പ്രയാണം (നോവൽ 3-സാനി മേരി ജോൺ )

sponsored advertisements

sponsored advertisements

sponsored advertisements


10 April 2022

പ്രയാണം (നോവൽ 3-സാനി മേരി ജോൺ )

ആംബുലൻസിന്റെ വേഗത കുറഞ്ഞപ്പോൾ ആകാംഷയോടെ മുന്നിലേക്ക് നോക്കി.വണ്ടി വഴിയരികിൽ ഒതുക്കി തോമ ചേട്ടൻ ചോദിച്ചു.“സിസ്റ്ററെ , ഒരു ചായ കുടിച്ചാലോ? കാലി വയറാണ് . “ ചിരിയോടെ സമ്മതിച്ചു. പാവം! അതി രാവിലെ പുറപ്പെട്ടാൽ പത്തു മണിയോടെ ഡോക്ടർ അനൂപ് നിർദേശിച്ച
ആശുപത്രിയിലെത്താം, വെയിൽ ചൂട് പിടിക്കുന്നതിനു മുന്നേ.. അതുകൊണ്ടാണ്നേരം വെളുക്കും മുൻമ്പേ ഉള്ള യാത്ര. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ അതിന്റെതായ അസ്വസ്ഥതകൾ തോന്നി തുടങ്ങി. ഇത്തരത്തിലൊരു യാത്ര കുറേനാൾ കൂടിയിരുന്നാണ്.എന്റെയും കാലിവയർ പ്രതികരിച്ചു തുടങ്ങി.
നമ്മൾ ഇപ്പോഴെവിടെയായി അടുത്ത് കണ്ട കടകളുടെ ബോർഡ് വായിച്ചു സ്ഥലനാമം കണ്ടുപിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
കൊല്ലം എത്തിയില്ല . മൂന്നാലു കിലോമീറ്റര് കൂടെ ഉണ്ട് ;
തോമ്മച്ചേട്ടൻ തൊട്ടടുത്തെ ചായക്കടയിലേക്ക് നടന്നപ്പോൾ എഴുനേറ്റു നിവർന്നു നില്ക്കാൻ ശ്രമിച്ചു. അതെന്തായാലും നടക്കില്ലെന്നറിഞ്ഞപ്പോൾ വീണ്ടും സീറ്റിലിരിന്നു
കൈയും കാലും നിവർത്തി മടക്കി.. വെറുതെയിരിക്കുമ്പോൾ യാത്രകൾ
കൊതിക്കാറുണ്ട്. പക്ഷെ യാത്ര ചെയ്യുമ്പോൾ അതിന്റെതായ ബുദ്ധിമുട്ടുകളും വേറെ.അകത്തു നല്ല തണുപ്പു. ഹാൻഡ് ബാഗിൽ കരുതിയിരുന്ന ഷാളെടുത്തു തോളിലൂടെ
പുതച്ചു.തോമാച്ചേട്ടൻ കൊണ്ട് വന്നു തന്ന ചായ ഊതി കുടിച്ചു. ചൂട് ചായ തൊണ്ടയിലൂടെ ഇറങ്ങിയപ്പോൾ എന്തൊരാശ്വാസം. രാവിലെ കടുപ്പത്തിലുള്ള ചായ വലിയൊരാശ്വാസമാണ്. അതിരാവിലെ മമ്മ തയ്യാറാക്കി തന്നിരുന്ന കട്ടൻ ചായയുടെ കയ്പ് നാവിൽ… മിക്കവാറും പഞ്ചസാര ഉണ്ടാവില്ല. പഞ്ചസാര ആ നാളുകളിൽ ആര്ഭാടമായിരുന്നു. പലതും ഓർമ്മകൾ മാത്രമായി.. കൂടെ മമ്മയും
പപ്പയും ആ കൊച്ചു വീടും.ഓർമകൾക്കും എന്തൊരു കയ്പ്പാണ്!
ചായ കുടിക്കുന്നതിനിടയിൽ റിഷിയെ നോക്കി. ഒന്നുമറിയാതെയുള്ള മയക്കം. ചില നേരം തോന്നും അവൻ ഭാഗ്യവാനെന്നു. മറു നിമിഷം മറിച്ചും. യാത്രയിൽ ചെറിയ സെഡേഷൻ കൊടുക്കാമെന്നു ഡോക്ടർ പറഞ്ഞിരുന്നു. ഒരു പക്ഷെ അത് പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടാവും.
