പാപിനി (കവിത -ചാക്കോ ഇട്ടിച്ചെറിയ)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

25 February 2023

പാപിനി (കവിത -ചാക്കോ ഇട്ടിച്ചെറിയ)

ചാക്കോ ഇട്ടിച്ചെറിയ

പൌരുഷമുള്ള പുരുഷന്മാര്‍ ചുറ്റിലും
പാപിനിയാമവളേകാകിയായ്
പണ്ടൊരു നാൾനിന്നു ക്രിസ്തുവിന്‍ സന്നിധൗ
പണ്ഡിതന്മാരവരൊത്തുകൂടി!

പാപിനിയാണിവള്‍ ‍ഞങ്ങള്‍പിടികൂടി
പാപകര്‍മ്മത്തില്‍ വ്യഭിചാരിയെ
നീവിധി കല്‍പ്പിക്കയിക്ഷണം സൽഗുരോ
ജീവിക്കരുതിനി മേലിലിവള്‍ ‍!.

കല്ലെറിഞ്ഞിന്നു കൊല്ലേണമിവള്‍ക്കില്ല
തെല്ലോരവകാശം ജീവിക്കുവാന്‍
ന്യായപ്രമാണ മനുശാസിക്കുന്നോരു
ന്യായമായുള്ള വിധിയിതുതാന്‍

പാപമില്ലാത്ത പരിശുദ്ധസംഘത്തിന്‍
പാവനമായുള്ള വാക്കുകേട്ടാ
പാപവിനാശകന്‍ മെല്ലവേ മേലോട്ട്
പാപിനിതന്‍ മുഖത്തേക്ക് നോക്കി

പാപഭാരത്താല്‍ വിതുമ്പിതയായ് മുഖം
താഴ്ത്തി വിറച്ചു വിറച്ചു നില്‍ക്കും
വിശ്വമനസാക്ഷിയിന്‍ ക്ഷതമേറ്റൊരാ
വിശ്വാസിനിയോടലിവുതോന്നി!

വീണ്ടും മുഖംതിരിച്ചാവിശുദ്ധന്മാരോ
ടായിട്ടുരച്ചവനാജ്ഞപോലെ
നിങ്ങളിൽ പാപമില്ലാത്തവനാദ്യമായ്
കല്ലെറിയട്ടെയീ പാപിനിയെ!

തല്‍ക്ഷണം കല്ലുകളോരോന്നായ് താഴേക്കു
വീണു മണ്ണിന്റെ മാറില്‍പ്പതിച്ചു
സ്വന്ത വിശുദ്ധിയെക്കാണുവാന്‍ തങ്ങള്‍
ക്കൊരുവാക്കുമാത്രം മതിയായിപോൽ !

മെല്ലെ നടന്നകന്നായവര്‍ നിശ്വാസ
മല്ലാതവര്‍ക്കില്ല വേറെയൊന്നും
ചൊല്ലുവാനീ ദുഷ്ടലോകത്തെ വെല്ലുവാന്‍
നല്ലവനേശു വെന്നോര്‍ത്തുഹൃത്തില്‍!

ചൊല്ലിയില്ലായവള്‍ യാതോന്നുമേ തെല്ലു
മില്ലവള്‍ക്കാരോപണങ്ങളൊന്നും
എല്ലാം സഹിച്ചപമാനിതയായവള്‍
വല്ലഭന്‍ സന്നിധവു ചേര്‍ന്നുനിന്നു

ചപ്പിയെറിഞ്ഞ കനിക്കൊത്തുപോലവേ
തുപ്പിക്കളഞ്ഞ ചവറുപോലെ
ഇപ്പരിനുള്ള ഹൃദയത്തുടിപ്പുകള്‍
നില്‍പ്പൂ നിരക്കവേ പാപിനിയായ് !

കീറത്തുണിയും ധരിച്ചർദ്ധനഗ്നയായ്‌
മാറില്‍ക്കിതപ്പുമായ് നില്‍പ്പ് കഷ്ടം!
കൂറില്ലൊരുത്തര്ക്കുമാമാംസപിണ്ഡത്തെ
യാരും മനുഷ്യനെന്നെണ്ണിയില്ല

കൂട്ടുകാരില്ലവള്‍ക്കാശ്വാസമേകുവാന് ‍
പാട്ടിലായ്ത്തീര്‍ന്നവളേകാകിയായ്
കൂട്ടരുമില്ലാ കുലവുമില്ലായവള്‍
ക്കൊട്ടില്ലൊരാശ്വാസ വാക്കുപോലും!

നഷ്ടമായ്ത്തീര്‍ന്നെല്ലാ മീലോകമെത്രയോ
കഷ്ടതയേകിയവൾക്കു നിത്യം
ഇഷ്ടരുമില്ലിനിയെന്തിനിജ്ജീവിതം
ദുഷ്ടതയല്ലോ ജയിപ്പു നിത്യം!

കണ്ണാലെ കണ്ടുനീയീശ്വരാ മര്‍ത്ത്യന്റെ
തിണ്ണമിടുക്കുക ളിന്നയോളം
മന്നില്‍നീ സൃഷ്ടിച്ചുവച്ച മനുഷ്യനീ
വണ്ണമായ് ത്തീര്ന്നതിനെന്തു കാര്യം!

