ഒരു പുഴ ഒഴുകുന്നുണ്ട്
വഴിയറിയാതെ
ഒരു വഴി നീളുന്നുണ്ട്
ദിക്കറിയാതെ
ഇനിയും മരിക്കാത്ത നന്മകളിൽ
ചിലത് കൺ തുറക്കുന്നുണ്ട്
ആരോ വരച്ചിട്ട ജീവിതവൃത്തത്തെ
മാറ്റിവരയ്ക്കാൻ ശ്രമിക്കുന്ന വിരലുകൾ
ഒരു മഴ മതി
കളയും വിളയും കിളിർക്കാൻ
ഇനിയും തെളിയാത്ത സ്വന്തം ചിത്രം
മണലിൽ വരയ്ക്കുന്ന കാറ്റ്
കള്ളമില്ലാത്ത കണ്ണുകളിലെ
കാഴ്ചയ്ക്ക് കരുത്തും നനവും
എവിടെയാണ് നിഴലുകൾപോലും
കാണാതാവുന്നത്
എങ്ങിനെയാണ് പിൻവഴികൾ വിജനമാവുന്നത്
ഇനിയുമെന്തെന്നോർത്ത് ചിന്താവിഷ്ടനായിരിക്കുന്ന
ഉറങ്ങാത്ത മനുഷ്യാ !
നിന്റെ കണ്ണിലെ കനവുകളാണ്
മോഷ്ടിക്കപ്പെടുന്നത്
നിന്റെ സ്വപ്ന വർണ്ണങ്ങളാണ് മഴവില്ലായി
മാഞ്ഞുപോകുന്നത്
നീ പറയാത്തതാണ് മുദ്രചാർത്തി
ഘോഷിക്കപ്പെടുന്നത്
നിന്റെ ശ്വാസമാണിനി
വിൽക്കാൻ പോകുന്നത്
പൂർണ്ണമല്ലെന്ന തോന്നൽ
ബാക്കിനിൽക്കെ
ഞാനെന്നെ ഈ തീരത്തുപേക്ഷിക്കുന്നു..
