നിയോഗം (കഥ -ദിവ്യ ശ്രീകുമാർ)

sponsored advertisements

sponsored advertisements

sponsored advertisements

3 November 2022

നിയോഗം (കഥ -ദിവ്യ ശ്രീകുമാർ)

ദിവ്യ ശ്രീകുമാർ

മറ്റൊരു ജില്ലയിലെ ഉൾപ്രദേശത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ താമസസൗകര്യത്തിന്റെ കാര്യമോർത്തു മാത്രമായിരുന്നു ആശങ്ക.ഞാനിപ്പോൾ താമസിക്കുന്ന തലസ്ഥാനനഗരിയിൽ നിന്നും ഏകദേശം 8മണിക്കൂറിലധികം യാത്രയുണ്ടാകുമങ്ങോട്ട്.രാത്രി എട്ടേമുക്കാലിന്റെ ബസിൽ പുറപ്പെട്ടാൽ പുലർച്ചെ 5മണിയോടെ അവിടെയെത്താനാവുമെന്നു പറഞ്ഞത് മുന്നേ അവിടെ ജോലി ചെയ്ത കംബോണ്ടർ പപ്പേട്ടനായിരുന്നു.

കാറെടുത്തു പോകാൻ ശ്രീമതി നിർബന്ധിച്ചെങ്കിലും,ആദ്യമായി പോകുമ്പോ ബസ് യാത്ര മതിയെന്നത് തന്റെ മാത്രം തീരുമാനമായിരുന്നു.അവിടെത്തി താമസിക്കാനൊരിടം ഏർപ്പാടാക്കിയ ശേഷം കാറ് കൊണ്ടുപോകാലോ. അല്ലെങ്കിലും ലോങ്ങ് ഡ്രൈവ് തനിക്ക് ബുദ്ധിമുട്ടാണുതാനും. രാത്രിയാത്രയാണ് നല്ലത്,ഒരുറക്കം കഴിയുമ്പോഴേക്കും അവിടെയെത്താം.

ജോയിൻ ചെയ്യേണ്ടതിന്റെ രണ്ട് ദിവസം മുന്നേ തന്നെ അവിടെയെത്തി താമസത്തിനുവേണ്ട ഏർപ്പാടുകൾ ചെയ്യാമെന്നാലോചിച്ചു നാളെ രാത്രിബസിന് യാത്രയെന്നു തീരുമാനിച്ചു.പപ്പെട്ടനു പരിചയമുള്ള ഒന്നുരണ്ടുപേരോട് ഒരു വീട് റെഡി യാക്കാൻ പറഞ്ഞിട്ടുണ്ട്.അധികം സൗകര്യങ്ങൾ ഒന്നും വേണമെന്നില്ല,തനിക്ക് ഒറ്റയ്ക്ക് താമസിക്കാനല്ലേ. ശ്രീമതി ടൗണിലെ ഒരു പബ്ലിക് സ്‌കൂളിൽ ടീച്ചറാണ്,മക്കളും അവിടെത്തന്നെ പഠിക്കുന്നു.അടിക്കടിയുണ്ടാകുന്ന തന്റെ സ്ഥലംമാറ്റങ്ങൾ അവർക്ക് ബുദ്ധിമുട്ടാകരുതെന്ന് കരുതി അവരെ ഒപ്പം കൂട്ടാറില്ല.

രാത്രി എട്ടേകാലോടെ ബസ്‌സ്റ്റാന്റിലെത്തി,പോകേണ്ട ബസ് കണ്ടുപിടിച്ചു സൈഡ് സീറ്റിൽ കയറിയിരിപ്പായി.ടിക്കറ്റുതരാൻ വന്ന കണ്ടക്ടർ എന്നെ കണ്ടപ്പോ ഈ റൂട്ടിൽ പുതിയ ആളാണോ ന്ന് തിരക്കി.തലസ്ഥാനത്ത് പല ആവശ്യങ്ങൾക്കായി വരുന്ന നാട്ടുകാർ മാത്രമാണ് ആ ബസിലെ സ്ഥിരം യാത്രക്കാരെന്ന് അയാളുടെ സംഭാഷണത്തിൽ നിന്നും എനിക്ക് മനസ്സിലായി.മിക്കവരും തമ്മിലറിയാവുന്നവരാണ്.കുറച്ചുസമയത്തെ കൊച്ചുവർത്തമാനങ്ങൾക്കു ശേഷം എല്ലാവരും പതിയെ ഉറക്കത്തിലാണ്ടു.