ഇന്നലെ യാത്ര പറയലും പായ്ക്കിങ്ങുമായി തിരക്കിലായതിനാൽ വൈകിട്ടാണ് റിഷിയെ കാണാൻ പോയത്. നിഷ ഉള്ളത് കൊണ്ട് അവന്റെ കാര്യം ശ്രദ്ധിക്കുമെന്ന് നന്നായറിയാമായിരുന്നു.
വണ്ടി ഓടി തുടങ്ങിയപ്പോൾ വീണ്ടും ചാരിയിരുന്നു. ചൂട് ചായ നൽകിയ
ഉന്മേഷത്തോടെ കണ്ണുകൾ തുറന്നു, കാഴ്ചകൾ കാണാൻ ശ്രമിച്ചു.
പല നിറങ്ങളിൽ ചായമടിച്ച വീടുകളും കടകളും കടന്നു പോയിക്കൊണ്ടിരുന്നു.കടകൾ മിക്കതും അടഞ്ഞു കിടക്കുന്നു. മഞ്ഞ ചായമടിച്ച വീടുകൾ തെക്കേ വീടിനെ ഓർമിപ്പിച്ചു.
വണ്ടി മുന്നിലോട്ടും ഓർമ്മകൾ പിന്നിലോട്ടും പ്രയാണം തുടങ്ങി….
ഇളം മഞ്ഞ നിറത്തിലെ ചായമടിച്ച വലിയ വീടു. ഉയരമേറിയ മതിൽ, പുറം കാഴ്ചകളെ മറച്ചിരുന്നു. ഗേറ്റ് തുറന്നു മുറ്റത്തേക്ക് നടക്കുമ്പോൾ ആദ്യമായി ഞാൻ അറിഞ്ഞു എനിക്കൊരു ഹൃദയമുണ്ടെന്നു. കാരണം അത്ര ഉച്ചത്തിൽ അന്ന് വരെയെന്റെ ഹൃദയം മിടിച്ചിട്ടേയില്ല. തീർത്തും അപരിചിതമായ സാഹചര്യത്തിലേക്കുള്ള ഈ കാൽവെയ്പ്പ് കുറച്ചൊന്നുമല്ല എന്നെ അസ്വസ്ഥമാക്കിയത്.
കണ്മുന്നിൽ അതി വിശാലമായ മുറ്റം . സിനിമകളിൽ കാണുന്ന പോലുള്ള പുൽ തകിടുകളും . പല നിറത്തിലും തരത്തിലും നിറയെ പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂച്ചെടികളും കൊണ്ടലങ്കരിച്ചിരിക്കുന്നു. കണ്ണെടുക്കാനേ തോന്നുന്നില്ല. ഒരു പക്ഷെ ഇവിടെ ഉള്ളവരുടെ മനസും ഇതുപോലെ വര്ണശബളവും മനോഹരവുമാവും.
വീടിന്റെ സിറ്റ് ഔട്ടിലേക്കുള്ള നടപ്പു തീരുന്നേയില്ല. മാറിലെ ഷാൾ വലിച്ചിട്ടു നടക്കുമ്പോൾ കാലുകൾക്കു വേഗത തീരെയില്ലെന്നു തോന്നി. ജീസസ്! എന്തൊരു വലിയ വീടാണ്. സൂസൻ കണ്ടാൽ അതിശയിക്കും.
കാളിങ് ബെല്ലിൽ വിരലമർത്തിയപ്പോൾ അകത്തെവിടെയോ ഒരു പക്ഷിയുടെ ചിറകടി ശബ്ദം. എന്റെ ഉള്ളിലെ കിളിയും ചിറകടിക്കുകയാണ്. പറന്നുയരാൻ വെമ്പുകയാണ്. പത്തു മിനിറ്റു പുറത്തു കാത്തു നിന്നു .ഇത്ര വലിയ വീട്ടിൽ ഒരു
ജോലിക്കാര് പോലുമില്ലേ ? അല്ലെങ്കിൽ വാച്ച് മാൻ ?
കാത്തു നിൽപ്പിന്റെ ദൈർഘ്യം കൂടുംതോറും തെക്കേ വീട്ടുകാരെ കുറിച്ചുള്ള മതിപ്പു കുറഞ്ഞു കൊണ്ടിരുന്നു. വീണ്ടും കാളിങ് ബെല്ലിൽ വിരലമർത്തി. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നപ്പോൾ തിരിച്ചു നടക്കാൻ ഒരുങ്ങി. അപ്പോഴാണ് വലിയ ശബ്ദത്തോടെ മുൻ വാതിൽ തുറന്നത്

