ചില മനുഷ്യരില്ലാതിരുന്നാൽ നമ്മുടെ ജീവിതം അപൂർണ്ണമായിപ്പോവുമായിരുന്നു എന്നു തോന്നാറില്ലേ ചിലപ്പോഴെങ്കിലും?
എനിയ്ക്ക്, ലില്ലിയുമായുണ്ടായിരുന്നത് അങ്ങിനെ ഒരു സൗഹൃദമായിരുന്നു.
ബോംബെയിലെ അമ്രപാലി വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ എന്റെ സഹമുറിയത്തി, ബോംബെ ജീവിതത്തിലെ എന്റെ കാവൽമാലാഖ, എന്റെ ജീവിതത്തെ മൊത്തം മാറ്റിമറിച്ചൊരു തീരുമാനത്തിന്റെ ആദ്യ കാൽവയ്പ്പ്… ഇങ്ങിനെ പലതുമാണ് എണ്ണ കിനിഞ്ഞിറങ്ങുന്ന മുഖവും, തടാകങ്ങൾ പോലെ വിശാലമായ, സങ്കടപ്പെരുങ്കടൽ നിറഞ്ഞു കിടക്കുന്ന, കണ്ണുകളുമുള്ള ആ “തൃശ്ശൂർക്കാരി നസ്രാണി”.
ഹോസ്റ്റലിൽ അച്ഛനോടൊപ്പം ഞാനെത്തിയത് ഒരുച്ചയ്ക്കായിരുന്നു. പ്രൈവസി, മുന്നോട്ടുള്ള പഠനം… ഇവയൊക്കെ കണക്കിലെടുത്ത് ആവശ്യപ്പെട്ടത് Single റൂം ആയിരുന്നു. റൂം അവയ്ലബ്ൾ ആയിരുന്നു താനും. മേട്രണായിരുന്ന മഹാരാഷ്ട്രക്കാരി പർവ്വത നന്ദിനി (അവരൊരു ചെറിയ മല നടക്കുമ്പോലായിരുന്നു നടന്നിരുന്നത്), റൂം നോക്കി വരാനെന്നെ ഉള്ളിലേയ്ക്കയച്ചു. അവിചാരിതമായി കോറിഡോറിൽ കണ്ടുമുട്ടിയ ഒരു മലയാളി അന്തേവാസി പറയുന്നു
“എന്തിനാ വെറുതെ സിംഗിൾ റൂം എടുത്ത് പൈസ കളയുന്നത്? റൂം നമ്പർ 28 ൽ ലില്ലി എന്ന ഒരു പെൺകുട്ടിയാണ്, അവരുടെ റൂം മേറ്റ് കഴിഞ്ഞയാഴ്ച്ചയാണ് മാറിയത്. അവിടെ കൂടുന്നതാവും നല്ലത്, ഫസ്റ്റ് ഫ്ലോർ എല്ലാം കൊണ്ടും നല്ലതാണ്” എന്ന്.
തിരിച്ചു വന്ന ഞാൻ അച്ഛനോടു പറയുന്നു,
“എനിക്ക് സിംഗിൾ റൂം വേണ്ട”. അച്ഛൻ ഒന്നുകൂടി ആലോചിച്ചിട്ടു പോരെ എന്നൊക്കെ ചോദിച്ചെങ്കിലും ഞാൻ തീരുമാനത്തിലുറച്ചു നിന്നു, കാരണം പൈസ ലാഭമുണ്ട്, ഇനി മുതൽ അച്ഛനുമമ്മയും തരുന്ന പണമല്ല, എന്റെ സ്വന്തം കാശാണ് (എന്താല്ലേ?).
വൈകുന്നേരം ലില്ലി വന്നു, എന്നെക്കുറിച്ചന്വേഷിയ്ക്കുന്നു, ഞാൻ പരിചയപ്പെടുത്തുന്നു, ഉദ്യോഗസ്ഥ ദമ്പതികളുടെ മൂത്ത മകൾ, വിദ്യാർത്ഥികളായ ഒരനിയൻ, ഒരനിയത്തി….
ലില്ലിയോട് തിരിച്ച് ചോദിയ്ക്കുന്നു ആരൊക്കെയുണ്ട് വീട്ടിൽ
മുഖം തിരിച്ച് ലില്ലി പറയുന്നു,
“താൻ എന്തൊക്കെയാണോ അതൊന്നുമല്ലാത്തതാണു ഞാൻ”.
എനിയ്ക്കു അന്നുവരെ അപരിചിതമായിരുന്ന ഒരു ലോകം അവിടെ തുറക്കപ്പെടുകയായിരുന്നു.
