വീണ്ടുമൊരു ദിവസം എനിക്കാഗ്രാമീണവായനശാലയിൽപ്പോവണം… പലതരം പത്രങ്ങൾക്കിടയിലൂടെ വാർത്തകളുടെ വിവേചനങ്ങൾ തിരിച്ചറിയണം… വായനക്കിടയിലൂടെ റോഡിലേക്ക് ആഞ്ഞു മുറുക്കിത്തുപ്പുന്ന അപ്പാപ്പന്മാരുടെ മുഷിഞ്ഞ മണം വീണ്ടുമൊന്നറിയണം…. ചില്ലലമാരകളിൽ പൊടിയണിഞ്ഞിരിക്കുന്ന ആത്മകഥകളും, ജീവചരിത്രങ്ങളും ,നോവലുകളും എല്ലാം ഒന്നോടിച്ചു നോക്കണം…..
അതുവഴി എൻ്റെ പ്രിയപ്പെട്ട ഭഗവതിവിലാസം സ്കൂളിലെ പഴയ കാലൊടിഞ്ഞ ബഞ്ചിൽ അല്പനേരമിരുന്ന് മനസ്സിനെ കീറ പ്പഞ്ഞിപോലെകഴിഞ്ഞകാലഓർമ്മകളിലേക്ക് പറത്തി വിടണം…….
ആടുന്ന ഡസ്കിന്റെ പുറത്ത് കോമ്പസു കൊണ്ട് കുത്തിയെഴുതിയ പ്രിയ കൂട്ടുകാരികളുടെ പേരുകളിലൂടെ കൈവിരലോടിക്കണം….. ബോർഡിന്റെ അരികിൽ തൂങ്ങിക്കിടക്കുന്ന ഡസ്റ്ററിനോട് നീയെന്റെ, ഹാൻഡ് മെയ്ഡാണോന്ന് ചോദിക്കണം….കളിക്കാൻ വിടുമ്പോൾ ആദ്യമെത്തി
വെള്ളം കുടിക്കുവാൻ ഇടികൂടിയിരുന്ന പൈപ്പിൻ ചോട്ടിലെ മൈലാഞ്ചിച്ചെടിയോട്
എന്നെ ഓർമ്മയുണ്ടോന്ന് ചോദിക്കണം ….
ചവിട്ടുമ്പോൾ കൊച്ചുപാദങ്ങൾ താഴ്ന്നു പോവുന്ന പൂഴിമണ്ണിനോട് എന്റെ വലിയ കാൽ ചവിട്ടിയപ്പോൾ നിനക്ക് വേദനിച്ചോന്ന് ചോദിക്കണം … നിശബ്ദതയിൽ നിന്നും മാമ്പഴം കവിത ഉറക്കെ ചൊല്ലിക്കഴിയുമ്പോൾ ഉണ്ടാകുന്ന നിർവൃതി
വീണ്ടുമൊന്നാസ്വദിക്കണം…. ഷീല ടീച്ചറുടെ
ചോക്കു ”കൂട്ടിപ്പിച്ച് ,”ഒന്നാവർത്തിച്ചു നോക്കണം….. അങ്ങിനെ പ്രിയമായ് തോന്നിയത് അപ്രിയങ്ങളും… അപ്രിയങ്ങളായ് തോന്നിയതൊക്കെയും
വളരെ പ്രിയമേറിയതാണെന്ന് പിന്നീട് തോന്നുന്ന സ്കൂൾ ജീവിതത്തെ തൊട്ടു തലോടിപ്പോരണം ……..
പിന്നെ പടിഞ്ഞാറോട്ട് അങ്ങ് നടക്കണം… കുട്ടൻ വാപ്പന്റെ കടയുടെ അരികിലൂടെ, മംഗല്യ ഓഡിറ്റോറിയം കഴിഞ്ഞ് ,കാവുങ്കൽ ക്ഷേത്രത്തെചേർന്ന് അങ്ങു പോണം, അമ്മത്തറവാട്ടിലേക്ക്………
പറമ്പിൽ പുല്ലുത്തിന്നു കൊണ്ടിരിക്കുന്ന അല്ലിക്കുഞ്ഞമ്മയുടെ പശുവിനെ ഒന്നു വിരൽ തൊട്ടു നോക്കണം….. തെക്കേപ്രത്തെ പുളിമരത്തിൽ അച്ചിങ്ങാപ്പുളി കിളിത്തിട്ടുണ്ടോന്ന് വായിൽ കപ്പൽ വെള്ളം നിറച്ച് ആർത്തിയോടെ നോക്കണം……
വായിൽ മുറുക്കാൻ ഇട്ട് ചവച്ചു കൊണ്ട് ,വല്യ അഡ്ഡിൽ പതക്കം ഇടുന്ന ദാക്ഷു കുഞ്ഞമ്മ ( ദാക്ഷായണി ) ജീവനോടെ ഉണ്ടോന്ന് തിരക്കണം….
