മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ഫോമയുടെ പുരസ്കാരം പീറ്റർ കുളങ്ങരയ്ക്ക് മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

10 September 2022

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ഫോമയുടെ പുരസ്കാരം പീറ്റർ കുളങ്ങരയ്ക്ക് മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിച്ചു

സ്വന്തം ലേഖകൻ
ചിക്കാഗോ: മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ഫോമയുടെ പുരസ്കാരം പീറ്റർ കുളങ്ങരയ്ക്ക്. കാൻ കൂണിൽ നടന്ന ഫോമ കൺവൻഷനിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരദാനം നിർവ്വഹിച്ചു. ഏറെക്കാലമായി ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ ശവസംസ്കാര ചടങ്ങുകളുടെ ഉത്തരവാദിത്വം യാതൊരു പ്രതിഫലവും സ്വീകരിക്കാതെ സ്വയം ഏറ്റെടുക്കുകയും, പ്രത്യേകിച്ച് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുവാൻ നിയമ സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുകയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് താങ്ങായും , തണലായും പ്രവർത്തിക്കുകയും ചെയ്യുന്ന പീറ്റർ കുളങ്ങരയുടെ സാമൂഹ്യ പ്രവർത്തനത്തിനാണ് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ പുരസ്കാരം . “ഭൂമിയിൽ നിന്ന് ആരും അനാഥരായി മടങ്ങേണ്ടി വരരുത് ” എന്ന ചിന്തയോടെ വർഷങ്ങളായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനാണ് പീറ്റർ കുളങ്ങര. ഈ പുരസ്കാര നിറവിൽ നിൽക്കുമ്പോഴും ജയിലിൽ മരിച്ച ഒരു മലയാളിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുവാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയാണ് പീറ്റർ കുളങ്ങര.

ഒരു പൊതുനിരത്തിൽ ആരും ഏറ്റെടുക്കാൻ ഇല്ലാതെ നമ്മുടെ മൃതദേഹം കിടക്കുന്നത് സ്വപ്നത്തിൽപോലും ആലോചിക്കാൻ പേടി ഉള്ളവരാണ് നമ്മൾ മലയാളികൾ.പീറ്റർ കുളങ്ങരയുടെ ജീവിതം കേൾക്കുമ്പോൾ, അദ്ദേഹത്തിന്റെ മാനുഷികപരിഗണനയെ പറ്റി ചർച്ച ചെയ്യുമ്പോൾ അത്തരത്തിലൊരു മനുഷ്യനുള്ള ഭൂമിയിൽ നമ്മൾ ആരും അനാഥരായി മടങ്ങേണ്ടി വരില്ല എന്ന ഒരു ഉറപ്പുണ്ട്. അതുതന്നെയാണ് ഈ ഭൂമിയിൽ തന്റേതെന്ന് കരുതി മാറ്റിവയ്ക്കാൻ അദ്ദേഹത്തിന് ബാക്കിയുള്ളത്.
കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ കുളങ്ങര കെ. ജെ. മാത്യുവിന്‍റേയും ചിന്നമ്മ മാത്യുവിന്‍റേയും എട്ട് മക്കളില്‍ ഏഴാമനായാണ് പീറ്റർ കുളങ്ങര.1982 ൽ അമേരിക്കയിലേക്ക് ചേക്കേറുമ്പോഴും മാതാപിതാക്കൾ പഠിപ്പിച്ചുതന്ന നന്മയും നേരിന്റെ വഴികളും പീറ്റർ കുളങ്ങരയുടെ ഹൃദയത്തിൽ ഉണ്ടായിരുന്നു. ജീവിതത്തിൽ മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നൽ അദ്ദേഹത്തെ ജന്മനാട് മുതൽ പിന്തുടർന്നിരുന്നു.

