സ്മിത കോടനാട്
സ്കൂൾ ഗെറ്റ് ടുഗെതർ കന്യാകുമാരി എന്ന ആശയം പറഞ്ഞത് നീനയായിരുന്നു. അങ്ങനെ ഞങ്ങൾ കന്യാകുമാരിയിലെ ഒരു റിസോർട്ടിൽ ഒത്തു കൂടി. ചർച്ചകൾ, കളിയാക്കൽ, ഓർമ്മകൾ ഒക്കെ ആയി പകൽ അവസാനിച്ചു. രാത്രിചർച്ചയിൽ സ്കൂൾ ജീവിതത്തിലെ മോഹിപ്പിക്കുന്ന വിനോദയാത്രയെ കുറിച്ചായി ചർച്ച. എന്റെ മനസ്സിലെ ഓർമപ്പെട്ടിയിൽ ഞാൻ സൂക്ഷിച്ചത് കന്യാകുമാരി യാത്രയായിരുന്നു. അന്നത്തെ കുസൃതികളും ഓർമ്മകളും പങ്കുവെക്കുന്ന ഒരു സായാഹ്നസൗഹൃദകൂടിച്ചേരലിൽ മുഴുകി ഇരിക്കുകയായിരുന്നു ഞാൻ. അവിടുത്തെ വ്യത്യസ്‌ഥത നിറഞ്ഞ മണൽനിറങ്ങൾ എന്റെ മനസ്സൽ നിറഞ്ഞു വന്നു. കൂർത്ത പെൻസിലുകൾ, കക്കകൾ, ശംഖ് എന്നു വേണ്ട സമുദ്ര തിരകളിൽ മുദ്രകൾ ചാർത്തുന്ന മുക്കുവക്കുട്ടികളുടെ തിരമാലകൾക്കിടയിലെ കുസൃതികളുമെല്ലാം ഞങ്ങളുടെ മുന്നിൽ വീണ്ടും പുനർജ്ജനിച്ചു…
കന്യാകുമാരിയിലെ രാത്രി അവിടുത്തെ ദേവിയേക്കാൾ സുന്ദരിയായിരുന്നു. നിഗൂഢസൗന്ദര്യം നിറഞ്ഞ രാവും കടലും നിലയില്ലാത്ത രഹസ്യക്കലവറയുടെ താക്കോൽധാരികളാണ്. ദേവിയുടെ മൂക്കുത്തിത്തിളക്കം കാണാൻ കന്യാകുമാരിയിലെത്തിയ തന്നിലെ ബാല്യം എന്റെ മനസ്സിനെ മോഹിപ്പിച്ചു. ഇന്ന് ഈ കടൽക്കരയിൽ നിൽക്കുമ്പോഴും രാവിന് ആ പഴയ വന്യസൗന്ദര്യം. ദൂരെ വിവേകാനന്ദപ്പാറ അതിഥി സത്ക്കാരം കഴിഞ്ഞ ക്ഷീണത്തിൽ നിവർന്നു നിൽക്കുന്നുണ്ട്. ആളൊഴിഞ്ഞ സമാധാനത്തിൽ ദേവിയും ഉറങ്ങിക്കാണും. ഒരു തേങ്ങൽ എവിടെ നിന്നോ തിരമാലയുടെ ആരോഹണാവരോഹണത്തിനൊപ്പം എന്നിലേക്ക് ഒഴുകിയെത്തി. ചെറിയൊരു പേടിയോടെ ഞാൻ ശബ്ദം ലക്ഷ്യമാക്കി നടന്നു. ദൂരെ ക്ഷേത്രമതിലിൽ നീലപ്പാവാടയും ബ്ലൗസുമിട്ട് മുടി അലക്ഷ്യമായി പരത്തി ഇട്ട ഒരു പെൺകുട്ടിയുടെ രൂപം അകലെ നിന്ന് കണ്ടു. രാത്രിയിൽ ഈ പെൺകുട്ടി ഇവിടെ ഇരുന്ന് കരയുന്നതെന്തിനാ എന്ന ആകാംക്ഷയിൽ ഞാൻ അവളുടെ അടുത്തേക്ക് നടന്നു. കാറ്റ് കൂടുതൽ ശക്തമായ ഭാഷയിൽ സംവദിക്കാൻ തുടങ്ങി. തോളിൽ കൈ വെക്കാൻ തുടങ്ങുമ്പോഴേക്കും അവൾ തിരിഞ്ഞു നോക്കി. അസാധാരണ ഭാവം ആണവളുടെ കണ്ണുകളിൽ. അറിയാതെ കൈ പിന്നിലേക്ക് വലിച്ചെടുത്തു.
