സന്തോഷത്തിന്റെ താക്കോൽ കളഞ്ഞു പോയവർ (പവിത്ര ഉണ്ണി)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 April 2022

സന്തോഷത്തിന്റെ താക്കോൽ കളഞ്ഞു പോയവർ (പവിത്ര ഉണ്ണി)

ൺലൈനിലും ഓഫ്‌ലൈനിലും ഈ അടുത്ത കാലത്ത് കണ്ടുമുട്ടിയ, വിവാഹിതകളായ 10 ൽ 8 സ്ത്രീകളും അസന്തുഷ്ടരാണ്! എന്താവും കാരണം? പലർക്കും വിഷാദവും ഉണ്ട്. മലയാളി ആണുങ്ങൾ സ്ത്രീകളെക്കാൾ സന്തുഷ്ടരാണെന്ന് തോന്നാറുണ്ടോ? അതിനും കാരണം ഉണ്ടാകുമല്ലോ? എന്നാൽ മൂന്ന് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഈ ഹാപ്പിനെസ്സ് കോഷ്യന്റ് നമുക്കൊന്ന് അളന്നാലോ? ചിലപ്പോൾ നമ്മുടെ സന്തോഷം എവിടെയാണ് ഇരിക്കുന്നത് എന്നറിയാൻ സാധിച്ചാലോ?
സന്തോഷം വളരെ വ്യക്തിപരമായ ഒരു കാര്യമാണ്. എനിക്ക് സന്തോഷം നൽകുന്ന ഒന്നായിരിക്കില്ല മറ്റൊരാൾക്ക് സന്തോഷം നൽകുന്നത്. ചിലർക്ക് അത് പണവും അത് കൊണ്ട് തരുന്ന ആഡംബരങ്ങളും ആകാം. ഭൗതികമായ വസ്തുക്കൾ സ്വന്തമാക്കുന്നതിലൂടെയുള്ള സന്തോഷത്തിന് ആയുസ് കുറവാണ് എന്നതാണ് സത്യം. അത് മറ്റൊരു വശം. പക്ഷേ അത്തരം സന്തോഷങ്ങൾ ആഗ്രഹിക്കുന്നവരെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. അതാണ് പറഞ്ഞത് സന്തോഷം വളരെ വ്യക്തിപരമായ വിഷയമാണെന്ന്. ജോലി, പഠനം, വായന, പാട്ട്, നൃത്തം, യാത്ര, പാചകം, വാചകം, ഫാഷൻ എന്നിങ്ങനെ എന്തെല്ലാം കിടക്കുന്നു നമ്മുടെ സന്തോഷ സൂചികയെ മുകളിലോട്ട് ഉയർത്താൻ! എന്നാലും ഇതൊക്കെ ഉള്ളവരും, എല്ലാം നേടിയവരും അസന്തുഷ്ടരായവർ ഇല്ലേ?

ഞാൻ ഇവിടെ എടുക്കുന്നത് 3 അടിസ്ഥാന സൂചികകളാണ്-ഭക്ഷണം, ഉറക്കം, ലൈംഗികത( ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിലാണ് ഈ മൂന്ന് കാര്യങ്ങൾ സൂചിപ്പിക്കപ്പെട്ടത്, നന്ദി ജയശ്രീ ഈ എഴുത്തിലേക്ക് എത്തിച്ചതിന്)
നമുക്ക് ആദ്യം ആണിന്റെ ഉറക്കവും പെണ്ണിന്റെ ഉറക്കവും നോക്കാം. ജോലിക്കായി ഉറക്കം നഷ്ടപെടുത്തുന്നവർ ഉണ്ടാകാം. പക്ഷെ ഇവിടെ പറയുന്നത് ആവശ്യത്തിനുള്ള ഉറക്കം ഒരേ പോലെ കിട്ടുന്നവരാണോ ഭാര്യമാരും ഭർത്താക്കന്മാരും എന്നതാണ്. ഉദാഹരണമായി ജോലി മാറ്റി നിർത്തിയാൽ സ്ലീപ് ഡിപ്രൈവ്ഡ് ആയ എത്ര ആണുങ്ങളുണ്ടാകും? എന്നാൽ സ്ത്രീകളെ നോക്കൂ, ഗർഭിണി ആകുന്നതോടെ ഉറക്കം തന്നെ താറുമാറാകും. സുഖകരമായ പൊസിഷനിൽ കിടക്കാൻ തന്നെ സാധിക്കില്ല. രാത്രി ഗ്യാസ് കയറി ഉറക്കം നഷ്ടപ്പെടാം, കാലിൽ മസിൽ കയറി ഉറക്കം നഷ്ടപ്പെടാം. എല്ലാവർക്കും ഇങ്ങനെ എന്നല്ല പറഞ്ഞു വരുന്നത്. ശരാശരി ഗർഭിണികളുടെ അനുഭവമാണ്. പിന്നീട് കുഞ്ഞ് ജനിക്കുന്നതോടെ ഉറക്കം കിട്ടാക്കനിയാകും! പോസ്റ്റ് പാർട്ടം ബ്ലൂസ് ഡിപ്രെഷൻ ആയി മാറാൻ വേറെ എന്തെങ്കിലും വേണോ? എത്ര ഭർത്താക്കന്മാർ ഉറങ്ങാതെ ഇരിക്കുന്ന കുഞ്ഞിന് കൂട്ടിരിക്കുന്നുണ്ടാകും? അടുത്തൊരാൾ കൂർക്കം വലിച്ചുറങ്ങുമ്പോൾ അർദ്ധരാത്രിയിൽ ഉണർന്നിരിക്കേണ്ടി വരുന്ന അമ്മമാരാണ് അധികം.

