ജിഷ.യു.സി
വേണം കുളിയ്ക്കാൻ
ചൂടുവെള്ളമെല്ലാർക്കുമവൾക്കൊഴികെ
തണുത്ത വെള്ളത്തിലൊരു
കാക്കക്കുളിയേയവൾക്കുള്ളൂ
ഏതു തണുപ്പുമവൾക്കു ചൂടത്രേ
ഏറ്റഭാരഭാണ്ഡങ്ങളേറെയുണ്ട്
അടുക്കളയിലുയുമ്മറത്തും
മുറ്റത്തുമൊക്കെയായി
അവളോടീടുന്നൊരുയന്ത്രം കണക്കെ
വാതിലോടാമ്പലുകളെ
പിന്നിലാക്കുന്നുവേഗത്തിൽ
അവ തീർക്കുന്ന കറുത്ത മുറിവുകൾ
അവളുടെ മേനിയ്ക്കു ചിരപരിചയം
അയാൾക്കു ചൂടുചായയമ്മക്കും
ചൂടു വേണം പക്ഷേ
അവൾക്കുള്ള ചായയെപ്പോഴും
തണുത്തു പോയീടുന്നു
അപ്പോഴുമവൾ പറയുന്നു സ്വയം
അതു പിന്നീടാവാം ….
ഈ പണി കൂടിക്കഴിയട്ടെ
പ്രാതലുമുച്ചയൂണുമത്താഴവും മറിച്ചല്ല
പിന്നീടെന്നു പറഞ്ഞതുപലതും മറക്കുന്നു
വിണ്ടുകീറിയ കണങ്കാലു മൂന്നിയവൾ
വണ്ടിക്കാള പോൽ വലിച്ചു നീങ്ങുന്നതാം
വണ്ടിതൻഗതിമന്ദമായി ടുന്നു
പഴികളും പരാതിയും കൂടുന്നുവെങ്കിലും
പറയുന്നവൾ സ്വയം
പല കുറിയാവർത്തനം
ഞാനില്ലാതവർക്കു പറ്റില്ലയൊന്നും
എന്നാലൊരു രാത്രി
അവളെന്ന യന്ത്രത്തിൻ
ഓട്ടമൊതുങ്ങി കിടപ്പിലായി
പിന്നതു തണുത്തു തറയിൽ കിടന്നപ്പോൾ
ആ വീടു തീർത്തു മുറങ്ങിപ്പോയി
പക്ഷേ …
പ്രഭാതങ്ങൾ രാവുകൾ പിന്നിടെ
പതിവുകൾആവീടുതുടർന്നിടുന്നു
താനില്ലാതെ
പറ്റില്ലയാർക്കുമെന്നോർത്തവൾ പാവം
പതിയെമറവിയിലുറങ്ങിടുന്നു.