ലില്ലി, അഞ്ചു പെൺമക്കളിൽ മൂത്തവൾ, പത്താം ക്ലാസ്സുവരെ വിദ്യാഭ്യാസം. അവളുടെ ഭാഷയിൽ “പത്തും ഗുസ്തിയും”. ബോംബെയിൽ വരും വരെ പാടത്ത് പണിക്കു പോവുകയായിരുന്നു…
ബോംബെയിലെത്തും വരെ, മലയാളം മാത്രമറിയാമായിരുന്ന ലില്ലി മൂന്നു സ്ഥലത്ത് ടൈപ്പിസ്റ്റായി ജോലി ചെയ്തു, അനിയത്തിമാരെ വിവാഹം ചെയ്തയച്ചു. പഠിയ്ക്കാൻ മിടുക്കിയായിരുന്ന ഒരനിയത്തിയെ നെഴ്സിംഗ് ചെയ്യിച്ചു, ഗൾഫിലയച്ചു… ഒരു സിനിമ കാണുന്ന കുട്ടിയെപ്പോലെ ഞാനവളുടെ ജീവിതം കണ്ടു കൊണ്ടിരുന്നു, ആരാധനയോടെ, ഇരുപതു വർഷത്തോളം.
32 അന്തേവാസികളുള്ള Floor ൽ നാലു ബാത്റൂംസ് ആണുള്ളത്, വിശാലമായി കുളിയ്ക്കുന്ന എന്നെപ്പോലുള്ളവരെ ബാക്കിയുള്ളവർ ചീത്ത വിളിച്ച് കണ്ണു പൊട്ടിയ്ക്കാതിരുന്നത് ലില്ലി എന്ന പരമ ശാന്തയായ കാവൽ മാലാഖയുടെ കാരുണ്യത്താലായിരുന്നു.
സാഹിത്യം, സംഗീതം, ജീവിതം ഇവയൊക്കെ ഞങ്ങളുടെ രാവേറെ നീളുന്ന ചർച്ചകളിൽ നിറഞ്ഞു നിന്നു.
“നെല്ലുണ്ടാവുന്നതേതു മരത്തിലാ” എന്നാണ് എന്റെ നാട്ടറിവിനെ അവൾ കളിയായി അടയാളപ്പെടുത്തിയിരുന്നത് (മുണ്ടകൻ കൊയ്തൊന്നുമറിയില്ലെങ്കിലും, അത്ര മോശമല്ലായിരുന്നൂട്ടോ ഞാൻ).
എന്റെ, ബലൂൺ പോലെ ഊതിവീർപ്പിച്ച ഒരുപാടൊരുപാട് മണ്ടൻ വിചാരങ്ങളെ, ലോജിക്കിന്റെ വെറുമൊരു സൂചിത്തുമ്പാൽ അവൾ തകർത്തു കളഞ്ഞു. ജീവിതം എന്ന
അറിവിലേക്കെയ്ക്കെന്നെ സ്നാനപ്പെടുത്തിയതവളായിരുന്നു.
ഒരു പാട്, ഒരു പക്ഷെ അവനവനെക്കാളധികം എന്നെ സ്നേഹിച്ചിരുന്ന ആ പെൺകുട്ടിയുടെ സ്വരം അവസാനമായി ഞാൻ കേട്ടത്, 2005 നവമ്പർ 16നായിരുന്നു. എന്റെ തിരക്കുകളറിയാതെ, ഞാൻ പറയുന്നതു കേൾക്കാനോ, മനസ്സിലാക്കാനോ കൂട്ടാക്കാതെ, വിശദീകരിയ്ക്കാനൊരു പഴുതു പോലും നൽകാതെ, പബ്ലിക് ബൂത്തിലെ റിസീവർ താഴെ വച്ച് ഒരു യാത്ര പോലും പറയാതവൾ പോയി.
അന്ന്, അവളെയും, അവളെനിയ്ക്കു നേടിത്തന്ന എന്റെ പ്രാണനെയും ഒന്നിച്ചെനിയ്ക്കു നഷ്ടപ്പെട്ടു. അന്നതറിഞ്ഞില്ലെങ്കിലും.
പിന്നീടൊരിയ്ക്കൽ പോലും ഞാനവളെ കണ്ടിട്ടില്ല. മണിക്കൂറുകൾ നീളുമായിരുന്ന അവളുടെ ഫോൺകോളുകൾ എന്നെത്തേടി വന്നതുമില്ല, അന്വേഷിച്ചു കണ്ടു പിടിയ്ക്കാൻ ഒരു ക്ലൂ പോലുമെന്റെ പക്കലില്ലെന്നതാണ് നേര്. ഇന്ന്, നാളെ അല്ലെങ്കിലൊരഞ്ചു കൊല്ലം കഴിഞ്ഞ്…. തിരിച്ചെത്താം എന്നു കരുതുന്നവരെക്കുറിച്ച് രേഖകൾ സൂക്ഷിയ്ക്കാറില്ലല്ലൊ നാമാരും.
ഒരു പക്ഷേ ഒരു ബ്രോയ്ലർ ആയിപ്പോവാനുള്ള സകല സാദ്ധ്യതയും സാഹചര്യവുമുണ്ടായിരുന്ന എന്നെ, (എന്റെ കണ്ണിലെങ്കിലും) അങ്ങിനെയല്ലാത്തൊരാളാക്കി മാറ്റിയത് ലില്ലിയാണ്.
നന്ദി സുഹൃത്തേ, യാതൊരു regrets ഉം ഇല്ലാതെ ഈ ഭൂമി വിട്ട് എപ്പോൾ വേണമെങ്കിലും പറന്നു പോകാൻ എന്നെ പ്രാപ്തയാക്കിയവരിൽ ഒരാൾ നീയാണ്.
