ഫിലിപ്പ് ചെറിയാന്‍
ഡിസംബര്‍ 18 എന്ന ദിവസം പലതുകൊണ്ടും എനിക്കേറ്റവും പ്രിയപ്പെട്ടതു തന്നെ. മെസ്സിയുടെ വിജയത്തിളക്കം ആദ്യമേ പറയട്ടെ. അത് പറയാതെ ഈ കുറിപ്പ് തുടങ്ങാന്‍ ആകില്ല. ബേസ് ബോള്‍, അമേരിക്കയ്ക്കു എത്രമാത്രം പ്രിയങ്കരം ആണോ, അതുപോലെ എല്ലാ ഗെയിമുകളും ഓരോ രാജ്യങ്ങളില്‍ പ്രിയതരം ആകാം. വോളിബോളില്‍ ജിമ്മി ജോര്‍ജിനെ ഗ്രീക്കിലുള്ള ഹെര്‍മിക്കുനോട് ഉപമിക്കുന്നത് നാം കണ്ടു. ലോകത്തിലെ വലിയ കളിക്കാരില്‍ ജിമ്മിയും ഉള്‍പ്പെടും. അതുപോലെ ഹോക്കി, ക്രിക്കറ്റ് ഇതിലൊക്കെ സച്ചിന്‍ അടക്കം പല ഇന്ത്യന്‍ താരങ്ങളെയും നാം കണ്ടു. അവരെക്കുറിച്ചൊക്കെ നമുക്ക് അഭിമാനിക്കാം. എന്നാല്‍, ലോകത്തില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനമുള്ള നമുക്ക് എന്തുകൊണ്ട് ഒരു ടീം ഇല്ല. മനസ്സുവെച്ചാല്‍ ചിലപ്പോള്‍ മത്സരിച്ച് നമുക്ക് ഒന്നാമതാകാം.
പാലാ സെ. തോമസില്‍ 1973-76 കാലഘട്ടത്തില്‍ ഞാന്‍ വിദ്യാര്‍ത്ഥി ആയിരിക്കെ, ജിമ്മി ജോര്‍ജ് സഹപാഠിയായിരുന്നു എന്ന കാര്യവും എനിക്ക് വിസ്മരിച്ചുകൂടാ. അപ്പോള്‍ വോളിബോളില്‍ വിഹരിച്ചു രാജ്യാന്തര സീമകള്‍ വെട്ടിപ്പിടിക്കുമ്പോള്‍, ആ കാലഘട്ടത്തില്‍ ഒരു ഫുട്ബോള്‍ ടീം ഒപ്പിച്ചെടുക്കാന്‍ ഞാന്‍ പെട്ട പാട്! മൂന്നു വര്‍ഷം ടീമില്‍ പ്രധാനിയായിരുന്നു താനും. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന, അല്ലെങ്കില്‍ ധാരാളം ആരാധകരുള്ള ഏക ഗെയിം ഫുട്ബോളാണ്. ഏറ്റവും വിലയുള്ള താരം മെസ്സി തന്നെ. പെലെ, മറഡോണ, നെയ്മര്‍, റൊണാള്‍ഡോ ഇവരെയൊന്നും മറന്നുകൊണ്ട് പറയുകയല്ല; ഏറ്റവും വിലയുള്ള കാലുകളും മെസ്സിയുടേതാകുന്നു. ഇടതുകാല്‍കൊണ്ട് ഗോളടിക്കാന്‍ തുടങ്ങുമ്പോള്‍ ഗോളിക്ക് പന്തിന്‍റെ വരവ് തിരിച്ചറിയാന്‍ ആകില്ല. വലതുഭാഗത്തേക്ക് ബോള്‍ വരുമ്പോള്‍ ഇടതുഭാഗത്തേക്ക് ചാടി ബോള്‍ പിടിക്കാന്‍ ചാടുന്നതും നാം കണ്ടു. മമ്മൂട്ടിയും ഗാലറിയില്‍നിന്നും ചില ചിത്രങ്ങള്‍ പങ്കിട്ടു. മെസ്സിയെപ്പറ്റി എനിക്കൊരു മൂവി നിര്‍മിക്കാന്‍ ആകുമായിരുന്നെങ്കില്‍ ദുല്‍കര്‍ സല്‍മാന്‍ അതിന് അനുയോജ്യന്‍. നീളംകൊണ്ടും മുഖസാമ്യം കൊണ്ടുമൊക്കെ എവിടെയൊക്കെയോ ഒരു നനുനനുത്ത ഭാവം.
