നിമിഷങ്ങൾക്ക്
മുൻപ് മാത്രം
മരിച്ചു പോയ
ഒരുവനെക്കുറിച്ചാണ്.
അവനിപ്പോൾ
നിലത്ത്
ചോര വാർന്നു
കിടപ്പുണ്ട്
ആ കാണുന്ന
നരച്ച കെട്ടിടത്തിന്റെ
പതിനെട്ടാം നിലയിൽ
നിന്നും
എടുത്തുചാടിയതാണ്.
എനിക്ക് തീർത്തും
അജ്ഞാതമായൊരു
മുരൾച്ചയോടെ
കൈകാലുകൾ
നിരക്കി നിരക്കി
ഒടുക്കം
അനക്കം നിന്നു പോകുന്നത്
ഞാൻ കണ്ടതാണ്.
ദൈവമേ,
ഒരുവനിതാ മരിച്ചു
പോയിരിക്കുന്നെന്ന്
ഞാൻ
ഉച്ചത്തിലലറിക്കൊണ്ടിരുന്നു.
അപ്പോൾ
മരിച്ചു പോയവൻ
എണീറ്റ് വരികയും
പല്ലിറുക്കി
ദേഷ്യത്തിലെന്നോടടക്കം
പറയുകയും ചെയ്തു:
“ഒന്ന് നിർത്തൂ,
ഞാനിതിലുമെത്രയോ
ആഴത്തിലേക്ക്
എത്ര തവണ
മരിച്ചു വീണിട്ടുണ്ടെന്നോ?”
