കൊച്ചിയുടെ അപ്പോസ്തലനു വിട (ജോര്‍ജ് മാത്യു പുതുപ്പള്ളി)

sponsored advertisements

sponsored advertisements

sponsored advertisements


4 January 2023

കൊച്ചിയുടെ അപ്പോസ്തലനു വിട (ജോര്‍ജ് മാത്യു പുതുപ്പള്ളി)

ജോര്‍ജ് മാത്യു പുതുപ്പള്ളി

കൊച്ചിയുടെ അപ്പോസ്തലന്‍ സ്വര്‍ഗഗേഹമണഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട എന്‍.റ്റി തോമാച്ചായന്‍ ഇനി ഭൂമിയിലില്ല. ഷാര്‍ജയില്‍ വെച്ച് ജനുവരി നാലിനു രാവിലെയാണ് ഞാന്‍ അദ്ദേഹത്തിന്‍റെ വിയോഗവാര്‍ത്ത ശ്രവിച്ചത്. ഓര്‍മകളുടെ ഒരു കടലിരമ്പം മനസില്‍ അലയടിക്കുന്നു.
എന്‍.റ്റി തോമാച്ചായനെ ആദ്യമായി കാണുന്ന രംഗം ഇന്നെന്നപോലെ എന്‍റെ കണ്‍കോണിലുണ്ട്. 1992 നവംബര്‍ 7-ന് ഞാനും സാലിയും മാമംഗലം ചര്‍ച്ച് ഓഫ് ഗോഡിലെ സ്നാനക്കുളത്തില്‍ വിശ്വാസസ്നാനമേറ്റ് വെള്ളത്തില്‍ നിന്നു പൊങ്ങുമ്പോള്‍ പരിസരത്തെ കിടിലം കൊള്ളിക്കുന്ന ഒരു ഹല്ലേലുയ്യ ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങി. ശബ്ദം കേട്ട ഭാഗത്തേക്ക് ഞാനൊന്നു നോക്കി. അജാനബാഹുവായ ഒരു പാസ്റ്റര്‍ കൈകള്‍ ഉയര്‍ത്തി ആകാശത്തിലേക്ക് നോക്കി ദൈവസ്തുതി ഉയര്‍ത്തുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്.
തുവര്‍ത്തി കയറുമ്പോള്‍ അദ്ദേഹം വന്ന് എനിക്കു കൈകള്‍ തന്ന് പ്രയ്സ് ദ ലോര്‍ഡ് പറഞ്ഞശേഷം സ്വയം പരിചയപ്പെടുത്തി. ‘ഞാന്‍ പാസ്റ്റര്‍ എന്‍.റ്റി തോമസ്.’ പിന്നീട് ഞങ്ങള്‍ ബന്ധുക്കാരുമായി. എന്‍.റ്റി തോമാച്ചായന്‍റെ ഇളയമകന്‍ ബെന്നി വിവാഹം കഴിച്ചിരിക്കുന്നത് എന്‍റെ മകന്‍ മനുവിന്‍റെ ഭാര്യ ജോണ്‍സി മോളുടെ മാതൃസഹോദരിയെയാണ്. അന്നു തുടങ്ങിയ ആത്മീയ ബന്ധത്തിന് ഇപ്പോള്‍ മുപ്പത് വയസ് പ്രായം. കാണുമ്പോഴൊക്കെ ഉച്ചത്തില്‍ വിളിക്കും:
“പുതുപ്പള്ളി അച്ചോ, എന്തുണ്ട് വിശേഷം?” എന്‍.റ്റി. തോമാച്ചായന്‍റെ ശബ്ദത്തിനും ചിരിക്കും മറ്റുള്ളവരുടേതില്‍ നിന്നും എന്തോ ഒരു പ്രത്യേകത ഉണ്ട്. എന്തോ മാസ്മരികതയും ആത്മീയതയും അതില്‍ നിറഞ്ഞു കിടക്കുന്നു. പഴയ പട്ടാളക്കാരനായ അദ്ദേഹത്തെ യേശുകര്‍ത്താവ് വിളിച്ചു തന്‍റെ സൈന്യത്തില്‍ കേണലാക്കി. ജീവിതം മുഴുവന്‍ യേശുവിന്‍റെ അനുസരണയുള്ള ഒരു ഉത്തമ പടയാളിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. ജീവിതത്തെ സുവിശേഷത്തിനു വേണ്ടി ചൂതാടി.
എല്ലാ ദിവസവും അതിരാവിലെ ഹാന്‍ഡ് മൈക്കും കയ്യിലേന്തി വഴിനീളെ നടന്ന് ദൈവവചനം ഉച്ചത്തില്‍ വിളിച്ചുപറയുന്നത് അദ്ദേഹത്തിന് ഹരമായിരുന്നു. പ്രായവും അനാരോഗ്യവുമൊന്നും വകവെക്കാതെ ജീവിതാവസാനം വരെ ആ കര്‍ത്തവ്യം അദ്ദേഹം ഭംഗിയായി നിറവേറ്റി.
എന്നെ കാണുമ്പോഴൊക്കെ പറയുമായിരുന്നു, ‘അച്ചോ ഞാന്‍ അടുത്തയാഴ്ച പഞ്ചാബില്‍ സുവിശേഷം അറിയിക്കുവാന്‍ പോകുകയാണ്. അച്ചന്‍ പ്രാര്‍ത്ഥിക്കണം.’ എന്നെയും സാലിയെയും അദ്ദേഹം കൊച്ചുമക്കളെപ്പോലെ സ്നേഹിച്ചു. എന്‍റെ മക്കളായ മനുവിനും മീനുവിനും അദ്ദേഹം വാത്സല്യമുള്ള അപ്പച്ചനായിരുന്നു. അദ്ദേഹം ക്ഷീണിതനായിരിക്കുന്ന സമയത്ത് ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ഭവനത്തില്‍ പോകുമായിരുന്നു.
