അനിൽ ബാബു കോടന്നൂർ
ആവഴിയിനിയൊരു യാത്ര
തിരികെയില്ലെന്നൊരാ ചിന്തകൾ
ഉള്ളിലുതിരുന്നശരീരി മന്ത്രങ്ങൾ,
മറക്കുവാനാകില്ലയൊരുനാളുമാ-
ഓർമകളുടെ തണലും തണുപ്പുമെന്നു –
രുവിട്ടഹൃദയത്തിൽ കനലുപൊള്ളുമ്പോൾ..
പിരിഞ്ഞകലുന്നതിൻ മുൻപുള്ള,
കരളുവേകുന്ന ദീർഘ നിശ്വാസങ്ങൾ
ശരികളിൽ തൂക്കുകയറിട്ടു ജീവിതം,
വിങ്ങി വിറയ്ക്കുന്നൊരിറ്റുശ്വാസത്തിനായ്
മരിച്ച മൗനത്തിന്റെ ശ്രാദ്ധമൂട്ടീടുവാൻ
പവിത്രമണിയട്ടെ മോതിരക്കൈവിരൽ
കൊയ്ത്തു പാടത്തിനരുകിൽ വരമ്പിൽ
കവിതയെഴുതുന്ന കൈതയും കരയുന്നു
വഴി പിരിയുന്നോരാ ആൽമരചുറ്റിലും
ഇല കൊഴിച്ചീടുന്നു വേവിനാൽ കാലവും.
