സാമൂഹ്യ നന്മയുടെ അമരക്കാരൻ; ഫിലിപ്പ് ചാമത്തിൽ(വഴിത്താരകൾ)

sponsored advertisements

sponsored advertisements

sponsored advertisements


18 November 2022

സാമൂഹ്യ നന്മയുടെ അമരക്കാരൻ; ഫിലിപ്പ് ചാമത്തിൽ(വഴിത്താരകൾ)

അനിൽ പെണ്ണുക്കര

” ശക്തമായ ബോധ്യങ്ങൾ മഹത്തായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും “

അമേരിക്കൻ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തുന്ന അവസരത്തിൽ ഒന്നാമത് എഴുതേണ്ട ഒരു പേരുകാരനുണ്ട് ഡാളസിൽ. ഫിലിപ്പ് ചാമത്തിൽ. ഫോമയുടെ 2018 – 2020 കാലയളവിൽ ഫോമയെ നയിച്ച പ്രസിഡന്റ് . അമേരിക്കൻ മലയാളി സംഘടനാ ചരിത്രത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഏറ്റവും മികച്ച മാതൃക ലോകത്തിന് സമ്മാനിച്ച ഒരു ടീമിനെ നയിച്ച അമരക്കാരൻ.
ഫിലിപ്പ് ചാമത്തിലിന്റെ ജീവിതമല്ല, മറിച്ച് ഒരു ജീവിതം എങ്ങനെ മറ്റുള്ളവർക്ക് മാതൃകയാകുന്നു എന്ന് അദ്ദേഹം ഏറ്റെടുത്ത ഓരോ പ്രവർത്തങ്ങളും നമുക്ക് കാട്ടിത്തരുന്നു.
തിരുവല്ല , ചെങ്ങരൂർ പോസ്റ്റ് മാസ്റ്ററും വ്യവസായിയുമായിരുന്ന സി.സി. ചാക്കോയുടേയും പെണ്ണമ്മ ചാക്കോയുടേയും മകനായ ഫിലിപ്പ് ചാമത്തിൽ മൂന്ന് പതിറ്റാണ്ടോളം അമേരിക്കൻ എയർലൈൻസിൽ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗസ്ഥനായിരുന്നു .മൂന്നു പതിറ്റാണ്ടിലധികമായി സജീവ സംഘടനാ പ്രവർത്തകനായി സാമൂഹ്യ പ്രവർത്തന രംഗത്ത് എത്തിയ അദ്ദേഹം ഇപ്പോഴും സജീവമായി മുന്നോട്ട് . പതിനേഴ് വർഷമായി സ്വന്തം ഹെൽത്ത് കെയർ സ്ഥാപനത്തിലൂടെ സേവന രംഗത്തും സജീവമാകുമ്പോൾ ജീവിതം സാമൂഹ്യ, ജീവകാരുണ്യ മേഖലയിൽ സമർപ്പിതമായിരിക്കുന്നു എന്ന് വിലയിരുത്താം. ഫോമയുടെ പ്രാദേശിക ,ദേശീയ തലത്തിലും , ഡാളസിലെ സാമൂഹ്യ സാംസ്കാരികമേഖലയിലെ പ്രവർത്തനങ്ങളിലൂടെയും ഫോമയുടെ അമരത്തേക്ക് വരുമ്പോൾ ഫിലിപ്പ് ചാമത്തിലിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.ചാരിറ്റിക്ക് മുൻ‌തൂക്കം നൽകുകയും ഫോമയെ ആഗോള തലത്തിൽ അറിയപ്പെടുന്ന , അടയാളപ്പെടുത്തുന്ന സംഘടനയാക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യം. രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമായ നാഷണൽ കൺവൻഷൻ ഒരു ക്രൂയിസ് കൺവൻഷനാക്കി വ്യത്യസ്തമായ ഒരാഘോഷം ആക്കി മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം . പ്രസിഡന്റായി ചുമതലയേറ്റ് നാട്ടിലെത്തി മദ്ധ്യതിരുവിതാം കൂറിലും കേരളത്തിന്റെ മൂന്ന് മേഖലകളിലായി ഫോമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ വേണ്ട നടപടികൾ തുടങ്ങിയപ്പോഴായിരുന്നു കേരളത്തെ ദുഃഖത്തിലാഴ്ത്തി 2018 ലെ വെള്ളപ്പൊക്കം ഉണ്ടാകുന്നത്.