അദ്ദേഹത്തിന്‍റെ കാര്യങ്ങള്‍ പറയാതെ യേശുവിനെക്കുറിച്ചും സുവിശേഷത്തെക്കുറിച്ചും പറയുവാനായിരുന്നു അദ്ദേഹത്തിനു താത്പര്യം. സുവിശേഷം അദ്ദേഹത്തിന് ഒരു ലഹരിയായിരുന്നു. യേശുവിനോട് അദ്ദേഹത്തിന് ഒരുതരം ഭ്രാന്തമായ സ്നേഹമായിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടില്‍ നടക്കുന്ന വിവാഹത്തിനും മറ്റ് വിശേഷങ്ങള്‍ക്കും ഞാനും കുടുംബവും പ്രത്യേകം ക്ഷണിതാക്കളായിരുന്നു. ഹൃദയത്തിന്‍റെ ഉള്ളില്‍ നിന്നാണ് അദ്ദേഹം ഞങ്ങളെ സ്നേഹിച്ചത്. യേശുവിനോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹമായിരുന്നു ഞങ്ങളെയും സ്നേഹിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏറ്റക്കുറച്ചില്‍ കൂടാതെ അന്ത്യംവരെ ആ സ്നേഹം നിലനിന്നു.
ആരോടും സുവിശേഷം പറയാനും പരിസരം നോക്കാതെ ഉച്ചത്തില്‍ ഹല്ലേലുയ്യ പറയാനും എന്‍.റ്റി തോമാച്ചായനു ലജ്ജയില്ലായിരുന്നു. അത്തരത്തിലൊരു ദൈവദാസനെ അധികമായി വേറെ ഞാന്‍ കണ്ടിട്ടില്ല. ഐപിസിയിലെ സീനിയര്‍ പാസ്റ്ററായിരുന്ന അദ്ദേഹം ഞങ്ങള്‍ക്ക് എന്‍.റ്റി തോമാച്ചായനായിരുന്നു. ഒരിക്കല്‍പ്പോലും അദ്ദേഹത്തെ പാസ്റ്റര്‍ എന്ന് ഞാന്‍ വിളിച്ചതായി ഓര്‍ക്കുന്നില്ല. എറണാകുളത്തെ ഏത് ആത്മീയസമ്മേളനങ്ങളിലും അദ്ദേഹം ഒരു നിറസാന്നിദ്ധ്യമായിരുന്നു. ക്ഷീണിതനായ സമയത്തും മക്കള്‍ അദ്ദേഹത്തെ ആത്മീയസമ്മേളനങ്ങളിലൊക്കെ എത്തിക്കുന്നത് ഞാന്‍ പല പ്രാവശ്യം കണ്ടിട്ടുണ്ട്.
അനുകരണാര്‍ഹമായ പക്വതയും അപാരമായ ഓര്‍മ്മശക്തിയും അദ്ദേഹത്തിന് ഉണ്ടായിരുന്നതായി എനിക്കും തോന്നിയിട്ടുണ്ട്. പ്രതിപക്ഷ ബഹുമാനത്തോടുകൂടി മാത്രമേ അദ്ദേഹം സംസാരിക്കുമായിരുന്നുള്ളൂ. ആരെക്കുറിച്ചും നല്ലതല്ലാതെ മോശം ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല, എന്നോട് പറഞ്ഞിട്ടുമില്ല. സുവിശേഷരക്തമായിരുന്നു അദ്ദേഹത്തിന്‍റെ സിരകളിലൂടെ ഒഴുകിയിരുന്നത്. സുവിശേഷസ്നേഹം മക്കളിലേക്കും കൊച്ചുമക്കളിലേക്കും പകര്‍ന്നുകൊടുക്കാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു.
ഭക്തരായ ദൈവദാസډാര്‍ ഈ പാഴ്ഭൂമിയുപേക്ഷിച്ച് സ്വര്‍ഗീയ കനാനിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. പെന്തെക്കൊസ്തിലെ പഴയ തലമുറയിലെ അവസാന കണ്ണികളില്‍ പ്രമുഖനായ എന്‍.റ്റി. തോമാച്ചായനും തന്‍റെ ഓട്ടം തികച്ച് സ്വര്‍ഗത്തിലെത്തി ഏതു സദസ്സിലും മുഴങ്ങിക്കേട്ടിരുന്ന ‘പുതുപ്പള്ളി അച്ചോ’ എന്ന വിളി ഞാന്‍ ഇനി ആ നാവില്‍നിന്നു കേള്‍ക്കില്ല. എന്നാല്‍, അദ്ദേഹത്തിന്‍റെ മുഖത്തു പരന്നു കിടന്നിരുന്ന നിറപുഞ്ചിരി ഒരിക്കലും എന്‍റെ മനസ്സില്‍ നിന്നു മായുകയില്ല. അതെ, എന്‍.റ്റി. തോമാച്ചായന്‍റെ വാത്സല്യത്തിനും സ്നേഹത്തിനും ഞങ്ങളുടെ ഹൃദയത്തില്‍ ഒരിക്കലും മരണമില്ല; ഒരിക്കലും.

PASTOR N T THOMAS