മൃത്യുബോധത്തിൻ്റെ വേരുകൾ ആരുടെയും
ജീവിതാനുഭവത്തിൽ ആഴ്ന്നിരിക്കും.
മരണമെന്നും കരിക്കട്ടയിൽ കോറിയിട്ട
വികൃതരൂപം ഓർക്കാപ്പുറത്ത്
വിരുന്നിനെത്തുന്ന കറുത്ത
നിഴലുകൾ എൻ മനസ്സിൽ.
ഇരുട്ടിൻ്റെ ഏതോ മൂലയിൽ
കാലൻകോഴിയുടെകൂവൽ
മരണം ജീവിതത്തിൻ്റെ അസ്തമനം.
നമ്മളറിയാതെ മറ്റുള്ളവരാൽ
തയ്യാറാക്കിവിടുന്ന ഒരുയാത്രയയപ്പ്.
ഇന്നുമെന്നിൽ വരച്ചനേർരേഖാചിത്രം
കണക്കെ പ്രിയൻ തൻ മരണനിമിഷങ്ങൾ
മറ്റുള്ളവരാൽ യാത്രയാക്കുന്നതിൻ സൗന്ദര്യം കണ്ടും, ഓർക്കാപ്പുറത്തുണ്ടായ മരണഭീതിയാലും ഉന്മത്തയാക്കപ്പെട്ടവളായിരിക്കുന്ന ഞാൻ.
ആറടിനീളമുള്ള ശവപ്പെട്ടിയിൽ
വെള്ളയാൽ ഒരുക്കിയ രാജകുമാരനായി,
തലയിൽ പൂകിരിടം വെച്ച് ദേഹമാസകലം
മുല്ല പൂക്കൾ വിതറിയും സുഗന്ധലേപനങ്ങൾ
പൂശിയും എന്നോടായി മൊഴിയാൻ
വെമ്പുന്ന ചുണ്ടുകളുമായിയവൻ
ഉറങ്ങുകയായിരുന്നു.
ആത്മാവിനെ തൊട്ടറിഞ്ഞ് അവൻ
വിശ്രമിക്കട്ടെയെന്ന് ഞാനും,
അരികിലായ് ഭൂതകാലസ്മൃതിയിലാണ്ടിരുന്നു.
സ്വന്തം ഇഷ്ടമില്ലായ്മ എന്താണോ അത് മറ്റുള്ളവർക്ക്
ഒരുവനിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് മരണം.
മരണത്തിനുശേഷം എന്ത്?
ആത്മാവ്, പുനർജന്മം
പറയാൻ രസം, കേൾക്കാൻ രസം,
യാഥാർത്ഥ്യമോ, അയഥാർത്ഥ്യമോ?
ചോദ്യങ്ങൾ ചോദ്യങ്ങളായി നിൽക്കട്ടെ.
പ്രിയനവൻ ശാന്തിയുടെ,
സ്വച്ഛതയുടെ നീലിമയിലേക്ക്
ആറടിമണ്ണിലേക്ക് അലിഞ്ഞ് ചേർന്നു,
അവനെ ദീർഘനാളത്തെ ഉറക്കത്തിനായി
പറഞ്ഞയച്ചതുപോലെ
ഞാനും ഏകനായി തിരിഞ്ഞുനടന്നു..