മനസ്സ് മരവിച്ച ദിനങ്ങൾ
കരുതലായി സഹോദരങ്ങൾക്കൊപ്പം
2018 ലെ പ്രളയത്തിന്റെ തുടക്കം വലിയ ആശങ്കകൾ ഉണ്ടാക്കിയില്ലങ്കിലും മഴ കനത്തപ്പോൾ സത്യത്തിൽ ഭയം ഉണ്ടാക്കിയ ഒന്നായിരുന്നു. മദ്ധ്യതിരുവിതാം കൂറിൽ ഫോമയുടെ ചില പരിപാടികൾ നടപ്പിലാക്കുവാൻ തയ്യാറായി നിൽക്കെയാണ് പെരുമഴ എല്ലാം തകിടം മറിച്ചത്. സഹ പ്രവർത്തകരായ ജെയിൽ കണ്ണച്ചാംപറമ്പിൽ, വിൻസന്റ് ബോസ്, സജു , ശശിധരൻ നായർ എന്നിവർ നാട്ടിലുളള സമയമായിരുന്നു. പ്രളയത്തിന്റെ എല്ലാ കെടുതികളും നേരിൽ കണ്ട നിമിഷങ്ങൾ. എല്ലാവരെയും കോ – ഓർഡിനേറ്റ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പ്രസിഡന്റ് എന്ന നിലയിൽ ഒരു നിർദ്ദേശമെ നൽകിയുള്ളു. പ്രയാസം അനുഭവിക്കുന്ന ഒരു മനുഷ്യനും ഒരു കുറവും ഉണ്ടാകരുത്. നമുക്ക് ആകുന്നത് ചെയ്യുക, സഹജീവികളെ ഹൃദയത്തോട് ചേർത്തുപിടിക്കുക. ഫോമയുടെ എല്ലാ പ്രവർത്തകരും ഒരേ മനസ്സോടെ പ്രവർത്തിച്ചു .ഭക്ഷ്യ ധാന്യങ്ങൾ ക്ളീനിംഗ് ഉപകരണങ്ങൾ തുടങ്ങി നാല് ജില്ലകളിലായി പതിനായിരത്തിലധികം അർഹതയുള്ള ആളുകൾക്ക് നേരിട്ട് എത്തിക്കുവാൻ സാധിച്ചു.പ്രളയത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും നേരിൽ കണ്ട നിമിഷങ്ങൾ. പക്ഷെ ആ നിമിഷങ്ങളിൽ മനസ്സിനെ വേട്ടയാടിയ ഒന്നായിരുന്നു പലരുടേയും വീടുകൾ വെള്ളം കയറി ഇല്ലാതായത്. സ്വന്തം വീടും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് ചേക്കേറിയവരുടെ കണ്ണുനീർ , അവരുടെ ആത്മ രോക്ഷം. നേരിൽ കണ്ട അനുഭവങ്ങൾ വിശദീകരിക്കുന്നതിലുപരി നമ്മളൊക്കെ ജീവിക്കുന്ന സാഹചര്യങ്ങളിൽ നിന്നും പരിതാപകരമായ അവസ്ഥയിലാണല്ലോ നമ്മുടെ സഹോദരങ്ങൾ ജീവിക്കുന്നത് എന്ന തോന്നലിൽ നിന്ന് ഒരു പുതിയ ആശയം ഉടലെടുക്കുന്നു. പ്രളയത്തിലകപ്പെട്ടവർക്ക് വേണ്ട സഹായവുമായി ഓടി നടക്കുമ്പോൾ ശാശ്വതമായ ഒരു പരിഹാരത്തിലേക്ക് ഞങ്ങൾ നടന്നടുത്തു.അതാണ് ഫോമാ വില്ലേജ് .

ഫോമാ വില്ലേജ്
ഒരു ലോക മാതൃക
അടച്ചുറപ്പുള്ള വീട് ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ ആഗ്രഹമാണ്. പ്രളയം വന്ന് പുരയ്ക്ക് മീതെ ഒഴുകിയപ്പോഴും ലോകമലയാളികളുടെ പ്രാർത്ഥന ഒരു വീടും നശിച്ചു പോകരുതേ എന്നായിരുന്നു. എല്ലാം പഴയതു പോലെ തിരിച്ചു കിട്ടാനായിരുന്നു. പക്ഷെ വെള്ളം കൊണ്ടുപോയത് എത്രയെത്ര ജീവനുകൾ , എത്രയെത്ര വീടുകൾ . എല്ലാം നേരിൽ കണ്ട നിമിഷങ്ങൾ ഇപ്പോഴും ഫിലിപ്പ് ചാമത്തിലിന്റെ മനസ്സിലുണ്ട്. വള്ളത്തിലും ബോട്ടിലുമൊക്കെ സഹായവുമായി തിരുവല്ല, നിരണം , കടപ്രയിലൊക്കെ ഞങ്ങൾ എത്തുമ്പോൾ എല്ലാവരുടെയും കണ്ണിൽ പ്രതീക്ഷയുടെ പുതു വെളിച്ചം കണ്ടു. ഞങ്ങൾക്ക് അടച്ചുറപ്പുള്ള ഒരു വീടു വേണം. ഒരു വെള്ളപ്പൊക്കത്തിനും നശിപ്പിക്കാൻ പറ്റാത്ത വീട്.
അന്തസ്സായി ഒരു വീട്ടിൽ കഴിയുക എന്നത് ഒരു സങ്കല്പമല്ല, അത് ഒരു യാഥാർത്ഥ്യമാക്കി മാറ്റുക എന്ന ഒറ്റ ചിന്തയിൽ നിന്ന് ഫോമയുടെ അടയാളപ്പെടുത്തലായി കുറെയേറെ വീടുകൾ . അങ്ങനെ ഫോമാ വില്ലേജ് പ്രോജക്ടിന് തുടക്കമായി.

