വികസന പദ്ധതികളുമായി മുന്നോട്ടു തന്നെ : മുഖ്യമന്ത്രി പിണറായി വിജയന്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

3 January 2022

വികസന പദ്ധതികളുമായി മുന്നോട്ടു തന്നെ : മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്:വികസന പദ്ധതികളുമായി മുന്നോട്ടു തന്നെ പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനപദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം കൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

”സര്‍ക്കാരിന് ഒരു കാര്യത്തിലും അനാവശ്യമായ ദുര്‍വാശിയില്ല. സര്‍ക്കാര്‍ നാടിനെ മുന്നോട്ട് നയിക്കാന്‍ വേണ്ടിയുള്ളതാണ്. അപ്പോള്‍ എതിര്‍ക്കാന്‍ വരുന്ന ശക്തികളോട് കീഴ്‌പ്പെടുകയാണോ വേണ്ടത്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കലിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍ വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ. വിരട്ടല്‍ ഇങ്ങോട്ട് വേണ്ട. നാട് മുന്നോട്ട് പോകണം. കാലം മുന്നോട്ട് പോകുമ്പോള്‍ എല്ലാ പ്രദേശങ്ങളും മുന്നോട്ട് പോകുകയാണ്. നമ്മള്‍ നിശ്ചലമായി നിന്നാല്‍ നാട് പിന്നോട്ടുപോകും.

നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഇപ്പോള്‍ വേണ്ട എന്നാണ് ചിലരുടെ നിലപാട്. ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ്?. പശ്ചാത്തലസൗകര്യ വികസനം നടന്നാല്‍ മാത്രമേ എല്ലാ മേഖലയിലും വികസനം വരൂ. യാത്രാസൗകര്യമില്ലെങ്കില്‍ നിക്ഷേപകര്‍ മടിച്ച് നില്‍ക്കും. എല്ലാ തൊഴില്‍ സാധ്യതകളെയും ഇത് ബാധിക്കും. അതിന് സര്‍ക്കാര്‍ നിന്നുകൊടുക്കില്ല. ജനവും അതാണ് ആഗ്രഹിക്കുന്നത്.”-മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാന്‍ ബിജെപി നീക്കം നടത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭരണഘടന സംരക്ഷിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

”ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമം നടക്കുന്നത്. മതം നോക്കി പൗരത്വം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്. രാഹുല്‍ ഗാന്ധി ഞാന്‍ ഹിന്ദുവാണെന്ന് വലിയ റാലിയില്‍ പറയുന്നു. ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്ന് പറയുന്നു. എന്താണ് അതിന് അര്‍ത്ഥം. വര്‍ഗീയതയോട് എന്നും ഒത്തു പോവുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ നയം രാജ്യം തിരിച്ചറിഞ്ഞു. പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് കൂട്ടമായി ചേക്കേറുകയാണ്.” ബിജെപിക്ക് പലരെയും സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.