ഓർമ്മകൾ മഴ നനയുമ്പോൾ (സതീഷ് ജി നായർ)

sponsored advertisements

sponsored advertisements

sponsored advertisements

30 August 2022

ഓർമ്മകൾ മഴ നനയുമ്പോൾ (സതീഷ് ജി നായർ)

സതീഷ്.ജി.നായർ

ഓരോ മനുഷ്യനും പറയാനുള്ള കഥകൾ ഒത്തിരിയൊത്തിരിയാണ്.
ഓർമ്മകളുടെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ.
സങ്കടങ്ങളുടെ വെയിലും സന്തോഷങ്ങളുടെ മഴയും നനഞ്ഞുനനഞ്ഞുതന്നെയാണ് ഏതൊരുവന്റെയും സഞ്ചാരം.
അത്തരത്തിൽ ഗൃഹാതുരത്വത്തിന്റെ വെയിൽപ്പച്ചകളിലെ മഴസ്പർശം കൊതിക്കുന്ന ഏതൊരു മനുഷ്യന്റെയും ഓർമ്മകളിലേക്ക് തുറക്കപ്പെടുന്ന വാതായനമാണ് മനോജ്‌ രാധാകൃഷ്ണന്റെ ഓർമ്മപ്പുസ്തകമായ
‘പല കാലങ്ങളിലെ ചില മനുഷ്യർ’.

“ഗൃഹാതുരത്വത്തിന്റെ പച്ചത്തുരുത്തിൽ കിടന്നുരുളാൻ എന്നും എപ്പോഴും മോഹമുള്ളവനാണ് ഞാൻ,ഓർമ്മകളിൽ പലപ്പോഴും നനയുന്നവൻ”
എന്ന ആമുഖത്തോടെ ആരംഭിക്കുന്ന ഈ പുസ്തകം വായനക്കാർക്ക് സ്വന്തം ഓർമ്മകളുടെ മഴയിൽ നനയുന്ന അനുഭവമാണ് സമ്മാനിക്കുന്നത്.
ഇതിൽ സ്നേഹത്തിന്റെ ആർദ്രതയുണ്ട്,
പ്രണയത്തിന്റെ നനവുണ്ട്, കുസൃതികളുടെ കുറുമ്പുകളുണ്ട്.

എല്ലാവരും തിരികെയെത്താൻ കൊതിക്കുന്ന ഓർമ്മകളുടെ വയൽവരമ്പുകളിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുകയാണ്
മനോജ്‌ രാധാകൃഷ്ണൻ ഈ പുസ്തകത്തിലൂടെ.

ഇരുപത്തിരണ്ട് അദ്ധ്യായമുള്ള ഈ ഓര്‍മ്മപ്പുസ്തകത്തില്‍ കഥപോലെ കൗതുകം നല്‍കുന്ന ഒന്നാണ് ഓരോ അദ്ധ്യായത്തിന്‍റേയും ശീര്‍ഷകങ്ങള്‍ . `ആദ്യവും പിന്നെയും എപ്പോഴും മധുരിക്കുന്ന മുതുനെല്ലിക്ക ‘ എന്ന ആദ്യത്തെ അദ്ധ്യായത്തില്‍ മുത്തശ്ശിയുടെ മധുരം നിറയുന്ന ഓര്‍മ്മകളാണ് . “കൈതപ്പൂവിന്‍റെ സുഗന്ധം എനിക്കേറെ പ്രിയം , അത്രതന്നെ പ്രിയമാണ് പിയേഴ്സ് സോപ്പിന്‍റേതും . രണ്ടും കലര്‍ന്ന മണമാണെങ്കിലോ .? വളരെയിഷ്ടം . അതാണ് അച്ഛാമ്മയുടെ മണം – എനിക്കേറ്റവും പ്രിയമുള്ളത് . ” ഈ തുടക്കത്തിലൂടെത്തന്നെ മുത്തശ്ശിയുടെ സ്നേഹത്തിന്‍റെ തലോടല്‍ വായനക്കാരനിലെത്തിക്കാന്‍ ഗ്രന്ഥകര്‍ത്താവിന് കഴിയുന്നു . വര്‍ത്തമാനകാലത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന വാത്സല്യങ്ങളുടെ സുഗന്ധം വീണ്ടെടുക്കുകയാണിവിടെ . മണമുണ്ടായിരുന്ന പഴമകളില്‍ നിന്നും മണമില്ലായ്മകളുടെ പുതുമകളിലേയ്ക്ക് സഞ്ചരിക്കുമ്പോള്‍ നഷ്ടമാകുന്ന സ്നേഹത്തിന്‍റെയാകാശവും വാത്സല്യത്തിന്‍റെ ഭൂമിയും മുത്തശ്ശിയിലൂടെ വരച്ചുകാട്ടുകയാണ് ഈ പുസ്തകത്തിന്‍റെ ആദ്യ അദ്ധ്യായത്തില്‍ . “ആദ്യവും പിന്നെയും എപ്പോഴും മധുരിക്കുന്ന മുതുനെല്ലിക്ക , അതായിരുന്നു അച്ഛാമ്മ”യെന്നു പറയുമ്പോള്‍ , ആ മധുരം വായനക്കാരിലേയ്ക്ക് പകരുകയാണ് .

