കഥയോര്‍മ്മകളുടെ കുന്നിന്‍ ചരുവില്‍ പാര്‍വ്വതി പ്രവീണ്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


12 September 2022

കഥയോര്‍മ്മകളുടെ കുന്നിന്‍ ചരുവില്‍ പാര്‍വ്വതി പ്രവീണ്‍

അനിൽ പെണ്ണുക്കര

കഥകള്‍ എപ്പോഴും അത്ഭുതങ്ങളുടെ താഴ്വരകളിലാണ് പിറക്കുന്നത്. ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് പോലെ കഥാകൃത്ത് ഓര്‍മ്മകളെയും അനുഭവങ്ങളെയും കൂട്ടിവച്ചൊടുവില്‍ അക്ഷരങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ കഥകള്‍ പിറക്കുന്നു. ആ പിറവിയുടെ അര്‍ത്ഥതലങ്ങള്‍ എല്ലാമറിഞ്ഞ ഒരു കഥാകൃത്താണ് പാര്‍വ്വതി പ്രവീണ്‍. ഏതോ മുജ്ജന്മത്തിന്‍റെ കര്‍മ്മഫലം കൊണ്ടാണ്. പാര്‍വതിയുടെ കഥകള്‍ ഒരു കാലത്തെയും ദേശത്തെയും, കൃത്യമായി വരച്ചിടുമ്പോള്‍ അത് കാലതീതമായി നിലനില്‍ക്കാന്‍ തക്കവണ്ണം കരുത്തുള്ള ഒരു ചരിത്രം കൂടിയായി ലോക മലയാള കഥകളില്‍ ഓര്‍മ്മിക്കപ്പെടും.
പ്രൊഫ. ബാലചന്ദ്രന്‍റെയും ശ്രീദേവി കുഞ്ഞമ്മയുടെയും മകളായി പത്തനംതിട്ടയില്‍ ജനിച്ച പാര്‍വ്വതി സ്കൂള്‍ കാലഘട്ടം മുതല്‍ക്കേ കലകളോട് വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഒരു മനുഷ്യന്‍റെ മനസ്സ് വേരുകള്‍ ഉറപ്പിക്കുന്ന പ്രായത്തില്‍ ത്തന്നെ കലയുടെ വെളിച്ചം പാര്‍വ്വതി ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. കലോത്സവങ്ങളില്‍ സബ്ജില്ല, ജില്ല കലാതിലകമായും, സംസ്ഥാന കലോത്സവങ്ങളില്‍ ലഭിച്ച വിജയങ്ങളായും ആ വെളിച്ചം പാര്‍വ്വതിയുടെ ജീവിതത്തെ തന്നെ നയിക്കുകയായിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ പാര്‍വ്വതി ചെറുപ്പംമുതല്‍ക്കേ പുസ്തകങ്ങളെയും അക്ഷരങ്ങളെയും പ്രണയിച്ച് തുടങ്ങിയിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞുള്ള അവധിക്കാലത്താണ് പാര്‍വ്വതിയിലെ എഴുത്തുകാരി വായന ഒരു വിനോദമായി കണ്ടുതുടങ്ങിയത്. പിന്നീട് അച്ഛന്‍ പഠിപ്പിക്കുന്ന കോളേജ് ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ എടുത്തു വായിച്ചും എഴുതിയും ആ പ്രണയം കൂടുതല്‍ ശക്തമായി.
വായനയില്‍ പലപ്പോഴും പരിസ്ഥിതിയോടും ഭാഷയോടും സ്ത്രീത്വത്തോടും വ്യക്തമായ ഒരു നിലപാട് പാര്‍വ്വതി ചെറുപ്പത്തിലേ സ്വീകരിച്ചിരുന്നു. എം. ടിയുടെയും, മാധവിക്കുട്ടിയുടെയും, ബഷീറിന്‍റെയും, എം. മുകുന്ദന്‍റെയും, മലയാറ്റൂര്‍ രാമകൃഷ്ണന്‍റെയും, എസ്. കെ പൊറ്റക്കാടിന്‍റെ യാത്രാവിവരണവുമെല്ലാം ആ ശീലങ്ങളെ ആ പെണ്‍കുട്ടിയില്‍ ഊട്ടിയുറപ്പിക്കുകയായിരുന്നു. എപ്പോഴും പുസ്തകങ്ങളെയാണ് പാര്‍വ്വതി തന്‍റെ സുഹൃത്തുക്കളായി കണ്ടിരുന്നത്. അവരോട് മിണ്ടിയും പറഞ്ഞും അവള്‍ തന്‍റെ ജീവിതം മുഴുവന്‍ അറിവിന്‍റെ വലിയൊരു അക്ഷയപാത്രമാക്കി മാറ്റി. വായന എഴുത്തിനെ ഒരുപാട് സഹായിച്ചതോടെ ചെറുപ്പത്തില്‍ ഡയറി എഴുതിയാണ് പാര്‍വ്വതി എഴുത്തിന്‍റെ ലോകത്തിലേക്ക് കടന്നുവരുന്നത്. ഈ ശീലം പിന്നീട് കഥകളും ഓര്‍മ്മകുറിപ്പുകളും എഴുതാന്‍ എഴുതാന്‍ പാര്‍വ്വതിയെ കൂടുതല്‍ സഹായിച്ചിരുന്നു.
