ഒക്കെ ആത്മാർത്ഥതയോടെ ആയിരുന്നു . എല്ലാവരും തമ്മിൽ പരിചയവും സന്ദർശനവും ഒക്കെയുണ്ട് . ഇന്ന് ഒരു മനുഷ്യൻ അങ്ങനെ വയസ്സായി സമാധാനത്തോടെ സ്വന്തം വീട്ടിൽ കിടന്ന് മരിക്കാൻ മനുഷ്യര് സമ്മതിക്കില്ല, നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് നിർബന്ധിച്ചു ഐ .സി. യു വിൽ കൊണ്ടേ കിടത്തി കളയും ! ഇനി മരിച്ചു കഴിഞ്ഞു കളർകോഡ് സാരിയുടുത്തു ചെന്ന് നിരന്നു നിന്ന് ,
“ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ , എന്നാലും എന്റെ അന്നംകുട്ടി ടീച്ചറേ ഇവര് ഈ അസുഖം ആയിട്ട് കിടക്കുകയാണെന്ന് ഈ വീട്ടുകാര് നമ്മളോട് ഒക്കെ ഒരു വാക്ക് ….പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ , എന്നാലും അവരാ വാട്ട്സ് ആപ്പ് ഗ്രൂപ്പില് പറഞ്ഞിരുന്നെങ്കിൽ നമ്മള് ആ ഐ സി യു വിലെങ്കിലും പോയി ഒന്ന് കാണില്ലേ ?നമുക്ക് എല്ലാവർക്കും ഒരേപോലെ ഗ്രെയുടെ ഷെയ്ഡ് സാരിയും ഉണ്ടായിരുന്നു ….തമ്പുരാന്റെ മരണത്താൽ മോക്ഷത്തിൽ ചേരാൻ ഇടയുണ്ടാകട്ടെ….ഞാനിത് കേട്ടതേ കല്യാണവീട്ടീന്ന് വേഷം പോലും മാറാതെ ഓടി വന്നതാണ് ടീച്ചറേ….” എന്ന നാടകം ഒന്നും അന്നില്ലായിരുന്നു !
പറഞ്ഞു വന്നത് അതല്ല , കൊച്ചു കുഞ്ഞായിരിക്കുമ്പോൾ മുതൽ എന്നെ വലിയ സ്നേഹം ആയിരുന്നത് , റാകി പറക്കുന്ന ചെമ്പരുന്തേ ഒക്കെ പാടി പഠിപ്പിച്ചു തന്നിരുന്നത് , വല്യപ്പൻ കട്ടിലിൽ കിടക്കുന്നതും മകൾ റോസി ചേച്ചി സ്നേഹത്തോടെ ശുശ്രൂഷിക്കുന്നതും ഒക്കെ ആണ് ഓർമ്മ . വയസ്സായ ഒരാളെ കാണാൻ വെറും കയ്യോടെ മമ്മി പോകുകയും ഇല്ല , കയ്യിൽ വല്യപ്പന് ഇഷ്ട്ടമുള്ള കുറച്ചു പാരീസ് മിട്ടായിയും കരുതിയിട്ടുണ്ട് .
മിട്ടായി കിട്ടിയതും ചിരിച്ചോണ്ട് വല്യപ്പൻ അത് വായിലിട്ടു , കുറച്ചു നേരം കഴിഞ്ഞു മോളോട് എന്തോ ആംഗ്യം കാണിച്ചു , റോസിച്ചേച്ചി വേഗം കൈനീട്ടി , വല്യപ്പൻ കുറച്ചു നുണഞ്ഞ മിഠായി പതുക്കെ തുപ്പി കയ്യിലിട്ടു എന്നിട്ട് എന്തോ പറഞ്ഞു . റോസിച്ചേച്ചിയ്ക്ക് മാത്രം മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞത് ഞങ്ങൾക്ക് തർജ്ജമ ചെയ്തു .
“സന്തോഷം ആയി ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ടു കാര്യങ്ങളും ഇന്ന് കഴിക്കാൻ പറ്റി …” എന്നാണ് വല്യപ്പൻ പറഞ്ഞത് എന്ന് . അന്ന് രാവിലെ ഏതോ ബന്ധു ഓറഞ്ചുമായിട്ട് കാണാൻ വന്നിരുന്നു അതും ഒന്ന് രണ്ട് അല്ലി സന്തോഷത്തോടെ വല്യപ്പൻ കഴിച്ചിരുന്നു പോലും . കുട്ടികൾക്കും വലിയവർക്കും റോസിച്ചേച്ചിയ്ക്കും ഒക്കെ മുഖത്തു പുഞ്ചിരി നിറഞ്ഞു . യാത്ര പറഞ്ഞു ഇറങ്ങി കുറച്ചു നേരം കഴിഞ്ഞതും ആരോ ഓടി വന്നു പറഞ്ഞു , ജനാർദ്ദനൻ വല്യപ്പൻ മരിക്കാറായി എന്ന് തോന്നുന്നു അന്ത്യ ശ്വാസം വലിക്കാൻ തുടങ്ങി എന്ന് .