ഫോമ തിരുവല്ല കടപ്ര , മലപ്പുറം
വില്ലേജ് പ്രോജക്ടുകൾ
കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം അമേരിക്കയിലെത്തി വിളിച്ചു ചേർത്ത ആദ്യത്തെ നാഷണൽ കമ്മിറ്റി എനിക്ക് മറക്കാൻ പറ്റില്ല. ആ കമ്മറ്റിയിൽ ഫോമ വില്ലേജ് പ്രോജക്ട് എന്ന ആശയം അവതരിപ്പിച്ചപ്പോൾ ഫ്ലോറിഡയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗം പൗലോസ് കുയിലാടൻ പിന്തുണയ്ക്കുകയും, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.അപ്പോഴാണ് ഏറ്റവും സുപ്രധാനമായ ഒരു ഓഫറുമായി മറ്റൊരു നാഷണൽ കമ്മറ്റി അംഗമായ നോയൽ മാത്യു വരുന്നത്. അദ്ദേഹത്തിൻ്റെ നിലമ്പൂരിൽ ഉള്ള ഒരേക്കർ വസ്തു ഫോമ വില്ലേജ് പ്രോജക്ടിനായി വിട്ടു നൽകാൻ തയ്യാറായത്. നമ്മൾ ഒരു തിരി കൊളുത്തുമ്പോൾ ഒരായിരം തിരി കൊളുത്താൻ തയ്യാറായി ഒപ്പം ചിലർ വരുമ്പോൾ നമുക്ക് ലഭിക്കുന്ന ഊർജ്ജം ഉണ്ടല്ലോ .അത്തരമൊരു നിമിഷമായിരുന്നു അത്. ഫോമ വില്ലേജ് പ്രോജക്ടിൻ്റെ സമഗ്രമായ തുടക്കം അവിടെ നിന്നായിരുന്നു. തിരുവല്ല കടപ്ര മലപ്പുറം പ്രോജക്ടുകൾ 2019 ൽ തന്നെ പൂർത്തിയായി താക്കോൽ ദാനം നടത്തിയത് വരെയുള്ള കാര്യങ്ങൾ ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു.ഒറ്റവാക്കിൽ പറഞ്ഞാൽ കൂട്ടായ പരിശ്രമം.ഒരേ മനസ്സോടെ ,ഒത്തൊരുമയോടെ നടത്തിയ പ്രവർത്തനങ്ങളുടെ വിജയമാണ് ഫോമ വില്ലേജ് പ്രോജക്ടുകൾ .നിരവധി വീടുകൾക്കുള്ള ഓഫറുകൾ അംഗ സംഘടനകളും വ്യക്തികളും നൽകി . തുടർന്ന് അനിയൻ ജോർജ് , ഉണ്ണികൃഷ്ണൻ , ജോസഫ് ഔസോ, ബിജു തോണിക്കടവിൽ, നോയൽ മാത്യു തുടങ്ങിയവർ അംഗങ്ങളായി വിപുലമായ ഒരു വില്ലേജ് കമ്മറ്റി നിലവിൽ വന്നു.പ്രസ്തുത കമ്മറ്റിയുടെയും, ഫോമാ നാഷണൽ കമ്മറ്റിയുടേയും, വിവിധ ഫോമ റീജിയനുകളുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം മൂലം നാൽപ്പത് വീടുകൾ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് നിർമ്മിച്ചു നൽകുവാൻ സാധിച്ചു.പത്തനംതിട്ട ജില്ലാ കലക്‌ടർ പി.ബി.നൂഹ്,കടപ്ര പഞ്ചായത്ത്പ്രസിഡന്റ് ,അംഗങ്ങൾ ,മലപ്പുറം പ്രോജക്ടിന്റെ ഭാഗമായ പഞ്ചായത്ത് പ്രവർത്തകർ ,നോയലിന്റെ സുഹൃത്തുക്കൾ നാട്ടുകാർ തുടങ്ങിയവർ,ഫോമാ റീജിയണുകൾ കൂടാതെ ചില അമേരിക്കൻ മലയാളി സുഹൃത്തുക്കൾ ,അഭ്യുദയ കാംക്ഷികൾ തുടങ്ങിയവർ ഫോമയ്ക്കൊപ്പം ,ഈ പദ്ധതിക്കൊപ്പം കൂടിയതോടെ വില്ലേജ് പ്രോജക്ട് പരിപൂർണ്ണതയിൽ എത്തുകയായിരുന്നു.പ്രോജക്ട് പൂർത്തീകരിക്കുവാൻ വേണ്ട സഹായം നൽകിയ മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, അഡ്വ. ആർ സനൽകുമാർ, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്, ഫോമാ വില്ലേജ് പ്രോജക്ട് കോ-ഓർഡിനേറ്റർ അനിൽ ഉഴത്തിൽ ,അമേരിക്കയിലെയും കേരളത്തിലെയും പത്ര,ദൃശ്യ,ഓൺ ലൈൻ മാധ്യമങ്ങൾ എന്നിവരെയും ഈ സമയത്ത് ഞാൻ ഓർമ്മിക്കുന്നു .ഫോമാ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം ,ട്രഷറർ ഷിനു ജോസഫ് ,വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു ,ജോ.സെക്രട്ടറി സജു ജോസഫ് ,ജോ.ട്രഷറർ ജെയിൻ കണ്ണച്ചാൻ പറമ്പിൽ ,നാഷണൽ കമ്മിറ്റി ,ജുഡീഷ്യറി കൗൺസിൽ ,കംപ്ലൈന്റ്സ് കൗൺസിൽ ,അഡവൈസറി കൗൺസിൽ ,ഫോമയുടെ അംഗ സംഘടനകൾ തുടങ്ങി അമേരിക്കൻ മലയാളികളുടെ പിന്തുണയും ഈ വിജയത്തിന് പിന്നിലുണ്ട് .

