തിരുവോണം 2022 (സുജിത് വാര്യർ)

sponsored advertisements

sponsored advertisements

sponsored advertisements


17 September 2022

തിരുവോണം 2022 (സുജിത് വാര്യർ)

സുജിത് വാര്യർ
കഴിഞ്ഞ രണ്ടു വർഷവും കോവിഡ് മഹാമാരി മൂലം മഹാബലി ചക്രവർത്തിക്ക് കേരള സന്ദർശനം നടത്താൻ സാധിച്ചിരുന്നില്ല..
അത് അദ്ദേഹത്തെ ആരും തടഞ്ഞതു കൊണ്ടൊന്നുമല്ല.. മാസ്‌ക് ധരിച്ച്
മുഖം മറച്ച
തന്റെ പ്രജകളെ കാണാനുള്ള വൈമനസ്യത്താൽ അദ്ദേഹം പാതാളത്തിൽ നിന്നു വരാൻ കൂട്ടാക്കാതിരുന്നതാണ് കാരണം.
ഈ വർഷം ഏതായാലും തനിക്ക് പ്രജകളുടെ മുഖം കാണാമല്ലോ എന്നുള്ള സന്തോഷം ഇവിടേയ്ക്ക് വരാനുള്ള അദ്ദേഹത്തിന്റെ ഉത്സാഹം ഇരട്ടിയാക്കി.
അങ്ങനെ അദ്ദേഹം കാത്തു കാത്തിരുന്ന തിരുവോണദിനം വന്നെത്തി.
പുലർച്ചെ തന്നെ അദ്ദേഹം മലയാള മണ്ണിൽ കാലു കുത്തി.
“കൊള്ളാം.. നാടൊക്കെ നന്നായി അലങ്കരിച്ചിട്ടുണ്ട്.. വീടുകളുടെ മുറ്റത്ത്‌ ഭംഗിയുള്ള പൂക്കളങ്ങൾ.. റോഡിന് ഇരുവശവും കൊടി തോരണങ്ങൾ, കമാനങ്ങൾ. എന്റെ പ്രജകൾ ആഘോഷപ്രിയർ തന്നെ ഇപ്പോഴും..”
എന്നാൽ
വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്കും, കാൽനട- വാഹന ജാഥകൾക്കുമുള്ള അഭിവാദനങ്ങൾ ആയിരുന്നു ആ കൊടികളിലും കമാനങ്ങളിലും ഉണ്ടായിരുന്നത് എന്ന് മനസ്സിലായപ്പോൾ, മഹാബലി തിരുമനസ്സ് ലേശം നിരാശനായി.
അദ്ദേഹം അങ്ങനെ മുന്നോട്ട് പോകുമ്പോൾ,
വലിയൊരു തുണിക്കടയുടെ മുന്നിൽ ഓലക്കുടയും ചൂടി ഒരു കുടവയറൻ പ്രജ നിൽക്കുന്നത് കണ്ടു.
ചക്രവർത്തി സാകൂതം അയാളുടെ അടുത്തേയ്ക്ക് ചെന്നു സസൂക്ഷ്മം വീക്ഷിച്ചു.
മൂന്നു ലോകങ്ങളിലും അജയ്യനായിരുന്ന, അതിശക്തനും ആജാനുബാഹുവുമായിരുന്ന തന്നെ വെറുമൊരു കോമഡി കഥാപാത്രം പോലെ, ഒരു കുടവയറനാക്കി കടയുടെ മുന്നിൽ ഒരുക്കി നിർത്തിയ തന്റെ പ്രജകളോട്, പ്രജാവത്സലനായ അദ്ദേഹത്തിന് കോപം ഒന്നും തോന്നിയില്ല. പകരം ഉണ്ടായ വിഷമം ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കി അദ്ദേഹം വീണ്ടും മുന്നോട്ട് നടന്നു..
ഒരു ഇടവഴിയുടെ ആരംഭത്തിൽ കൂറ്റൻ ഫ്ളക്സ് വെച്ചിരിക്കുന്നത് കണ്ട് അദ്ദേഹം അങ്ങോട്ട് നോക്കി..
