തൊടലുകൾക്ക് സ്നേഹമുണ്ട്.
പരീക്ഷ പേപ്പറിൽ മുഴുവൻ മാർക്ക് വാങ്ങുമ്പോ അച്ഛൻ തലയിൽ തൊട്ടൊന്ന് ചിരിക്കും.
ആ ചിരിക്ക് വേണ്ടി മാത്രം പിന്നീടങ്ങോട്ടു കുത്തിയിരുന്ന് പഠിക്കും.
അടുക്കളയിൽ പരീക്ഷിച്ച
എന്തെങ്കിലുമൊന്ന് വിജയിക്കുമ്പോൾ അമ്മ തോളത്തൊന്ന് തട്ടി ചുമ്മാ ചിരിക്കും..
മനുഷ്യര് വെറുതെ ഒന്നു തൊടുമ്പോ പോലും
അതിലുള്ള സ്നേഹം ഇലക്ട്രിസിറ്റിപോലെ
പടർന്നു കയറുന്നതറിയാൻ പറ്റും .
ഷോക്കടിക്കുന്നതു പോലെ
സ്നേഹിക്കപ്പെടും…
ഉള്ള് നിറയും.
തൊടലുകളിലെ പാഠഭേദങ്ങളറിയാത്ത
കാലം വരെ
തൊടുന്നതിലൊക്കെ
സ്നേഹം നിറയും.
കാലിനടിയിൽ വിണ്ട് കീറിയ പാടുപോലെ
തൊടലുകളുടെ മൂർച്ചയറിയാൻ പ്രായം സഹായിക്കും.
ഒന്നും മിണ്ടാൻ കഴിയാതെ
നാവെറങ്ങിപ്പോയ ഒരു കുഞ്ഞുകുട്ടി ഉള്ളിലിരുന്ന് പൊട്ടിക്കരയും .
വേദനകളെഴുതി കവിതയാക്കി പൂട്ടി വെയ്ക്കും.
ആരുമൊന്നും അറിയില്ല.
അറിയാനോ പറയാനോ കഴിയാതെ
നൊന്ത് നൊന്ത് ഒരു ഹൃദയം
ചിന്നിച്ചിതറിയിട്ടും
ഉടലറിയാതെ അതിനെത്തുന്നിക്കെട്ടിക്കൊണ്ടു നടക്കുന്നവളെ ഉറ്റവർ പോലുമറിയണമെന്നില്ല.
ഇടയ്ക്കിടെ ചോര വാർന്നൊഴുകും…
വീണ്ടും തുന്നിക്കെട്ടും….
നോക്കൂ..
അതിസൂക്ഷ്മം പാമ്പിഴഞ്ഞു പോവുന്നത് കാണുന്ന ഒരു പെൺകുട്ടി അതിനെ വിരലുകളുമായി താരതമ്യപ്പെടുത്തുന്നത് എത്ര ക്രൂരമായിരിക്കും…..
നോക്കൂ…
കൂർത്ത മൂക്കുള്ള …
കരുവാളിപ്പ് പടർന്ന കണ്ണുകളുള്ള …
ഏതോ ഒരു മനുഷ്യന്റെ
വിരലുകൾ കോറി വെച്ച
പാടുകൾ മാത്രമാണ് ഇപ്പോഴും വരികളിലൂടെ ഓടി നടക്കുന്നത് ….
വേദനിപ്പിച്ചു കൊണ്ടിപ്പോഴും
അവശേഷിക്കുന്നത്….