പ്രതിഭയുടെ പാദമുദ്ര (ഓർമ്മയിലെ സിനിമ )

sponsored advertisements

sponsored advertisements

sponsored advertisements

6 March 2023

പ്രതിഭയുടെ പാദമുദ്ര (ഓർമ്മയിലെ സിനിമ )

അനിൽ പെണ്ണുക്കര

തലമുറകളുടെ പാപമെന്തിനാണ് നമ്മൾ പേറുന്നത്
അതിന്റെ വേരുകളിൽ എന്തിനാണ് നമ്മൾ സ്വന്തം ജീവിതം കെട്ടിയിടുന്നത്.മനസ്സ് കൊണ്ട് സംസാരിക്കുന്നവനാണ് മനുഷ്യൻ. ആ മനസ്സ് നിങ്ങൾക്ക് എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ
ഒരു ലോകം മുഴുവൻ നിങ്ങളോട് കള്ളം പറയുകയും, എടുത്ത് പറയാൻവണ്ണം ഭൂമിയിൽ പ്രിയപ്പെട്ടതായി ഒരാൾ പോലും നിങ്ങൾക്ക് ഇല്ലാതാവുകയും ചെയ്തിട്ടുണ്ടോ.

1988 ൽ ആർ സുകുമാരൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പാദമുദ്ര.പേരിലൂടെത്തന്നെയാണ് സിനിമ സഞ്ചരിക്കുന്നത്.തലമുറകളോളം നീണ്ടു പോകുന്ന പൂർവ്വികരുടെ പാദമുദ്രകളിൽ നിന്ന് പുറത്തു കടക്കാനാവാത്ത കുറച്ചു മനുഷ്യർ ഒരു മലയടിവാരത്തിനു താഴെ ജീവിക്കുന്നു

കാലഘട്ടങ്ങളാണ് പാദമുദ്രകൾ
ഓച്ചിറപ്പണ്ടാരം മാധുവിന്റെ രക്തബന്ധങ്ങളിലൂടെ അരിച്ചരിച്ച് സുകുമാരൻ നായർ കഥ പറയുമ്പോൾ മാതുവായും മാതുവിന്റെ ജാരസന്തതിയായ സോപ്പ് കുട്ടപ്പനായും മോഹൻലാൽ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ഭംഗിയുള്ള പാദമുദ്രകൾ മലയാളസിനിമയിൽ പതിപ്പിക്കുന്നയായിരുന്നു

ഓച്ചിറക്കാളകളെക്കൊണ്ട് വീടുവീടാന്തരം കേറിയിറങ്ങിയും മറ്റും ഉപജീവനം നടത്തിയിരുന്ന പണ്ടാരങ്ങളുടെ തലമുറയിലെ ഒരു കണ്ണിയായ മാതു മലയടിവാരത്തു നിന്ന് വിവാഹം കഴിക്കുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു.
തുടർന്ന് അയാൾക്ക് ആ ദേശത്തെ ത്തന്നെ മറ്റൊരു സ്ത്രീയിൽ ഒരു മകൻ ജനിക്കുന്നു. വിധിയുടെ ജീവിതത്തിന്റെ കെട്ടുപാടുകളോട് മത്സരിച്ചു ഒരിക്കൽ മാധു മരിക്കുന്നു. സിനിമ തുടങ്ങുന്നത് മകന്റെ ജീവിതത്തിൽ നിന്നാണ് തകർന്നുപോയ കുടുംബാന്തരീക്ഷത്തിൽ ജീവിക്കുന്ന കുട്ടപ്പൻ, നാട്ടുകാർക്ക് അയാൾ ഒരു കൗതുക വസ്തുവാണ്, അയാൾ മനോനില തെറ്റിയവനും ജാരസന്തതിയുമാണ്.
ഒറ്റപ്പെടുത്തുന്ന എല്ലാവർക്കുമിടയിൽ ജീവിക്കാൻ, നിലനിൽക്കാൻ പൊരുതുന്ന കുട്ടപ്പന്റെ മനസ്സും ശരീരവും.

എത്ര കൃത്യമായാണ് കുട്ടപ്പനായും മാതുവായും മോഹൻലാൽ എന്ന നടൻ അസാധ്യമായ അഭിനയം കാഴ്ചവച്ചിരിക്കുന്നത് എന്നത് ഓരോ സീനുകളിലും വ്യക്തമാണ്.

ഒരേ സമയം രണ്ടു മനുഷ്യരായി ജീവിക്കുക. തികച്ചും വ്യത്യസ്തമായ രണ്ട് രൂപ ഭാവ തലങ്ങളുള്ള രണ്ടുപേർ. മാധു രസികനാണെങ്കിൽ കുട്ടപ്പായി തീർത്തും അലസനായിരുന്നു. പെട്ടന്ന് പ്രതികരിക്കുന്ന കുട്ടപ്പായിയെ വച്ച് നോക്കുമ്പോൾ എല്ലാം ചിരിച്ചുകൊണ്ട് ഏൽക്കുന്ന മാതുവിലേക്ക് വല്ലാത്ത ദൂരമുണ്ട്.

