ചിക്കാഗോ :കേരളാ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച പീറ്റർ കുളങ്ങരയെക്കുറിച്ചുള്ള വഴിത്താര ഒരു വഴിത്തിരിവായതോടെ രണ്ടുമാസത്തെ ഒരാത്മാവിന്റെ കാത്തിരിപ്പിനാണ് മോക്ഷം കിട്ടിയത്. ഡിസംബറിൽ ചിക്കാഗോയിൽ നിര്യാതനായ തിരുവനന്തപുരം സ്വദേശിയായ സതീഷ് പോളിന്റെ മൃതദേഹം രണ്ടു മാസക്കാലമായി നാട്ടിലേക്ക് അയക്കുവാൻ നിയമ,സാമ്പത്തിക തടസ്സം മൂലം സാധിച്ചിരുന്നില്ല . പീറ്റർ കുളങ്ങരയെക്കുറിച്ചുള്ള വാർത്ത പുറത്ത് വന്നതോടെ ഫാ ടോം രാജേഷ് ചിക്കാഗോയിലെ സാമൂഹ്യപ്രവർത്തകനായ പീറ്റർ കുളങ്ങരയെ ഫോണിൽ ബന്ധപ്പെട്ട് യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
ഹൃദയാഘാതത്തെ തുടർന്നുള്ള യുവാവിന്റെ മരണം അത്യധികദുഃഖവും, ആ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത വേദനയും ബന്ധുക്കളിൽ ഉടലെടുത്തിരുന്നു. എന്നാൽ കുടിയേറ്റം ഒരു പ്രശ്നമായി വന്നു ഭവിക്കുകയായിരുന്നു. പീറ്റർ കുളങ്ങരയുടെ ഇടപെടൽ ഒരു വലിയ ദൈവ സന്ദേശം പോലെയായിരുന്നു വന്ന് ഭവിച്ചത് . അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട എല്ലാ സാമ്പത്തിക സഹായവും സോഷ്യൽ ക്ലബ്ബിന്റെ സഹകരണത്തോടെയും ,മറ്റു സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ചുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കുകയും, നാല് ദിവസങ്ങൾ കൊണ്ട് തന്നെ മൃതദേഹം നാട്ടിലെത്തിക്കുകയും ചെയ്തു.കൂടാതെ നാട്ടിൽ വിദ്യാഭ്യാസം ചെയ്യുന്ന സതീഷ് പോളിന്റെ കുട്ടികൾക്ക് നല്ലൊരു തുക വിദ്യാഭ്യാസ സഹായമായി നൽകി .ജോൺ പാട്ടപ്പതി ,റോയി നെടുംചിറ, ജോണിക്കുട്ടി പിള്ള വീട്ടിൽ,ഫാ.ടോം രാജേഷ്,ഹെറാൾഡ് ഫിഗറാദോ തുടങ്ങിയവരുടെ പിന്തുണയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ സാധിച്ചതായി പീറ്റർ കുളങ്ങര പറഞ്ഞു .
ഇതൊരു തുടർച്ചയാണ്, മോക്ഷം കാത്ത് കിടക്കുന്ന ആത്മാക്കൾക്ക് അഭിമാനത്തോടെ മടങ്ങാൻ കഴിയുന്നതിന്റെ തുടർച്ച. ഈ പ്രവർത്തിയ്ക്ക് ഒപ്പം നിന്ന എല്ലാ മനുഷ്യരുടെയും നന്മയെ നമ്മൾ പ്രകീർത്തിക്കാതെ തരമില്ല. പീറ്റർ കുളങ്ങരയുടെ പ്രവർത്തികൾ ഇനിയും ഉയരട്ടെ.കൂടുതൽ മനുഷ്യരിലേക്ക് ഇനിയും നന്മകൾ പ്രവഹിക്കട്ടെ.