ബാബുദാസ്
ആർത്തുല്ലസിച്ചും നീന്തിത്തുടിച്ചും
ഓളപ്പരപ്പിൽ കുസൃതികൾ കാട്ടിയും
ഇരതേടി വന്നൊരു കാകനും കൊക്കിനും
പിടികൊടുക്കാതെനിന്നീനീണ്ട നാളുകൾ
വരുന്നൊരാ പുതുകൂട്ടം കൊതിമൂത്ത കണ്ണുമായ്
കലക്കിയും വറ്റിച്ചും പരതി പിടിക്കുവാൻ
ചെളിയിൽ പുതഞ്ഞൊളിക്കുന്നതു നോക്കിയാ
കാലന്റെ കയ്യാൽ പാത്തുപിടിക്കാൻ ചിലർ
ഊരിപ്പിടിച്ചൊരാ വടിവാളു പോലെയും
കയ്യിലോ കത്തിയായ് വെട്ടുവാനും ചിലർ
പിടിച്ചു കുടഞ്ഞെറിഞ്ഞക്കരയിൽ പതിക്കുമ്പോൾ
മെയ്യിട്ടടിച്ചു തിരയുന്നു ശ്വാസത്തെ
ചിരിയാണു പലചുണ്ടിൽ ആർപ്പാണു പിടച്ചിലിൽ
ആരറിയുന്നൊരീ മരണത്തിൻ വെപ്രാളം
ഇണയെ പിരിഞ്ഞതോ തൻ മക്കളെ തിരഞ്ഞതോ
പിടച്ചിലിനാക്കം കൂട്ടിയിരുന്നെപ്പഴോ
അക്കയ്യിലൊതുങ്ങിയ പകച്ചൊരാ കണ്ണിൽ
നിറഞ്ഞതോ പ്രാണഭയവും മിടിപ്പിന്റെ വേഗവും
പേടിയാൽ പലകുറി പിടി തെന്നി മാറുമ്പോൾ
പുലികളി കണ്ടപോലവർ കയ്യടിച്ചീടുന്നു
മരണവെപ്രാളത്തെ ഇത്രയും പുതുമയാൽ
ചിരികൾ നിറച്ചു മഥിക്കുന്ന കൂട്ടമേ
തറയിൽ കിടന്നു തുടിക്കുന്ന ഹൃദയത്തിൻ
പിടച്ചിലിലൊരുനോക്കു ശാന്തമായ് നോക്കുവിൻ
അറിയാതെ വിങ്ങലായ് എന്നുമേ ഉള്ളിലായ്
ചൂണ്ടക്കുളത്തുപോൽ നീറ്റി വലിച്ചിടും
പ്രാണപ്പിടച്ചിലെന്നും നീറ്റലായ് നിന്നിടും..