പാണക്കാട്: അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നടന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നത്. പാതിരാത്രിയിലും തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മുതിര്‍ന്ന മുസ്ലീംലീഗ് നേതാക്കളും മതനേതാക്കളും കുടുംബാഗങ്ങളും ഖബറടക്കത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്.
നേരത്തെ വന്‍ ജനതിരക്ക് കാരണം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കം എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് നാടകീയമായി മൃതദേഹം പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തിച്ച് പുലര്‍ച്ചെ ഒരു മണിയോടെ ശരീരം മറവ് ചെയ്യുമെന്ന് പാണക്കാട് കുടുംബം അറിയിക്കുകയായിരുന്നു. ഭൗതിക ശരീരം ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കുടുംബാഗങ്ങള്‍ അറിയിച്ചത്. എങ്കിലും അവസാന നിമിഷത്തില്‍ എത്തിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യവും അനിയന്ത്രിതമായ തിരക്കും കാരണം ഖബറടക്കം രണ്ട് മണിക്ക് ശേഷമാണ് നടന്നത്.
അതേസമയം പ്രമുഖരടക്കം ആയിരങ്ങള്‍ മലപ്പുറം ടൗണ്‍ ഹാളില്‍ പാണക്കാട് തങ്ങള്‍ക്ക് അന്തോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വിഡി സതീശന്, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്, എ.കെ ശശീന്ദ്രന് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരമര്‍പ്പിച്ചു.