തണലായി തണൽ
ഒരു പദ്ധതി പ്രഖ്യാപിക്കാൻ വളരെ എളുപ്പമാണ് .പക്ഷെ അത് നടപ്പിൽ വരുത്താൻ കൂട്ടായ പരിശ്രമം വേണം .ഫോമാ തിരുവല്ല വില്ലേജ് പ്രോജക്റ്റിനൊപ്പം അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് കോഴിക്കോട് തണൽ ആണ്. തുടക്കം മുതൽ ഈ നിമിഷം വരെ തണലിന്റെ പ്രവർത്തങ്ങൾ ,അവരുടെ ജോലിക്കാർ ,ഭാരവാഹികൾ എല്ലാവരും വളരെ ആത്മാർത്ഥതയോടെ ഫോമയുടെ വിജയത്തിനായി,അതിലുപരി വീടില്ലാത്ത നമ്മുടെ സഹോദരങ്ങൾക്ക് കൂടൊരുക്കുന്നതിൽ സഹായവുമായി ഒപ്പം നിന്ന് പ്രവർത്തിച്ചു .എത്ര നന്ദി പറഞ്ഞാലും തീരില്ല തണലിനോട് .വാക്കുകളിൽ ഒതുക്കാനാവില്ല തണലിന്റെ പിന്തുണയ്ക്കുള്ള കടപ്പാട് ..

നവകേരളത്തിന് മുതൽക്കൂട്ട്
2018 ആഗസ്റ്റ് മാസം 15 ന് കേരളത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തിന്റെ ബാക്കിപത്രം എന്ന് പറയുന്നത് നഷ്ടങ്ങളുടെ കണക്ക് മാത്രമാണ്. ഈ നഷ്ടങ്ങൾക്ക് പരിഹാരം കാണുവാനാണ് കേരളാ ഗവൺമെന്റ് നവകേരളം പദ്ധതിക്ക് രൂപം കൊടുത്തത്. ഈ പദ്ധതിക്ക് സഹായകമായി ഒന്നാമതായി പൂർത്തിയാക്കപ്പെട്ട പ്രോജക്ട് കൂടിയായിരുന്നു ഫോമ വില്ലേജ് പ്രോജക്ട്. അതുകൊണ്ടു തന്നെ ഭാവികേരളത്തിന്റെ ഭവന പ്രോജക്ടുകൾക്ക് താങ്ങും തണലും മാതൃകയുമായി ഈ പ്രോജക്ട് നിലനിൽക്കുന്നു എന്നത് വലിയ സന്തോഷം നൽകുന്നു.