ബസ് കുണ്ടും കുഴിയും നിറഞ്ഞ റോഡിലേക്ക് കയറിയപ്പോൾ ഉറക്കത്തിന് ഭംഗം വന്ന ഞാൻ പതിയെ കണ്ണുതിരുമ്മി നേരെയിരുന്നു.നേരം പുലർന്നിട്ടില്ല.”സാറേ ഇനിയും ഒരു മണിക്കൂർ യാത്രയുണ്ട് കേട്ടോ”-കണ്ടക്ടറാണ്. അയാള് വർത്തമാനം പറഞ്ഞിരിക്കാനുള്ള മൂഡിലാണെന്നു തോന്നുന്നു.ഉറക്കച്ചടവിലാണെങ്കിലും പുള്ളിയെ നിരാശപ്പെടുത്താതിരിക്കാൻ ഞാൻ നല്ലൊരു കേൾ വിക്കാരനായിരുന്നു.അടുത്ത ട്രിപ്പ് രാവിലെ 8മണിക്ക് പുറപ്പെടണമെന്നയാള് പറഞ്ഞപ്പോ ഞാൻ ഞെട്ടിപ്പോയി. വെറും മൂന്നു മണിക്കൂർ ഇടവേളയിൽ ഒരേ ഡ്രൈവറും കണ്ടക്ടറും തന്നെ യാത്ര തുടരുന്നത് റിസ്‌കല്ലേ ന്ന് ചോദിച്ചപ്പോൾ ജീവിക്കണ്ടേ സാറേന്നായിരുന്നു മറുപടി.

തിരിച്ചുള്ള യാത്ര തിരുവനന്തപുരത്ത് ചെന്നാൽ അവർക്ക് രണ്ടുപേർക്കും വീടുകളിലേക്ക് പോകാമെന്നും പിറ്റേന്ന് രാത്രി ഡ്യൂട്ടിക്ക് കേറിയാൽ മതിയാകുമെന്നും അത്രപോലും വിശ്രമം കിട്ടാത്ത എത്രയോപേർ തങ്ങളുടെ കൂട്ടത്തിലുണ്ടെന്നുമയാൾ പറയുമ്പോൾ അവരനുഭവിക്കുന്ന യാതനകളെക്കുറിച്ചാലോചിക്കുകയായിരുന്നു ഞാൻ.ഇത്രയും കഷ്ടപ്പെട്ടിട്ടും സമയത്തിന് ശമ്പളം കിട്ടാതെ കുടുംബം പോറ്റാൻ പാടുപെടുന്ന പാവങ്ങൾ.

പെട്ടന്നായിരുന്നു അത് സംഭവിച്ചത്.എന്നോട് വർത്തമാനം പറയുന്നതിനിടെ അയാൾ സീറ്റിൽ നിന്നും ഒരുവശത്തേക്ക് ചരിഞ്ഞു വീഴാൻ തുടങ്ങി.ബഹളം കേട്ടു ഡ്രൈവർ ബസ്‌ നിർത്തി,മറ്റു യാത്രക്കാരും ചുറ്റിലും കൂടി അയാളെ എടുത്തുയർത്തി.ഒരു നിമിഷം പകച്ചുപോയെങ്കിലും ഉടനടി ഞാനയാൾക്ക് സി പി ആർ നൽകി.ഡ്രൈവറോട് വേഗം തൊട്ടടുത്തുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് ബസെടുക്കാൻ പറഞ്ഞു.അയാൾ നഗരപ്രാന്തത്തിലെ ചെറിയൊരു ആശുപത്രിയിൽ ബസ് കൊണ്ടെത്തിച്ചു.ഉടനെത്തന്നെ കണ്ടക്ടറെ സ്‌ട്രെച്ചറിലെടുത്തു കാഷ്വാലിറ്റിയിലേക്കും തുടർന്ന് ഐ സി യു വിലേക്കും പ്രവേശിപ്പിച്ചു. മൈനർ അറ്റാക്കാണ് ഉണ്ടായതെന്നും കൃത്യസമയത്ത് എത്തിച്ചതുകൊണ്ടു ജീവന് ആപത്തൊന്നുമുണ്ടായില്ലെന്നും എന്നോടൊപ്പം അവിടുത്തെ ഡോക്ടർ കൂടെ പറഞ്ഞപ്പോൾ ഡ്രൈവറുടെയും മറ്റു യാത്രക്കാരുടെയും മുഖങ്ങളിൽ ആശ്വാസഭാവം തെളിഞ്ഞു.

കുറച്ചു സമയത്തിനുശേഷം ബോധം വീണ കണ്ടക്ടറെ ഐ സി യു വിൽ കേറി കണ്ടപ്പോൾ അയാളെന്റെ കൈകളെടുത്തു നെഞ്ചോടു ചേർത്തു.”സാറിനെ ദൈവമാണ് ഇന്നീ യാത്രയിൽ ഞങ്ങളുടെയൊപ്പം കൂട്ടിയത്…ഇല്ലായിരുന്നെങ്കിൽ എന്റെ മക്കൾക്ക്…”അയാൾ വിങ്ങിപ്പൊട്ടി.എന്നിൽ വന്നുചേർന്ന നിയോഗത്തിന്റെ പേരിൽ ഞാനുമപ്പോൾ ഒരായിരം വട്ടം ദൈവത്തിന് നന്ദി പറയുകയായിരുന്നു…

ദിവ്യ ശ്രീകുമാർ