മാതൃക വീട്ടമ്മ ആകാതിരിക്കാൻ പത്ത് വഴികൾ (പവിത്ര ഉണ്ണി)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


6 April 2022

മാതൃക വീട്ടമ്മ ആകാതിരിക്കാൻ പത്ത് വഴികൾ (പവിത്ര ഉണ്ണി)

ന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തെ അടിയന്തരാവസ്ഥക്ക് മുൻപും പിൻപും എന്ന് വേർതിരിക്കും പോലെയാണ് ഓരോ സ്ത്രീ ജീവിതവും. വിവാഹത്തിന് മുൻപും പിൻപും. പക്ഷെ ഒരു മാറ്റമുണ്ട്-സ്ഥിരം അടിയന്തരാവസ്ഥയാണ് ചില ജീവിതങ്ങളിൽ എന്ന് മാത്രം! 20 കളിൽ 30 കളിൽ 40 കളിൽ ഒക്കെ ഉള്ള 100 സ്ത്രീകളെ എടുത്താൽ അതിൽ വിരലിൽ എണ്ണാവുന്നവർക്ക് മാത്രമേ ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ സാധിക്കുന്നുള്ളൂ. രണ്ട് തരം കാരണങ്ങൾ ഉണ്ട്-ഒന്ന് സ്വാഭാവികമായ പുരുഷാധിപത്യ സാമൂഹ്യ-കുടുംബ വ്യവസ്ഥയിൽ പെട്ടു പോകുന്നവർ, രണ്ടാമത്തെ വിഭാഗം അമ്മയെന്ന റോളിൽ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന കണക്ക് കരിയർ/കുടുംബേതര സ്വപ്‌നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നവർ.

പെൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് മുന്നേറുമ്പോഴും അവരുടെ തൊഴിൽ പങ്കാളിത്തം ഇപ്പോഴും കുറവാണ് എന്ന് വായിച്ചു. സ്വസ്ഥമായി വീട്ടിൽ നിന്നിറങ്ങി ജോലിക്ക് പോകാൻ എന്താണ് സ്ത്രീകൾക്ക് കഴിയാത്തത്? എന്താണ് അവരെ തടയുന്നത്? ഉറക്കമിളച്ചു പഠിച്ച സർട്ടിഫിക്കറ്റുകൾ അവരെ നോക്കി ചിരിക്കുന്നുണ്ടാകും. പുറമെ ചിരിച്ചും ഭാര്യ/അമ്മ എന്ന ലേബലുകൾക്ക് അപ്പുറം ഒരു കയ്യൊപ്പും ചാർത്താൻ പറ്റാതെ പോകുന്നവളുടെ നൊമ്പരം ആരും കാണാറില്ല. ഇനി ജോലിക്ക് പോകാൻ സാഹചര്യം ഉള്ളവരുടെ കാര്യമോ? കരിയറിൽ തിളങ്ങിയില്ലെങ്കിൽ ഓഫീസിലും വീട്ടമ്മ റോളിൽ കുറവുകൾ സംഭവിച്ചാൽ വീട്ടിലും അപ്രിസിയേഷൻ ദിവസങ്ങൾ വിഷാദം മാത്രമാകും സമ്മാനിക്കുക. പുരുഷനെ പോലെ പൂർണമായും കരിയർ ശ്രദ്ധിച്ചാൽ പെണ്ണിന് കിട്ടുന്ന ചീത്തപേരുകളും അനവധി! മനുഷ്യരാണ് ഹേ! ഒരേ സമയം പല കാര്യങ്ങൾ കൃത്യമായി ചെയ്യാൻ പ്രീ പ്രോഗ്രാംഡ് മൾട്ടി ടാസ്കിങ് എബിലിറ്റി ഇൻസ്റ്റാൾ ചെയ്ത യന്ത്രമല്ല പെണ്ണുങ്ങൾ!

