കാക്കകൊത്തിയ കാതൽ (നോവൽ -അശോക് വിക്രം )

sponsored advertisements

sponsored advertisements

sponsored advertisements

6 June 2022

കാക്കകൊത്തിയ കാതൽ (നോവൽ -അശോക് വിക്രം )

അശോക് വിക്രം

പ്രായം – അവൾക്ക് മധുരപ്പതിനേഴ്, പ്രീഡിഗ്രി തോറ്റ് വീട്ടിൽ നിൽക്കുന്നു. എനിക്ക് ചവർപ്പിരുപത്തൊന്ന്, പത്തിൽ ഹാട്രിക്കടിച്ച് TVS (തെക്കുവടക്കു സർവ്വീസ്) – ൽ സേവനമനുഷ്ഠിക്കുന്നു.
ചുമ്മാ വീട്ടിലിരുന്നു ബോറഡിച്ചിട്ടാവണം, അവൾ ദിവസവും രാവിലെ ഒരു പത്തുപത്തരയോടെ കവലയിലെത്തും. അവളുടെ ഒരു കൂട്ടുകാരി ജോലിചെയ്യുന്ന ടെലിഫോൺ ബൂത്തിലായിരിക്കും പിന്നെ ഉച്ചവരെ.
(പരിണാമത്തിൻ്റെ ഏതോ ദശയിൽനിന്നും നേരിട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് എത്തിപ്പെട്ടതെന്ന് തോന്നിച്ചിരുന്നതിനാൽ ടി കൂട്ടുകാരി നിയാണ്ടർത്താൽ എന്നാണ് കവലയിൽ അറിയപ്പെട്ടിരുന്നത്) രണ്ടുപേരും കൂടി കൊതീം, നൊണേം, പരദൂഷണോമായിരിക്കും പിന്നീട്. അലക്കെല്ലാം കഴിഞ്ഞ് ഉച്ചക്ക് രണ്ടുമണിയോടെയാണ് അവൾ വീട്ടിലേക്ക് മടങ്ങാറ്. ഇതുമൂലമായിരിക്കണം ഉച്ചക്കു മുമ്പ് പ്രസ്തുത ബൂത്തിലെ ഫോൺവിളി സാന്ദ്രത ദേശീയ ശരാശരിയിലും വളരെക്കൂടുതലായിരുന്നു.
ഞാനും ഇടയ്ക്കിടെ അവിടെ പോകാറുണ്ട്. ബൂത്തിൽ വരുന്ന സർവ്വ വാളാപൊളഞ്ചന്മാരെയും അവൾ ചിരിച്ചുകാണിക്കും, ചിലരോടൊക്കെ വർത്തമാനവും പറയും. നമ്മളെ മാത്രം ഒന്നു മൈൻഡു ചെയ്യുകകൂടിയില്ല. നമ്മുടെ രൂപഗുണം, അല്ലാണ്ടെന്തു പറയാൻ !!!
ആരെങ്കിലും എന്നെയൊന്നു പ്രേമിക്കൂ എന്ന നിശ്ശബ്ദമായ ആഹ്വാനം അവളുടെ ഓരോ ചലനങ്ങളിലും പ്രസരിച്ചുകൊണ്ടിരുന്നു ! അതുകൊണ്ടുതന്നെയാവണം എനിക്കവളോട് ചുമ്മാ ഒരു പ്രണയമങ്ങു തോന്നിയത്. അത് നേരിട്ടുപറയാൻ ധൈര്യമില്ലാത്തതിനാൽ ഞാൻ ശാസ്ത്രീയമായ ഒരു രീതിയാണവലംബിച്ചത്. അടുത്തദിവസം അവൾ ബൂത്തിലെത്തി എന്നുറപ്പാക്കിയതിനു ശേഷം ഞാൻ തൊട്ടടുത്ത ജംഗ്ഷനിലെ ടെലിഫോൺ ബൂത്തിൽ നിന്നും അങ്ങോട്ടേക്ക് ഫോൺ ചെയ്തു. മറുതലക്കൽ നിന്നും കേട്ട ശബ്ദത്തിൽ മറ്റേ മറുതായാണ് ഫോണെടുത്തതെന്ന് മനസ്സിലായി. ആള് നിയാണ്ടർത്താലാണെങ്കിലും അവളുടെ വോയിസ് മോഡുലേഷൻ നമ്മുടെ സ്പീഡോമീറ്റർ റെഡ് സോണിലെത്തിക്കും !