കണ്ടവരെല്ലാവരു മൊരുപോലൊരു
വിണ്ട ശരീരമപ്പാപിനിയില്‍
കണ്ടില്ലവരവളില്‍ യേശു കണ്ടൊരാ
മണ്ടിയാംപെണ്ണിന്‍ തനിസ്വരൂപം!

കത്തിയുയര്‍ന്നൊരു നിശ്വാസമുള്ളിൽനി
ന്നെത്തിനാനേശുവിന്‍ സന്നിധിയില്‍
ആനെടുവീര്‍പ്പി ന്നലകളുയരു
ന്നനശ്വര വീചികളായിയിന്നും

ഇന്നിവരാരും നിനക്കു ശിക്ഷാവിധി
തന്നില്ല യായതിനാലെ ഞാനും
നിന്നെ വിധിച്ചിടുന്നില്ല നീപൊയ്ക്കൊള്‍ക
നന്നായി ജീവിക്ക മേലിലെല്ലാം!

“എന്‍പ്രാണനാധനാമേശുവേ മൽപ്രിയാ

എന്‍വിധി ദുര്‍വിധി മാറ്റിയോനെ
നിന്‍പാദതാരുകള്‍ ഞാന്‍ നമിച്ചീടുന്നു
നിന്‍ കൃപയ്ക്കായ്‌ നന്ദിയേകിടുന്നു ”

എൻപാപമൊക്കെയും നീ പൊറുത്താകയാല്‍
നിന്‍കരുണാവലയത്തിനുള്ളില്‍
നിന്നിനി ഞാനൊട്ടുപോലുംചലിക്കില്ല
നിന്നെവിട്ടോടില്ലൊരുനാളിലും!

ചത്ത ശവംപോലെ നാറ്റംവമിക്കുന്ന
വൃത്തികെട്ടുള്ളോരു ജീവിഞാനും
എങ്കിലുമെന്‍ ഹൃദയത്തിൻ തുടിപ്പുകള്‍
എൻഗുരോ നീയറിഞ്ഞീടുന്നവന്‍

പാപിനി ഞാനെന്നു നീയറിഞ്ഞീടുന്നു
പാപത്തെ മുറ്റുംവെറുക്കുന്നവന്‍
പാപിക്കു പാതാളമല്ലാതെ ലഭ്യമോ
പാപിനിക്കെന്തേ പരുദീസയോ!

നിന്സ്നേഹവായ്പ്പിനാ ലിന്നുനീയെന്നാത്മ
നിര്‍വൃതി നല്കിയനുഗ്രഹിപ്പാന്‍
എന്ത് ഞാന്‍ ചത്തശവത്തിന്നു തുല്യമേ
ജന്തുവല്ലാതെ മനുഷ്യനാണോ!

സ്തബ്ദയായ് തന്മുന്നില്‍ നിന്നുമറഞ്ഞവള്‍
ബദ്ധയായില്ലയോ തന്‍ സ്നേഹത്താല്‍
ചിത്തവിശുദ്ധി തികഞ്ഞവളായവള്‍
ചത്തവള്‍ ചൈതന്ന്യമേറ്റു വീണ്ടും!!!.

ന്യായം തിരക്കി നടക്കും മനുഷ്യരെ
നിങ്ങള്‍തന്‍ ന്യായങ്ങളന്ന്യായങ്ങള്‍
നീതി നിവര്‍ത്തിക്കുവിന്‍ നിങ്ങള്‍ ദൈവമോ
നീതിമാനേതും കരുണയുള്ളോന്‍ !

യാഗത്തിലല്ല കരുണയിലല്ലയോ
യാഹവനേറ്റം പ്രസാദിച്ചിടൂ
യാഗമായ്‌ത്തീര്‍ന്നു കരുണയാലായവന്‍
ന്യായമെന്താ ണതിന്നോര്‍ത്തീടുവാന്‍

അന്നുവരെയുമപ്പാവമാം പെണ്ണിനെ
എന്നുമലട്ടി യവളുമൊപ്പം
അന്നും വ്യഭിചാര കൃത്യങ്ങള്‍ ചെയ്തിട്ട്
വന്നിടുന്നായവര്‍ കല്ലെറിയാന്‍ !

അല്ലവള്‍പാപിനി യാക്കിയവളെയും
മെല്ലവേയീലോക കിങ്കരന്മാര്‍
ആവോളമങ്ങു സുഖിച്ഛവസാനമായ്
ജീവിതവും വിലക്കുന്നവള്‍ക്ക് !

നില്‍ക്കൂ!നിരന്തരം നീയുയര്‍ത്തീടായ്ക
നിഷ്ടൂരമാം മുഷ്ടി നീചമര്‍ത്യാ
ഇല്ല പൊറുക്കില്ല നിന്‍പാപമേതുമേ
നീ സ്വയംനീതീകരിച്ചിടുന്നോന്‍ !

ജീവദാദാവവന്‍ സര്‍വ്വത്തിനുംശക്തി
മുക്തി മോക്ഷങ്ങളരുളിടുന്നോന്‍
അന്നു പഠിപ്പിച്ച സത്യത്തെയിപ്പൊഴും
മര്‍ത്യന്‍ മറക്കുന്നവന്‍ മര്ത്യനോ ! ?.

(വി.യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 8 ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള വാക്യങ്ങള്‍ ആധാരമാക്കി രചിച്ചത്).

ചാക്കോ ഇട്ടിച്ചെറിയ