ഓണാഘോഷം അവിസ്മരണീയമാക്കി ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍

sponsored advertisements

sponsored advertisements

sponsored advertisements

20 September 2022

ഓണാഘോഷം അവിസ്മരണീയമാക്കി ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍

മൊയ്തീന്‍ പുത്തന്‍‌ചിറ

ആല്‍ബനി (ന്യൂയോര്‍ക്ക്): കോവിഡ്-19 മഹാമാരിയുടെ ശമനത്തിനു ശേഷം അമേരിക്കന്‍ മലയാളികള്‍ ഓണാഘോഷങ്ങളുടെ തിരക്കിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ആല്‍ബനിയിലെ ‘ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷനും (സിഡി‌എം‌എ) അതിവിപുലമായി ഓണം ആഘോഷിച്ചു.

സെപ്തംബര്‍ 11 ഞായറാഴ്ചയായിരുന്നു “പൊന്നോണം 2022” ആഘോഷങ്ങള്‍. ആല്‍ബനി കൗണ്ടിയിലെ കോളനി കുക്ക് പാര്‍ക്ക് പവലിയനിലായിരുന്നു (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം. ഉച്ചയ്ക്ക് 12:00 മണിക്ക് ഓണ സദ്യയോടെ ആഘോഷത്തിന് തുടക്കമായി.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മന്ദഗതിയിലായിരുന്ന ആഘോഷം അസ്സോസിയേഷന്‍ ഭാരവാഹികളുടേയും സന്നദ്ധസേവകരുടേയും സഹകരണവും പ്രയത്നവും കൊണ്ട് ഭംഗിയാക്കാന്‍ സാധിച്ചു. മഹാബലിയുടെ എഴുന്നള്ളത്ത്, തിരുവാതിര, പൂക്കളം, ഓണ സദ്യ, വടം‌വലി, കുട്ടികളുടെ നൃത്തം, മിമിക്രി, റാഫിള്‍ നറുക്കെടുപ്പ് തുടങ്ങി വിവിധങ്ങളായ കലാ പരിപാടികളും ഉണ്ടായിരുന്നു.

ജൂണ്‍ 25-ന് പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

ഇലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ പങ്കെടുത്ത എല്ലാവരും ആസ്വദിച്ചു. പ്രസിഡന്റ് സുനില്‍ സക്കറിയയും മറ്റു കമ്മിറ്റി ഭാരവാഹികളും ആഘോഷം കുറ്റമറ്റതാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഓണാഘോഷത്തോടനുബന്ധിച്ച് കൂടിയ പൊതുയോഗത്തില്‍ അസ്സോസിയേഷന്റെ ഭേദഗതി വരുത്തിയ ബൈലോ പൊതുയോഗം അംഗീകരിച്ചു. യോഗത്തില്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളേയും തിരഞ്ഞെടുത്തു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍: രാധാകൃഷ്ണന്‍ നായര്‍, പീറ്റര്‍ തോമസ്, ജയേഷ് തളിയക്കാട്ടില്‍, അഭിലാഷ് പുളിക്കത്തൊടി എന്നിവരെക്കൂടാതെ അസ്സോസിയേഷന്‍ പ്രസിഡന്റ് സുനില്‍ സക്കറിയയും ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി തുടരും.

അസ്സോസിയേഷനു വേണ്ടി സുതാര്യമായ ബൈലോ തയ്യാറാക്കാന്‍ സഹായിച്ച ബൈലോ റിവ്യൂ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് പി ഡേവിഡ്, പീറ്റര്‍ തോമസ്, മൊയ്തീന്‍ പുത്തന്‍‌ചിറ, അനൂപ് അലക്സ് എന്നിവര്‍ക്ക് പ്രസിഡന്റും ബൈലോ റിവ്യൂ കമ്മിറ്റിയിലെ അംഗവും കൂടിയായിരുന്ന സുനില്‍ സക്കറിയ നന്ദി പറഞ്ഞു.

അസ്സോസിയേഷന്റെ വെബ്സൈറ്റ് പുനരുജ്ജീവിപ്പിക്കുകയും, ടെക്നോളജി യുഗത്തിനനുയോജ്യമായ രീതിയില്‍ വെബ് സൈറ്റ് ക്രമീകരിച്ചതും നിരവധി പേര്‍ക്ക് അനായാസം അംഗത്വമെടുക്കാന്‍ സഹായകമായി എന്ന് സുനില്‍ പറഞ്ഞു.
പുതുതായി അംഗത്വമെടുക്കല്‍ മാത്രമല്ല, അംഗത്വം പുതുക്കാനും അസ്സോസിയേഷന്റെ വിവിധ പരിപാടികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളറിയാനും, അവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും വെബ്സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ സക്കറിയ 518 894 1564, അനൂപ് അലക്സ് 224 616 0411, secretary@cdmany.org

വെബ്: https://cdmany.org/