കൂട്ടുകാരിക്കൊന്നു ഫോൺ കൊടുക്കാമോ എന്നു ചോദിച്ചപ്പോഴേ ആരാ, എവിടുന്നാ എന്നൊന്നും ചോദിക്കാതെ “എന്തിനാ ” എന്നുമാത്രം അന്വേഷിച്ചതിൽ നിന്നും പതിനെട്ടു കളരിക്കാശാട്ടിയാണവളെന്ന് മനസ്സിലായി. മറഞ്ഞിരിക്കുന്നതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം ഏതു ഘോരസത്യവും വെളിപ്പെടുത്താമെന്നുള്ളതാണ്. ഞാനും അതുതന്നെ ചെയ്തു.
” എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ്… ”
ഞാനാ പ്രപഞ്ചസത്യം വെളിപ്പെടുത്തി.
” എടീ.. നിനക്കൊരു കോളുംകൂടിക്കിട്ടി.. ”
റിസീവർ പൊത്തിപ്പിടിച്ചുകൊണ്ടാണെങ്കിലും മറുതാ മറ്റവളോട് പിറുപിറുക്കുന്നത് എൻ്റെ അതിസൂക്ഷ്മകാന്തിക ശ്രണേന്ദ്രിയങ്ങൾ പിടിച്ചെടുത്തു.
” നിങ്ങളാരാ..? ”
ഇത്തവണയും മറ്റേത്തലക്കൽ മറുതായാണെന്നും, അത് അപേക്ഷാ സ്വീകർത്താവിൻ്റെ ആംഗ്യരൂപേണയുള്ള ആവശ്യപ്രകാരമുള്ള ചോദ്യമാണെന്നും എനിക്ക് മനസ്സിലായി. ഓരോ പ്രണയാർത്ഥിയും ഡിറ്റക്ടീവ് പുഷ്പരാജായിരിക്കേണ്ടതിൻ്റെ ആവശ്യകത പല സുഹൃത്തുക്കളുടെയും പ്രണയാനുഭവങ്ങളിൽ നിന്ന് എനിക്ക് നേരത്തെ ബോധ്യമായിരുന്നു.
” ഞാൻ ഒരു പ്രണയാർത്ഥി.. ”
വേണു നാഗവള്ളിയെ മനസ്സിൽ അനുസ്മരിച്ച് ഭാവാത്മകമായാണ് ഞാനതുച്ചരിച്ചത്, STD, ISD എന്നെഴുതിയ ചില്ലുമറയുണ്ടെങ്കിലും ബൂത്തിലെ ചേട്ടൻ അത് കേൾക്കാതിരിക്കാൻ ശ്രദ്ധിച്ചും.
” ഈ പ്രണയാർത്തീന്നു വെച്ചാൽ പ്രണയത്തോട് ആർത്തിയുള്ളവൻന്നാണോ..? ”
മറുവശത്തുനിന്നുള്ള ചോദ്യം ആത്മാർത്ഥമാണെന്നും, അവിടത്തെ മലയാളസാഹിത്യപരിജ്ഞാനം വളരെ ശോചനീയമാണെന്നും എനിക്ക് മനസ്സിലായി. ആരുമില്ലാത്തോർക്ക് ദൈവം തുണ എന്ന ചൊല്ല് സത്യം തന്നെയാണെന്ന് എനിക്ക് ബോധ്യമാവുകയും ചെയ്തു.
ദൈവമിട്ടു തന്ന ആ പിടിവള്ളിയിൽ പിടിച്ച് തൂങ്ങിക്കയറാൻതന്നെ ഞാൻ തീരുമാനിച്ചു. ആഴ്ച്ചപ്പതിപ്പന്മാരെ മനസ്സിൽ ധ്യാനിച്ച് ഞാൻ അടുത്ത ചുവടുവെച്ചു…..
തുടർന്നുള്ള സംഭ്രമജനകമായ സംഭവങ്ങൾ അടുത്ത ലക്കത്തിൽ….