ഇളം ചുവപ്പു സാരിയും ബ്ലൗസും ധരിച്ച മധ്യ വയസിലെത്തിയ ഒരു സ്ത്രീ.
ഇവരാകുമോ ആന്റി പറഞ്ഞ ആയമ്മ ?കാത്തിരിപ്പിന്റെ നീളം മുഖത്തെ ചിരി കുറച്ചിരുന്നു. ആരെന്നുള്ള അവരുടെ കണ്ണിലെ
ചോദ്യത്തിന് മുരടനക്കി മറുപടി പറഞ്ഞു .”സെലിൻ ആന്റി പറഞ്ഞിട്ട് വന്നതാണ്. ഇവിടത്തെ ഡെലിവറി കഴിഞ്ഞ … ”
മുഴുവനാക്കുന്നതിനു മുന്നേ അവർ പറഞ്ഞു.. “ആഹാ .. ഓർമയുണ്ട്. സാന്ദ്ര എന്നല്ലേ പേര്. നിനക്ക് തീരെ ക്ഷമയില്ലെന്നു തോന്നുന്നു. ഈ പണിക്കു ആദ്യം വേണ്ടത് അതല്ലേ
എടുത്തടിച്ചത് പോലെയുള്ള അവരുടെ ചോദ്യം കാത്തു നിന്നു മുഷിഞ്ഞ മനസിനെ കൂടുതൽ മടുപ്പിച്ചു.
ദാ …പിന്നിലെ വാതിൽ തുറന്നിട്ടുണ്ട്. നീയതിലെ വന്നേക്കു ”
അവർ വാതിലടച്ചകത്തേക്കു മറഞ്ഞു .മുൻ വാതിലിലൂടെ പ്രവേശനം നിഷേധിക്കപ്പെട്ടവൾ.. പിന്നീടെത്ര പെട്ടെന്ന് ആ സത്യം
ഞാൻ മറന്നു.പിന് ഭാഗത്തേക്ക് നടക്കണോ വേണ്ടയോ എന്നൊരു നിമിഷം മടിച്ചു നിന്നു .ജോലിക്കായി ഇറങ്ങി തിരിച്ചിട്ടു അഭിമാനം പണയം വെക്കാൻ കഴിയില്ലെന്ന് പറഞ്ഞു തിരിച്ചു ചെന്നാൽ ?അല്ലെങ്കിൽ തന്നെ ഒരു നേഴ്സ് എന്തെല്ലാം ജോലികൾ
ചെയ്യുന്നു? വരുന്നത് വരട്ടെ. രണ്ടും കൽപ്പിച്ചു മുന്നോട്ടു നടന്നു. കൊച്ചു
കൊച്ചപമാനങ്ങൾ ഒരു പക്ഷെ വലിയ വലിയ അംഗീകാരങ്ങൾക്കു വഴി
തെളിച്ചാലോ..വീണ്ടും പ്രതീക്ഷ !
ശമ്പളമായി കിട്ടുന്ന പതിനയ്യായിരം രൂപ ! അത് കൊണ്ട് ഇന്നലെ രാത്രി കെട്ടി പൊക്കിയ ചീട്ടു കൊട്ടാരങ്ങൾ ! അത് മാത്രമാണ് അവർ കാണിച്ച ദിശയിലേക്കു നടക്കാൻ പ്രേരിപ്പിച്ചതും. പാവം മമ്മ ..പപ്പ .. സൂസൻ. എല്ലാവരും സിനിമയിലെന്ന പോലെ മനസിലേക്ക് കടന്നു വന്നു. എന്തൊരു ഗതികേടാണ്..പിറകിൽ ചെല്ലുമ്പോൾ അവർ വാതിൽ തുറന്നു പിടിച്ചു കാത്തു നിന്നിരുന്നു.നിമിഷങ്ങൾ മാത്രം നീണ്ട കാത്തിരിപ്പിന്റെ മടുപ്പു അവരുടെ മുഖത്ത് പ്രത്യക്ഷമായിരുന്നു. പക്ഷെ അപ്പോഴേക്കും ഞാൻ ഉന്മേഷവതിയായി. ചിരിച്ചു കൊണ്ടാണ് വാതിൽ കടന്നത്.
ചെറിയൊരു വർക്ക് ഏരിയ കടന്നു , ആധുനിക സജ്ജീകരണങ്ങളുള്ള അടുക്കളയും കടന്നു താഴത്തെ കിടപ്പു മുറിയിലേക്ക് അവർ കൊണ്ട് പോയി.മുറിയിലെ ആഡംബരങ്ങളിലും അലങ്കാരങ്ങളിലും കണ്ണൊന്നും പായിക്കാൻ നേരം കിട്ടിയില്ല.അല്ലെങ്കിൽ മനസനുവദിച്ചില്ല.