ആ റോഡ് ടാർ ചെയ്യുവാൻ എം പി ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ അനുവദിച്ച ബഹുമാനപ്പെട്ട എം പി അതിൽ വെളുക്കെ ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു.
അതു കണ്ടിട്ടും
അദ്ദേഹത്തിന് വലിയ അതിശയം ഒന്നും തോന്നിയില്ല..
“മലയാളിക്ക് വന്ന മാറ്റം ..” എന്ന് ഒരു ആത്മഗതം മാത്രം അദ്ദേഹത്തിൽ നിന്നും പുറത്തു വന്നു..
വഴിയിൽ ഒരിടത്ത് ഒരാൾ കിടന്നുറങ്ങുന്നത് കണ്ട അദ്ദേഹം വേഗം അവിടേയ്ക്ക് നടന്നു.
‘പാവം, ജോലി ചെയ്ത് തളർന്നു കിടന്നുറങ്ങിയത് ആവും. അയാൾക്ക് തന്റെ വക എന്തെങ്കിലും സമ്മാനം കൊടുത്തേക്കാം..’
എന്നൊക്കെ വിചാരിച്ച് തിരുമേനി അയാളുടെ അടുത്ത് എത്തിയെങ്കിലും മദ്യത്തിന്റെ രൂക്ഷമായ ഗന്ധത്താൽ അദ്ദേഹം വേഗം പിന്തിരിഞ്ഞു നടന്നു..
‘കഷ്ടം തന്നെ.. കുടിച്ചു നശിക്കുന്ന മലയാളി…’
വീണ്ടും കാഴ്ചകൾ കണ്ടു നടക്കുമ്പോൾ പെട്ടെന്ന് എന്തോ ശബ്ദം കേട്ട് മഹാബലി തിരിഞ്ഞു നോക്കി..
സ്ഥലത്തെ പ്രധാന നായകൾ ആണെന്ന് തോന്നുന്നു, മൂന്നു നാലെണ്ണം തന്റെ നേരെ നോക്കി ചീറുന്നുണ്ട്‌..
എന്താ ഇപ്പൊ ചെയ്യുക??
താൻ പണ്ട് ഈ നാട് വാണിരുന്ന ചക്രവർത്തി ആണെന്നൊക്കെ ഈ ശ്വാനവീരന്മാരോട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ.
പാതാളത്തിൽ നിന്നും പുറപ്പെട്ടപ്പോൾ തന്റെ പട്ടമഹിഷി പറഞ്ഞതാണ്- ‘അവിടുന്ന് സൂക്ഷിക്കണേ, കേരളത്തിലെ ശ്വാനന്മാരുടെ മുന്നിൽ ഒരു കാരണവശാലും പോയി പെട്ടേക്കരുതെന്ന്..
റാണി പറഞ്ഞത് പോലെ സംഭവിച്ചു..
താൻ പെട്ടു.
ഇവന്മാരുടെ ദംഷ്ട്രങ്ങളിൽ പെട്ട് തന്റെ രാജരക്തം കുറെ ഇവിടെ ഒഴുകും എന്നാണ് തോന്നുന്നത്..
കൈയിൽ ഇരുന്ന ഓലക്കുട മുന്നോട്ട് നീട്ടി അവരെ ഓടിക്കാൻ അദ്ദേഹം ഒരു ശ്രമം നടത്തി..
അത് ഏശിയില്ലെന്നു മാത്രമല്ല അവരെ അത് കൂടുതൽ പ്രകോപിപ്പിച്ചതേ ഉള്ളൂ..
അവർ കൂടുതൽ ശക്തിയോടെ കുരച്ചു കൊണ്ട് അടുത്തേയ്ക്ക് വന്നു..
യുദ്ധരംഗത്ത് അനേകം മാരകായുധങ്ങളോട് ഭീതിയില്ലാതെ പോരാടി ജയിച്ച മഹാബലി ചക്രവർത്തി, കേവലം തെരുവിലെ ശ്വാനന്മാരുടെ മുൻപിൽ തോറ്റോടുന്നത് കഷ്ടമല്ലേ..
അദ്ദേഹം ചിന്തിച്ചു..