കുട്ടികൾ കുറച്ച് വലുതാകും വരെ കൂടെ തന്നെ കിടക്കുന്നവരായിരിക്കും. ചെറിയ കുട്ടികളോടൊപ്പം ഒരു കട്ടിലിൽ ഉറങ്ങുക എന്നാൽ മയങ്ങുക എന്ന് മാത്രമേ അർത്ഥമുള്ളൂ എന്ന് ഏത് അമ്മയും സമ്മതിക്കും. സുഖനിദ്ര ഉണ്ടാകില്ല എന്ന് ചുരുക്കം. ഉറക്കക്കുറവ് നമ്മുടെ മൊത്തം സന്തോഷത്തെ തന്നെ ബാധിക്കും. നന്നായി ഉറങ്ങാൻ പറ്റുന്നവർ നല്ല ഉന്മേഷഭരിതരും ആയിരിക്കും. അല്ലാത്തവർ കോഴി വസന്ത വന്ന കണക്ക് ചത്തതിൽ ഒക്കുമെ ജീവിച്ചിരിക്കിലും എന്ന ഭാവത്തിൽ ആവും. ആ ഘട്ടങ്ങളിലൊക്കെ അമ്മയുടെ ത്യാഗത്തെ മഹത്വ വത്കരിക്കാതെ ചില ദിവസങ്ങളിൽ നിങ്ങളും ഒന്ന് ഉറക്കം ഒഴിക്കാം ആണുങ്ങളെ! ജോലിക്ക് പോകുന്ന സ്ത്രീകൾ ആവശ്യത്തിന് ഉറങ്ങുന്നുണ്ടോ? നൈറ്റ്‌ ഷിഫ്റ്റ്‌ ഒക്കെ ഉള്ള സ്ത്രീകളെ ഓർത്ത് നോക്കൂ! വീട്ടിലെ കാര്യങ്ങൾ എല്ലാം തീർക്കാൻ നേരത്തെ എഴുന്നേറ്റാലെ പറ്റൂ. എല്ലാ പണിയും തീർത്ത് ഉറങ്ങുമ്പോൾ രാത്രി വൈകുകയും ചെയ്യും. തടസപ്പെടുന്ന ഉച്ച മയക്കങ്ങളെക്കുറിച്ച് പറയുന്നില്ല! കുടുംബങ്ങളിൽ ഉള്ളത്ര ഇത്തരം ലിംഗ വിവേചനം വേറെ എവിടെ കാണും?

