NEWS DETAILS

25 May 2023

ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ (ഫാ. ജോണ്‍ ചൂരക്കുന്നേല്‍)

ഫാ. ജോണ്‍ ചൂരക്കുന്നേല്‍

ഇപ്പിപ്പോഴുള്ളതും ചൂടുള്ളതുമായ പത്രവാര്‍ത്തകളിലൊന്നാണല്ലോ റഷ്യ-യുക്രെയ്ന്‍ യുദ്ധം. അതിനോട് ബന്ധപ്പെട്ട് ഈയിടെ ഒരു പത്രവാര്‍ത്തയുണ്ടായിരുന്നു. അമേരിക്കയിലെ ഒരു ആശുപത്രിയില്‍ നിന്ന് ഏതാനുംപേര്‍ യുക്രെയ്നില്‍, യുദ്ധത്തിന്‍റെ കെടുതികള്‍ അനുഭവിക്കുന്നവരെ സന്ദര്‍ശിക്കുവാന്‍ പോയ കാര്യം. ദൈവത്തില്‍ ഉറച്ച വിശ്വാസമുള്ളവരാണ് വേദനിക്കുന്ന സഹജാതരെ സന്ദര്‍ശിക്കുവാന്‍ വേണ്ടി ഹോസ്പിറ്റലില്‍ നിന്നും യാത്രയായത്. ആ സന്ദര്‍ശകര്‍ യുക്രെയ്നില്‍ ചെന്നപ്പോള്‍ അവര്‍ സന്ദര്‍ശിച്ച ഇടങ്ങളിലൊന്ന് ഒരു സെമിനാരിയായിരുന്നു എന്ന കാര്യവും പത്രവാര്‍ത്ത എടുത്തുപറഞ്ഞു. മനുഷ്യരുടെ ജീവിത വേദനകളെക്കുറിച്ചു ദീര്‍ഘനാള്‍, ഒരുപക്ഷേ ജീവിക്കുന്ന നാള്‍ അത്രയും-ചിന്തിക്കുകയും അവയെ സൃഷ്ടിപരമായി കൈകാര്യം ചെയ്തുകൊണ്ട് മുന്നേറാന്‍ സമൂഹത്തിന് ഉത്തേജനമാകുകയും ചെയ്യുന്ന, ഭാവിവൈദികരുടെ പരിശീലനശാലയാണ് സെമിനാരി എന്നെടുത്തു പറയാനും പത്രവാര്‍ത്ത വാക്കുകള്‍ക്ക് ലുബ്ധില്ലാതെ ശ്രദ്ധിച്ചതുപോലെ തോന്നി. ആ വാര്‍ത്തയുടെ വായന മനസ്സിലുയര്‍ത്തിയ ഒരു ചോദ്യവുമുണ്ട്: എന്താണാവോ മനുഷ്യജീവിതവും ഈ പ്രപഞ്ചത്തിന്‍റെ വിധാവായി ചിന്താസമ്പന്നനായ ഒരു ദൈവമുണ്ടെന്ന വിശ്വാസവും തമ്മിലുള്ള യുക്തിസഹമായ ബന്ധം? അങ്ങനെയൊരു സജീവബന്ധമുണ്ടെന്നു ബോദ്ധ്യമുള്ളതുകൊണ്ടാണല്ലോ ഈശ്വരവിശ്വാസികളായ ഹോസ്പിറ്റല്‍ പ്രവര്‍ത്തകര്‍ യുക്രെയ്ന്‍ നിവാസികളെ, അവര്‍ വേദനിക്കുന്ന നാളുകളില്‍ കരുതിക്കൂട്ടി സന്ദര്‍ശിക്കാന്‍ പോയത്. അങ്ങനെ അര്‍ത്ഥവത്തായ ഒരു ബന്ധമുണ്ടെന്ന് അറിവുള്ളതുകൊണ്ടാണല്ലോ ദൈവസേവകരായ വൈദികര്‍, സമൂഹം അനുഭവിക്കുന്ന വേദനകളെക്കുറിച്ചു ചിന്തിക്കുന്നതും അവയെ സൃഷ്ടിപരമായി കൈകാര്യം ചെയ്യാന്‍ അവരുടെ സമൂഹത്തെ സജ്ജമാക്കുന്നതും. ഭാവിയില്‍ വൈദികരായി സേവനം ചെയ്യാനുള്ള  സെമിനാരിവിദ്യാര്‍ത്ഥികളെ ആ ചിന്തയുടെ വഴിയില്‍ പദമൂന്നി മുന്നേറാന്‍ ഒരുക്കുന്നു എന്നതും ഇത്തരം ഒരു ബന്ധത്തെക്കുറിച്ചുള്ള  ബോധ്യം നമ്മളില്‍ അങ്കുരിപ്പിച്ചുറപ്പിക്കുന്നതാണല്ലോ.