പ്രണയത്തിന്റെ നാൾവഴികളിലൂടെയുള്ള ഓർമ്മകളുടെ സഞ്ചാരം ഓരോ വായനക്കാരനെയും കഴിഞ്ഞുപോയ പ്രേമകാലത്തിന്റെ വസന്തത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുക തന്നെ ചെയ്യും.
സൈക്കിൾ ഓർമ്മകളെക്കുറിച്ച് പറയുന്ന,
‘വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ പോണോൻ’
എന്ന അദ്ധ്യായത്തിന്റെ അവസാനത്തിൽ ഗ്രന്ഥകർത്താവ് നിരാശയോടെ പറയുന്നുണ്ട്.
“അക്കാലത്ത് പ്രണയിനിയെ വീട്ടിൽ കൊണ്ടാക്കുക എന്നൊരു ചടങ്ങ് പല അടുത്ത സുഹൃത്തുക്കൾക്കും ഉണ്ടായിരുന്നു.
സ്‌ക്കൂളോ കോളേജോ വിട്ട് പ്രണയിനിയും കൂട്ടുകാരികളും പോകുന്നതിനു പുറകിൽ സൈക്കിൾ യജ്ഞക്കാരനെപ്പോലെ ബാലൻസ് ചെയ്ത് അവരുടെ വീടിനടുത്തുവരെ പോവുക എന്നതാണ് യാതൊരു മുടക്കവും കൂടാതെ അഭംഗുരം നടന്നിരുന്ന ഒരു കലാപരിപാടി.
നിർഭാഗ്യവശാൽ ഒരു പ്രണയിനിയില്ലാത്തതുകൊണ്ട് എനിക്കതിൽ പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല”.ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും പ്രണയത്തിന്റെ നാൾവഴികളിലൂടെയുള്ള സഞ്ചാരത്തിന്റെ പല ഓർമ്മകൾ ഈ പുസ്തകത്തിൽ പുഴപോലെ ഒഴുകിവരുന്നുണ്ട്.
കോളേജിൽ അറിയാതെപോയ, പറയാതെപോയ ആയിരക്കണക്കിന് പ്രണയങ്ങളിൽ ഒന്നുമാത്രമായിരുന്നു തന്റേതെന്ന് പറയുമ്പോഴും പട്ടുപാവാടയും ബ്ലൗസും ധരിച്ചുവരുന്ന പെൺകുട്ടിയുടെ കണ്ണുകളും കരളുകളും ഉടക്കിയത് ചങ്ങമ്പുഴവരികളോടൊപ്പമാണ് എഴുത്തുകാരൻ ഓർമ്മിക്കുന്നത്.
പറയാതെ പോയ പല പ്രണയങ്ങളെയും തന്നിൽനിന്ന് കൈവിട്ടുപോയത് നിശബ്ദനായി നോക്കിനിൽക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ ഗ്രന്ഥകർത്താവ് ഒരു കവിയായി മാറുന്നു.

“ഒഴുകിപ്പോകുന്ന ഒരു മോട്ടോർ സൈക്കിൾ,
കാറ്റത്ത് പാറുന്ന സാരിത്തുമ്പ്,
തളർന്നുപോയ നിമിഷം
കൈക്കുമ്പിളിൽ നിറയെയുണ്ടെന്ന് കരുതിയ തീർത്ഥം അപ്രതീക്ഷിതമായി.
നമ്മളറിയാതെ കണങ്ങളായി വിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്നതറിഞ്ഞ് ഞെട്ടിയ നിമിഷം.”