“നിന്നെ കുറേ നേരമായി കാത്തിരിക്കുന്നു. കന്യാകുമാരിയിൽ വന്ന കഥകൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നീ എന്റെ കഥ മാത്രം എന്നെക്കണ്ട കഥ മാത്രം പറഞ്ഞില്ല…എന്നെ മറന്നു പോയി.” അവളുടെ കൂർത്ത മിഴികൾ കണ്ട് ഞാൻ ഭയന്നു. ഞാൻ ആകെ അമ്പരന്നു. എന്റെ സംസാരം ഇവളെങ്ങനെ കേൾക്കാൻ. എനിക്ക് അതിശയം തോന്നി. “നമ്മൾ ഇതിന് മുൻപ്….” ഒട്ടും ഓർക്കുന്നില്ല എന്ന ഭാവത്തിൽ ഞാൻ നിർത്തി. അവളൊന്ന് ചിരിച്ചു. “എന്നെ നീ കാണുമ്പോൾ നമ്മൾ ഒരേ പ്രായം ആയിരുന്നു. നീ നിന്റെ അച്ഛന്റെ കൂടെ ശംഖ് വള വാങ്ങുന്ന തിരക്കിലായിരുന്നു. വഴിയരികിലെ ആൾക്കൂട്ടം കണ്ട് നിന്റെ അച്ഛൻ തിരിഞ്ഞു നോക്കി. എന്നിട്ട് നിന്നോട് പറഞ്ഞു അങ്ങോട്ട് നോക്കണ്ട എന്ന്. പക്ഷെ നീ എന്നെ അച്ഛൻ കാണാതെ ഒളിക്കണ്ണിട്ട് തിരിഞ്ഞു നോക്കി നടന്നു നീങ്ങി. മീൻ തിന്ന് തുറിച്ച കണ്ണുകളോടെ ഞാനും നിന്നെ നോക്കിക്കിടന്നു.” എന്നായിരിക്കും ഞാൻ ഇവളെ കണ്ടത്. എന്റെ സംശയം നിറഞ്ഞ മുഖത്തേക്ക് നോക്കി അവളിരുന്നു …
” എന്റെ പേര് മങ്ക…മുത്തശ്ശിയും ഞാനും അച്ഛനും ചേർന്ന ചെറിയ കുടുംബം. സങ്കടം വന്നാലും സന്തോഷം വന്നാലും കന്യാകുമാരിദേവി കാത്തോളും എന്ന് മുത്തശ്ശിയുടെ ആത്മഗതം എപ്പോഴും കേൾക്കാം. ഞങ്ങൾ കന്യാകുമാരി താമസം ആയിട്ട് അധികം നാൾ ആയിരുന്നില്ല. അതോണ്ടാവും ദേവി എന്റെ നിലവിളി കേൾക്കാതിരുന്നത്. ഒരു സന്ധ്യാനേരം ട്യൂഷൻ കഴിഞ്ഞു വരുന്ന എന്റെ പുറകെ അവ്യക്ത മുഖവുമായി ആരൊക്കെയോ വന്നു. ഞാൻ ഓടി. അവസാനം കരയിലുള്ള മൃഗങ്ങളുടെ കയ്യിൽ അകപ്പെടുന്നതിനേക്കാൾ നല്ലതല്ലേ കടലിന്റെ അകത്തളങ്ങളിലുള്ളവർ എന്ന തോന്നലിൽ പാറക്കെട്ടിൽ നിന്നും താഴേക്ക് ചാടി. ഒരുപാട് ആത്മാക്കൾ എന്നെ സ്നേഹപൂർവ്വം സ്വാഗതം ചെയ്തുകൊണ്ടിരുന്നു. എന്റെ വിടർന്ന കണ്ണുകളും ചുണ്ടുകളും ഏതോ ആർത്തി മൂത്ത മീൻചുണ്ടുകൾ ചുംബിച്ചെടുത്തു. എന്റെ നീലപ്പാവാടയിൽ മുഴുവൻ നീലശംഖുകൾ പറ്റിച്ചേർന്നിരുന്നു. ഒരു ചോദ്യചിഹ്നം പോലെ കടലമ്മ എന്നെ ഓളങ്ങളിലൂടെ കരക്കടുപ്പിച്ചു. എന്റെ അച്ഛന്റെയും മുത്തശ്ശിയുടെയും അലറിക്കരച്ചിലിൽ എന്റെ ഹൃദയം പിടഞ്ഞു. അപ്പോഴാണ് അച്ഛന്റെ കൂടെ ദേവിയെ തൊഴുതിറങ്ങുന്ന നിന്നെ കണ്ടത്. സ്വപ്നങ്ങൾ പൂത്ത നിന്റെ മിഴികളിൽ വികൃതമായ എന്റെ ശരീരം ഞാൻ കണ്ടു. വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഇന്നും നിന്റെ മിഴികളിൽ നിറയെ പൂക്കാൻ കൊതിക്കുന്ന സ്വപ്‌നങ്ങൾ കാണാം. അതിൽ നിന്നിലൂടെ എന്നെ ഞാൻ കാണുന്നു.”
ഞാനും അവളും രാത്രിയുടെ യാമങ്ങളിൽ ഇരുട്ടിലേക്ക് നോക്കിക്കൊണ്ടിരുന്നു. ഒന്നും പറയാനില്ലാത്ത ഇന്നലെകളെ ഓർക്കുമ്പോൾ എന്റെ മനസ്സിലെ ചോദ്യം ആ അവ്യക്തമുഖങ്ങളുടെ ഉടമകളെക്കുറിച്ചായിരുന്നു. എപ്പോഴോ ഞാൻ തിരിഞ്ഞു നോക്കി. ദൂരെ ദേവിയുടെ മൂക്കുത്തിപ്രകാശത്തിൽ അവൾ അലിഞ്ഞു ചേരുന്നുണ്ടായിരുന്നു. തിരിച്ചു റൂമിലെ തണുപ്പിൽ കണ്ണുകളടക്കുമ്പോൾ ഏതോ പെൺകുട്ടി കടൽപ്പാലത്തിലൂടെ മഴ നനഞ്ഞ് തനിയെ നടക്കുന്നത് കണ്ടു. പുറകിൽ കുറെ മുഖം മറച്ച രൂപങ്ങളും…അവരെ കാത്തുനിൽക്കുന്ന കടൽപ്പാലവും..
