ഉഷ.എസ്
നിലാവില്‍ കുളിച്ച് അടിമുടി പൂത്തു നിൽക്കുന്ന പാരിജാതം! നിലാവെളിച്ചത്തിൽ നക്ഷത്രപ്പൂക്കൾ പോലെ നിറയെ നിറയെ പാരിജാതപ്പൂക്കൾ. മനംമയക്കുന്ന പാരിജാതഗന്ധത്തിൽ മയങ്ങി അടുത്തുള്ള ഊഞ്ഞാലിൽ മയിലാഞ്ചിച്ചുവപ്പണിഞ്ഞ കൈകളാൽ വട്ടംകറങ്ങി ഏതോ സ്വപ്നംത്തിലെന്ന പോലെയിരിക്കുന്ന പെൺകുട്ടി!
അവൾക്ക് പാരിജാതം ‘ഗന്ധർവ്വൻ പൂ’ കൂടിയാണ്. കുഞ്ഞിലേ മുതലേ കേട്ടിരിക്കുന്നു അമ്മുമ്മക്കഥകളിലെ ഗന്ധർവ്വന് പാലപ്പൂക്കളല്ല പ്രിയം ഈ പാരിജാതപ്പൂക്കളാണ്. കാരണം അമ്മുമ്മക്കഥകളിൽ ഗന്ധർവ്വനോളം തന്നെ പാരിജാതവും നിറഞ്ഞുനിൽക്കുന്നു. ശ്രീകൃഷ്ണൻ തന്റെ പ്രിയതമയ്ക്കായ് ദേവലോകത്തു നിന്നും കൊണ്ടു വന്ന സുഗന്ധപുഷ്പങ്ങൾ വിരിയുന്ന പാരിജാതം! അമ്മുമ്മക്കഥകളിലൂടെ പെൺകുട്ടിയ്ക്ക് പണ്ടേ സത്യഭാമയെ അത്ര സുഖിച്ചിട്ടില്ല. സദാചാരവാദിയായ പെൺകുട്ടി ഭഗവാന്റെ ഭാര്യയായി രുഗ്മിണിയെ മാത്രം അംഗീകരിച്ചിട്ടുളളൂ. ഭാമയെ പോലെ അഹങ്കാരിയ്ക്ക് കൃഷ്ണൻ പാരിജാതം കൊണ്ടുവന്നെന്നോ?
സത്യഭാമയും രുഗ്മിണിയും തമ്മിലുള്ള സപത്നീപിണക്കങ്ങൾ അമ്മുമ്മക്കഥകളിലേറെയുണ്ട്. വരും ജന്മങ്ങളിൽ ശ്രീകൃഷ്ണനെ ഭർത്താവായി കിട്ടാന്‍ കണ്ണനോളം സ്വർണ്ണ ദാനം ചെയ്യാന്‍ തയ്യാറായ ഭാമ! ഭാമയ്ക്ക് സ്വംർണ്ണത്തിന് ക്ഷാമമുണ്ടോ? സ്യമന്തകം തന്നെയിരിക്കുകയല്ലേ സ്വന്തമായി. പക്ഷേ എത്ര സ്വർണ്ണം വെച്ചിട്ടും കണ്ണന്റെ തൂക്കത്തോളമെത്തുന്നില്ല. അവസാനം രുഗ്മിണീദേവി വെച്ച ഒരു തുളസിയില കൃഷ്ണനും മേൽ തൂക്കമാവുന്നത് സന്തോഷത്തോടെ കേട്ടു നിൽക്കുന്ന പെൺകുട്ടി. ഭാമയുടെ അഹങ്കാരത്തെ രുഗ്മിണീദേവിയുടെ പ്രണയം ജയിക്കുന്നു. അങ്ങനെയുള്ള രുഗ്മിണിക്കാണ് കൃഷ്ണൻ നാരദർ സമ്മാനിച്ച പാരിജാതമാല സമ്മാനിക്കുന്നത്. ദേവന്മാരും അസുരന്മാരും പാലാഴിമഥനം കടഞ്ഞപ്പോൾ കിട്ടിയതാണ് പാരിജാതവും. അത് ദേവേന്ദ്രൻ സ്വന്തമാക്കി. ആ പാരിജാതമലരിനായി ഭാമയുടെ വഴക്ക്. രുഗ്മിണിക്ക് പാരിജാതമാലയല്ലേ കൊടുത്തുളളു നിനക്ക് പാരിജാതം മരം തന്നെ കൊണ്ടുവരുമെന്ന് കൃഷ്ണൻ. അങ്ങനെ ദേവലോകത്തു നിന്ന് പാരിജാതം കൊണ്ടുവന്ന് ഭാമയുടെ മുറ്റത്തു നട്ടു. ആറ്റുനോറ്റു പൂവിട്ടു. പക്ഷേ പൂക്കൾ വീഴുന്നത് രുഗ്മിണിയുടെ മുറ്റത്തും…….