ഈ ചിന്തകള്‍ മനസ്സില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മറ്റൊരു പേരും വിവരണവും പത്രത്തില്‍ വായിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അന്ത്യവും നാസി ജര്‍മ്മനിയുമൊക്കെ ഓര്‍മ്മയുണര്‍ത്തുന്ന ഒരു പേരായിരുന്നല്ലോ 'ആന്‍ഫ്രാങ്ക്.'പതിനഞ്ച് വയസ്സില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വെച്ച് മരണപ്പെട്ട ഒരു യഹൂദ പെണ്‍കുട്ടിയായിരുന്നു അവള്‍. അവളുടെ പതിമൂന്നാമത്തെ ജന്മദിനത്തില്‍ അവള്‍ക്ക് ജന്മദിന സമ്മാനമായി കിട്ടിയതായിരുന്നു അനുദിനാനുഭവ സ്മരണിക എന്നു വിശേഷിപ്പിക്കാവുന്ന ഒരു ഡയറി. അവള്‍ ഒളിവില്‍ പാര്‍ത്തിരുന്നപ്പോള്‍ അവള്‍ക്കുണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ അതിലവള്‍ കുറിച്ചിട്ടു. ഒളിവില്‍ പാര്‍ക്കുന്ന, ആരും നാസിസ്റ്റു സൂക്ഷ്മദൃഷ്ടികളില്‍പ്പെട്ട് പിടിക്കപ്പെടുകയും തന്മൂലം മരണപ്പെടുകയുമാകാതിരിക്കാന്‍ വേണ്ടിയ കരുതലുകള്‍ ചെയ്തിരുന്ന, കഷ്ടി പതിനഞ്ചുവയസ്സ് പ്രായമുള്ള ഒരു പെണ്‍കൊച്ചിന്‍റെ വികാരവിചാരങ്ങള്‍. അവള്‍ തന്നെ കുറിച്ചിട്ടതായിരുന്നു അതെന്നോര്‍ക്കുക. ആ കുറിപ്പുകള്‍ക്ക് കൈപ്പട നല്കിയ, ലേഖികയായ അവള്‍ പിടിക്കപ്പെട്ടു. നാസി പടയാളികള്‍ അവളെ തടങ്കല്‍പ്പാളയമായ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ മരണക്കെണിയിലേക്കയച്ചു. അവള്‍ അവിടെവെച്ചു മരണമടഞ്ഞു. ഒളിവില്‍ കഴിഞ്ഞിരുന്ന ബാലിക മാത്രമായ ആ പെണ്‍കുട്ടി എങ്ങനെ നാസിപ്പട്ടാളത്തിന്‍റെ കണ്ണില്‍പ്പെട്ടു? പിടിയിലായി? ആരാണ് അവളെയും കുടുംബത്തെയും ഒറ്റുകൊടുത്തത്? ചിന്തകരും എഴുത്തുകാരും ഇന്നും ഉത്തരം കിട്ടാന്‍ പണിപ്പെടുന്ന ഒരു ചോദ്യമാണത്. അതേസമയം ആ പെണ്‍കുട്ടി സ്വന്തം ജീവിതാനുഭവങ്ങള്‍ കോറിയിട്ടിരുന്ന ഡയറിയാകട്ടെ പോലീസിന്‍റെയോ പട്ടാളത്തിന്‍റെയോ ഒന്നും കണ്ണില്‍പ്പെടാതെ കിടന്നു. അതു മിക്കവാറും ഭുവനപ്രസിദ്ധമായി. ഒരു കൊച്ചു ഡയറി എഴുതിയ പെണ്‍കുട്ടി നാസി പട്ടാളത്തിന്‍റെ പിടിയില്‍പ്പെട്ടു! കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ആ പാവത്തിന്‍റെ ജീവന്‍ പൊലിയുകയും ചെയ്തു. പക്ഷേ, അവള്‍ കുറിച്ചിട്ട വേദനിപ്പിക്കുന്ന കഥകളടങ്ങിയ ഡയറിയാകട്ടെ അവളെയും മരണത്തെയും അതിജീവിച്ചു. അതെങ്ങനെ സാദ്ധ്യമായി.
