വീട്ടിലേക്കാൾ സുഖം ജയിൽ , പിണറായി വിജയന് എന്നെ ഒരു ചുക്കും ചെയ്യാനാകില്ല ;പി.സി.ജോർജ്

sponsored advertisements

sponsored advertisements

sponsored advertisements

29 May 2022

വീട്ടിലേക്കാൾ സുഖം ജയിൽ , പിണറായി വിജയന് എന്നെ ഒരു ചുക്കും ചെയ്യാനാകില്ല ;പി.സി.ജോർജ്

കൊച്ചി : വിവാദത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങളിൽ ഖേദമില്ലെന്ന് മുൻ എംഎൽഎ പി.സി.ജോർജ്. തന്റെ ജാമ്യം റദ്ദാക്കിയാൽ ജയിലിൽ പോകുമെന്നും ജയിലിലാണ് വീട്ടിലേക്കാൾ സുഖമെന്നും പി.സി.ജോർജ് പറഞ്ഞു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടിഷ് തന്ത്രമാണ് പിണറായിയുടേതെന്നും പിണറായിക്ക് തന്നെ ഒരു ചുക്കും ചെയ്യാനാകില്ലന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു . തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു പി.സി.ജോർജ്.

ഒരു സമുദായത്തിലെ ഏതെങ്കിലും വ്യക്തിയുടെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ, അത് ആ സമുദായത്തെ അപ്പാടെ അപമാനിച്ചു എന്നു വരുത്തിതീർത്ത് സമുദായത്തിന്റെ വോട്ട് മുഴുവൻ കൈക്കലാക്കാനാണ് ഇവിടെ ഇടതു–വലതു മുന്നണികൾ ശ്രമിക്കുന്നതെന്ന് പി.സി.ജോർജ് വിമർശിച്ചു. സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുക എന്ന ധർമമാണ് താൻ നിർവഹിക്കുന്നതെന്നും അത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ കടമയാണെന്നുമാണ് അദ്ദേഹം പറഞ്ഞത് .

‘‘ഞാൻ ഇപ്പോൾ ഇവിടെനിന്ന് മുങ്ങിയാൽ ഒരു വർഷം കഴിഞ്ഞാലും പിണറായിയുടെ പൊലീസിന് എന്നെ പിടിക്കാനാകില്ല. ഞാൻ ജനാധിപത്യ വിശ്വാസി ആയതുകൊണ്ടാണ് നോട്ടിസ് കിട്ടിയപ്പോൾത്തന്നെ പൊലീസ് സ്റ്റേഷനിലെത്തിയത്. അറസ്റ്റു ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് എത്തിയത്.’’ – പി.സി.ജോർജ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് പി.സി.ജോർജിന്റെ പ്രസംഗത്തിലുടനീളം ഉണ്ടായിരുന്നത് . തൃക്കാക്കരയെ വർഗീയമായി ചേരിതിരിക്കുന്നത് പിണറായിയാണെന്നും എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ വെട്ടി കൊലപ്പെടുത്തിയവരുടെ തോളിൽ കയ്യിട്ടാണ് പിണറായി വിജയൻ തന്നെ വർഗീയവാദി എന്നു വിളിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു വർഷത്തോളമായി എസ്ഡിപിഐയുമായി അടുത്ത ബന്ധം താൻ പുലർത്തിയിരുന്നെന്നും അഭിമന്യുവിന്റെ കൊലപാതകത്തിനു ശേഷം എസ്ഡിപിഐയുമായുള്ള ബന്ധം താൻ വിച്ഛേദിച്ചുവെന്നും പി.സി.ജോർജ് വ്യക്തമാക്കി. വർഗീയ വോട്ടു നേടാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയനോടു മത്സരിക്കുകയാണ്. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് സതീശനെന്നും പി.സി.ജോർജ് അഭിപ്രായപ്പെട്ടു.