ആർച്ച ആശ
ചില സ്നേഹങ്ങൾ
വിമാനം പോലെ
പിടിവിട്ടൊരു പോക്കാണ്.,
പറന്നു പോകുന്നത്
നോക്കി നിന്നാസ്വദിക്കുക…!!
ചിലത് തീവണ്ടിപോലെയും.,
വേണ്ടസമയത്ത് കിട്ടുമെന്നുള്ള
പ്രതീക്ഷ തന്ന്
അങ്ങനങ്ങു പോകും…!!
ചിലതാകട്ടെ
ട്രാൻസ്പോർട്ട് ബസ്സ് പോലെ
ഏതു സമയത്തു വേണേലും
കട്ടപ്പുറത്ത് കയറുമെന്നുള്ള
അവസ്ഥയിലും…!!
മറ്റുചിലത്
സ്വകാര്യ ബസ്സ് പോലെയാണ്.,
തോന്നുന്നിടത്തു തുടങ്ങി
അന്തോകുന്തോമില്ലാതെ
ഒരേ പോക്കാണ്…!!
ഇടയിൽ കൂട്ടിയിടിച്ചും
മെരുക്കിയെടുത്തും
വരുന്നതു പോലെ
വരട്ടെന്നങ്ങനെ….!!
ചിലതങ്ങനെ
ജെസിബി പോലെ
ഉള്ളു തുരന്നു
കരളിൽ കൊത്തി
അടിച്ചുടച്ച്
കടന്നുപോകും…!!
ചിലത്
ഓട്ടോ റിക്ഷ പോലെ
കയറ്റത്തിൽ വലിഞ്ഞും
ഇറക്കത്തിൽ തെന്നിയും
ഉരുണ്ടുരുണ്ട് അങ്ങനെ…!!
വേറെ ചിലത്
സൈക്കിൾ പോലെയാണ്
പതിയെ പതിയെ
ഉള്ളിലേക്കു കയറി
ഇടയ്ക്ക് പണിഞ്ഞും
കാറ്റടിച്ചും
ആഞ്ഞു ചവിട്ടിയും
ഉരുട്ടിക്കൊണ്ടും
കൂടെ നടന്നു വരും…!!
സ്നേഹം
ചിലതുണ്ട്
കാളവണ്ടി പോലെ
വണ്ടി തെളിക്കുന്നവൻ്റെ
കഴിവിൻ്റെ ദിശയിൽ
മന്ദം മന്ദം
ഇടയ്ക്കിത്തിരി വേഗംവെച്ച്
ഒരു താളത്തിലങ്ങനെ…!!
സ്വയമറിഞ്ഞും
അടുത്തവരെയറിഞ്ഞും
കൂടെക്കൂട്ടി
ഒപ്പം നടക്കുമ്പോഴല്ലേ
മനസ്സു ചേരുന്നതും
സ്നേഹം സ്നേഹമാകുന്നതും..!!