ഏറ്റവും വലിയ ഭവന നിർമ്മാണ പ്രോജക്ട്
തുടർ പ്രോജക്ട്
നാൽപ്പത് വീടുകൾ വീടില്ലാത്ത കുടുംബങ്ങൾക്കായി നിർമ്മിച്ചു നൽകിയ ബൃഹത്തായ ഒരു പദ്ധതി. കടപ്ര വില്ലേജിൽ നടപ്പിലാക്കിയ പദ്ധതിയുടെ പിന്നിൽ ഒരു ജനവിഭാഗത്തിൻ്റേയും, കേരളത്തിൻ്റേയും വേദനയുടെ ചരിത്രമുണ്ട്. രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ച ഒരു സമൂഹത്തെ താങ്ങും തണലും നൽകി കൈ പിടിച്ച് ഉയർത്തുകയായിരുന്നു ഫോമ. എന്നും ഫോമാ പ്രവർത്തകർക്കും, അമേരിക്കൻ മലയാളികൾക്കും, പ്രവാസി മലയാളികൾക്ക് ഓരോരുത്തർക്കും സധൈര്യം സമൂഹത്തിന് ചൂണ്ടിക്കാണിക്കുവാൻ പറ്റുന്ന ഒരു പ്രോജക്ട് ആയിരുന്നു ഫോമാ വില്ലേജ് പ്രോജക്ട് .ഫോമ നാഷണൽ കമ്മറ്റി ,ജനറൽ ബോഡി ,റീജിയണൽ കമ്മറ്റികളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ചുരുങ്ങിയ സമയം കൊണ്ട് ,2019 ജൂൺ രണ്ടിന് കേരളാ കൺവൻഷൻ സമയത്ത് മുഴുവൻ വീടുകളുടേയും നിർമ്മാണം പൂർത്തിയാക്കി താക്കോൽ ദാനം നിർവ്വഹിച്ച മഹനീയ മുഹൂർത്തം മറക്കുവതെങ്ങനെ. ഇതൊരു തുടർ പ്രോജക്ടായി ഫോമായുടെ തുടർ കമ്മറ്റികൾ മുന്നോട്ടു കൊണ്ടു പോകുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ഭവന നിർമ്മാണ പ്രോജക്ടായി മാറും എന്ന കാര്യത്തിൽ സംശയമില്ല.

പ്രവാസി മലയാളി സംഘടനാ ചരിത്രത്തിലെ
ഏറ്റവും വലിയ മെഡിക്കൽ ക്യാമ്പ്
ഹ്യുസ്റ്റണിൽ നിന്നുള്ള “ലെറ്റ് ദം സ്‌മൈൽ എഗൈൻ”എന്ന സന്നദ്ധ സംഘടനയോട് സഹകരിച്ചു ജിജു കുളങ്ങരയുടെ നേതൃത്വത്തിൽ ,അമേരിക്കയിൽ നിന്നും മുപ്പതോളം മെഡിക്കൽ വിദഗ്ദ്ധരെ നാട്ടിലെത്തിച്ച് നാല് ജില്ലകളിലായി ഇരുപതോളം മെഡിക്കൽ ക്യാമ്പുകളും ,കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലിൽ നിർദ്ധനരായ മുപ്പതോളം പേർക്ക് ജനറൽ സർജറിയും സൗജന്യമായി നടത്തികൊടുക്കുവാൻ സാധിച്ചതും കോവിഡ് കാലത്തെ ഏറ്റവും നല്ല അനുഭവം ആയി മാറി . 2017 ലെ ഹാർവി ദുരന്തത്തിൽ ഹ്യൂസ്റ്റൺ വെള്ളത്താൽ മൂടിയപ്പോൾ മുങ്ങിയപ്പോൾ ഡാളസിൽ നിന്നും ഹ്യൂസ്റ്റനിലക്ക് ഒരു ട്രക്ക് സാധനങ്ങളുമായി അവിടെ സഹായമെത്തിക്കുവാനും ക്ളീനിംഗ് പ്രവർത്തങ്ങളിൽ സുഹൃത്തുക്കളോടൊപ്പം ഏർപ്പെടുവാനും സാധിച്ചതും ജീവിത വഴികളിലെ മറക്കാത്ത സംഭവങ്ങൾ തന്നെ .

ഫോമാ സ്‌കോളർഷിപ്പ്
ഫിലിപ്പ് ചാമത്തിൽ പ്രസിഡന്റായിരുന്ന സമയത്താണ്
ഫോമയുടെ വിമൻസ് ഫോറം രേഖ നായരുടെ നേതൃത്വത്തിൽ തീരുമാനിച്ച് നടപ്പിലാക്കാനിരുന്ന മറ്റൊരു ബൃഹത്തായ പ്രോജക്ട് കേരളത്തിലെ നിർദ്ധനരായ നേഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണമായിരുന്നു. അൻപതിനായിരം രൂപ വീതം അൻപത്തിയഞ്ചു നേഴ്സിങ് വിദ്യാർത്ഥികൾക്ക് നൽകുന്ന ഏറ്റവും വലിയ സ്‌കോളർഷിപ്പ് പദ്ധതി . കോവിഡ് പശ്ചാത്തലത്തിൽ സ്കോളർഷിപ്പ് വിതരണം വലിയ ചടങ്ങുകളോടെ നടത്താൻ പറ്റിയില്ല എങ്കിലും കൃത്യമായി അത് കുട്ടികളിൽ എത്തിക്കുവാൻ കഴിഞ്ഞു .കൂടാതെ നിർദ്ധനരായ സ്ത്രീകൾക്ക് തൊഴിൽ ചെയ്യുന്നതിനായി ഒരു പദ്ധതി കൂടി അക്കാലത്ത് ആവിഷ്ക്കരിച്ചു നടപ്പിലാക്കി .