മാതു പണ്ടാരം ചിരികൊണ്ട് നടക്കുന്ന മനുഷ്യനാണ്, മുഖത്ത് കരിമ്പാറയുള്ള മുന്പിലെ പല്ലൊന്നു കറുത്തു പോയ ഒരു മനുഷ്യൻ, എന്നാൽ അയാൾ ആരെയും പറഞ്ഞ് വീഴ്ത്താൻതക്ക നാവുള്ള മനുഷ്യനാണ്, പ്രത്യേകിച്ച് സ്ത്രീകളെ,
കാളയുമായുള്ള ജീവിതം അയാളുടെ സ്വഭാവത്തിലും പ്രകടമായ മാറ്റം വരുത്തിയിരുന്നു. എവിടെയും ഒതുങ്ങി ജീവിക്കാൻ അയാൾക്കാകുമായിരുന്നില്ല.
അത് ഒരു സ്ഥലത്തെ മാത്രം ഉൾക്കൊള്ളുന്നതല്ല, ഭാര്യയിലും ചുറ്റുപാടിലും എല്ലാം അയാൾക്ക് ആ ഒതുക്കം അസഹനീയമാണ്. അതുകൊണ്ട് തന്നെയാണ് അയാൾ വീടുകളിൽ നിന്ന് വീടുകളിലേക്കും പെണ്ണുങ്ങളിൽ നിന്ന് പെണ്ണുങ്ങളിലേക്കും യാത്ര ചെയ്യുന്നത്.
എന്നാൽ അയാൾ തളയ്ക്കപ്പെടുന്നു. തന്റെ ജാരസന്തതിയെക്കുറിച്ചുള്ള ബോധത്തിൽ അയാൾ നിസ്സഹായനായ ഒരു മനുഷ്യൻ മാത്രമാകുന്നു. ജീവിതത്തിന്റെ തുടക്കത്തിൽ അയാൾക്കുണ്ടായിരുന്ന പ്രസരിപ്പോ സിനിമയുടെ പകുതിഭാഗങ്ങളിൽ അയാളിൽ നിന്ന് നഷ്ടപ്പെട്ട് പോകുന്നു. അയാൾ നിരാശയിൽ വിധിയോട് പൊരുത്തപ്പെടാനാകാതെ ദൈവത്തിലേക്കും ആത്മീയതയിലേക്കും പാപമോചനത്തിലേക്കും മടങ്ങുന്നു
മാതു പണ്ടാരത്തിന്റെ കഥാപാത്രത്തിന് വരുന്ന മാനസിക ശാരീരിക മാറ്റങ്ങൾ എല്ലാം മോഹൻലാൽ തീർത്തും അനായാസമായി എഴുതിച്ചേർക്കുന്നു.

കാവടി തുള്ളുന്നതും
ഓർത്തോർത്തു കരയുന്നതും
ചിരിക്കുന്നതും എല്ലാം മോഹൻലാൽ എന്ന പ്രതിഭയ്ക്ക് മാത്രം അവകാശപ്പെട്ട അഭിനയ മുഹൂർത്തങ്ങൾ ആണ്.

മകന്റെ മുൻപിൽ ഏറ്റവും നിസ്സഹായനായി നിന്ന് അവൻ ഇട്ട് തരുന്ന ചില്ലറതുണ്ടിനു വേണ്ടി പാത്രം നീട്ടുന്ന മാതു പണ്ടാരത്തിന്റെ മനോവ്യഥകളെ ഇത്രയും വൈകാരികമായി അവതരിപ്പിക്കുമ്പോൾ ഇമോഷണൽ സീനുകൾക്ക് ആഴം കൂട്ടാൻ കണ്ണീരു വേണമെന്ന് നിര്ബന്ധമേയില്ലെന്ന് പറഞ്ഞുവെയ്ക്കുന്നു ഈ നടൻ,കുട്ടപ്പായിയുടെ അമ്മയായി സീമയും വളർത്തച്ഛനായി നെടുമുടി വേണുവും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു

തന്റെ പിതൃത്വം, ഏതൊരു മനുഷ്യനും സാമൂഹികപരമായി വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നു തന്നെയാണ്. ചെറുപ്പത്തിലേ അച്ഛന്റെ കർമ്മങ്ങൾക്ക് ആരുമില്ലാത്തത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന കുട്ടപ്പായി ഓടിക്കേറുന്നത് ആ കുന്നിൻ മുകളിലേക്കാണ്,