ജീവിതം ഒരു വലിയ ജലാശയംപോലെ പരന്നുകിടക്കുമ്പോഴാണ് അമേരിക്കയിലേക്കുള്ള ഒരു മാറ്റം പാര്‍വ്വതിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പരിസ്ഥിതി മാറി, ജീവിതവും മനുഷ്യരും മാറി പക്ഷെ പാര്‍വ്വതി അപ്പോഴും തന്‍റെ സ്വപ്നങ്ങളിലെ ഗ്രാമങ്ങള്‍ക്കും, ഗ്രാമീണതയ്ക്കും നിറം നല്‍കിക്കൊണ്ടിരുന്നു. അമേരിക്കയിലിരുന്ന് തന്‍റെ നാടിന്‍റെ ഓര്‍മ്മകളെക്കുറിച്ച് അവരെഴുതിയപ്പോള്‍ അതിനു വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആഹീഴ എഴുത്തുക്കളുടെ വലിയൊരു ലോകം ത്തന്നെ പിന്നീട് പാര്‍വ്വതി പ്രവീണിന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു.
‘എന്‍റെ കല്പടവ്’ എന്ന പേരില്‍ ഒരു ബ്ലോഗ് എഴുതിയപ്പോള്‍ ഓര്‍മ്മകളുടെ വെള്ളം കയറി തന്‍റെ ഉടുപ്പാകെ നനച്ചെന്നാണ് പാര്‍വ്വതി പ്രവീണ്‍ തന്‍റെ ഓര്‍മ്മകുറിപ്പുകളില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്.
‘പമ്പാനദിയുടെ തീരത്തുള്ള എന്‍റെ ഓര്‍മ്മകളെ അമേരിക്കയിലിരുന്ന്, എഴുതിതുടങ്ങിയപ്പോള്‍ പമ്പയിലേക്കിറങ്ങുന്ന ആ കല്പടവുകളുടെ പേര് തന്നെ ഉചിതം എന്നു തോന്നി. യാത്രകള്‍ ചെയ്യാനും സ്വപ്നങ്ങള്‍ കാണാനും ഇഷ്ടമുള്ള എനിക്ക് ഒരു പേരുണ്ട് ‘സ്വപ്നജീവി എന്‍റെ യാത്രകളില്‍ എന്‍റെ സ്വപ്നങ്ങള്‍ ചേരുമ്പോള്‍ ആ യാത്ര എനിക്ക് മനോഹരമാകും. യാത്രകള്‍ ചെറുതോ വലുതോ ആകട്ടെ ഞാന്‍ ഉറങ്ങും എന്‍റെ സ്വപ്പനങ്ങള്‍ക്കായ്. ഇതറിയുന്നവര്‍ കളിയാക്കും, ആ കളിയാക്കലുകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പക്ഷെ ഞാന്‍ ഉറങ്ങും, നല്ല പാട്ടുകള്‍ കേട്ട്. ചെറിയ ഒരു കുലുക്കത്തില്‍, നിദ്രാദേവി എന്‍റെ മിഴികളെ ചുംബിച്ച് ബലഹീനമാക്കും. എന്‍റെ സ്വപ്നങ്ങള്‍ മയക്കത്തില്‍ നിന്ന് ഉയര്‍ന്ന് വിഹായസ്സിലേക്കു ഉയരുവാന്‍ ചിറകുകള്‍ അടിക്കും. ഞാനും എന്‍റെ സ്വപ്നങ്ങളും വിഹായസ്സില്‍ പറന്നുല്ലസിക്കും. ഒരിക്കലും തിരിച്ചു കിട്ടാത്ത നടക്കാത്ത മിഥ്യാ ലോകത്തിലേക്കു പോകും. ആ മിഥ്യകളെ എല്ലാം ആസ്വദിക്കും… എന്തൊരു അനുഭൂതിയാണ് …