രുഗ്മിണീദേവിയുടെ – കണ്ണന്റെ പ്രണയപ്പൂക്കളെ നോക്കി പുളകംകൊണ്ട് കാലങ്ങൾക്കപ്പുറം ഒരു പെൺകുട്ടി. അവളുടെ ഗന്ധർവ്വന് അവൾക്കിഷ്ടമുളള കണ്ണന്റെ ഛായയല്ലേ ഉണ്ടാവൂ. ആ കുസൃതികണ്ണുളളവന് വന്നിരിക്കാൻ പാരിജാതഛായയല്ലാതെ എന്താ ചേരുക?
അമ്മുമ്മയുടെ ഗന്ധർവ്വൻ തറവാട്ടിലെ അറയ്ക്കുളളിൽ കുടികൊളളുന്നു ഗന്ധർവ്വൻ പാട്ടിൽ ഗന്ധർവ്വൻ ആവേശിക്കുന്ന തുളളൽ കാണാന്‍ മനോഹരമത്രേ. അന്നൊന്നും മാമ്പല മഠത്തില്‍ ഗന്ധർവ്വൻ പാട്ടു നടത്താറില്ല. കുടംകൊട്ടി പാട്ടും യക്ഷിപ്പാട്ടും കണ്ട എനിക്ക് തുളളൽ അത്ര ഭംഗിയായി തോന്നാറില്ല. നാഗങ്ങളായി വരുന്നവരെല്ലാം മണ്ണിൽ കിടന്നിഴഞ്ഞും പിന്നെ ശരീരമാകെ വളച്ചും ഉലയുമ്പോൾ അവൾക്ക് സ്വന്തം ശരീരമാകെ നീറുന്നതുപോലെ…..
അറുകൊലയമ്മാവനായി വരുന്ന കാരണവരാകട്ടെ കൈയില്‍ വടിയുമായി ഉറക്കെ ആക്രോശിച്ച് തുളളിവരുമ്പോൾ പെൺകുട്ടി ഒതുങ്ങിയിരിക്കുന്ന അമ്മയുടെ മറവിലാകും. എപ്പോഴും അമ്മുമ്മയാണ് ധൈര്യമെങ്കിൽ ഇവിടെ അമ്മുമ്മയെ വിശ്വസിച്ചു കൂടാ. അനുഗ്രഹിക്കപ്പെട്ട പരദേവതകൾക്കു മുമ്പിൽ ചോദ്യോത്തരങ്ങളുമായി ഇഷ്ടത്തി മുൻനിരയിലാകും.
