
ചുമച്ചു ചുമച്ച്
നെഞ്ച് തടവിയപ്പോൾ
എന്റെ നിലവിളി
കേൾക്കാനാരുമില്ല
ഒടുവിൽ ചോരതുപ്പിയപ്പോഴാണ്
വീട്ടുകാർക്ക്,
താലൂക്കാസ്പത്രിയുടെ
പേരോർമ്മ വന്നത്.
മകന്റെ നാലു തെറികളെ
ചിരിച്ചുതള്ളി
ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ
കാലുകൾ
വേച്ചുപോകുന്നുണ്ടായിരുന്നു
അപ്പോഴതാ,
വീൽചെയറുന്തി
അറ്റെൻഡർ
മുഖം കറുപ്പിച്ചു നിൽക്കുന്നു.
ആൾക്കൂട്ടത്തിനിടയിൽ
ഏറ്റവുമൊടുവിലെ
ഒ.പി വരി
മകളെ നോക്കി
പുച്ഛിച്ചു.
നീണ്ട കാത്തിരിപ്പിനൊടുവിൽ
പൊക്കം കുറഞ്ഞു
ലേശം തടിച്ചുരുണ്ട
ഗൗരവക്കാരി നഴ്സ്
“മാധവൻ”
എന്നുറക്കെ വിളിച്ചു.
മൂക്കിന്റെ തുമ്പത്തേക്ക്
കണ്ണട ലേശമൊന്നിറക്കി
മീശക്കാരൻ ഡോക്ടർ
വെള്ളചീട്ടിൽ എന്തൊക്കെയോ
എഴുതിതള്ളി.
പല പല സൂചികൾ
ഞരമ്പിൽ കയറിയിറങ്ങിയപ്പോൾ
എന്തോ പതിയെ
കണ്ണുകളടക്കാൻ ഉൾവിളി.
ഒടുവിലറിഞ്ഞു രോഗം
ക്യാൻസർ തന്നെ.
എല്ലാ ചീട്ടും കണ്ണുനീരുകളോടെ
മാറോടടക്കുമ്പോൾ
‘അച്ഛാ’ എന്നൊരുവിളി
മാത്രം ബാക്കിയായി.