തറവാട്ടു മുറ്റത്തെ ഇലഞ്ഞിമരത്തിൽ പൂവുണ്ടെങ്കിൽ താഴെ വീണ എല്ലാം പെറുക്കിയെടുത്ത് ഇങ്ങു കൊണ്ടോരണം …. ആ നേർത്ത സുഗന്ധം ഒരുപാടൊരുപാട് ആസ്വദിക്കണം … തെക്കുപടിഞ്ഞാറെ മൂലേൽ ചെമ്പകച്ചോട്ടിൽ മുത്തിയമ്മേടെ കല്ലിൽ കൈ തൊട്ട് വന്ദിക്കണം…. തെക്കു പുറത്തെ മൂടിപ്പോയ കുളത്തിന്റെ ശേഷിപ്പിനെ നോക്കി നെടുവീർപ്പിടണം….
പടിഞ്ഞാപ്രത്തെ നെല്ലിക്കാപ്പുളിമരം ഒന്നിളക്കിച്ചാടിച്ച് ,അപ്പുറം നില്ക്കുന്ന അമ്പഴത്തിലെ അമ്പഴങ്ങ മുഴുക്കെയും പെറുക്കിയെടുക്കണം……. കുറച്ചു പുന്നക്കുരുവെടുത്ത് കുട്ടികളെ കാണിക്കാനായി കൊണ്ടുവരണം….കോമ്മാ വു പൂത്തിട്ടില്ലേൽ വേരിന് രണ്ടടി കൊടുത്ത് പോരണം….
നീണ്ടു നിരന്നു കിടക്കുന്ന പറമ്പുകൾക്കിടയിലെ തോടുകളിലിറങ്ങി കരിങ്കണയും, പരൽ മീനുകളും കാലിൽ ഇക്കിളി കൂട്ടുന്നത് വീണ്ടുമാസ്വദിക്കണം…..
വടക്കേതിലെ ബീന ചേച്ചിയോടും, ബേബി ചേച്ചിയോടും ,മണി ചേച്ചിയോടും കുശലം പറയണം…….. പഴയ കുട്ടി സിമിക്ക് തന്നേക്കാളും വല്യ മക്കളായീന്ന് ഗമയോടെ ഫോണിലെ ഫോട്ടൊ കാണിച്ച് പറയണം….. കുട്ട്യോൾക്ക് നിന്റെ ഛായ ഉണ്ട് ,അനീടെ ഛായേം ഉണ്ട് എന്ന് പറയുമ്പോൾ ഉള്ളിലെ സന്തോഷത്തിന് മാറ്റുകൂടണം …….
പിന്നീട് ,വിളക്ക് തെളിച്ച് ,മാല കൊടുത്ത് പ്രാർത്ഥിച്ചിരുന്ന കുമാരസ്വാമീടെ അമ്പലത്തിൽ പ്പോവണം……. കൊച്ചു നാളിലെ എന്റെ കൂട്ടു ദൈവം………. അന്നത്തെ കൊച്ചു നൊമ്പരങ്ങൾ വല്യ നൊമ്പരങ്ങളായി സമർപ്പിച്ചിട്ടുള്ളത് അവിടെയാണ് ….. ഇന്ന് വലുതായിരിക്കണു… മക്കൾ വലുതായിരിക്ക്ണു … എന്നെ ഇത്രമേൽ എത്തിച്ചിരിക്ക്ണു…. എല്ലാം നേരിടാനും, സഹിക്കാനും, ക്ഷമിക്കാനും ഇവിടെ നിന്നും പഠിച്ചിരുന്നതിൽ എനിക്ക് നല്ലതേ ഭവിച്ചുള്ളൂ…. ഇനിയങ്ങോട്ടും നിന്റെ ഇച്ഛയ്ക്കനുസൃതമായി ജീവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടാവണേ എന്ന പ്രാർത്ഥനയോടെ
സാഷ്ടാഗം പ്രണമിക്കണം.
സ്മിത അനിൽ
വര -ജഗദീഷ് നാരായണൻ