വർഷങ്ങൾക്കു ശേഷം മഠത്തില്‍ ഗന്ധർവ്വൻ പാട്ട് മിക്കവാറും വർഷങ്ങളിൽ വഴിപാടായി നടത്താന്‍ തുടങ്ങി. ഗന്ധർവ്വൻ തുളളൽ മനോഹരം തന്നെ. പാട്ടുകൾ തന്നെ ഏറെ വ്യത്യസ്തം. സർപ്പംപാട്ടിലേയും യക്ഷിപാട്ടിലേയും പോലെ ദേവസ്തുതികളോ നാഗവർണ്ണനകളോ അല്ല. മറിച്ച് മാരനെ വർണ്ണിക്കുന്ന പ്രണയം തുളുമ്പുന്ന വരികൾ!
“എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടേ
എന്തേ കളത്തില്‍ വരാത്ത മാരൻ”
“വൃന്ദാവനപ്പൊയ്കയിൽ മാരൻ മാനിനിമാരുമൊത്ത്
മാനിനിമാരുമായ് ആനന്ദനടനമാടി
ചന്ദനവൃക്ഷങ്ങളേ കണ്ടുവോ മാരനെ”
പച്ചക്കുതിരയേറിവരുന്ന മാരനെ വർണ്ണിക്കുമ്പോൾ കളത്തിനരികെയിരുന്ന പെൺകുട്ടികളെ മാറ്റി നിര്‍ത്തി മറ്റൊരു സുന്ദരിക്കുട്ടി മാരനായി. പാട്ടിനനുസരിച്ച് വാൽക്കണ്ണാടി നോക്കി മുഖം മിനുക്കി കണ്ണെഴുതി പൊട്ടുതൊട്ട് മുടി ചീകി മുല്ല മാല ചൂടി വെറ്റില മുറുക്കി ചുണ്ടു ചുവപ്പിച്ച്……..
ചാഞ്ഞും ചരിഞ്ഞും കണ്ണാടിയിൽ ഭംഗി നോക്കുന്ന മാരൻ. ഇടയ്ക്കിടെ താളം പിടിച്ച്….
അങ്ങനെ കാണാന്‍ എന്തു ഭംഗി!
പത്മരാജന്റെ ‘ഞാന്‍ ഗന്ധർവ്വൻ’ സിനിമ വരുമ്പോഴേക്കും പെൺകുട്ടി വിവാഹിതയായി കഴിഞ്ഞിരുന്നു. ഈ മനോഹരമായ പ്രണയകാവ്യം വിവാഹത്തിനു മുമ്പ് കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ഇന്നും അവളുടെ വലിയ ദു:ഖം! സദാചാരക്കാരി പെൺകുട്ടിയ്ക്ക് വിവാഹത്തിനു മുമ്പായിരുന്നെങ്കിൽ എത്രയോ സ്വപ്നങ്ങൾ നൽകുമായിരുന്നു ഒരു കാര്യം പോൽ മനോഹരമായ ആ സിനിമ.
” ഈ രാധയുളളിൽ പ്രതിഷ്ഠിതമാകയാൽ
തീരാത്ത തേടലാകുന്നു ജന്മം”
എന്ന് സുഗതകുമാരി പാടിയതു പോലെ കൃഷ്ണനും ഗന്ധർവ്വനുമൊക്കെ ഒരിക്കലും നശിക്കാത്ത പ്രണയത്തിന്റെ ചേതോഹരമായ ഭാവങ്ങൾ!
പിൻകുറിപ്പ്: ചിത്രത്തിൽ കാണുന്നതാണ് എന്റെ പാരിജാതം. ഗന്ധരാജനാണ് ഇതെന്നു പറയുന്ന പലരുമുണ്ട്. പക്ഷേ ഞാന്‍ സമ്മതിച്ചു തരില്ല. അമ്മുമ്മക്കഥകളിലൂടെ കൃഷ്ണന്‍ രുഗ്മിണിക്കും ഭാമയ്ക്കും കൊടുത്ത, ഗന്ധർവ്വൻ കുടികൊള്ളുന്ന എന്റെ വീട്ടില്‍ കണ്ടു വളർന്ന എന്റെ സ്വന്തം പാരിജാതം!
