സന്ധ്യാ സമയം.
മകനെ വയലിന് ക്ലാസ്സിന് അകത്ത്കൊണ്ടു ചെന്നാക്കി, തിരിച്ചു കാറില്‍ ത്തന്നെ വന്നിരുന്നു.
വെറുതെ ഒന്ന് പുറത്തോട്ടു കണ്ണോടിയ്ക്കെ വശത്തുള്ള മരവേലിയിന്മേല് പടര്‍ന്നു കിടന്ന ചെടിയില്‍ നിറയെ വെളുത്ത പൂക്കള്‍. പേരറിയാത്ത ചെടി, പേരറിയാത്ത പൂക്കള്‍. നോക്കിയിരിക്കെ എന്റെ കണ്ണുകളില്‍ അവയ്ക്ക് പിച്ചകപ്പൂക്കളുടെ രൂപമായതറിഞ്ഞു.
ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നത് പിച്ചകപ്പൂക്കളാണല്ലോ?
കുട്ടിക്കാലത്ത്.
അവധിദിവസങ്ങള്‍ അമ്മയുടെ വീട്ടില്‍.
സന്ധ്യാസമയത്ത് കുളി കഴിഞ്ഞ് ഞങ്ങള്‍ കുട്ടികള്‍ കിഴക്കെപുറത്തുള്ള തിണ്ണയില്‍ കാലുകള്‍ പുറത്തേക്കിട്ട് ഇരുന്നു.
ചുവന്ന ചാന്തിട്ടു മിനുക്കിയ തിണ്ണകള്‍. കറുത്തു തിളങ്ങുന്ന ഇറയവും, അകത്തളവും.
വീടിനോടു അല്പം മാറി നിരന്നു നില്ക്കുന്ന ചെമ്പരത്തികള്ക്കിപ്പുറത്ത് പരിമളം പരത്തി കുറേ വെള്ളപ്പൂക്കള്‍.
മുല്ലപ്പൂക്കളേക്കാള് ചെറുത്.
‘പിച്ചകമാണ്’.
ചേട്ടനാണോ പറഞ്ഞത്?
അതോ ഇറയത്തേക്കു കടന്നുവന്ന അമ്മയോ?
അടുത്ത് ചെന്നു നോക്കി ആ സുഗന്ധം ആസ്വദിച്ചങ്ങനെ നില്ക്കുമ്പോള്.
‘പള്ളിക്കെട്ട്… ശബരിമലയ്ക്ക്,
കല്ലും മുള്ളും കാലുക്കു മെത്തെ, സ്വാമിയേ അയ്യപ്പോ…
അമ്പലത്തിലെ മൈക്കില്‍ നിന്ന് വീരമണിയുടെ ഭക്തിസാന്ദ്രമായ ശബ്ദം കാറ്റില്‍ ഏറിയും കുറഞ്ഞും. ആദ്യമായി കേള്‍ക്കയാണ്. കണ്ണടച്ച് കാതുകള്‍ കൂര്‍പ്പിച്ച് നിന്നു.
‘രാജു… ഇതെന്താ ഇവിടെ വന്ന് നിക്കണ്?’ പടിപ്പുര കടന്നു വന്ന അച്ചാച്ഛന്റെ ശബ്ദം.
‘മോനെ, ങ്ങട് പോരെ വേഗം… ഇരുട്ട്ണ് കണ്ടില്ല്യേ’ അമ്മയും പറഞ്ഞു.
‘ആ… ദേ വര്ണ്’
വിളിച്ചു പറഞ്ഞ് പിച്ചകപ്പൂക്കളുടെ സൗരഭ്യം ഒന്നുകൂടെ നുകരവേ, അപ്പുറത്തെ വീട്ടില്‍ വിളക്ക് വെയ്ക്കാന്‍ വന്ന ഒരു കൊച്ചു പാവാടക്കാരിയുടെ കണ്ണുകള്‍ ഇങ്ങോട്ട് പാളിവന്നുവോ? ഒരു നിമിഷം നോക്കി.
പിന്നെ ഓടി ഇറയത്തേക്കു കയറി. വല്ലാത്ത തട്ടലും മുട്ടലും ബഹളവും. അതടുത്തു വരുന്നു. ഞെട്ടിയുണര്‍ന്നു.
മകന് പുറത്തു നിന്ന് കാറിന്റെ ഡോറില്‍ തട്ടുകയാണ്. അവനെ കേറ്റി കാര്‍ മുന്നോട്ടെക്കവേ കണ്ണുകള്‍ പൂക്കളെ തിരഞ്ഞു. ഇരുട്ടില്‍, അവ നക്ഷത്രങ്ങളെപ്പൊക്കെ തിളങ്ങി.
പേരറിയാത്ത വെള്ളപ്പൂക്കളേ, ഒത്തിരി നന്ദി. ഓര്‍മ്മകളുടെ ചിറകിലേറ്റി കൊണ്ടുപോയതിന്.
ഇന്ന് കൂടെയില്ലാത്തവരില് ചിലരെ കാണിച്ചു തന്നതിന്.