45 പേര്‍ക്ക് കൂടി ഒമിക്രോണ്‍, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

sponsored advertisements

sponsored advertisements

sponsored advertisements

2 January 2022

45 പേര്‍ക്ക് കൂടി ഒമിക്രോണ്‍, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 3 പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

അതേസമയം പുതുവര്‍ഷ ആഘോഷം നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം തത്കാലം നീട്ടില്ല. നിയന്ത്രണങ്ങളില്‍ തുടര്‍ തീരുമാനം അടുത്ത അവലോകന യോഗം തീരുമാനിക്കും. ഈ ആഴ്ച്ച അവലോകന യോഗം ചേരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

എറണാകുളത്ത് 8 പേര്‍ യുഎഇയില്‍ നിന്നും, 3 പേര്‍ ഖത്തറില്‍ നിന്നും 2 പേര്‍ യുകെയില്‍ നിന്നും, ഒരാള്‍ വീതം ഫ്രാന്‍സ്, ഫിലിപ്പിന്‍സ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 9 പേരും യുഎഇയില്‍ നിന്നും വന്നതാണ്. തൃശൂരില്‍ 3 പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ സ്വീഡനില്‍ നിന്നും എത്തിയതാണ്. പത്തനംതിട്ടയില്‍ യുഎഇയില്‍ നിന്നും 2 പേരും, ഖസാക്കിസ്ഥാന്‍, അയര്‍ലാന്‍ഡ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവും വന്നു. കോഴിക്കോട് ഒരാള്‍ വീതം യുകെ, ഉഗാണ്ട, ഉെ്രെകന്‍ എന്നിവിടങ്ങളില്‍ നിന്നും, മലപ്പുറത്ത് രണ്ട് പേര്‍ യുഎഇയില്‍ നിന്നും, വയനാട് ഒരാള്‍ യുഎഇയില്‍ നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 152 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 50 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 84 പേരും എത്തിയിട്ടുണ്ട്. 18 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് എല്ലാവരും അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ഒരുതരത്തിലുള്ള സാമൂഹിക ഇടപെടലുകളും പാടില്ല. അവര്‍ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ പൊതു ചടങ്ങില്‍ പങ്കെടുക്കുകയോ ചെയ്യരുത്. പൊതു സ്ഥലങ്ങളില്‍ എല്ലാവരും എന്‍ 95 മാസ്‌ക് ധരിക്കണം. മാസ്‌ക് താഴ്ത്തി സംസാരിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.