ആ ചോദ്യവും അതിനോടു ബന്ധപ്പെട്ട ഓര്‍മ്മകളും നമ്മളെ ഒരു സൂക്ഷ്മനിരീക്ഷണത്തിലേക്ക് തിരിച്ചുവിടും. ബൈബിള്‍ (2 സാമുവല്‍ 2:1-10) ഒരു കാര്യം നമ്മുടെ  ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. അതു പറഞ്ഞു. ഞാന്‍ ഞാനാനെന്ന ഭാവത്തോടെ സംസാരിക്കാതിരിക്കാന്‍ മനസ്സ് വെക്കുക. നിന്‍റെ അധരങ്ങളില്‍ ഒരിക്കലും പരപുച്ഛം ചേക്കേറാതിരിക്കട്ടെ. കാരണം സകലത്തിനും നിയന്താവായ ദൈവമാണ്, എല്ലാത്തിനും അതിനാഥനായ അവിടുന്നുണ്ട്. എല്ലാവരുടെയും ചെയ്തികളെ വിലയിരുത്തുന്നത് ഒരുവനെ മരണത്തിലേക്ക് പറഞ്ഞയയ്ക്കുന്നതും മറ്റൊരുവനെ ജീവിതത്തില്‍ തുടരാന്‍ അനുവദിക്കുന്നതും അവിടുന്നുതന്നെ. ദരിദ്രനെ പൊടിയില്‍ നിന്നുയര്‍ത്തുന്നതും മനുഷ്യരാല്‍ പരിത്യക്തനെ ചെളിക്കുഴിയില്‍ നിന്നുയര്‍ത്തി വിലപ്പെട്ടവര്‍ക്കൊപ്പം ഇരുത്തുന്നതും അഭിലഷണീയമായ ഇടങ്ങളില്‍ അവനെ എത്തിക്കുന്നതും അവിടുന്നാണ്.
സ്വന്തം പെറ്റമ്മയുടെ ചെകിട്ടത്ത് ഒരുവന്‍ അടിച്ചെന്നു വെയ്ക്കുക. ആ പ്രവൃത്തിക്കായാലും ഇരുപുറങ്ങളുമുണ്ടെന്നു പഴമൊഴി പറയുന്നുണ്ടല്ലോ. പഴഞ്ചൊല്ലില്‍ പഴുതില്ലെന്നു പറയപ്പെടുന്നുണ്ടല്ലോ. യഹൂദവിദ്വേഷത്തെക്കുറിച്ചും നാസികളുടെ ചെയ്തികളെക്കുറിച്ചും വേദനയോടെ ഓര്‍മ്മിക്കുമ്പോള്‍ത്തന്നെ മറ്റൊരു വര്‍ത്തമാനവും പറഞ്ഞുകേട്ടിട്ടുണ്ട്. നാസിസം പ്രബലമാകുന്നതിനു മുമ്പ് കാര്യപ്രാപ്തിയും ദീര്‍ഘവീക്ഷണവുമുള്ള സമൂഹമായ യഹൂദജനത ജര്‍മ്മനിയിലായാലും പൊതുജനജീവിതത്തിനു വഴികാട്ടിയായി വര്‍ത്തിച്ചിരുന്നു. നേതൃത്വം നല്കിപ്പോന്നിരുന്നു. അക്കാലത്ത് ചില തൊഴില്‍ശാലകളില്‍ യഹൂദസമൂഹത്തിന്‍റെ പ്രാമുഖ്യം ഓര്‍മ്മിപ്പിക്കാന്‍ പാകത്തില്‍ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നതായും കേട്ടിട്ടുണ്ട്. നിങ്ങള്‍ തൊഴില്‍ തേടിയെത്തിയതാണെങ്കില്‍ ഒന്നു പറയട്ടെ, നിങ്ങള്‍ യഹൂദരല്ലെങ്കില്‍, ക്ഷമിക്കണം ഇവിടെ തൊഴില്‍ സാദ്ധ്യതയില്ല.