ജോലിക്കൊപ്പം തന്നെ സാമൂഹ്യ പ്രവർത്തനത്തിലേക്ക് ഇറങ്ങേണ്ടതിന്റെ ഒരു ആവശ്യകത കൂടി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടലെടുത്തത് അമേരിക്കയിൽ വച്ചായിരുന്നു. തന്റെ കസിൻ മരിച്ച സമയത്ത് ഫ്യൂണറൽ ഹോമിൽ പോയി സംസ്കാര ചടങ്ങുകൾക്ക് വേണ്ട കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അതൊരു ഉത്തരവാദിത്വം ആണെന്ന് പീറ്റർ കുളങ്ങരയ്ക്ക് മനസിലായത് . മരിച്ചവരെ സമാധാനമായി യാത്രയാക്കാൻ ഉള്ള ഒരു സാമൂഹിക അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ നല്ല മനസ്സുണ്ടാവണം.മരിച്ചവരെ സമാധാനത്തോടെ മടക്കി അയയ്ക്കുക എന്നുള്ളത് കുടുംബാംഗങ്ങൾക്കും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് . അന്നുമുതൽക്കാണ് പീറ്റർ കുളങ്ങര മരിച്ചവർക്ക് ഇടയിലേക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയത്. ജീവിച്ചിരിക്കുന്നവരെക്കാൾ നമ്മളെ ആവശ്യമുള്ളത് മരിച്ചവർക്കാണെന്ന് പീറ്റർ കുളങ്ങര തിരിച്ചറിഞ്ഞു .

സംസ്കാര ചടങ്ങുകൾക്ക് പള്ളി ഇല്ലാതിരുന്ന സമയത്തും മരിച്ച ആളുകൾക്ക് വേണ്ടി പീറ്റർ കുളങ്ങര പ്രവർത്തിച്ചു. അവരുടെ സംസ്കാരത്തിന് വേണ്ടതെല്ലാം ചെയ്തു കൊടുത്തു അവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ അവരെ പ്രാപ്തരാക്കി. ദൈവത്തിന്റെ നിശ്ചയം അതായിരുന്നിരിക്കാം. മരിച്ചവർക്കും വേണ്ടെ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ആരെങ്കിലും.