എല്ലാവരും തിരികെ ചെന്ന് കട്ടിലിനു ചുറ്റും നിന്നു. റോസി ചേച്ചി ഈ ആത്മാവിന് കൂട്ടായിരിക്കേണമേ എന്ന് പ്രാർത്ഥിക്കുകയും കരഞ്ഞു കൊണ്ട് കൊന്ത എടുത്തു ചുണ്ടിൽ കുരിശുരൂപം മുത്തിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് . ഞാൻ പേടിയോടെ മമ്മിയെ നോക്കി എന്താണ് എന്ന് ചോദിച്ചു . അത് എല്ലാവരും മരിക്കാറാവുമ്പോൾ പ്രാർത്ഥിക്കുന്നതാണ് പേടിക്കണ്ട എന്ന് പറഞ്ഞു ….സമാധാനമായി അവസാന ശ്വാസവും എടുത്തു നിലച്ചപ്പോൾ പതിഞ്ഞ സ്വരത്തിൽ റോസി ചേച്ചി അപ്പാ എന്ന് വിളിച്ചു കുറച്ചു നേരം കരഞ്ഞു , അക്കാമ്മാന്റി ആണെന്ന് തോന്നുന്നു മെഴുക് തിരിയും മറ്റും കത്തിക്കാനും മുഖത്തിനു ചുറ്റും കെട്ടാനൊക്കെ തുടങ്ങി ….അത്രയൊക്കെയേ ഓർമ്മയിൽ ഉള്ളൂ എങ്കിലും വയസ്സായി സമാധാനമായി അങ്ങനെ മരിക്കാൻ കഴിയുന്നത് എല്ലാവർക്കും കിട്ടുന്ന അവസരം അല്ല എന്ന് മനസ്സിലാക്കാൻ പിന്നെയും വർഷങ്ങൾ ഒരുപാട് എടുത്തു …
കുറച്ചു നാള് കഴിഞ്ഞാണ് ഡാഡിയുടെ കസിന്റെ മോൻ ഞാൻ ഒത്തിരി സ്നേഹിക്കുന്ന , എന്നെയും കുടുംബത്തിലെ മറ്റ് ചെറിയ കുട്ടികളെയും ഒക്കെ ഒരുപാട് സ്നേഹിക്കുന്ന കുഞ്ഞച്ചൻ ചേട്ടൻ ജോലിയ്ക്കായി ബാംഗ്ലൂർ പോകുന്നത് . വീടിനു മുന്നിലെ കുഞ്ഞു മരത്തിനു മുകളിൽ കയറി സ്ഥിരമായി ഇരിക്കുന്ന എന്നോട് കറുത്തു മെലിഞ്ഞു ചെറിയ മീശയും കുറച്ചു ചുരുണ്ട മുടിയും എപ്പോഴും ചിരിക്കുന്ന മുഖവും ഉള്ള കുഞ്ഞച്ചൻ ചേട്ടൻ റോഡിൽ നിന്ന് വിളിച്ചു ചോദിച്ചു,
“ നിഷാമോളെ ചേട്ടൻ വരുമ്പോ എന്താ വാങ്ങിച്ചോണ്ട് വരേണ്ടത് ?”
“ സൈക്കിള് , എനിക്ക് ഒരു കൊച്ചു സൈക്കിള് മതി”
കൂടുതൽ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല .
“ നിഷാമോൾക്ക് സൈക്കിള് മേടിച്ചോണ്ട് വരാം കേട്ടോ , റ്റാറ്റാ …”
“റ്റാറ്റാ ബൈ ബൈ ഓക്കേ സീയൂ ഉമ്മ …”
പക്ഷേ കുഞ്ഞച്ചൻ ചേട്ടൻ വന്നപ്പോൾ സൈക്കിള് കൊണ്ടുവന്നില്ല . ഫ്‌ളൈറ്റിൽ പോയി ബാംഗ്ലൂർ നിന്ന് കുഞ്ഞച്ചൻ ചേട്ടന്റെ ബോഡിയുമായി ഡാഡിയാണ് വന്നത് . കെട്ടിടം പണിയുന്ന സ്ഥലത്തെ ലിഫ്റ്റ് പൊട്ടി താഴെ വീണ് കുഞ്ഞച്ചൻ ചേട്ടൻ മരിച്ചുപോയി എന്ന് ഞാനും കേട്ടു , എനിക്ക് സൈക്കിള് വാങ്ങാൻ പോയിട്ടാണ് പാവം കുഞ്ഞച്ചൻ ചേട്ടൻ മരിച്ചു പോയത് എന്നൊക്കെ അന്നത്തെ കുഞ്ഞു മനസ്സില് കരുതിയിരുന്നു .