അടുത്ത നിമിഷം ഈ ഭീകര ജന്തുക്കൾ തന്നെ ആക്രമിച്ച് കടിച്ചു കുടയുക തന്നെ ചെയ്യും..
പിന്നെ തന്റെ ദേഹം മുഴുവൻ ഇഞ്ചക്ഷനോട് ഇഞ്ചക്ഷൻ..
അമ്മേ ..അത്‌ ഒട്ടും സഹിക്കാൻ വയ്യ..
വീണ്ടും കുരയുടെ ശക്തി കൂടുന്നു..
അവർ ഇപ്പൊ ഒരു കൈയകലത്തിൽ ആയി..
പിന്നെ ചക്രവർത്തി തിരുമനസ്സ് മറ്റൊന്നും ചിന്തിച്ചില്ല..
പിന്തിരിഞ്ഞ്, ആവുന്നത്ര വേഗത്തിൽ ഒറ്റയോട്ടം വെച്ചു കൊടുത്തു…
നായ്ക്കളും വിട്ടില്ല..അവർ അദ്ദേഹത്തിന്റെ പിറകേ ഓടി.
തമ്പുരാന്റെ ആ ഓട്ടം പാതാളത്തിൽ എത്തിയാണ് നിന്നത്..
തിരിഞ്ഞു നോക്കിയപ്പോൾ ആശ്വാസമായി.. പിറകിൽ ആരുമില്ല..
‘എന്റെ ശിവനേ..’
തിരുമനസ്സ്
ദീർഘനിശ്വാസം വിട്ടു..
ഇനി എന്തു തരാമെന്നു പറഞ്ഞാലും അടുത്ത വർഷം മുതൽ
താൻ കേരളത്തിലേക്കില്ല..
“റാണീ.. എനിക്ക് നല്ല വിശപ്പ്.. എന്തെങ്കിലും ഭുജിക്കാൻ എടുത്തുവെക്കൂ..”
അദ്ദേഹം തന്റെ പത്നിയോട് ഉത്തരവിട്ടു..
“അതെന്താ, അവിടുന്ന് കേരളത്തിൽ നിന്ന് ഒന്നും കഴിച്ചില്ലേ. തുമ്പപ്പൂ ചോറും, പുളിശ്ശേരിയും, അവിയലും പാലടയും പപ്പടവും ഒക്കെയായി മാവേലി മന്നനു സ്വാഗതം എന്നൊക്കെ എഴുതിയ ബാനറു കൾ വെച്ചിരിക്കുന്നത് ഇവിടുത്തെ ടീവിയിൽ കാണിക്കുന്നുണ്ടായിരുന്നല്ലോ എന്തേ.. പെട്ടെന്ന് തിരിച്ചു പോന്നത്??”
“മഹാറാണി, അതൊക്കെ ഇപ്പൊ മാറി..കേരളത്തിൽ ഇപ്പൊ എവിടെ നോക്കിയാലും ശ്വാനന്മാരാണ്.. ഒരു വിധത്തിലാണ് ഞാൻ കുറെ എണ്ണത്തിന്റെ വായിൽ നിന്നും രക്ഷപ്പെട്ട് ഇവിടെ എത്തിയത്.. ഇനി ഞാൻ വർഷം തോറും കേരളം സന്ദർശിക്കുന്ന പരിപാടി നിർത്തി.. റാണി ഈ കാര്യം ആ വാമനനെ ഒന്ന് വിളിച്ച് അറിയിച്ചേക്കണം.. അങ്ങേരു കാരണം ആണല്ലോ എനിക്കീ ഗതി വന്നത്..”
“അതൊക്കെ ഞാൻ വിളിച്ചു പറഞ്ഞേക്കാം.. തമ്പുരാന് ഇപ്പൊ ഞാൻ രാവിലത്തെ കഞ്ഞി എടുക്കട്ടെ.. ഓണം കഴിഞ്ഞേ വരുള്ളൂ എന്നും പറഞ്ഞല്ലേ രാവിലെ അവിടുന്ന് ഗമയിൽ പോയത്.. ഇവിടെ ബാക്കി ഉണ്ടായിരുന്ന ചോറ് ഞാൻ എടുത്തു പശുവിന്റെ കാടിവെള്ളത്തിൽ ഇപ്പൊ ഇട്ടതേ ഉള്ളൂ.. ഇനിയിപ്പോ കഞ്ഞി തരാം..”
“അതെങ്കിൽ അത്..എനിക്ക് വിശക്കുന്നൂ..”
ഈ തിരുവോണ ദിനത്തിൽ മഹാബലി
ചക്രവർത്തിയുടെ അവസ്ഥ കണ്ട് അദ്ദേഹത്തിന്റെ പത്നി പൊട്ടിച്ചിരിച്ചു…

സുജിത് വാര്യർ