ഈ രണ്ടു വിഭാഗത്തിന്റെയും പ്രശ്നങ്ങൾ വ്യത്യസ്തമാണ്. ആദ്യ വിഭാഗത്തിന്റെ പ്രശ്ന പരിഹാരം അല്പം കടുപ്പമാണ്. കാരണം അത്തരം സാഹചര്യങ്ങളിൽ ഉള്ളവർക്ക് രണ്ടിൽ ഒരു ഓപ്ഷൻ മാത്രമേ സാധ്യമാകൂ-ഒന്നില്ലെങ്കിൽ പോടാ പുല്ലേ എന്ന് പറഞ്ഞു പോകണം. അല്ലെങ്കിൽ കുലസ്ത്രീ ആയി ജീവിച്ചു മരിക്കാം. ഇതിന്റെ ഇടയിൽ ഒരു ഓപ്ഷൻ ഉണ്ടാകണം എങ്കിൽ എതിർ കക്ഷികൾക്ക് നേരം വെളുക്കണം. അതൊരു രാത്രി കൊണ്ട് നടക്കാത്ത കാര്യം ആയത് കൊണ്ട് കൂടിയാണ് പല സ്ത്രീകളും കുലസ്ത്രീ ആയി മാറാൻ തയാറാകുന്നത്. സ്ത്രീകൾക്ക് സ്വാതന്ത്ര്യ ചിന്ത ഉണ്ടായ സ്പീഡിൽ അല്ല ഇത്രയും കാലം പാട്രിയാർക്കി പ്രിവിലേജ് അനുഭവിച്ച പുരുഷന്മാർ മാറുന്നത്. ഒച്ചിന്റെ വേഗത്തിലാണ് അവിടെ ചിന്തകൾ പുരോഗമിക്കുന്നത്. അത് ബ്രേക്ക്‌ ഈവൻ ആകുന്ന ഒരു കാലം എന്ന് വരുമോ! സ്വന്തം ഇഷ്ടപ്രകാരം കുലസ്ത്രീകൾ ആകുന്നവരുമുണ്ട്. അവരെക്കുറിച്ച് പറയുന്നില്ല! They are incurable!
ഇനി രണ്ടാമത്തെ വിഭാഗം സ്ത്രീകൾ-ഇവരുടെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാൻ താരതമ്യേനെ എളുപ്പമാണ്. പക്ഷെ ആദ്യ തടസ്സം അവളവൾ കടമ്പ തന്നെയാണ്! മാതൃക വീട്ടമ്മ/ഭാര്യ/അമ്മ/മരുമകൾ ഇതൊന്നും ആകേണ്ട ഒരു ഉത്തരവാദിത്തവും നിങ്ങൾക്ക് ഇല്ല എന്ന തിരിച്ചറിവ് വരാൻ തന്നെ നല്ല പാടാണ്. കാരണം അത്രത്തോളം കുറ്റബോധ ട്രാപ്പ് ആണ് സമൂഹവും കുടുംബവും ഒരു പെൺകുട്ടിയിൽ കണ്ടിഷൻ ചെയ്തു വച്ചിരിക്കുന്നത്. ഒരു പുരുഷനെപ്പോലെ/ഏതൊരു ആളെപ്പോലെയും കൂടുതൽ പണിയെടുത്താൽ ക്ഷീണിക്കുന്ന, പാചകം ഉൾപ്പെടെ എല്ലാ കഴിവുകളിലും(life skill) പെർഫെക്ഷൻ ഇല്ലാത്ത, ഉറക്കം ആവശ്യമുള്ള, വിശ്രമം വേണ്ട, വിനോദം വേണ്ട ഒരു മനുഷ്യ ശരീരം തന്നെ ആണെന്നും അല്ലാതെ വിവാഹം കഴിക്കുന്നതോടെ മാന്ത്രിക ശക്തി കൈവരിക്കുന്ന സൂപ്പർ വുമൺ അല്ല എന്നും മനസിലാക്കാൻ ശ്രമിക്കണം. നിങ്ങൾ ജീവിതം പങ്കിടാൻ ഒരാളുടെ കൂട്ട് തേടി എന്നല്ലാതെ പുരുഷൻ ഉടമയും സ്ത്രീ അടിമയും അല്ല ദാമ്പത്യത്തിൽ. നിങ്ങളുടെ പേരെന്റ് അല്ല ഭർത്താവ് എന്നതും മനസിലാക്കണം. അതായത് ചെറിയ കുട്ടികൾ എല്ലാത്തിനും മാതാപിതാക്കളോട് അനുവാദം ചോദിക്കും പോലെ, ചേട്ടാ ഞാൻ വീട്ടിൽ പോകട്ടെ, ചേട്ടാ ഞാൻ മുടി വെട്ടിക്കോട്ടെ, ചേട്ടാ ഞാൻ ഭക്ഷണം ഓർഡർ ചെയ്തോട്ടെ എന്നൊക്കെ ചോദിക്കുന്നവർ ഇപ്പോഴും പങ്കാളിയിൽ തിരയുന്നത് ഒരു രക്ഷകർത്താവിനെ ആണെന്ന് സാരം. ആദ്യ കുറെ വർഷങ്ങൾ ഇൻഡിപെൻഡന്റ് അല്ലാത്ത കുട്ടികളെ സേവിക്കാൻ നമ്മൾ വേണ്ടി വരും. ‘നമ്മൾ’ എന്ന് പറഞ്ഞാൽ ബഹുവചനം ആണെന്ന് ഓർത്താൽ മതി. ഒരാൾ ഒറ്റയ്ക്ക് ഉണ്ടാക്കുന്ന കുട്ടികൾ അല്ലാത്തതിനാൽ കുട്ടികളുടെ ചുമതലയും തുല്യമാണ്. അതായത് വിവാഹിതർ ആകുന്നതോടെ പുരുഷ പങ്കാളിക്ക് കൈവരാത്ത ഒരു അധിക ജോലികളും സ്ത്രീക്ക് മാത്രമായി ഉണ്ടാകേണ്ടതില്ല.