തന്റെ പ്രവർത്തികളെ കുറിച്ച് ഏറ്റവും നിഷ്കളങ്കമായി പീറ്റർ കുളങ്ങര പറയുന്നത് ഇങ്ങനെയാണ് ‘അമേരിക്കയിൽ സംസ്കാരവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നാം അഭിമുഖീകരിക്കുന്നുണ്ട്. നല്ലൊരു ഫ്യൂണറൽ ഹോം കണ്ടെത്തണം. അതിനായി നമുക്ക് അവരുമായി വിലപേശണം . മാന്യമായ രീതിയിൽ അവ നടത്തിക്കൊടുക്കണം. പള്ളി എന്ന് മാത്രമല്ല. ഏത് വിഭാഗത്തിൽ പെട്ടവർക്കും സഹായം എത്തിച്ചു നൽകും’.
ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ് അദ്ദേഹം എത്രത്തോളം നിഷ്കളങ്കനായ മനുഷ്യനാണെന്ന്. തനിക്ക് സ്വന്തമായിട്ടുള്ള ബിസിനസ് രണ്ടു മൂന്നു ദിവസത്തേക്ക് മാറ്റി വെച്ച്, ആരാണ് മരണപ്പെട്ടത് അവർക്ക് വേണ്ടിയും അവരുടെ കുടുംബത്തിന് വേണ്ടിയും ഓടിനടക്കാൻ പീറ്റർ കുളങ്ങര കാണിക്കുന്ന ആത്മാർത്ഥത ഇന്ന് ഒരു മനുഷ്യരിലും നമുക്ക് കണ്ടെത്താൻ കഴിയില്ല.
ടൂറിസ്റ്റ് വിസയിൽ വന്ന് അമേരിക്കയിൽ വെച്ച്‌ മരണപ്പെട്ട ഒരു സ്ത്രീയുടെ മുതശരീരം നാട്ടിലേക്കയക്കാൻ പീറ്റർ സഹായിച്ചിരുന്നു. അന്നെല്ലാം അവർക്ക് പ്രിയപ്പെട്ടവരുടെ തേങ്ങൽ പീറ്ററിൻറെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവസാനമായി തനിക്കു പ്രിയപ്പെട്ട ആളെ ഒരിക്കൽ കൂടി കാണാൻ മനുഷ്യന്റെ ആത്മാവിനും അവർക്ക് ചുറ്റും ഉള്ള മനുഷ്യർക്കും വഴിയൊരുക്കി കൊടുത്തതിൽ അന്ന് പീറ്റർ ആദ്യമായി സന്തോഷിച്ചു. പിന്നീട് മറ്റ് അനേകം പേരെ ഇതുപോലെ അവരെ അർഹിക്കുന്ന ഇടങ്ങളിലേക്ക് എത്തിക്കാൻ പീറ്റർ അഹോരാത്രം പരിശ്രമിച്ചു. മരിച്ചയാളെ ഏറ്റവും മനോഹരമായി ഭൂമിയിൽനിന്ന് പറഞ്ഞയക്കാൻ പലപ്പോഴും പീറ്റർ തന്റെ ജോലിയിൽ നിന്ന് മാറിനിന്നു.ഒരിക്കലും പീറ്റർ ഇതിനൊന്നും യാതൊരു പ്രതിഫലവും കൈപ്പറ്റിയിട്ടില്ല. കാരണം ഇതൊന്നും ഒരിക്കലും പ്രതിഫലത്തിനു വേണ്ടിയല്ല അയാൾ ചെയ്തത്. മരിച്ചവരെ ഏറ്റവും ഭംഗിയിൽ ഭൂമിയിൽ നിന്ന് മടക്കി അയക്കുമ്പോൾ ജീവിച്ചിരിക്കുന്നവർക്ക് ലഭിക്കുന്ന സന്തോഷത്തിലും സമാധാനത്തിലുമാണ് പീറ്റർ കുളങ്ങര പ്രതിഫലം കണ്ടിരുന്നത്. കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ അഞ്ചോളം ശവസംസ്കാരങ്ങൾ പീറ്ററിൻറെ നേതൃത്വത്തിൽ നടത്തി. അന്ന് വളരെ കഷ്ടപ്പെട്ട് ആർക്കും കോവിഡ് പകരാതിരിക്കാൻ വേണ്ട മുൻകരുതലുകളും പീറ്റർ സ്വീകരിച്ചിരുന്നു.
അമേരിക്കയിലെത്തിയ ആദ്യ കാലം മുതൽ തന്നെ പീറ്റർ കുളങ്ങര ശവസംസ്കാര ചടങ്ങുകളിൽ സഹായി ആയിരുന്നുവെങ്കിലും 2010 മുതലാണ് ഔദ്യോഗികമായി പള്ളിയുടെ ചുമതല ഏറ്റെടുത്തത്. തുടർന്ന് ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ സജീവ പ്രവർത്തകനും 2018-20 കാലഘട്ടത്തിലെ പ്രസിഡന്റുമായി മാറി. തന്റെ എല്ലാ തിരക്കുകൾക്കിടയിലും ഫോമാ ഉൾപ്പെടെയുള്ള സംഘടനകൾക്ക് വേണ്ടിയും, തന്നെ വിശ്വസിക്കുന്ന മനുഷ്യർക്കുവേണ്ടിയും പീറ്റർ കുളങ്ങര പ്രവർത്തിക്കുകയാണ് .ചിക്കാഗോ കെ.സി. എസിന്റെ ട്രഷറർ , വൈസ് പ്രസിഡന്റ്, കെ.സി. സി. എൻ. എ, ആർ വി പി, മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ആദ്യകാല ചെയർമാൻ, പിന്നീട് പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. തുടർന്ന് ഫോമ ആർ. വി.പി. നാഷണൽ കൗൺസിൽ മെമ്പർ ,ഫോമ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ , ഫോമ ഹൗസിംഗ് പ്രോജക്ട് മെമ്പർ, ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്രഥമ കൈക്കാരൻ (ട്രസ്റ്റി) 2010 മുതൽ പള്ളിയുടെ ഫ്യൂണറൽ കോ- ഓർഡിനേറ്റർ എന്നീ നിലകളിലും തന്റെ വൈധഗ്ദ്യം അദ്ദേഹം പ്രകടിപ്പിച്ചു.
അമേരിക്കൻ ജീവിതത്തിൽ മലയാളികൾക്ക് ഓർത്തുവെക്കാൻ പോകുന്ന ഒന്നാണ് സംഘടനാ ജീവിതം. അതുകൊണ്ടുതന്നെ വിവിധ സംഘടനയിലൂടെ മനുഷ്യരുടെ കണ്ണുനീരിലേക്ക് സ്നേഹത്തിന്റെ വഞ്ചിയിറക്കുകയാണ് പീറ്റർ കുളങ്ങര.ഈ നന്മ ഫോമാ തിരിച്ചറിഞ്ഞു ആദരിച്ചതിൽ ഫോമയ്‌ക്കും അഭിമാനിക്കാം .