മാനവകുടുംബത്തിലെ ആദ്യജാതരായി ദൈവം അംഗീകരിച്ച മനുഷ്യരായിരുന്നല്ലോ യഹൂദര്‍ (പുറപ്പാട് 4:22). ആദ്യജാതര്‍ക്ക് കുടുംബങ്ങളില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. മാതാപിതാക്കളില്‍ നിന്ന് കേള്‍ക്കുന്നവയും അതുവഴി തങ്ങള്‍ ഗ്രഹിക്കുന്നവയും ഇളയവരെയും പഠിപ്പിക്കാനുള്ള ആനുകൂല്യം അല്ലെങ്കില്‍ അവകാശം ആദ്യജാതര്‍ക്ക് ഉണ്ടെന്ന് പൊതുവില്‍ ഒരു ധാരണയുമുണ്ടല്ലോ. പ്രത്യുത അവകാശമോ അധികാരമോ പ്രാവര്‍ത്തികമാക്കുന്നതില്‍ പാകപ്പിഴ വന്നുപോയാല്‍ അതിലും അതിശയിക്കാനൊന്നുമില്ല. കാരണം, നമ്മളെല്ലാവരും അപൂര്‍ണ്ണരായ മനുഷ്യരാണ്.
ആന്‍ഫ്രാങ്ക് എന്ന പെണ്‍കൊച്ചിന്‍റെ ജീവിതസാഹചര്യങ്ങളില്‍ മനുഷ്യരും ദൈവവും തമ്മിലുള്ളതും വെട്ടിയാല്‍ മുറിയാത്തതുമായ ഉദ്ധരണികളോ സൂചനകളോ പലപ്പോഴും നമുക്കു കാണാം. സര്‍വ്വശക്തനായ, നമ്മുടെ ജീവിതത്തിനുടയവനായ ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുക... നമ്മള്‍ പാര്‍ക്കുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ഇരുട്ടറയാണെന്നു പറയാന്‍ തോന്നും. എന്നാലും നമ്മുടെ ജീവിതത്തിന് അതിനാഥനായ ദൈവം അവിടെയും നമ്മുടെ അന്തരംഗത്തെ അല്ലെങ്കില്‍ ഹൃദയത്തെ ഏതോ ദിവ്യപ്രകാശത്താല്‍ വെളിവുള്ളതാക്കുന്നു... ഈ ഇരുട്ടറയിലെ ജീവിതം ഒരുവിധത്തില്‍ പറഞ്ഞാല്‍ ദുര്‍വഹമാണ്; എന്നാലും ശരി ദൈവം തന്‍റെ അനിതര സാധാരണമായ പരിപാലനാവിശേഷത്താല്‍ നമ്മളെ കാത്തുപോരുന്നു. ആ വിചാരം തന്നെ ഈ നിലയില്ലാച്ചുഴിയില്‍ നമുക്കു പിടിവള്ളിയാണ്.... തുടങ്ങിയവ ഉദാഹരണമാണ്.
ആന്‍ഫ്രാങ്ക് എന്ന പതിനഞ്ചുകാരിയുടെ ജീവിതം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ പൊലിഞ്ഞപ്പോഴും പൊലിയാതെ അവശേഷിച്ച അവളുടെ ഓര്‍മ്മക്കുറിപ്പുകള്‍ നമ്മളെ ചിന്താധീനരാക്കുന്ന ഒരു പരമാര്‍ത്ഥമുണ്ട്. അതെന്താണെന്നോ? നമ്മളാരും അനാഥരല്ല. നമ്മള്‍ സനാഥരാണ് എന്ന വസ്തുത തന്നെ. ഭാരതത്തിന്‍റെ അഭിമാനമായ മഹഷിമാര്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നതുപോലെ സത്ചിന്ത, ആനന്ദമായ, സച്ചിദാനന്ദ സ്വരൂപനായ, ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും രൂപം നല്കിയ മനുഷ്യരാണ് നമ്മള്‍. സ്നേഹസ്വരൂപനായ ആ ദൈവത്തിന്‍റെ മക്കളാണ് നമ്മള്‍. അതുകൊണ്ടാണല്ലോ നമ്മളെല്ലാം അഭിമാനപൂര്‍വം ഓര്‍മ്മിക്കുന്ന നോബല്‍സമ്മാനം നേടിയ ഭാരതീയ കവിയായ ടാഗോര്‍, ഗീതാഞ്ജലിയില്‍ 'അവിടുന്നെന്നെ അതിരുകളറിയാത്ത ചൈതന്യമായി രൂപപ്പെടുത്തി' എന്നു പാടിയത്.