എന്‍റെ സ്വപ്ന യാത്രകളില്‍ ഞാന്‍ വീണ്ടും പോകാനും വീണ്ടും കാണാനും വീണ്ടും ആസ്വദിക്കാനും കൊതിക്കുന്ന സ്ഥലം ഏതാണ്…? പമ്പാനദിയിലേക്ക് ഇറങ്ങുന്ന ആ കല്‍പടവുകള്‍. ആ കല്പടവില്‍ എത്തുമ്പോള്‍ വെറും അഞ്ച്ആ വയസ്സ് പ്രായമുളള കുട്ടിയായ് ഞാന്‍ മാറും. കല്പടവുകളുടെ ഇരുവശവും മുളങ്കാടുകളാണ്. ആ മുളങ്കാട്ടില്‍ കൂടി കല്പടവിടറങ്ങി ആറ്റില്‍ മുങ്ങാങ്കുഴിയിട്ട് നടന്ന ഒരു കൊച്ചുകുട്ടിയായി ഞാന്‍ മാറും. മുളങ്കാട്ടില്‍ തട്ടി വരുന്ന നനുത്ത ഈറന്‍ കാറ്റും, നിശബ്ദമായി ഒഴുകുന്ന പമ്പയും, ചെറിയ പക്ഷികളുടെ ശബ്ദവും ഒന്ന് കണ്ണുകള്‍ അടച്ചാല്‍ എന്‍റെ കണ്‍മുന്‍പില്‍ വന്നുനില്‍ക്കും. എന്നെ ലാളിക്കുവാന്‍ ആ മുളങ്കാടും, എന്‍റെ പരിഭവങ്ങള്‍ കഴുകിക്കളയുവാന്‍ പമ്പയും, എന്നെ പുണരുവാന്‍ ആ കാറ്റും. പോരെ ഞാന്‍ ധന്യയാകാന്‍. ആ നിര്‍വൃതിയിലായിരിക്കും എന്‍റെ പല യാത്രാ നിദ്രകളും.
ഓര്‍മ്മകള്‍ ഈ കല്‍പ്പടവില്‍ അവസാനിക്കുമ്പോള്‍ പാര്‍വ്വതിയുടെ എഴുത്തുകള്‍ കൂടുതല്‍ ദൂരങ്ങളിലേക്ക് സഞ്ചരിക്കുന്നു. മുഖം ബുക്സിന്‍റെ ലോക മലയാള കഥകളിലൂടെ പാര്‍വ്വതി അമേരിക്കന്‍ ഓര്‍മ്മകള്‍ കഥകളിലൂടെ പങ്കുവയ്ക്കുകയും അവയ്ക്കൊപ്പം വായനക്കാരിലേക്ക് നടന്നുകയറുകയും ചെയ്യും. പാര്‍ശ്വവീഥികള്‍ പറഞ്ഞു തുടങ്ങുന്നു എന്ന കഥാസമാഹാരത്തിലും പാര്‍വതിയുടെ രണ്ട് കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമൃത ടെലിവിഷനില്‍ വനിത രത്നം റിയാലിറ്റി ഷോയില്‍ പങ്കെടുത്ത പാര്‍വ്വതി പ്രവീണ്‍ ടാലന്‍റ് അക്വസിഷന്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നതിനോടൊപ്പം, നൃത്യമോഹിനി എന്ന ഡാന്‍സ് സ്കൂളിന്‍റെ ഡയറക്ടര്‍ കൂടിയാണ്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവ് പ്രവീണ്‍. രണ്ടു മക്കളായ സിദ്ധാര്‍ത്ഥ. പി. രഘുനാഥ, ഋഷികേഷ്. പി. രഘുനാഥ എന്നിവര്‍ക്കൊപ്പം മെരിലാന്‍റില്‍ താമസിക്കുന്നു. പാര്‍വ്വതിയ്ക്ക് എല്ലാവിധ പിന്തുണയുമായി കുടുംബം കൂടെയുണ്ട്.