പി.ടി ഇനി ഓര്‍മ്മ; ആദരവോടെ വിട നല്‍കി കേരളം

sponsored advertisements

sponsored advertisements

sponsored advertisements

23 December 2021

പി.ടി ഇനി ഓര്‍മ്മ; ആദരവോടെ വിട നല്‍കി കേരളം

ഇടുക്കി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ സംസ്‌കാരം നടത്തി. പി.ടി. തോമസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. രവിപുരം ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.പി.ടിക്ക് പ്രിയപ്പെട്ട ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന ഗാനം ചെറിയ ശബ്ദത്തിൽവച്ചാണു സംസ്കാര ചടങ്ങുകൾ നടത്തിയത്. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. മുദ്രാവാക്യങ്ങളുമായി നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകരും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.

പാലാരിവട്ടത്തെ വീട്ടില്‍ അരമണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തില്‍ നടന്‍ മമ്മൂട്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. പിന്നീട് എറണാകുളം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവച്ചു. രാഹുല്‍ഗാന്ധി ടൗണ്‍ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി, കെ.സി.ജോസഫ് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇടുക്കി ഉപ്പുതോട്ടിലെ പി.ടിയുടെ വസതിയില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ എത്തിയത്.കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. ഇടുക്കി, പാലാ രൂപതാ ബിഷപ്പുമാര്‍ പി.ടിക്ക് ആദരാജ്ഞലിയര്‍പ്പിച്ചു.

തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പി.ടി വിടപറഞ്ഞത്.

കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാക്കളില്‍ വേറിട്ട ശക്തമായ ശബ്ദമായിരുന്നു പി.ടിയുടേത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്യുവിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പി. ടി തോമസ് സജീവ പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. പി.ടിയുടെ വിയോഗത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനമറിയിച്ചു.