പത്തിരി (നോമ്പോർമ്മകൾ -ബാലു തളിക്കുളം)

sponsored advertisements

sponsored advertisements

sponsored advertisements

4 April 2022

പത്തിരി (നോമ്പോർമ്മകൾ -ബാലു തളിക്കുളം)

ണ്ട്, ഇത്രയൊന്നും സമൃദ്ധമല്ലാത്ത ഒരു കാലത്ത്……
(ഉച്ചയ്ക്ക് ചോറ് ഉണ്ട് കഴിഞ്ഞാൽ പിന്നെ രാത്രിയേ ഉള്ളൂ.
സ്കൂള് വിട്ട് വന്നാൽ ഒരു “ഗോദാവരി വെള്ളം” (ചായ എന്നാണ് പേര് !!) കിട്ടും.
അത്രേള്ളൂ..അപ്പോഴാണ് ഒരു മോന്തി നേരത്ത്
കിഴക്കേലെ ബീവിമ്മ ഒരു വസ്തിപ്പിഞ്ഞാണത്തില് വാഴയില കൊണ്ട് മൂടി എന്തോ വടക്കേപ്പറത്തൂടെ കൊണ്ട് വരുന്നത്.
ഓടിവന്ന് നോക്കി.ബീവിമ്മ അമ്മയോട് ഇങ്ങനെ മൊയിഞ്ഞ്…
“നിങ്ങ കുറച്ച് നാളിയേരപ്പാല് പിയിഞ്ഞോളിൻ അതില് പഞ്ചാരചേർത്തിളക്കി ഇതുമ്മേല് പാർന്ന് കുട്ട്യോള്ക്ക് കൊടുക്കിൻ.
നുമ്മ പോട്ട് ബാങ്കൊടുക്കാറായി.
നോമ്പെറക്കാൻ മൂപ്പര് ഇപ്പ പാഞ്ഞ് വരും.
പോട്ടേട്ടാ..”
“ബീവീ ഈ പാത്രം??”
“ഇപ്പ ബേണ്ടാന്നും, അബടെ ബച്ചോളിൻ,
ഞമ്മ നാളെ ബന്ന് ബാങ്ങിച്ചോളാം..”
തുറന്ന് നോക്കിയപ്പോൾ കണ്ടത് മുല്ലപ്പൂ നിറമുള്ള ദോശ,അതോ ചപ്പാത്തിയോ?
ഇതെന്താ അമ്മേ?
ഇതാണ് പത്തിരി.
“അവരുടെ നോമ്പ് ഇന്ന് തുടങ്ങി.
നോമ്പ്തുറയ്ക്ക് അവര് പത്തിരീം ഇറച്ചിക്കറീം ണ്ടാക്കും.
ഇനി ഒരു മാസം അവർക്ക് നോമ്പാണ്”.
അമ്മ പാല് കുതിർത്ത് തന്നു.
വായിലിട്ടതും അലിഞ്ഞ് പോയി.
എന്റെ വിഹിതമായ അഞ്ച് പത്തിരീം അഞ്ച് നിമിഷം കൊണ്ട് തീർന്നു.
“നാളേം അവര് കൊണ്ട് വര്വോ?”
“ഇല്ല മോനേ.
ഇന്ന് ആദ്യനോമ്പാണ്
അതോണ്ടാ..
എന്നും പത്തിരീം ഇറച്ചീംണ്ടാക്കാനൊന്നും ആ കാദറിന് പാങ്ങില്ല മോനേ..
ഇനി 27ആം രാവ് വരും അന്ന് ഉണ്ടാക്കുമായിരിയ്ക്കും..”
“ഒരു ദിവസം നമുക്കും ണ്ടാക്കിയാലോ?”
“അത് അമ്മയ്ക്കറിയില്ല മോനേ. .”
എന്നിട്ടും ബീവിമ്മയോട് ചോദിച്ച് “മനസ്സിലാക്കി”(?) അമ്മ മാവ് കുഴച്ച് ഉരുളയാക്കി.
പത്തിരീടെ പത്ത് തിരീം കഴിഞ്ഞ് പതിനഞ്ച് തിരിയായി.
ജമ്മം പോയാല് മാവ് പരക്കില്ല.
അതിങ്ങനെ ഉരുണ്ട് കളിയ്ക്കുകയേ ഉള്ളൂ.
ഞാനിങ്ങനെ നോക്കി നില്പാണ്.
ഞാൻ എന്നാലാവും വിധം നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട്.
അങ്ങനെ പരത്ത്..
ഇങ്ങനെ പരത്ത്..
അമ്മയ്ക്ക് ശരണം കെട്ടു.
ഒന്ന് പോടയ്ക്കാ..
ഇത് എന്നെക്കൊണ്ട് ആവില്ല.
നീ വല്ല ഇഡ്ഢലീം ദോശയും തിന്നാ മതി.
അല്ലെങ്കി പുട്ട്
ഒടുവിൽ മാവ് കയ്യോണ്ട് പരത്തി അച്ച് റൊട്ടി ഉണ്ടാക്കി.
കുറച്ച് വർഷം കഴിഞ്ഞു.
ഗൾഫ് എല്ലാ അർത്ഥത്തിലും നാടിനെ സമൃദ്ധമാക്കി
നോമ്പ് തുറ വലിയ ആഘോഷമായി.
ഓരോ നോമ്പ്തുറ ഓരോ ചങ്ങാതിയുടെ വീട്ടില്.
പത്തിരി തിന്ന്തിന്ന് അരാശം വന്നു.
മടുത്തോയ്. .
പിന്നേം കാലം കഴിഞ്ഞു.
നോമ്പ്തുറ ലളിതമായി.
കൂട്ടുകാരൊന്നും വിളിയ്ക്കാതായി.
അത് വേണമെന്നുമില്ലാതായി.
സൂപ്പർമാർക്കറ്റിൽ പലതരം പത്തിരികൾ നിരന്നിരിയ്ക്കുന്നു.
വാങ്ങാം.
എല്ലാവരുടെ കയ്യിലും പണമുണ്ട്.
പക്ഷേ ആർക്കും വലിയ താല്പര്യമില്ല..
എല്ലാവർക്കും അൽഫാമും കുഴിമന്തിയും മുട്ടപ്പഫ്സും ചിക്കൻറോളും മതി.
വേണമെങ്കില് രണ്ട് പൊറോട്ട ഓർ ഖുബ്ബൂസ് ..
നോമ്പോർമ്മകൾ ഇതാണ്.
നനവുള്ള, അതിലേറെ സുഖമുള്ള ഓർമ്മകൾ.

ബാലു തളിക്കുളം