അന്ന് പ്ലെയിനിൽ വന്ന ഡാഡിയെ കുറച്ചു ദിവസം ആയിട്ട് കാണാതെ ഇരുന്ന ഞാൻ മരിച്ചവീട്ടിലെ തിരക്കില് മമ്മിയുടെ കയ്യിൽ നിന്ന് ഡാഡിയുടെ മേലേക്ക് ചാടികയറാൻ തുടങ്ങി ,
“വേണ്ട മോനേ ഡാഡി കുളിച്ചിട്ടൊന്നും ഇല്ല …”
എന്ന് പറഞ്ഞു എന്നെ എടുക്കാതെ ഇരുന്നപ്പോൾ എനിക്ക് സങ്കടം ആയി …. ആ പറച്ചിൽ ബന്ധുക്കൾക്ക് ചിലർക്കൊക്കെ അലോസരം ഉണ്ടാക്കിയെങ്കിലും കൂട്ടത്തിൽ മുതിർന്ന ഒരു ആന്റി രഹസ്യമായി ,
“അവൻ അങ്ങനെ പറഞ്ഞതില് വിഷമിക്കണ്ട , ബോഡിയിൽ ഞാൻ ഒരു പുഴുവിനെ കണ്ടു ….”
എന്ന് പറഞ്ഞത് ആയിരുന്നു ജീവിതത്തിൽ ഒരിക്കലും മറക്കാത്തതും ഒരിക്കലും കേൾക്കേണ്ടായിരുന്നു എന്നും തോന്നിയ കാര്യം. ചെറിയ കുട്ടിയായിരുന്നത് കൊണ്ട് അന്ന് അത് മനസ്സിലായില്ലെങ്കിക്കും ഞാൻ കേട്ടത് എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ ഒരുപാട് വർഷങ്ങൾ കഴിഞ്ഞു ….
കഴിഞ്ഞ വർഷം ഇതേ സമയത്തു KPAC ലളിതചേച്ചി മരിച്ചപ്പോൾ ‘അങ്ങനെ നാരായണിയും പോയി ‘ എന്ന് പോസ്റ്റ് ഇട്ടത് മെമ്മറിയിൽ കണ്ടു , കുറേ ചിരിപ്പിച്ച വെറും നാൽപ്പത് വയസ്സുള്ള സുബിയുടെ മരണം നിങ്ങളെ എല്ലാവരെയും പോലെ എനിക്കും ഷോക്കിങ് ആയി , അഞ്ചു ദിവസം ടെക്‌സാസിൽ ആയിരുന്നു , മോനെ കാണാൻ പോയതാണ് , മോന്റെ അടുത്ത് നിന്ന് മൂന്ന് മണിക്കൂർ ഡ്രൈവ് ചെയ്ത് ഹൂസ്റ്റണിൽ ചെന്ന് സുഹൃത്തുക്കളെ പെട്ടെന്ന് കണ്ടിട്ട് തിരികെ പോന്നു . ഇവിടെ നേരത്തേ എഴുതിയിരുന്നു ക്‌ളാസ്സ് മേറ്റ്സിൽ ഒരാളുടെ ഭർത്താവ് പെട്ടെന്ന് അസുഖം വന്ന് മരിച്ചു പോയത് .
മൂന്ന് മാസം കഴിഞ്ഞു സുഹൃത്തിനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുമ്പോൾ ഞങ്ങൾ ആരും പരസ്പരം ആ വീട്ടിൽ ജീവിച്ചു കടന്നുപോയ സാബുവിനെ പറ്റി ഒന്നും പറഞ്ഞില്ല ഒന്നും ഓർമ്മിപ്പിച്ചില്ല , എല്ലാവരുടെയും കണ്ണുകള് ആ കുടുംബനാഥന്റെ മാലയിട്ട ചിത്രത്തിൽ പലതവണ ഉടക്കി നിന്നു , ഹൃദയങ്ങൾ പലതവണ നിശബ്ദമായി സംവദിച്ചു . കുഞ്ഞുങ്ങളുടെ ചിരിയും ഇനിയും മുന്നോട്ട് പോകാനുള്ള ജീവിതങ്ങളും അതിനുള്ള ധൈര്യമുള്ള മനസ്സുകളും മാത്രം ആയി ആ വീട് നിറയെ …
ഇന്ന് ആഷ് വെനസ് ഡേയ് ആയത് കൊണ്ട് , പള്ളിയിൽ പോയി വന്നപ്പോൾ കുറച്ചു ചിന്തകൾ അങ്ങനെ കയറി വന്നതാണ് . പക്ഷേ എഴുതി മുഴുമിപ്പിക്കാൻ ഇനിയും ഒരുപാട് ഒരുപാട് ഓർമ്മകൾ ഉണ്ടെങ്കിലും നീണ്ട എഴുത്താവാതെ തൽക്കാലത്തേക്ക് അപൂർണ്ണമായി എഴുതി നിർത്തുന്നു …

നിഷ ജൂഡ്,ന്യൂയോർക്ക്