നമ്മള്‍ ദൈവത്തിന്‍റെ കുടുംബത്തിലെ അംഗങ്ങളാണ്, നമ്മള്‍ ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കളാണ്. അതുകൊണ്ടാണല്ലോ നമ്മള്‍ അതിരുകള്‍ക്കടിപ്പെടാതെ പുരോഗമിക്കുന്നത്. ദൈവമക്കള്‍ക്കുമുണ്ട് ആദ്യജാതസ്ഥാനവും മറ്റും. ആ ദൈവികമായ പിതൃപുത്ര ബന്ധമാണ് നമ്മള്‍ ഒരിക്കലും മറക്കരുതാത്ത്. ആ ഓര്‍മ്മ അല്ലെങ്കില്‍ അവബോധം നിമിത്തമാണല്ലോ ആശുപത്രി സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ യുദ്ധഭൂമിയില്‍ സഹോദരരെ സന്ദര്‍ശിക്കാനും മറ്റും പോകുന്നത്. ഇക്കാര്യങ്ങള്‍ താത്വികമായി നമിക്കറിയാം. അത് പ്രാവര്‍ത്തികമാക്കുവാന്‍ നമ്മള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്യും. ആ വിധത്തിലുള്ള പരിയത്നങ്ങള്‍ക്കിടയിലും നമ്മള്‍ ഓര്‍മ്മിച്ചിരിക്കേണ്ട വസ്തുതയാണ് മനുഷ്യരായ നമ്മള്‍ അപൂര്‍ണ്ണരാണ് എന്ന പരമാര്‍ത്ഥം. ആത്മാര്‍ത്ഥമായ പരിയത്നങ്ങള്‍ടയില്‍പ്പോലും തന്നിമിത്തം നമ്മുടെ ലക്ഷ്യപ്രാപ്തിയില്‍ ച്യുതിയുണ്ടാകാം. അത് നമ്മളെ സ്വാര്‍ത്ഥബോധത്തിലേക്കും സ്വാര്‍ത്ഥഭയത്തിലേക്കും വഴിമാറ്റിയെന്നുവരാം. അതേക്കുറിച്ച് ബോധവും ബോധ്യവുമുള്ളതുകൊണ്ടാണ് മനുഷ്യരായ നമ്മള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെപ്പോലും ആന്‍ഫ്രാങ്കിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ തിരിതെളിക്കുന്നതുപോലെ ക്ഷമയോടും പ്രത്യാശയോടും കൂടെ നേരിടാന്‍ പരിശ്രമിക്കുന്നു. നമ്മുടെ ജീവിതം ദൈവത്തില്‍ നിന്ന് ആരംഭിക്കുന്നതാകയാല്‍ അതിന് ഒരു മഹത്വവും വശ്യതയുമുണ്ട്. ദൈവത്തിന്‍റെ സ്നേഹത്തില്‍ നിന്നു വരുന്നതിനാല്‍ അതിനൊരു ലക്ഷ്യവുമുണ്ട്. നമ്മള്‍ മനുഷ്യര്‍, അപൂര്‍ണ്ണരാകയാല്‍ പരാജയങ്ങള്‍ വന്നുപോകുന്നു; അപ്പോഴായാലും അവ പരസ്പരം ക്ഷമിച്ചു പുരോഗമിക്കുവാന്‍ നമ്മള്‍ എല്ലാവരും ശ്രദ്ധിക്കുന്നു.


ഫാ. ജോണ്‍ ചൂരക്കുന്നേല്‍