ഭക്ഷണം ആർക്കാണ് ഇഷ്ടമില്ലാത്ത്? മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് ഭക്ഷണം. പൊരിച്ച മീൻ കിട്ടാത്ത കാലമൊക്കെ പോയെന്ന് പറയാറായോ മലയാളി വീട്ടകങ്ങളിൽ? ആണിന്റെ ഇഷ്ടങ്ങൾ, രുചികൾ ആണ് പല തീന്മേശകളിലും വിളമ്പുന്നത്. ഇനി ഇഷ്ടമുള്ളത് വല്ലതും ഉണ്ടാക്കിയോ വാങ്ങിയോ കഴിക്കാം എന്ന് വച്ചാൽ പൊണ്ണത്തടിയെ പേടിക്കണം. മെറ്റബോളിസം ആണുങ്ങളിലേക്കാൾ കുറവാണ് സ്ത്രീകളിൽ എന്നാണ് ശാസ്ത്രം പറയുന്നത്. അതായത് ഇഷ്ട്ടമുള്ളതെല്ലാം കഴിക്കാൻ അവിടെയും പെണ്ണിന് പരിമിതികൾ ഉണ്ട്. ഹോർമോൺ ഇമ്പാലൻസ്, PCOD, തൈറോയ്ഡ് എന്നിങ്ങനെ സ്ത്രീകൾക്ക് ഇഷ്ടഭക്ഷണങ്ങൾ കഴിക്കാൻ തടസമാകുന്ന ശാരീരിക കാരണങ്ങളും ഉണ്ട്. ഇനി ശരീരം സംരക്ഷിക്കാൻ ജിമ്മിൽ പോകാമെന്ന് വച്ചാൽ ആണുങ്ങൾക്ക് കിട്ടുന്ന സമയവും സൗകര്യവും പലപ്പോഴും സ്ത്രീകൾക്ക് ലഭ്യവുമല്ല.
അപ്പോൾ ഭക്ഷണം കൊണ്ടുള്ള സന്തോഷവും കുറഞ്ഞു കുറഞ്ഞു വരികയാണ്. പ്രത്യേക ഡയറ്റ് ഒക്കെ ചെയ്താലും ലിസ്റ്റ് കൊടുത്താൽ അത് സെറ്റപ്പ് ആക്കി തരാൻ ഭാര്യ ഉണ്ടെന്ന ഭാഗ്യവും പലപ്പോഴും ആണുങ്ങൾക്ക് തന്നെ!
ഇനി ലൈംഗികത-ആ പേര് കേൾക്കുമ്പോൾ തന്നെ അയ്യേ പറയുന്നവരാണ് മലയാളികൾ. എന്നാൽ ഒളിഞ്ഞു നോക്കാനും സെക്സ് ചാറ്റ് ചെയ്യാനും പോൺ വീഡിയോ മുതൽ നടിയുടെ ലീക്ക് ആയ വീഡിയോ എന്നൊരു തമ്പ്നെയിൽ കാണുമ്പോഴേക്കും ചാടി വീഴാനും മലയാളിയെ കഴിഞ്ഞിട്ടേ ആളുണ്ടാകൂ!  ’ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ഉണ്ടാക്കിയ ഫോർപ്ലേയ് തരംഗം ഒന്ന് കെട്ടടങ്ങിയതേ ഉള്ളൂ. സത്യത്തിൽ സ്ത്രീകൾ ആഗ്രഹിക്കുന്നത് കൂടുതലും ഫോർപ്ലേയും ആഫ്റ്റർ പ്ലേയും ഇന്റിമസിയും ഒക്കെയാണെന്ന് ഈ മറുതകളോട് ഒന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കൂ! ലൈംഗിക ബന്ധവും അതിന്റെ അനുഭൂതിയുമാണ് ലൈംഗിക ജീവിതത്തിൽ പുരുഷന്റെ സന്തോഷം അളക്കുന്നത്. സ്ത്രീകളിൽ അതിന് മുൻപും പിൻപും ഉള്ള പരിലാളനകളാണ് സന്തോഷത്തിന് തിരി കൊളുത്തുന്നത്.
മറ്റ് പല കാര്യങ്ങളും അസന്തുഷ്ടിക്ക് പിന്നിലുണ്ടാകാം.

3 അടിസ്ഥാന ആവശ്യങ്ങളിൽ നിലനിൽക്കുന്ന വ്യത്യാസത്തെ ഒന്ന് വിശകലനം ചെയ്തതാണിവിടെ. അപ്പോൾ പറഞ്ഞു വന്നത് ഇതാണ്-ഇഷ്ടമുള്ള ഭക്ഷണം, സുഖനിദ്ര, അവരാഗ്രഹിക്കുന്ന ലൈംഗികത എന്നിവയുടെ കുറവ് സ്ത്രീകളിലെ അസന്തുഷ്ടിയുടെ ഒരു കാരണമാണ്. സമൃദ്ധമായി, അവരാഗ്രഹിക്കുന്ന രീതിയിൽ, അനസ്യൂതം അവ ലഭിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടാണ് പല പുരുഷൻമാരും കൂടുതൽ സന്തുഷ്ടരായി കാണുന്നതും. ഇനി ഇതിനെന്താണ് പരിഹാരം എന്നല്ലേ? ആ ആൺപ്രിവിലേജിന്റെ കസേരയിൽ നിന്നിറങ്ങി സ്ത്രീ ജീവിതങ്ങളെ ഒന്ന് അടുത്ത് നിന്ന് കാണാൻ ശ്രമിക്കാം. ആണിനേക്കാൾ ശാരീരികമായും മാനസികമായും ഒരുപാട് പരിണാമങ്ങളിലൂടെ കടന്നു പോകുന്ന അവൾക്ക് ആ പരിഗണയ്ക്ക് അവകാശം ഉണ്ടെന്ന് മനസിലാക്കുക. നിങ്ങളുടെ ജീവിതങ്ങളുടെ കംഫർട്ട് നിലനിർത്തുന്ന പെണ്ണിന് അവൾ അർഹിക്കുന്ന കംഫർട്ട് ഉണ്ടാക്കാനുള്ള സപ്പോർട്ട് സിസ്റ്റം ആയി നിലകൊള്ളുക. വീടും കുട്ടികളും പെണ്ണിന്റെ തോളിൽ മാത്രം കെട്ടി തൂക്കാതിരിക്കുക. സന്തോഷം ആരാണ് ആഗ്രഹിക്കാത്തത് അല്ലെ?