കേരള നിയമസഭയിലെ ആദിവാസി ഭൂനിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ, 1996 ഒക്ടോബർ 4 ന് പാലക്കാട് കളക്ടർ ശ്രീ W R റെഡ്ഡി പതിനൊന്ന് മണിക്കൂറോളം അയ്യങ്കാളിപ്പട എന്നു സ്വയം വിശേഷിപ്പിച്ച നാലംഗ സംഘത്തിന്റെ ബന്ദിയായിരുന്ന കാര്യം ഇപ്പോഴും സജീവമായി ഓർക്കുന്നു.. കാരണം അച്ഛൻ (ടി കെ കൃഷ്ണൻ) അന്നും- വിരമിക്കുന്നതിന് മൂന്നു വർഷം മുമ്പ് – കളക്ടറേറ്റിൽ ഫിനാൻസ് സെക്ഷനിൽ പ്യൂണായി ജോലി ചെയ്തിരുന്നു.. അച്ഛനും കളക്റേറ്റിൽ ജോലിക്കു പോയിരുന്ന പ്രവൃത്തി ദിനത്തിലാണ് വാർത്ത വരുന്നത്.. ! അതിനാൽ ആ സംഭവം അല്പം വ്യക്തിപരമായ ഒന്നായി കൂടി ഓർമയിൽ തറഞ്ഞു നിൽക്കുന്നു .!
‘പട’ എന്ന പുതിയ ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം ഈ ‘ബന്ദി സമരം / ബന്ദി നാടകം’ കൂടിയായതിനാൽ (രണ്ടും അന്നത്തെ മാധ്യമ പ്രയോഗങ്ങളാണ് ) സാന്ദർഭികമായി ആ ഓർമ പങ്കിട്ടതാണ്..! സിനിമയിൽ യു പി ജയരാജിന്റെ ഗരിമയുള്ള ഒരു രാഷ്ട്രീയ ഉദ്ധരണിയുണ്ട്. ബഷീറിനെ അല്പം ഒന്ന് എഡിറ്റ് ചെയ്ത് പറഞ്ഞാൽ രാഷ്ട്രീയം – സൂക്ഷ്മരാഷ്ട്രീയം കഥ പോലെ എഴുതിയ, തന്റെ എഴുത്തിനെ എം സുകുമാരനെപ്പോലെ ഒരു നിത്യവിചാരണയാക്കി സ്വയം ഉരുകിയ മറ്റൊരു എഴുത്തുകാരനായിരുന്നല്ലോ യു പി ജയരാജും..! അതുപോലെ, മലയാള സിനിമക്ക് പൊതുവിൽ അന്യമായ ഒരു സൂക്ഷ്മ രാഷ്ട്രീയത്തിൽ, ആത്മാർഥമായി സ്പർശിക്കുന്ന, വ്യത്യസ്തമായ ഒരു തീവ്രസന്ദർഭം / രാഷ്ട്രീയ വിചാരണ ‘പട’ എന്ന സിനിമ പ്രേക്ഷകനിലേക്കു പകരുന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അഭിനേതാക്കാൾ ഇല്ലാത്ത, അനുഭവസ്ഥർ മാത്രമുള്ള ഒന്നായി ഈ ചിത്രം പരിണമിക്കുന്നത് – അഥവാ കുഞ്ചാക്കോ ബോബൻ , വിനായകൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, ഇന്ദ്രൻസ്, സലിം കുമാർ, വി കെ ശ്രീരാമൻ, പ്രകാശ് രാജ്,ടി ജി രവി, ഉണ്ണിമായ, സാവിത്രി, ദാസൻ കോങ്ങാട് തുടങ്ങി വലിയ ഒരു താരനിര പ്രത്യക്ഷപ്പെടുമ്പോഴും അഭിനയമായി ഒന്നും തന്നെ തോന്നാത്തത്-
‘ പട’പടർത്തുന്ന മുൻ സൂചിപ്പിച്ച തീവ്രരാഷ്ട്രീയ സംവേദനത്തിന്റെ ആ തീക്കാറ്റുകൊണ്ടു തന്നെയാണ്. അധികാര ദല്ലാളൻമാർ കക്ഷി ദേദമന്യേ അരുക്കാക്കിയ ഗോത്രവർഗ ജനതയുടെ ആത്മവിലാപം കേൾപ്പിക്കുന്നതിൽ, കെ എം കമൽ Kamal KM ഒരു സംവിധായകൻ എന്ന നിലയിൽ വലിയ വിജയം കൈവരിക്കുന്നുണ്ട് എന്നർഥം.. സാഹിത്യത്തിനും സിനിമക്കും എല്ലാം സത്യസന്ധമായ രാഷ്ട്രീയ ജീവിതം ഇടയ്ക്കെങ്കിലും സാധ്യമാണെന്ന് ഇത്തരം ആത്മവിചാരണകൾ മാത്രമായിരിക്കും നമ്മളെ സാർഥകമായി ഓർമപ്പെടുത്തുക.. നന്ദി.. സ്നേഹം ..!