ഡിസംബര്‍ 18 എനിക്കെന്നും മറക്കാന്‍ കഴിയാത്ത ചുരുക്കം ദിനങ്ങളില്‍ ഒരു ദിനം. 1990 ഡിസംബര്‍ 18-ന് ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ അതൊരു സായംസന്ധ്യ. ആദ്യമായി ജെഎഫ്കെയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ സിറ്റിയുടെ മനോഹാരിത ആദ്യമായി നുകര്‍ന്ന ദിനം. എന്‍റെ രണ്ട് ആണ്‍മക്കളില്‍ മൂത്ത മകന്‍ ഷെറിന് അന്ന് ഒരു വര്‍ഷം മാത്രം പ്രായം. ആദ്യമായി വരുന്നതുകൊണ്ട് ഇമിഗ്രേഷനില്‍ ഏറെ സമയം ചെലവഴിച്ചു. ചെങ്ങന്നൂരില്‍ നിന്നും വന്ന എനിക്ക് മറ്റേതോ ഗ്രഹത്തില്‍പോയ പ്രതീതി. ഏഴു വര്‍ഷത്തോളം സൗദിയില്‍ ജോലി ചെയ്തിരുന്ന അവള്‍ക്ക് ഇതൊന്നും ഒരു പുതുമയായി തോന്നിയിട്ടുണ്ടാകില്ല എന്ന് മനസ്സിലാക്കാന്‍ ഒരു ആറാം ഇന്ദ്രിയം വേണമെന്നില്ലല്ലോ. ശരിക്കും ഞാന്‍ കഴായിച്ചു എന്നുതന്നെ പറയട്ടെ! പല വിഷയങ്ങളിലും ഡിഗ്രിയും മാസ്റ്റേഴ്സും ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ലല്ലോ; കുട്ടികളെ ഷെല്ലിയും കീറ്റ്സും ബൈറണും, ഷേക്സ്പിയറും ഒക്കെ പഠിപ്പിച്ചിരുന്ന എനിക്ക് അപ്പോള്‍ സഹായം കിട്ടിയിരുന്നത് ഭാഷയുടെ കാര്യത്തില്‍ എന്‍റെ ഭാര്യതന്നെ.
വിമാനത്തില്‍ യാത്ര ചെയ്തപ്പോള്‍ അന്നുണ്ടായ ഒരനുഭവം കൂടി കുറിക്കട്ടെ. എയര്‍ ഹോസ്റ്റസ് ഇടയ്ക്ക് കാപ്പിയോ ചായയോ എന്ന് ചോദിച്ച് അടുത്തുവന്നു. സത്യം പറയട്ടെ. എനിക്ക് മനസ്സിലായില്ല. എനിക്ക് മനസ്സിലായില്ല എന്ന് അവര്‍ മനസ്സിലാക്കിയതായി അവരുടെ ഭാവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ഇത്രയും പഠിത്തമുള്ള എനിക്ക് അത് മനസ്സിലായില്ലെന്ന് എന്‍റെ ഭാര്യക്ക് മനസ്സിലാകുകയും ചെയ്തു. വീണ്ടും എയര്‍ ഹോസ്റ്റസ് ചോദിച്ചു: ‘കോഫി ഓര്‍ റ്റീ’. എന്‍റെ ബുദ്ധിമുട്ട് മനസ്സിലാക്കി എന്‍റെ ഭാര്യ എന്നോട് ചോദിച്ചു: ‘സാമച്ചായാ, ചായ വേണോ അതോ കാപ്പിയോ.’ ചിലപ്പോള്‍ എന്‍റെ അനുഭവം എന്‍റെ സുഹൃത്തുക്കളോടൊപ്പം അവര്‍ ഇവിടെ വരുമ്പോള്‍ പങ്കിടാറുണ്ട്. ഭാര്യ കേട്ട ഭാവവും നടിക്കാറില്ല; എന്നെ കൊച്ചാക്കാറുമില്ല.
