ഒരു നിശാശലഭം പറയുന്നു (കവിത-ദർശന)

sponsored advertisements

sponsored advertisements

sponsored advertisements

5 April 2022

ഒരു നിശാശലഭം പറയുന്നു (കവിത-ദർശന)

വിടെ ചക്രവാളങ്ങൾക്കിപ്പുറം
നീണ്ട പകലറുതികൾ
ഉഷ്ണ രാവിൻ്റെ
വ്യഥകളിലേക്ക്
മിഴികൾ തുറക്കവേ,
ആരവങ്ങളമരുന്നു,
ക്രുദ്ധനയനങ്ങളുടെ
നോട്ടപ്പെയ്ത്തിലവ
നിശബ്ദ താഴ്‌വാരങ്ങളിൽ
ചേക്കേറിയുറങ്ങുന്നു.

ജന സാഗരങ്ങൾ
ചിപ്പികളിൽ
പതിയിരിക്കുന്ന
ഒച്ചുകൾ പോലവേ
നിത്യനിതാന്ത
മൗനത്തിലമരുന്നു.

നീയൊരേകാധിപതി
അദൃശ്യ നോട്ടങ്ങളാൽ നെയ്ത
നിഗൂഢവലകളിൽ
ഇരകളെക്കാത്തിടും
ചതിയനാം നെയ്‌ത്തുകാരൻ.
മൗനമുറങ്ങുന്നിടങ്ങളിൽ
കാണാത്ത വലകൾ നെയ്യുന്നു.
ഇമയനക്കങ്ങൾക്കപ്പുറം
അതിവേഗം ചലിക്കുന്നു.

പകലിൻ്റെയഗ്നിയിൽ ഉരുകിയീരാവിൻ്റെ
വ്യഥകളിലമരുവോർ
ക്കിടമില്ലാ ലോകത്തിൽ
നിലയ്ക്കുന്നൊരാരവങ്ങളിൽ
ഉയിർപ്പിൻ പ്രതീക്ഷയെ
വലകളിൽ കുരുക്കി
കാത്തിരിക്കുന്നവൻ.

ഞാനൊരു നിശാശലഭം
ഇരുളിൽ പതിഞ്ഞു പാറവേ
അറിയാതെ കുടുങ്ങിയോ
പശ നൂലിന്നൊട്ടലിൽ
നിൻ്റെയദൃശ്യപാതകൾ
അറിയാതുഴലവെ
വലയനക്കങ്ങളിൽ
പിടയുന്നൊരെൻ്റെ
ഹൃദയത്തിൻ മിടിപ്പുകൾ
ഇടറുന്ന നേരത്ത്
ചിറകുകളൂർന്നുപോകുന്നു
ഇരുളിൻ്റെ ദൈന്യതയിൽ
ചിതറി വീഴുന്നു.
പുൽക്കൊടിത്തുമ്പുകൾ
അഭയമേകിടുന്നു.

ഉടൽ മറയൂർന്നുപോകിലും
നിൻ വലക്കണ്ണികൾ തകരുന്നതറിയുന്നു.
തെല്ലുമേ ദുഃഖമില്ലെനിക്കിന്നു
ഞാനറിയുന്നു
ക്ഷണഭംഗുരമീ ജീവിതം.

എനിക്കു പുറകിലായ്
ആരവമുയർന്നിടും.
അതിദ്രുതമവ നിൻ്റെ
വലകളറുത്തിടും
അതിജീവിക്കുവാനാകില്ലയറിയുക
അധികകാലം
നിനക്കിരുളിൻ്റെ ലോകത്തിൽ.

ദർശന