തന്റേതായിട്ടും തന്റേതല്ലാതായി നിൽക്കുന്ന അമ്മയ്ക്ക് മുൻപിൽ അയാൾ നിസ്സഹായതയോടെ നിൽക്കുന്നു. മനോനില തെറ്റിയ അയാൾക്ക് ഒരിക്കലും അർഹമായ സ്നേഹപരിചരണങ്ങൾ എവിടെ നിന്നും കിട്ടിയിരുന്നില്ല.
അച്ഛന്റെ വാത്സല്യമോ അമ്മയുടെ കരുതലോടെ ഒന്നുമില്ലാതെയാണ് അയാൾ വളർന്നതും വളരുന്നതും.
പെട്ടന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരനാണ് കുട്ടപ്പായി, എന്നാൽ അയാൾക്ക് അകമേ വലിയ വലിയ പേടികൾ രൂപം കൊള്ളൂകയും
തനിക്ക് ചുറ്റുമുള്ള പ്രശ്നങ്ങളിൽ നിന്ന് അയാൾ ഓടിയൊളിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

മറ്റുള്ളവർ തന്നെ പിടിച്ചു വയ്ക്കാൻ വേണ്ടി മാത്രം ദേഷ്യപ്രകടനങ്ങൾ നടത്തുന്ന കുട്ടപ്പായി, അയാൾ ഒരിക്കൽ പോലും എവിടെയും ചിരിക്കുന്നതായി നമുക്ക് കാണാൻ കഴിയില്ല. അയാൾ ഒരിക്കലും സന്തോഷിച്ചിട്ടില്ല. ആരും അയാളെ ചേർത്ത് പിടിച്ചിട്ടില്ല. അയാളോട് ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല.
പക്ഷെ അയാൾ എല്ലാവരെയും സ്നേഹിക്കുന്നു.
പക്ഷെ അയാൾക്കൊരിക്കലും അത് പ്രകടിപ്പിക്കാൻ അറിയില്ല.

കുട്ടപ്പായിയുടെ മനോനിലയിലെ ഓരോ വ്യത്യാസവും ഏറ്റവും സൂക്ഷ്മമായി മോഹൻലാൽ എന്ന പ്രതിഭ ഒരു കാരിക്കേച്ചർ പോലെ ഡീറ്റൈൽ ചെയ്ത് കാണിക്കുന്നുണ്ട്

ആദ്യമായിട്ടൊരാൾ ചേർത്ത് പിടിക്കുമ്പോൾ അത് തന്റെ ആരുമല്ലാത്ത ഒരാളായിരിക്കെ
ഒരു കുട്ടിയെപ്പോലെ അയാളുടെ ചുമലിലേക്ക് ചായുന്ന കുട്ടപ്പന്റെ നിഷ്കളങ്കവും നിസ്സഹായവുമായ ഒരു മുഖത്തിൽ നിന്ന് തന്നെ
മോഹൻലാൽ എന്ന പ്രതിഭയുടെ കാലിബർ നമുക്കറിയാൻ സാധിക്കും.

അയാളുടെ എല്ലാ ന്യൂനതകളും അറിഞ് അയാളെ ഒരുപാട് സ്നേഹിക്കുന്ന ഒരേ ഒരാൾ അശ്വതിയായിരുന്നു.അശ്വതിയായിട്ട് രോഹിണിയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അവളോട് തനിക്കുള്ള സ്നേഹം പോലും പ്രകടിപ്പിക്കാനാവാത്ത കുട്ടപ്പായി അവൾക്ക് മുൻപിൽ തന്റെ ജീവിതത്തെക്കുറിച്ചു പറയുമ്പോൾ അയാൾ മോഹൻലാൽ എന്ന നടനാണെന്ന് വിശ്വസിക്കുക പ്രയാസം.
ഒടുവിൽ അശ്വതിയുടെ മരവിച്ച ശരീരം ജലത്തിൽ നിന്ന് മുങ്ങിയെടുത്തു കൊണ്ട് വരുമ്പോൾ ചുറ്റും കൂടി നിൽക്കുന്ന ആൾക്കൂട്ടത്തെ നോക്കുന്ന കുട്ടപ്പായി
കാഴ്ചക്കാരന്റെ ഉള്ളുപൊള്ളിക്കുന്ന കഥാപാത്രം തന്നെയാണ്.

പിടിച്ചിരുത്താൻ തക്ക ആക്ഷൻ സീനുകളോ,
പഞ്ച് ഡയലോഗുകളോ ഒന്നുമില്ലാതിരുന്നിട്ടും കഥാപാത്രത്തിന്റെ ഉൾക്കാഴ്ചയിൽ കുട്ടപ്പായിയും മാതുപ്പണ്ടാരവും സിനിമ കഴിയുമ്പോൾ പ്രേക്ഷകനിൽ ബാക്കിയാവുന്നു.