ഒരു പ്രശസ്ത ഇംഗ്ലീഷ് യൂട്യൂബർ പറഞ്ഞത് ഓർക്കുന്നു- “പല സ്ത്രീകളും എന്നോട് ചോദിക്കുന്നു, എങ്ങനെ നിങ്ങൾ ഇതെല്ലാം കൂടി(ചാനൽ, വീട്, കുട്ടികളുടെ ഹോം സ്കൂളിംഗ്…)മനോഹരമായി ചെയ്തു തീർക്കുന്നു. ഞങ്ങളെല്ലാം എത്ര പരാജയം ആണെന്ന് തോന്നിപ്പോകുന്നു എന്ന്!(കുറ്റബോധ ട്രാപ് എത്ര വ്യാപിച്ചിരിക്കുന്നു എന്ന് നോക്കൂ!) അതിന് അവർ ഒരു മറുപടി വീഡിയോ തന്നെ പോസ്റ്റ് ചെയ്തിരുന്നു. അതിൽ അവർ പറയുന്നതിന്റെ സംക്ഷിപ്‌ത രൂപം ഇതാണ്- “എല്ലാം ഞാൻ തന്നെ ചെയ്യുന്നു എന്നത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്! എന്റെ ഒരു ദിവസത്തെ/ആഴ്ചയിലെ/മാസത്തെ/വർഷത്തെ to do list വളരെ ചെറുതാണ്. ഞാൻ എല്ലാം ചെയ്യാൻ ശ്രമിക്കാറില്ല. പകരം കുറച്ച് കാര്യങ്ങൾ നന്നായി ചെയ്യാൻ ശ്രമിക്കുന്നു. ബാക്കി ഞാൻ ഔട്സോഴ്സ്(പങ്കാളിയെ ഏൽപ്പിക്കുന്നു/സേവന ഏജൻസികളെ ഏല്പിക്കുന്നു)ചെയ്യുന്നു എന്ന്.” അതാണ് സത്യം! നിങ്ങളുടെ സമയത്തെ അങ്ങനെ ഒന്ന് പരിഷ്കരിച്ചു നോക്കൂ, മാജിക് കാണാം. മൾട്ടി ടാസ്കിങ് ട്രാപ്പിൽ നിന്ന് രക്ഷപ്പെടൂ പെണ്ണുങ്ങളെ!

ഇനി മാതൃക പൊളിക്കാൻ 10 വഴികൾ:
1) തുല്യത ഉറപ്പാക്കാൻ ഭർത്താവിനെ പേര് തന്നെ വിളിക്കുക; പ്രായവ്യത്യാസം ഉണ്ടെങ്കിലും. ഭർത്താവിന്റെ പേരിന് പിന്നിൽ നിങ്ങളുടെ പേര് ഇല്ല, അപ്പോൾ നിങ്ങളുടെ പേരിന് പിന്നിൽ ഭർത്താവിന്റെ പേര് എന്തിനാണ്?

2) സിന്ദൂരം, താലി പോലുള്ള മത മാമൂലുകൾ ഉപേക്ഷിക്കുക. ഭാര്യ എന്നത് നിങ്ങളുടെ ഐഡന്റിറ്റി അല്ല. അതിന് പകരം ഒരു സ്റ്റെതസ്കോപ്/വക്കീൽ കോട്ട്/ലാപ്ടോപ് ബാഗ്/ഒരു പേന/പുസ്തകം ഒക്കെ നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തട്ടെ!

3) അടുക്കള/വീട് നിങ്ങളുടെ മാത്രമല്ല, രണ്ട് പേർക്കും അവിടെ പണിയെടുക്കാം. ദാമ്പത്യം എന്നാൽ പങ്കാളിത്തമെന്നാണ് അല്ലാതെ തൊഴിലാളി-മുതലാളി ബന്ധമല്ല!