അമേരിക്കയില്‍ 32 വര്‍ഷം തികച്ച എനിക്ക് ജയ പരാജയങ്ങള്‍ ഏറെ. രണ്ടു വിഷയങ്ങളില്‍ വീണ്ടും ഡിഗ്രികള്‍, സോണോഗ്രാം അല്ലെങ്കില്‍ അള്‍ട്രാസൗണ്ട് അടക്കം. മറ്റാരുടെയെങ്കിലും കീഴില്‍ ജോലി ചെയ്യാന്‍ മടി; ചിലപ്പോള്‍ പഠിച്ചെടുത്ത ഡിഗ്രികളുടെ തിളക്കംകൊണ്ട് കൂടിയാകാം. കമ്പനിയില്‍ തുടക്കത്തില്‍ നാല് വര്‍ഷം ജോലി ചെയ്യുമ്പോഴും മാനേജര്‍ക്ക് ചെയ്യാന്‍ പറ്റാത്ത പേപ്പര്‍ വര്‍ക്കുകള്‍ ഞാന്‍ ചെയ്യാറുണ്ടായിരുന്നു. മടുത്തു. അതുകൊണ്ടുതന്നെ ബിസിനസ്സിലേക്കു തിരിഞ്ഞു. ഇന്ത്യന്‍ ഗ്രോസറി സ്റ്റോറില്‍ നിന്നും (1996-2016) മാറി ഇവിടെയുള്ള ഓറിയന്‍റല്‍ സ്റ്റോര്‍ വാങ്ങി. രണ്ടു കടകളും ഒന്നിച്ചപ്പോള്‍ ന്യൂയോര്‍ക്കിലെ തന്നെ വലിയ സ്റ്റോര്‍. ചൈനീസ്, ഫിലിപ്പീനോസ്, ഹെറ്റി, ഇന്ത്യന്‍സ്, ഇറ്റാലിയന്‍സ് ഒക്കെ കൂടി വലിയ സ്റ്റോര്‍. ജോലിക്കാര്‍ ഏറെ. എങ്കിലും 9/11 സംഭവിച്ചപ്പോള്‍ സ്റ്റോര്‍ അടയ്ക്കേണ്ടിവന്നു. നാഷ്ടങ്ങള്‍ ഏറെ. 2016-ല്‍ വീണ്ടും തുടങ്ങേണ്ടിവന്നു. 32 വര്‍ഷം പിന്നിടുമ്പോള്‍, കണക്കെടുക്കുമ്പോള്‍ ദൈവത്തിനു നന്ദി പറയുന്നു. പരാതിയില്ല; നന്ദി പറഞ്ഞു തീര്‍ക്കാന്‍ ജീവിതം തന്നെ തികയില്ല.
രണ്ടു മക്കള്‍. മൂത്ത മകന്‍ സെര്‍ട്ടിഫൈഡ് അക്കൗണ്ടന്‍റ് (സിപിഎ) ആയി ജോലി ചെയ്യുന്നു. ഭാര്യ ഫാര്‍മസിസ്റ്റ്. അവര്‍ എന്നോടൊപ്പം. ഇളയമകന്‍ മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റായി ജോലി ചെയ്യുന്നു. എന്‍റെ ഭാര്യയും മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റായി ജോലി ചെയ്യുന്നു. കിട്ടുന്ന ചുരുങ്ങിയ സമയം കൃഷിക്കായി വിനിയോഗിക്കുകയും. ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ നാം ജയിക്കാറില്ല. അങ്ങനെ ഒരു കൈ അമേരിക്കയിലെ വലിയ സംഘടനയായ ഫോമായിലും ഞാന്‍ പയറ്റി. ജയപരാജയങ്ങളില്‍ എന്‍റെ വോട്ടുകള്‍ നിര്‍ണായകമായി, സെ. തോമസ് കോളജിലും ഒറ്റയ്ക്ക് പയറ്റി. 2500 വിദ്യാര്‍ത്ഥികളില്‍ എന്‍റെ വോട്ടുകള്‍ അവിടെയും ജയപരാജയങ്ങളില്‍ നിര്‍ണ്ണായകമായി.