എന്നാലും മനസ്സിലോർത്തു .. ദൈവമേ ,നീ ചിലരെ മാത്രം എത്ര സമൃദ്ധമായി അനുഗ്രഹിക്കുന്നു! സൂസൻ ഇന്ന് രാവിലെയും പുതിയ പേനക്ക് വേണ്ടി പപ്പയുടെ അടുക്കൽ കെഞ്ചുന്നുണ്ടായിരുന്നു. പാവം..അവൾ നന്നായി പഠിക്കുന്ന കുട്ടിയാണ്.
വല്ലപ്പോഴും മാത്രം അവൾ ചോദിക്കുന്ന ആവശ്യങ്ങൾ ന്യായം തന്നെയാവും. ശമ്പളം കിട്ടിയാൽ ഉടനെ തന്നെ അവൾക്കു പേന വാങ്ങി കൊടുക്കണം. പക്ഷെ മമ്മയുടെ കണ്ണ് വെട്ടിച്ചു നടക്കുമെന്ന് തോന്നുന്നില്ല. പതിനയ്യായിരത്തിന്റെ കണക്കു ബോധിപ്പിച്ചേ
മതിയാവൂ.. കട്ടിലിൽ ഒരു യുവതി കിടന്നിരുന്നു. നന്നേ വെളുത്ത ഐശ്വര്യമുള്ള മുഖം ചിരിക്കാൻ മടി കാണിച്ചു.ഈ വീട്ടിലുള്ളവരെല്ലാം എന്തേയിങ്ങനെ? ഇവളെ ഒരു മാസത്തേക്ക് നന്നായി നോക്കണം. അതാണ് നിന്റെ ജോലി. ഇവിടെ അതിനായി നിന്നിരുന്ന സ്ത്രീയുടെ ഭർത്താവ് പെട്ടെന്ന് മരിച്ചു. അവരിനി വരില്ല .
മിണ്ടാതെ കേട്ട് നിന്നു .നീ നഴ്സ്സല്ലേ? പ്രസവ ശുശ്രുഷ എല്ലാമറിയാമോ ? എന്തായാലും കുളിപ്പിക്കാൻ
ഞാൻ വേറെ ആളെ വെച്ചിട്ടുണ്ട്. കുഞ്ഞിന്റെ കാര്യം മാത്രം നോക്കിയാൽ മതി. അത്ഭുതം തോന്നി. പഠിച്ചുകൊണ്ടിരുന്ന ആശുപത്രിയിൽ നോർമൽ ഡെലിവറി കഴിഞ്ഞാൽ സ്ത്രീകളെ അപ്പോൾ തന്നെ എണീപ്പിച്ചു നടത്തും. കുട്ടിയുടെ കാര്യങ്ങൾ
സ്വന്തമായി നോക്കാൻ പറയും . അത്രയും കഴിഞ്ഞേ വീട്ടിൽ വിടുകയുള്ളു .ഇവിടെ സാധാരണ പ്രസവം കഴിഞ്ഞ സ്ത്രീക്ക് രണ്ടു മാസം കഴിഞ്ഞും രണ്ടു ജോലിക്കാർ! പണമുള്ളവർക്ക് എന്തുമാവാമല്ലോ?
എല്ലാം സമ്മതിച്ചു കൊണ്ട് തലകുലുക്കി നിന്നപ്പോൾ ഈ സ്ത്രീ എന്റെ പേര് മറന്നു പോയോ എന്നായിരുന്നു ചിന്ത.
ആ ചിന്തയിൽ നിന്നുമാണ് ഞാൻ മെല്ലെ പറഞ്ഞത്- “എന്റെ പേര്
സാന്ദ്രയെന്നാണ് “അപ്പറഞ്ഞതു ഇഷ്ടമാവാത്ത മട്ടിൽ അവർ ദഹിപ്പിക്കുന്ന നോട്ടം നോക്കി.ആദ്യ ദിവസം തന്നെ നിഷേധിയെന്ന മുദ്ര ചാർത്തി കിട്ടി, തെക്കേവീട്ടിൽ ജോലിയിൽ പ്രവേശിച്ചു.

**
“എന്റെ നാമത്തെ പ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. അവസാനം വരെ
സഹിച്ചു നിൽക്കുന്നവൻ രക്ഷ പ്രാപിക്കും” മാർക്കോസ് 13:13