4) ഔട്ട്സോഴ്സ് ചെയ്യാവുന്ന ജോലികൾ എല്ലാം അങ്ങനെ ചെയ്യുക. ദോശ മാവ് വാങ്ങൂ. തേങ്ങ ചിരവിയത് വാങ്ങൂ. കട്ട് ചെയ്ത ഫ്രോസൺ പച്ചക്കറികൾ വാങ്ങാം. നിങ്ങളൊരു മോശം വീട്ടമ്മയെന്ന് ആളുകൾ പറയും. പറയട്ടെ! അത്ര നിർബന്ധം ഉള്ളവർക്ക് ആ ജോലികൾ സന്തോഷത്തോടെ കൈമാറൂ. അടുക്കള സമയം കുറച്ചാൽ തന്നെ നിങ്ങളുടെ ഇഷ്ടങ്ങൾക്ക് സമയം ലഭിക്കും.

5) പറ്റാവുന്ന യന്ത്ര സഹായം ഉപയോഗിക്കുക. വാഷിംഗ്‌ മെഷീനിൽ കഴുകിയാൽ തുണി കേട് വരുമെന്ന് പേടിയുള്ളവർക്ക് അലക്കുകല്ലിലേക്കുള്ള വഴി കാണിച്ചു കൊടുക്കുക. അമ്മിയിൽ അരയ്ക്കാത്ത ചമ്മന്തിക്കും രുചിയുണ്ട്! ഇല്ല എന്ന് പറയുന്നവരെക്കൊണ്ട് ഒരു തവണ അമ്മിയിൽ അരപ്പിച്ചാൽ മതി, അഭിപ്രായം മാറ്റിക്കോളും!

6) ജീവിതത്തിൽ സമ്മർദം മാറ്റി നിർത്താൻ വിനോദത്തിനായി സമയം മാറ്റി വയ്ക്കുക. സിനിമ കാണാനോ പാട്ട് കേൾക്കാനോ പുസ്തകം വായിക്കാനോ സമയം ഉപയോഗിക്കാം. ആരുടെ സൗകര്യത്തിനും അനുവാദത്തിനുമാണ് നിങ്ങൾ കാക്കുന്നത്?

7) സാമ്പത്തിക സ്വാതന്ത്ര്യം ഉള്ള വീട്ടമ്മ ആകുക എന്നത് വളരെ പ്രധാനമാണ്. ജോലി/സ്വയംതൊഴിൽ വഴി പണം സമ്പാദിക്കുന്നവർക്ക് ഒരു പ്രത്യേക മതിപ്പ് തന്നെ സമൂഹത്തിലും കുടുംബത്തിലും ഉണ്ടാകും. നിങ്ങൾ ജോലി ചെയ്യുന്നില്ലെങ്കിലും വീട്ടിലേക്ക് എത്തുന്ന വരുമാനത്തിൽ ഒരു പങ്ക് നിങ്ങളുടെ പേർസണൽ ആവശ്യങ്ങൾക്ക് വേണ്ടി ചോദിച്ചു വാങ്ങുക. വീട്ടമ്മ, ജോലിക്ക് പോയിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ശമ്പളം എന്ന ഓപ്പർച്യുണിറ്റി കോസ്റ്റിനെക്കുറിച്ച് ഒരു ക്ലാസ് എടുക്കേണ്ടി വരും ചിലപ്പോൾ.

8)ഒറ്റയ്ക്ക് എവിടെയും പോകാൻ ധൈര്യം കാണിക്കുക. ഡ്രൈവിംഗ് പഠിച്ചാൽ പാതി വിജയിച്ചു. ഒറ്റയ്ക്കോ കൂട്ടുകാർക്ക് ഒപ്പമോ യാത്രകൾ പോകൂ, നിങ്ങളറിയാതെ തന്നെ, വീട്ടിൽ ചോദിക്കാനും പറയാനും ആണുങ്ങൾ ഇല്ലാത്ത തോന്ന്യവാസി ആയിക്കഴിഞ്ഞു!

9) ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന ഉത്തമ വീട്ടമ്മ/അമ്മ/ഭാര്യ പണികൾ ഒന്നും ഏറ്റെടുക്കരുത്.

10) ഇത്രയും ചെയ്തിട്ടും നിങ്ങളെ ഉത്തമ വീട്ടമ്മ/അമ്മ/ഭാര്യ ആയി തന്നെ ആളുകൾ കാണുന്നുവോ? ഒരു സിമ്പിൾ വഴിയുണ്ട്. ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞാൽ മതി. തീർന്നു! നിങ്ങളുടെ ഇമേജ് ബ്രേക്കിംഗ് നടന്നു കഴിഞ്ഞു!