സ്റ്റുഡൻറ്സ് ഫോറം
യുണിവേസിറ്റി ഓഫ് ടെക്‌സാസ് ഡാലസിൽ ഇരുന്നൂറോളം മലയാളി വിദ്യാർത്ഥികളെ സംഘടിപ്പിച്ചു ഫോമയുടെ സ്റ്റുഡന്റസ് ഫോറം രൂപീകരിക്കുകയും നിരവധി ടൂർണ്ണമെന്റുകളും ,ഓണം ,വിഷു,ഈസ്റ്റർ ,ക്രിസ്തുമസ് ആഘോഷങ്ങളും സംഘടിപ്പിച്ചു യുവജനങ്ങളെ അക്കാലത്ത് ഫോമയിലേക്ക് ആകർഷിക്കുവാനും ഫിലിപ്പ് ചാമത്തിലിന് കഴിഞ്ഞു .

ഹെൽപ്പ് ലൈൻ, കൃഷിപാഠം,ഓൺ ലൈൻ നാടക മത്സരം ,
യാത്രാ സൗകര്യങ്ങളുടെ ഏകോപനം
കോവിഡ് മഹാമാരി ലോകത്തെ ആകമാനം പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ ഫോമാ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടങ്ങിയ ഹെൽപ്പ് ലൈൻ,ഷെൽഫി മാണിയുടെ നേതൃത്വത്തിൽ കൃഷിപാഠം, കലാകാരൻമാരുടെ ഏകോപനം,കോൺസുലേറ്റുമായി ബന്ധപ്പെട്ട യാത്രാ സൗകര്യങ്ങളുടെ ഏകോപനം ലോക്ക് ഡൗൺ കാലത്തിലും ഫോമാ ജനങ്ങൾക്കൊപ്പം നിൽക്കുവാനും അന്ന് സാധിച്ചത് വലിയ നേട്ടമായി .നവീന കൃഷിരീതികൾ പരിചയപ്പെടുവാനും അവ ജീവിതത്തിന്റെ സന്തോഷമാക്കി മാറ്റുവാനും അന്ന് പലർക്കും സാധിച്ചു .ആദ്യമായി ഓൺലൈനിൽ ഒരു നാടക മത്സരം സംഘടിപ്പിക്കുവാൻ അന്ന് ഫോമയ്‌ക്ക് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ .ലോക്ക് ടൗൺ കാലങ്ങളെ സജീവമാക്കുവാൻ ലോകത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ അന്ന് ഫോമയ്‌ക്ക് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ .

ടാസ്ക് ഫോഴ്‌സ്
ഫോമയുടെ പന്ത്രണ്ട് റീജിയനുകളിലും കോവിഡ് പശ്ചാത്തലത്തിൽ ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചുകൊണ്ട് ഒരു പുതിയ സേവന സംവിധാനത്തിന് തുടക്കമിടുവാൻ ഫിലിപ്പ് ചാമത്തിലിന് കഴിഞ്ഞു . .നിരവധി ആളുകളെ നാട്ടിലെത്തിക്കുവാനുള്ള യാത്ര സൗകര്യം ,മറ്റു കോൺസുലേറ്റ് ആവശ്യങ്ങൾ എന്നിവ ഈ ടാസ്ക് ഫോഴ്സിലൂടെ നടപ്പിലാക്കുവാൻ കഴിഞ്ഞു .ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ നൽകിയ സഹായങ്ങൾ ഓർമ്മിക്കുന്നു.വിദ്യാർത്ഥികൾക്ക് സഹായം ,കൗൺസിലിംഗ് സംവിധാനം എന്നിവയെല്ലാം വൻ വിജയമായിരുന്നു .

ക്രൂസ് കൺവൻഷൻ
2020 ജൂലൈ രണ്ടു മുതൽ ആറുവരെ അത്യാഢംബര കപ്പലായ റോയൽ കരീബിയനിലായിരുന്നു ഫോമാ നാഷണൽ കൺവൻഷൻ പ്ലാൻ ചെയ്തിരുന്നത് .കൺവൻഷനു ആറുമാസം മുൻപ് തന്നെ ഡെലിഗേറ്റുകൾ ആയിരത്തി ഇരുന്നൂറിലധികം മുഴുവൻ തുകയും നൽകി ബുക്ക് ചെയ്യുകയും ചെയ്തിരുന്നു .അഞ്ചു ദിവസത്തെ കൺവൻഷനു 950 ഡോളർ ഉള്ള താരതമ്യേന ചിലവുകുറഞ്ഞ പാക്കേജിലുള്ള നാഷണൽ കൺവൻഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ കാൻസൽ ചെയ്തത് അന്നത്തെ സാഹചര്യങ്ങൾ കൊണ്ടായിരുന്നു .ബുക്ക് ചെയ്ത മുഴുവൻ ആളുകൾക്കും മുഴുവൻ തുകയും കൃത്യ സമയത്ത് തിരികെ നൽകി മാതൃകയാകുവാനും ഫോമയ്‌ക്ക് കഴിഞ്ഞു .

