മഴയൊഴിഞ്ഞുനിന്ന ,നനുത്തപ്രഭാതത്തിൽ
പൂവിതൾച്ചിരി നീട്ടി എൻ നേർക്കുനോക്കി നിൽക്കും
പനിനീർപൂമൊട്ടിനെസാകൂതംതലോടവേ,
എങ്ങുനിന്നോ പറന്നു വന്നു, ഈ ഇളം കാറ്റ്.
ഒരു മാത്ര നിന്നില്ല, ഒന്നുമുരിയാടീലാ,
എന്നാലെനിക്കുനീട്ടിസുഗന്ധച്ചെപ്പൊരെണ്ണം,
അതിൽ നിന്നൊഴുകിപ്പരന്നിടും സുഗന്ധത്താൽ
അറിയാതെ ഞാനെത്തി അമ്മതൻ സവിധത്തിൽ .
ഉടയാതുലയുന്നതൂവെള്ളവേഷ്ടിത്തുമ്പെ ന്നമ്മ –
വേഗംനടക്കേഎന്നെത്തലോടിപ്പോയി,
നിത്യവും വെള്ളവസ്ത്രമണിയും അമ്മയുടെ
മണമെൻനാസാരന്ധ്രമറിഞ്ഞു,പൊടുന്നനെ.
വെളളിനൂൽപാകിയൊരു ചികുരത്തിൽ പുരട്ടും
തുളസിയില ചേർത്ത കാച്ചെണ്ണ ഗന്ധമാണോ?
വിശുദ്ധിയാർന്ന വെൺപിറാവുപോൽ വെണ്മയാർന്ന,
വസ്ത്രത്തിൻ സുഗന്ധമോ ഓർമ്മയിൽ നിറയുന്നു!
സന്ധ്യാനേരത്തിലമ്മകൊളുത്തിവയ്ക്കും
സ്വർണ്ണ
നിറമാർന്ന വിളക്കിൻ എണ്ണത്തിരി ഗന്ധമോ?
കൈപ്പുണ്യം ചേർത്തെന്നമ്മ പാചകം ചെയ്തുവച്ച
കറിമേൽ തൂവും മൊരിച്ചെടുത്ത ഉള്ളി ഗന്ധം!
പള്ളിക്കൂടത്തിലെത്താൻധൃതിയിലൊരുങ്ങുമ്പോൾ,
ചോറ്റുപാത്രത്തിലമ്മ പകർന്ന കുത്തരി തൻ
ചോറിന്നുമേലേവച്ചകറിയോ,ചമ്മന്തിയോ
ഓർമ്മയിൽപകരുന്നു,സ്നേഹസുഗന്ധങ്ങളെ !
രാത്രിയിൽ ചുളിയാത്ത കിടക്കവിരി മേലേ,
കിടന്നെൻതനു,ഗാഢംപുണർന്നോരമ്മയ്ക്കുണ്ട് ,
ഓർമ്മയിൽ തെല്ലും നേർത്തു പോകാത്ത അമ്മമണം,
അമ്മപകർന്നുതന്നസ്നേഹ
വാത്സല്യത്തിൻ ഗന്ധം