ഓർമകളിലെ ചില സങ്കടങ്ങൾ മഴപോലെ പെയ്തിറങ്ങുന്നുണ്ട്
ഈ പുസ്തകത്തിൽ.
ഗ്രന്ഥകർത്താവിന്റെ സ്വതസിദ്ധമായ നർമശൈലിയിൽനിന്നും മാറി വൈകാരികതയുടെ ആർദ്രതയാണ് ആ ഭാഗങ്ങളിൽ കാണാൻ കഴിയുന്നത്.
വിഷാദം ഈ കുറിപ്പുകളുടെ മുഖ്യഭാവമോ മുഖഭാവമോ അല്ല.
അടിത്തട്ടിലെവിടെയോക്കെയോ ഉൾക്കലങ്ങിയത് പക്ഷെ കിടപ്പുണ്ടന്ന് അവതാരികയിൽ ഇന്ദുമേനോൻ്റെ നിരീക്ഷണം വളരെ കൃത്യമാണ്.
സുഖശീതളമായി ഒഴുകുന്ന പുഴയിൽ ഇടയ്ക്ക് ഇളകിമറിഞ്ഞ് കലങ്ങിയ വെള്ളംപോലെ ഒഴുകിവരുന്ന ചില മരണങ്ങൾ വായനക്കാർക്ക് വേദനയോടുകൂടി മാത്രമേ വായിച്ചുതീർക്കാൻ കഴിയൂ.

അവയിൽ ഏറെ പ്രധാനപ്പെട്ടതാണ് എഴുത്തുകാരന്റെ ചങ്ങാതിയായിരുന്ന ശങ്കരന്റെ വിയോഗം പറയുന്ന ഭാഗം.
വിദേശത്തുവെച്ച് മരണമടയുന്ന സുഹൃത്തിന്റെ വേർപാട് താങ്ങാൻ കഴിയാതെ വീട്ടിൽവന്ന് ഗർഭിണിയായ ഭാര്യയുടെ മടിയിൽ തലവെച്ച് എങ്ങിയേങ്ങി കരയുന്ന കഥാനായകന്റെ ചിത്രം ആരുടേയും മനസ്സിൽ തൊടുന്ന ഭാഷയിൽ അതിവൈകാരികമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

‘പല കാലങ്ങളിൽ ചില മനുഷ്യർ’
എന്ന ഓർമ്മപ്പുസ്തകം ഓരോ വായനക്കാരനെയും ഓർമ്മകളുടെ പെരുങ്കടലുകളിലേക്ക് നയിക്കപ്പെടുകയാണ്.
അത്രമേൽ ലളിതവും എന്നാൽ അതിതീവ്രവുമായി ജീവിതത്തെ വരച്ചിടുവാൻ ഗ്രന്ഥകർത്താവിന് കഴിഞ്ഞിരിക്കുന്നു.
ഇതൊരു ബാലകാണ്ഡമാണെന്ന് ആമുഖത്തിൽ പറയുന്നുണ്ടെങ്കിലും ഇതിന്റെ പടലങ്ങൾ ജീവിതത്തിന്റെ അടിവേരുകളിൽനിന്ന് ശിഖരങ്ങൾ വരെ പടർന്നുകിടക്കുന്നതാണ്.

ജീവിതത്തിന്റെ മണമുള്ള മധുരവും നീറി പുകയുന്ന നൊമ്പരവും ഉണർത്തിയ നിമിഷങ്ങൾ ഓർത്തെടുക്കതെ ഈ പുസ്തകത്തിൻ്റെ വായന പൂർത്തിയാക്കാൻ ഏതൊരാൾക്കും കഴിയില്ല.
അത് തന്നെയാണ്
‘പല കാലങ്ങളിൽ ചില മനുഷ്യർ’ എന്ന ഓർമ്മപ്പുസ്തകത്തിനെ വ്യത്യസ്തമാക്കുന്നതും.

മനോജ് രാധക്യഷ്ണൻ

സതീഷ്.ജി.നായർ