ജനറൽ ബോഡിയും ,തെരഞ്ഞെടുപ്പും
കോവിഡിന്റെ പശ്ചാത്തലത്തിൽ ഫോമാ നാഷണൽ കൺവൻഷൻ മാറ്റിവച്ചുകൊണ്ട് ഒരു വർഷം കൂടി നിലവിലെ കമ്മിറ്റി തുടരുവാനുള്ള തീരുമാനം ശക്തമായ നിലപാടുകളിലൂടെ മാറ്റുകയും
അഞ്ഞൂറിലധികം ഡെലിഗേറ്റുകളെ സൂമിൽ ഉൾപ്പെടുത്തി ചരിത്രത്തിലാദ്യമായി ഫോമാ ജനറൽ ബോഡിയും സുതാര്യമായി ഓൺ ലൈൻ തെരഞ്ഞെടുപ്പും നടത്തുവാനും ഫിലിപ്പ് ചാമത്തിലിന് കഴിഞ്ഞു . .നൂറു ശതമാനം ഡെലിഗേറ്റുകളും വോട്ടു ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളികളായി .നിയമ പരമായി എല്ലാ വശങ്ങളും പഠിച്ച ശേഷമായിരുന്നു അദ്ദേഹം ജനറൽ ബോഡിയും തെരഞ്ഞെടുപ്പും നടത്തിയത് .ശക്തമായ തീരുമാനങ്ങൾ എടുത്തുകൊണ്ട് രണ്ടുവർഷം ഫോമയെ നയിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത .ഒരു നേതാവിന് വേണ്ട പ്രധാന യോഗ്യതയും അത് തന്നെ .

സാമൂഹ്യ പ്രവർത്തനം
കേരളത്തിലും
നാട്ടിലെത്തിയാലും ഫിലിപ്പ് ചാമത്തിൽ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമാണ്. തനിക്കു മുന്നിൽ സഹായവുമായി എത്തുന്ന ഒരാളെ പോലും നിരാശനാക്കി മടക്കാതെ അയാൾക്ക് ആവശ്യമായത് നൽകുവാൻ അദ്ദേഹം ശ്രമിക്കുന്നു. അവധിക്ക് എത്തുന്ന സമയങ്ങളിൽ ഫോമ വില്ലേജിലെത്തി എല്ലാ കുടുംബങ്ങളെ കാണുവാനും അവരോടൊപ്പം ചിലവഴിക്കാനും ശ്രമിക്കുന്നു. അവർക്കായി ചില സാമൂഹ്യ പ്രവർത്തനങ്ങൾ കൂടി ഇനിയും വ്യക്തിപരമായി ചെയ്യണമെന്ന ആഗ്രഹവും ഫിലിപ്പ് ചാമത്തിലിനുണ്ട്.

സംഘടനാ നേതൃത്വങ്ങൾ
ഒരു സാമൂഹ്യ പ്രവർത്തകനെ എല്ലാവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന് സമൂഹത്തോടുള്ള കടപ്പാടുകൊണ്ടാണ് .ഏറ്റെടുക്കുന്ന ഏതു പദവിയിലും ഫിലിപ്പ് ചാമത്തിലിന്റെ ഒരു കൈയ്യൊപ്പ്‍ ഉണ്ടായിരിക്കും .ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ,ഇപ്പോൾ ട്രസ്റ്റി ബോർഡ് ചെയർമാൻ ,ഫോമാ രണ്ടു ടീമിൽ നാഷണൽ കമ്മിറ്റി അംഗം ,ഫിനാൻസ് കമ്മിറ്റി ചെയർമാൻ ,തുടങ്ങിയ പൊസിഷനുകൾ .ഡാളസ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ സ്ഥാപക അംഗം ,ട്രസ്റ്റി,സെക്രട്ടറി ,സിൽവർ ജൂബിലി ചെയർ മാൻ ,നിരവധിവർഷം കമ്മിറ്റി അംഗം ,ഓഡിറ്റർ ആയും സേവനം .
കോൺഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റ് ആയി സംഘടനാ പ്രവർത്തനം തുടങ്ങുവാനും സാധിച്ചത് ഈ നേതൃത്വ ഗുണങ്ങൾക്ക് വഴിമരുന്നായി മാറി .
ഫോമാ കേരളാ കൺവൻഷൻ
വൻ വിജയം
2019 ജൂൺ 2 മുതൽ 4 വരെ ഫോമാ കേരളാ കൺവൻഷൻ ഫോമാ വില്ലേജ് നിലകൊള്ളുന്ന സ്ഥലത്തു തന്നെ സംഘടിപ്പിക്കുകയായിരുന്നു .സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ ഒത്തുചേരൽ കൂടിയായി ഫോമാ കേരളാ കൺവൻഷൻ .ആയിരത്തിലധികം ആളുകൾ പങ്കെടുത്ത ജനകീയ കൺവൻഷന്റെ ചെയർമാൻ സജി എബ്രഹാം ആയിരുന്നു.തോമസ് ഐസക് , ഉൾപ്പെടെയുള്ള മന്ത്രിമാർ ,ആരിഫ് എംപി,എം എൽ എ മാർ മറ്റു സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രഗത്ഭരായ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ചടങ്ങുകൾ കൂടുതൽ ഭംഗിയായി നടന്നു .ജൂൺ മൂന്നിന് ലേക്ക് പാലസ് റിസോർട്ടിലും ,നാലിന് ഫോമാ വില്ലേജ് നിവാസികൾ ഒരുക്കിയ സ്‌നേഹവിരുന്നും വൻ വിജയമായിരുന്നു .

ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി കരാർ
വിദ്യാഭ്യാസ രംഗത്തെ നേട്ടം
അരിസോണയിലെ ഫീനിക്‌സില്‍
സ്ഥിതിചെയ്യുന്ന ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി അറുപതിലേറെ വര്‍ഷങ്ങളായി അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ പ്രഥമ സ്ഥാനം വഹിക്കുന്ന സ്ഥാപനമാണ്‌.ഫോമയും ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള കരാറിലൂടെ തുടങ്ങിവച്ച വിദ്യാഭ്യാസ പ്രവർത്തങ്ങൾ സജീവമായി മുന്നോട്ട് കൊണ്ടുപോയത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായി .എട്ടു മില്യൺ തുക ലാഭിക്കുവാൻ സാധിച്ചു . 200 ൽ അധികം കോഴ്‌സുകൾക്കാണ് പതിനഞ്ചു ശതമാനം ഇളവ് യൂണിവേഴ്സിറ്റി ഫോമയുമായുള്ള കരാറിൽ വിദ്യാർത്ഥികൾക്ക് നൽകിയത് .
കുടുംബം
ഏതൊരു സാമൂഹ്യ പ്രവർത്തകന്റേയും വിജയത്തിനു പിന്നിൽ കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണ കൃത്യമായും ലഭിക്കേണ്ടതുണ്ട്. ഫിലിപ്പ് ചാമത്തിലിന്റെ ജീവിത വഴിയിൽ ഭാര്യ കാർത്തികപ്പള്ളി പാണ്ടാം പുറത്ത് പി.പി. ഫിലിപ്പിന്റേയും , തങ്കമ്മ ഫിലിപ്പിന്റേയും മകൾ റേച്ചൽ ഫിലിപ്പ് , മക്കളായ റോയ്സ് ഫിലിപ്പ്, റോണി ഫിലിപ്പ്, റയൻ ഫിലിപ്പ് എന്നിവർ ഒപ്പമുണ്ട്.

ഫിലിപ്പ് ചാമത്തിലിന്റെ ജീവിതം നമുക്കെല്ലാം ഒരു പാഠ പുസ്തകമാകുന്നത് അദ്ദേഹം ഒരു വലിയ പദ്ധതിക്ക് നേതൃത്വം നൽകി എന്നതിലല്ല, മറിച്ച് അദ്ദേഹത്തിന്റെ ഹൃദയശുദ്ധിയിലാണ്. തന്റെ കൺമുൻപിൽ കണ്ട മനുഷ്യജീവിതങ്ങളുടെ പ്രശ്നങ്ങളെ അതേ രീതിയിൽ ഉൾക്കൊള്ളുവാൻ സാധിച്ചത് , അത് ഒരു വലിയ കൂട്ടായ്മയ്ക്കൊപ്പം നിന്ന് സഫലീകരിക്കുവാൻ ശ്രമിച്ചത് എല്ലാം കാലം ഓർത്തു വയ്ക്കും. കാരണം ഒരു പ്രളയകാലത്ത് തന്റെ സഹജീവികളുടെ നിലവിളികൾക്ക് കൂട്ടിരുന്ന ഒരാളാണ് ഫിലിപ്പ് ചാമത്തിലെന്ന് കടപ്രയിലെ ഓരോ മൺതരികൾക്കുമറിയാം.. ആ മൺതരികളിൽ വീഴുന്ന ഓരോ സൂര്യരശ്മിയിലും അദ്ദേഹവും, ഫോമയെന്ന വലിയ സംഘടനയും മിന്നിത്തിളങ്ങി നിൽക്കുമെന്നതിൽ സംശയമില്ല..
ഫിലിപ്പ് ചാമത്തിൽ ഈ വഴിത്താരയിൽ മുന്നോട്ട് നടക്കട്ടെ. ഒരു ജനതയുടെ പ്രാർത്ഥനകൾ അദ്ദേഹത്തിന് കരുത്തായിരിക്കും. അവ നാളെയുടെ പ്രതീക്ഷകൾക്ക് വഴിമരുന്നാകും.. സംശയമില്ല….